ചീറ്റ തിരുച്ചുവരുന്നു


എഴുപത്തഞ്ച് വർഷങ്ങൾക്കുമുമ്പ്‌ ഇന്ത്യയിൽ ഇല്ലാതായ ചീറ്റകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം

.

# ഒ.കെ. മുരളീകൃഷ്ണൻ

ഇന്ത്യൻ വനങ്ങളിൽനിന്ന്‌ അപ്രത്യക്ഷമായ ചീറ്റയെ തിരികെയെത്തിച്ച്‌ ജൈവവൈവിധ്യത്തിലെ ഒരു കണ്ണിയെ നിലനിർത്താൻ ശ്രമം നടക്കുകയാണ്‌. അതിനായി നമീബിയയിൽനിന്ന്‌ 12 ചീറ്റകളെ അടുത്തമാസം രാജ്യത്തെത്തിക്കും.

1947-ൽ മധ്യപ്രദേശിലെ നാട്ടുരാജാവായ രാമാനുജപ്രതാപ് സിങ് ദിയോ ആണ് ഇന്ത്യയിലെ അവസാനത്തെ മൂന്നു ചീറ്റകളെ വേട്ടയാടിക്കൊന്നത്. ഇവയെ വേട്ടയാടിക്കൊല്ലലും ഇണക്കിവളർത്തലും രാജാക്കന്മാർക്ക് ഹരമായിരുന്നു. അക്ബർ ചക്രവർത്തിക്ക് 9000-ത്തോളം ഇണക്കിവളർത്തിയ ചീറ്റകളുണ്ടായിരുന്നതായി പറയുന്നു. വേട്ടയാടലിനുപുറമേ മരുഭൂമിവത്കരണവും ഇണക്കിവളർത്തലും തീറ്റകീട്ടാത്തതും ഇവയുടെ വംശനാശത്തിന് കാരണമായിട്ടുണ്ട്. കൂട്ടിലിട്ടാൽ കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇവയുടെ പ്രത്യുത്പാദനം ഇത്തരം സാഹചര്യത്തിൽ നടക്കാത്തതും വംശനാശത്തിനു കാരണമായിട്ടുണ്ട്.

ലോകത്ത്‌ ഇപ്പോൾ ചീറ്റകൾ പ്രധാനമായും ഉള്ളത് ആഫ്രിക്കയിലാണ്. 1900-ൽ ആഫ്രിക്കൻ വൻകര, അറേബ്യൻ പെനിൻസുല അടക്കമുള്ള പ്രദേശങ്ങളിലായി ഒരുലക്ഷത്തോളം ചീറ്റകളുണ്ടായിരുന്നു. ഇന്ന് ലോകത്തെ ചീറ്റകളിൽ ഏതാണ്ട് പകുതിയോളം (7000) ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന എന്നീ രാജ്യങ്ങളിലാണ്.

വേഗരാജാവ്
ഭൂമുഖത്തെ ഏറ്റവും വേഗംകൂടിയ ജീവിയാണ് ചീറ്റ. മണിക്കൂറിൽ 113 കിലോമീറ്റർവരെ വേഗമാർജിക്കാൻ ഇവയ്ക്ക് കഴിയും. എന്നാൽ, ഇരയെ പിടിക്കാൻ ഇതിന്റെ പകുതിവേഗമേ ഇവയ്ക്കാവശ്യംവരാറുള്ളൂ. കുതിച്ചുപായുമ്പോൾത്തന്നെ വെട്ടിത്തിരിയാനും കഴിയും. മെലിഞ്ഞുനീണ്ട കൈകാലുകളും ഉറച്ച കാൽപ്പാദങ്ങളും വഴക്കമുള്ള നട്ടെല്ലും ഇവയെ വേഗത്തിൽ ഓടാൻ സഹായിക്കുന്നു. കരൾ, അഡ്രിനൽ ഗ്രന്ഥി, ശ്വാസകോശങ്ങൾ, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളെല്ലാംതന്നെ ഈ മികച്ച പ്രകടനത്തിന് സഹായിക്കുന്നു. ഇരയുടെ പിന്നാലെ കുതിക്കുമ്പോൾ മിനിറ്റിൽ 150 പ്രാവശ്യംവരെ ഇവ ശ്വാസമെടുക്കും. ഒറ്റയടിക്ക് 200-300 മീറ്ററിലധികം ഓടാറില്ല.

