ഇത്തിരി ഇസ്തിരിക്കാര്യം


ഗീത പി.ഒ.

രാവിലെ എത്ര തിരക്കാണെങ്കിലും യൂണിഫോം ഇസ്തിരിയിടാതെ സ്കൂളിൽ പോകാനൊക്കുമോ? പണ്ടുമുതൽത്തന്നെ വസ്ത്രങ്ങളിലെ ചുളിവുകൾനീക്കി മിനുസപ്പെടുത്തിയെടുക്കുന്ന വിദ്യ ഉണ്ടായിരുന്നു. ഇസ്തിരിപ്പെട്ടിയെക്കുറിച്ച് കൂടുതൽ അറിയാം...

നമ്മുടെ നാട്ടിൽ ചിരട്ട കത്തിച്ചുനിറച്ചുള്ള ഇസ്തിരിപ്പെട്ടികൾ എല്ലാ വീടുകളിലും ഉണ്ടായിരുന്നല്ലോ. പിന്നീട് ഇലക്‌ട്രിക് ഇസ്തിരിപ്പെട്ടികൾ വന്നു. ചൈനയിലും മറ്റും കൽക്കരി കത്തിച്ചുനിറച്ച് ലോഹത്തകിടുകൾ ഉപയോഗിച്ച് വസ്ത്രങ്ങൾ മിനുസപ്പെടുത്തുന്ന പതിവ് പണ്ടേ ഉണ്ടായിരുന്നു. എന്താണ് ഈ ഇസ്തിരിപ്പെട്ടികൾ യഥാർഥത്തിൽ ചെയ്യുന്നത് എന്നാലോചിച്ചിട്ടുണ്ടോ? നമ്മുടെ വസ്ത്രത്തിൽ ചുളിവുമാറ്റുന്നു എന്ന് എളുപ്പത്തിൽ പറയാം. എങ്ങനെയാണ് വസ്ത്രങ്ങളിൽ ചുളിവുണ്ടാകുന്നത് എന്നറിഞ്ഞാലേ അതെങ്ങനെ നീക്കംചെയ്യുന്നു എന്നുപറയാൻ കഴിയൂ.

ചുളിവും ചുളിവുമാറ്റലും

വസ്ത്രങ്ങൾ നിർമിച്ചിരിക്കുന്നത് നൂലുകൾ എന്നുപറയുന്ന പോളിമറുകൾ കൊണ്ടാണല്ലോ. ഈ പോളിമർ തൻമാത്രകൾ തമ്മിൽ ചേർത്തുനിർത്തുന്ന ബന്ധനങ്ങളെ ജലവും താപവും പൊട്ടിച്ചെറിയുന്നു. അങ്ങനെ പൊട്ടിപ്പോകുന്ന ബന്ധനങ്ങൾ പുതിയ സ്ഥലങ്ങളിലേക്കു മാറുമ്പോഴാണ് ചുളിവുകളുണ്ടാവുന്നത്. ചുളിവുകൾ നീക്കംചെയ്യാൻ ഏറ്റവും ഫലപ്രദം ജലവും താപവുംതന്നെയാണ്. നിങ്ങൾ കണ്ടിട്ടില്ലേ കോട്ടൺവസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ വെള്ളംതളിക്കുന്നത്. 135-230 ഡിഗ്രി സെൽഷ്യസ് വരെ ചൂടിൽ ഇസ്തിരിയിടുമ്പോൾ ഈ ബന്ധനങ്ങൾ പൊട്ടി ആദ്യസ്ഥാനത്തേക്ക് മാറുന്നു. അങ്ങനെ ചുളിവുകൾ അപ്രത്യക്ഷമാകുന്നു.

ഇലക്‌ട്രിക് ഇസ്തിരിപ്പെട്ടികളുടെ വരവ്

1862-ൽ ന്യൂയോർക്ക് സിറ്റിയിലെ ഹെന്റി ഡബ്ല്യു സ്വീലിയാണ്‌ ഇലക്‌ട്രിക് ഇസ്തിരിപ്പെട്ടികൾ ആദ്യമായി നിർമിച്ചത്. അവ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇവിടെ വൈദ്യുതോർജം താപോർജമായി മാറുകയാണ് ചെയ്യുന്നത്. വൈദ്യുതി താപോർജമായി മാറുന്ന ഭാഗം ഹീറ്റിങ് കോയിൽ എന്നറിയപ്പെടുന്നു. ഈ കോയിൽ നിർമിക്കാൻ ഉപയോഗിക്കുന്നത് നിക്രോം എന്ന ലോഹസങ്കരമാണ്. 135-230 ഡിഗ്രി സെൽഷ്യസ് താപനിലയിൽ മാത്രമേ വസ്ത്രങ്ങളിലെ ചുളിവുകൾ നിവർന്നുകിട്ടൂ. അത്രയും താപം ഉത്പാദിപ്പിക്കണമെങ്കിൽ ഉയർന്ന പ്രതിരോധം ഉള്ള ഹീറ്റിങ് കോയിൽ കൂടിയേ തീരൂ. അതിനാലാണ് ഉയർന്നപ്രതിരോധമുള്ള നിക്രോംതന്നെ ഉപയോഗിക്കുന്നത്. നിക്കൽ, ക്രോമിയം എന്നീ ലോഹങ്ങളുടെ സങ്കരമാണിത്. കൂടിയ താപനിലയിൽ ഈ കോയിൽ ഉരുകിപ്പോകാതിരിക്കുകയും വേണമല്ലോ. വളരെ ഉയർന്ന ദ്രവണാങ്കമുള്ളതിനാൽ നിക്രോം ഇത്രയും ഉയർന്ന താപനിലയിൽപ്പോലും ഉരുകിപ്പോകുന്നില്ല.

