കേശവമേനോനെ ഓർക്കുമ്പോൾ


പി.എസ്. പണിക്കർ

പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായിരുന്ന കെ.പി. കേശവമേനോന്റെ ജന്മദിനമാണ്‌ െസപ്റ്റംബർ ഒന്ന്‌

.

പാലക്കാട് ജില്ലയിലെ തരൂരിൽ 1886 സെപ്റ്റംബർ ഒന്നിനാണ്‌ കെ.പി. കേശവമേനോൻ ജനിച്ചത്‌. പിതാവ്‌ പാലക്കാട് രാജവംശത്തിലെ അംഗമായ നടുവിലെടത്തിൽ ഭീമനച്ചൻ. അമ്മ മീനാക്ഷി നേത്യാർ. നാലാം ക്ളാസുവരെ തരൂരിൽ പഠിച്ചു. പിന്നീട്‌ പഠനത്തിനായി കോഴിക്കോട്ടേക്ക്‌ വന്നു. കർമമണ്ഡലത്തിലെ വലിയഭാഗം ചെലവഴിച്ചത്‌ കോഴിക്കോട്ടായിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദമെടുത്തശേഷം 1912-ൽ നിയമപഠനത്തിനായി ഇംഗ്ളണ്ടിലേക്കുപോയി. ബാരിസ്റ്റർ പരീക്ഷ ജയിച്ച്‌ 1915-ൽ തിരിച്ചെത്തി കോഴിക്കോട്ട്‌ പ്രാക്ടീസ് ആരംഭിച്ചു. ഇംഗ്ലണ്ട്‌ ജീവിതത്തെക്കുറിച്ച്‌ എഴുതിയതാണ്‌ ബിലാത്തിവിശേഷം എന്ന കൃതി.

കോൺഗ്രസിൽ

1916-ൽ ആനി ബസന്റിന്റെ ഹോംറൂൾ പ്രസ്ഥാനത്തിന്റെ ഭാഗമായി. 1916 മലബാർ ജില്ലാകോൺഗ്രസ് സമ്മേളനം പാലക്കാട്ട് നടന്നപ്പോൾ, ഇന്ത്യക്ക്‌ സ്വയംഭരണംവേണമെന്ന് പ്രമേയം അവതരിപ്പിച്ചത് കേശവമേനോനായിരുന്നു. നിസ്സഹകരണപ്രസ്ഥാനത്തിൽ പങ്കുകൊള്ളാനായി മദ്രാസിലെ പ്രാക്ടീസ് ഉപേക്ഷിച്ച് കോഴിക്കോട്ട്‌ മടങ്ങിയെത്തി. കെ. മാധവൻ നായരുടെ വീടായിരുന്നു അന്ന്‌ കോൺഗ്രസ് ഓഫീസ്. എ.കെ. പിള്ള, കെ. കേളപ്പൻ, മുഹമ്മദ് അബ്ദുറഹിമാൻ തുടങ്ങിയവരെല്ലാം അവിടെ സംഗമിക്കുമായിരുന്നു.
അക്കാലത്ത് കോഴിക്കോട് കളക്ടർ വിളിച്ച ഒരു യോഗത്തിൽ മലയാളത്തിൽ പ്രസംഗിക്കാൻ അനുവദിക്കാഞ്ഞതിനെത്തുടർന്ന് യോഗം ബഹിഷ്കരിച്ചു. തുടർന്ന് ഒട്ടേറെയാളുകൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. 1921-ൽ മലബാർ ലഹള നടക്കുമ്പോൾ കേശവമേനോൻ കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. ലഹള ശാന്തമാക്കാനും അഭയാർഥികൾക്ക് സഹായമെത്തിക്കാനും അദ്ദേഹം കെ. മാധവൻ നായരോടൊപ്പം പ്രയത്നിച്ചു.

മാതൃഭൂമി

1923 മാർച്ച് 18-ന് കെ.പി. കേശവമേനോന്റെ നേതൃത്വത്തിൽ മാതൃഭൂമി പത്രം ആരംഭിച്ചു (മാതൃഭൂമി ദിനപത്രമായത് 1930 ഏപ്രിൽ ആറു മുതലാണ്). 1924-ൽ ആരംഭിച്ച വൈക്കം സത്യാഗ്രഹത്തിന്റെ നേതാക്കളിലൊരാൾ അദ്ദേഹമായിരുന്നു. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതിന്റെ പേരിൽ കേശവമേനോനെ അറസ്റ്റുചെയ്തു. ഏതാനും മാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കിടന്നു.

മലയായിൽ

1927-ൽ മലയായിലേക്കുപോയത്‌ സാമ്പത്തികപ്രതിസന്ധി മറികടക്കാനായിരുന്നു. മലേഷ്യയിലും സിങ്കപ്പൂരിലും അധ്യാപകനായും അഭിഭാഷകനായും പ്രവർത്തിച്ചു. അവിടെവെച്ച് അദ്ദേഹം ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിൽ അംഗമായി. ജപ്പാനുമായി പിണങ്ങിയപ്പോൾ അറസ്റ്റുചെയ്യപ്പെട്ടു. രണ്ടാംലോകയുദ്ധത്തിനുശേഷം ജയിൽമോചിതനായി. 1948 ഒാഗസ്റ്റിൽ മാതൃഭൂമിയുടെ പത്രാധിപസ്ഥാനമേറ്റെടുത്തു. 1951-ൽ കേന്ദ്രസർക്കാർ കേശവമേനോനെ ശ്രീലങ്കയിൽ ഹൈക്കമ്മിഷണറായി നിയമിച്ചു. എന്നാൽ, കാലാവധി പൂർത്തിയാക്കാതെ പിറ്റേവർഷം രാജിവെച്ചു. പിന്നീട് അദ്ദേഹം ഐക്യകേരളത്തിന്റെ രൂപവത്കരണത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു. 1966 പദ്‌മഭൂഷൺ നൽകി രാഷ്ട്രം കേശവമേനോനെ ആദരിച്ചു. 1978 നവംബർ ഒമ്പതിന് മരിക്കുന്നതുവരെ മാതൃഭൂമിയുടെ പത്രാധിപസ്ഥാനത്തുണ്ടായിരുന്നു.

കേശവമേനോന്റെ പ്രധാനകൃതികൾ

:കഴിഞ്ഞകാലം (ആത്മകഥ), രാഷ്ട്രപിതാവ്, ബിലാത്തിവിശേഷം, ബന്ധനത്തിൽനിന്ന്, നാം മുന്നോട്ട് (5 വാല്യം), പ്രഭാതദീപം, നവഭാരത ശിൽപികൾ, യേശുദേവൻ, ജവഹർലാൽ നെഹ്‌റു ജീവിത ചിന്തകൾ, ഭൂതവും ഭാവിയും, സായാഹ്നചിന്തകൾ, വിജയത്തിലേക്ക്, അസ്തമയം കഴിഞ്ഞകാലം എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. രാഷ്ട്രപിതാവ് എന്ന കൃതിക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..