ആവാസം, ഇരതേടൽ
പുൽമൈതാനങ്ങൾ, വരണ്ട തുറസ്സായസ്ഥലങ്ങൾ, പാറക്കൂട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിലും സസ്യങ്ങൾ ഇടതൂർന്നിടങ്ങളിലും ഇവ താമസിക്കും. മുയൽ, മാൻ, പക്ഷികൾ എന്നിവയാണ് പ്രധാനഭക്ഷണം. അതിരാവിലെയും വൈകീട്ടുമാണ് ഇരതേടിയിറങ്ങുക. കടുവ സാവകാശമാണ് ഭക്ഷിക്കുന്നതെങ്കിൽ ചീറ്റകൾ ഇരയെ പെട്ടെന്ന് തിന്നുതീർക്കും. എതിരാളികളായ സിംഹവും പുള്ളിപ്പുലിയും ഹൈനയുമൊക്കെ വരുന്നതിന് മുൻപ് കഴിച്ചുതീർത്ത് സ്ഥലംവിടും.

കൂട്ടം, കുടുംബം
പെൺചീറ്റയും രണ്ടോമൂന്നോ കുട്ടികളുമടങ്ങുന്ന കൂട്ടമായാണ് ഇവ സഞ്ചരിക്കുക. പ്രായപൂർത്തിയായ ആണും പെണ്ണും ഇണചേരാൻ മാത്രമാണ് ഒന്നിക്കുക. ആൺ ചീറ്റകൾ വേറെകൂട്ടമായി വേട്ടയാടി ജീവിക്കും.
മൂന്നുമാസമാണ് ഇവയുടെ ഗർഭകാലം. ഒരുപ്രസവത്തിൽ രണ്ടുമുതൽ എട്ടുവരെ കുഞ്ഞുങ്ങളുണ്ടാകും. ഒന്നരവയസ്സാകുമ്പോഴേക്കും കുഞ്ഞുങ്ങൾ അമ്മയുടെ അടുത്തുനിന്ന് മാറും. മിക്കവാറും പ്രദേശത്തെ മറ്റ് ആൺചീറ്റകൾ ഇവയെ ഓടിച്ചുവിടും. എന്നാൽ, പെൺകുഞ്ഞുങ്ങൾ പിന്നെയും അമ്മയുടെ അടുത്തുതന്നെ കഴിയും.

ഇന്ത്യയിലേക്ക് വീണ്ടും
നമീബിയയിൽനിന്ന്‌ 12 ചീറ്റകളെയാണ് അടുത്തമാസം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. സംരക്ഷിതമല്ലാത്ത വനത്തിലുള്ളവയെ അപേക്ഷിച്ച് ദേശീയോദ്യാനങ്ങളിലുള്ളവയ്ക്കാണ് താരതമ്യേന ആരോഗ്യംകൂടുതലുള്ളത്. അതിനാൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ഇവിടെനിന്നാണ്.

ഹെലികോപ്റ്ററിൽനിന്നാണ് ചീറ്റകളെ മയക്കുവെടിവെക്കുന്നത്. മയങ്ങിവീണാൽ ഇവയ്ക്ക് മൈക്രോചിപ്പ്് പിടിപ്പിക്കും. അണുബാധ വരാതിരിക്കാൻ ആന്റിബയോട്ടിക് നൽകും. ഡി.എൻ.എ. സാംപിൾ എടുത്തശേഷം കൂടുകളിലേക്ക് മാറ്റും. പേവിഷബാധയ്ക്കെതിരേയുള്ളതടക്കം ആറോളം പ്രതിരോധ കുത്തിവെപ്പുകൾ നൽകിയശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുക.

ചീറ്റകളെ ഇത്രയുംദൂരം കൂട്ടിലിട്ട് കൊണ്ടുവരുക ദുഷ്‌കരമാണ്. ജൊഹാനസ്ബെർഗിൽനിന്ന് ന്യൂെഡൽഹിവരെ കാർഗോ വിമാനത്തിലും അവിടെനിന്ന് ഹെലികോപ്റ്റർ അല്ലെങ്കിൽ റോഡ് മാർഗം മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്കും കൊണ്ടുവരണം. 730 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കുനോ ദേശീയോദ്യാനം ഇവയ്ക്ക് പറ്റിയ ആവാസവ്യവസ്ഥയായാണ് കണ്ടെത്തിയിട്ടുള്ളത്.