താപനില

നിക്രോമിനെ പൊതിഞ്ഞുസൂക്ഷിക്കുന്നത് മൈക്കാഷീറ്റാണ്. താപത്തെ നന്നായി കടത്തിവിടുന്ന താപചാലകം. വൈദ്യുതിയെ ഒട്ടും കടത്തിവിടുന്നില്ല എന്ന പ്രത്യേകത‌കൊണ്ടാണ് മൈക്ക ഉപയോഗിക്കുന്നത്. ഇസ്തിരിപ്പെട്ടിയുടെ അടിഭാഗത്തായി മിനുസമുള്ള ലോഹപ്ലേറ്റ് (സാധാരണയായി സ്റ്റീൽകൊണ്ട് നിർമിച്ചത്) വെച്ചിരിക്കുന്നു. ഈ ലോഹപ്ലേറ്റ് വഴിയാണ് താപം വസ്ത്രങ്ങളിലെത്തുന്നത്. വെള്ളംനിറച്ച് നീരാവി സ്‌പ്രേ ചെയ്തുകൊണ്ട്‌ ഇസ്തിരിയിടുന്നപെട്ടികളും ചില കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്.ഓരോതരം വസ്ത്രങ്ങളും ഓരോ താപനിലയിലാണ് ഇസ്തിരിയിടുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. ഉദാഹരണത്തിന് നൈലോൺ വസ്ത്രങ്ങൾ 135 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ഇസ്തിരിയിട്ടാൽ ചുളിവുകൾ മാറും. എന്നാൽ, ലിനൻ വസ്ത്രങ്ങളാവട്ടെ, 230 ഡിഗ്രി സെൽഷ്യസിൽ ഇസ്‌തിരിയിട്ടാൽ മാത്രമേ നന്നായി നിവർന്നുകിട്ടൂ. നമ്മുടെ വസ്ത്രങ്ങൾ റയോൺ, നൈലോൺ, പോളിയെസ്റ്റർ, കോട്ടൻ, ലിനൻ എന്നിങ്ങനെ പലതരം തുണികളാൽ നിർമിതമാണ്. ഇവ ഓരോന്നിനും താങ്ങാൻ കഴിയുന്ന ഒരു നിശ്ചിത താപനിലയുണ്ട്. അതിനപ്പുറം കടന്നാൽ ആ പോളിമർ ദ്രാവകാവസ്ഥയിലേക്ക് നീങ്ങുന്നു.
ഈ താപനില ഗ്ലാസ് ട്രാൻസിഷൻ താപനില എന്നാണ് അറിയപ്പെടുന്നത്. ഇങ്ങനെ ദ്രാവകാവസ്ഥയിലായ പോളിമർ തണുക്കുമ്പോൾ കട്ടികൂടിയ ഒരു പദാർഥമായിമാറുന്നു. ചിലപ്പോൾ വസ്ത്രങ്ങൾ ഓട്ടയായിപ്പോകാനും സാധ്യതയുണ്ട്. അപ്പോൾ ഓരോ വസ്ത്രവും ഗ്ലാസ് ട്രാൻസിഷൻ താപനിലയ്ക്ക് താഴെയുള്ള താപനിലയിൽ ഇസ്തിരിയിടണം.

തെർമോസ്റ്റാറ്റ്

ഒരു പ്രത്യേക താപനിലയെത്തിയാൽ ഇസ്തിരിപ്പെട്ടി തനിയെ ഓഫാകുന്നതും പിന്നീട് തനിയെ ഓണാകുന്നതും ശ്രദ്ധിച്ചുകാണുമല്ലോ. ഇസ്തിരിപ്പെട്ടിക്കകത്തെ തെർമോസ്റ്റാറ്റ് എന്ന ഉപകരണത്തിന്റെ സഹായത്താലാണ് ഇത് സാധിക്കുന്നത്. ചൂടാകുമ്പോൾ വ്യത്യസ്തഅളവിൽ വികസിക്കുന്ന രണ്ട് ലോഹത്തകിടുകളാണ് ഈ ഉപകരണത്തിന്റെ പ്രധാനഭാഗം. അതിയായി ചൂടാകുമ്പോൾ ഒരു ലോഹത്തകിട് വികസിച്ച് സർക്യൂട്ട് വിച്ഛേദിക്കപ്പെടും. കുറച്ചുകഴിഞ്ഞ് താപനില കുറയുമ്പോൾ ആ ലോഹത്തകിട് വീണ്ടും ആദ്യസ്ഥാനത്തേക്കുവന്ന് സർക്യൂട്ട് പൂർത്തിയാകും. ഇസ്‌തിരിപ്പെട്ടി വീണ്ടും പ്രവർത്തനക്ഷമമാവുകയും ചെയ്യും.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..