1970-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ആദ്യമായി ശ്രമമുണ്ടായത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന് പദ്ധതി നടന്നില്ല. പിന്നെ 2009-ൽ വീണ്ടും ശ്രമമാരംഭിച്ചു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പദ്ധതി.

വലുപ്പം, ആയുസ്സ്ചീറ്റകൾ വലിയ മാർജാരവംശ (big cats) ത്തിൽപ്പെടുന്നു. കടുവ, സിംഹം, പുള്ളിപ്പുലി തുടങ്ങിയവയാണ് ഈ ഇനത്തിൽപ്പെടുന്ന മറ്റ് ജീവികൾ. അസിനോനിക്സ് ജുബാറ്റസ് (Acinonyx jubatus) എന്നാണ് ശാസ്ത്രീയനാമം. വനത്തിൽ 14 വർഷമാണ് ആയുർദൈർഘ്യം. കൂട്ടിലടച്ച് വളർത്തുമ്പോൾ 20 വർഷംവരെ ജീവിക്കും. 3.7 മുതൽ 4.6 അടിവരെയാണ് നീളം. വാലിന്റെ നീളം 2.7 അടിയോളം വരും. 35 കിലോഗ്രാം മുതൽ 65 കിലോഗ്രാംവരെ തൂക്കമുണ്ടാകും. ശരാശരി 74 സെന്റീമീറ്ററാണ് ഉയരം. ബിഗ് കാറ്റ് വിഭാഗത്തിൽപ്പെടുന്ന മറ്റ് ജീവികളെപ്പോലെ ഇവ ഉച്ചത്തിൽ അലറുക പതിവില്ല. മുരളുകയാണ് ചെയ്യുക.


തെറ്റും ശരിയും

English Corner

# ഡോ. ശ്രീരേഖ എൻ

have been/has been
ക്ളാസിൽ വരാതിരിക്കുന്ന കുട്ടിയെക്കണ്ട്‌ ടീച്ചർ കാരണം തിരക്കിയപ്പോൾ കുട്ടി ഇങ്ങനെ പറഞ്ഞു.
I am suffer from fever for three days. ഈ വാക്യം തെറ്റാണ്‌. കുട്ടി പറയാൻ ഉദ്ദേശിച്ചത്‌ മൂന്നുദിവസങ്ങളായി എനിക്ക്‌ പനിയാണ്‌ എന്നാണ്‌. അതായത്‌ കുറച്ചുനാൾമുമ്പ്‌ തുടങ്ങിയ ഒരു പ്രവൃത്തി ഇപ്പോഴും തുടരുന്നു എന്നുകാണിക്കാൻ നമ്മൾ Present perfect continuous tense ഉപയോഗിക്കണം. ഇംഗ്ളീഷിൽ have been/has been+ing എന്ന പ്രയോഗംതന്നെ ഉപയോഗിക്കണം. അതുകൊണ്ട്‌
I have been suffering from fever for three days. എന്ന്‌ പറയണം. മറ്റു ഉദാഹരണങ്ങൾ നോക്കു.
He has been sleeping for ten hours.
It has been raining for five days.
Children have been playing for a few hours.
none.....is

2. മഴകാരണം വിദ്യാർഥികൾ ആരും ഇവിടെ ഇല്ല എന്ന്‌ ഒരാൾ പറഞ്ഞത്‌ None of the Students are here as it is raining. എന്നാണ്‌. എന്നാൽ ഇവിടെ ‘none’ എന്ന സർവനാമം (Pronoun) പ്രയോഗിക്കുമ്പോൾ അത്‌ singular ആയിട്ടാണ്‌ ഇംഗ്ളീഷിൽ കണക്കാക്കുന്നത്‌. അതുകൊണ്ട്‌ None of the Students is here as it is raining. എന്ന്‌ പറയുന്നതാണ്‌ ശരി. ‘Neither’, ‘each’ ‘every one’ എന്നീ സർവനാമങ്ങളും singular ആയിട്ടാണ്‌ പരിഗണിക്കാറുള്ളത്‌.
examples: Neither of his Parents is employed.
Everyone must do his duty.
Each one has to work hard.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..