ശവംതീനികൾ മാത്രമല്ല കഴുകന്മാർ


എഴുത്തും ചിത്രങ്ങളും: അസീസ് മാഹി

കഴുകന്മാരുടെ അതിജീവനം ഉറപ്പുവരുത്താനായി എല്ലാവർഷവും സെപ്റ്റംബറിലെ ആദ്യ ശനിയാഴ്ച അന്തർദേശീയ കഴുകൻ രക്ഷാദിനമായി ആചരിച്ചുവരുന്നു. ഇത്തവണത്തെ കഴുകൻരക്ഷാദിനം സെപ്റ്റംബർ മൂന്നിനാണ്

.

ജൈവമാലിന്യവും മൃതാവശിഷ്ടങ്ങളും ചീഞ്ഞഴുകി നാട് വൃത്തിഹീനമാകാതെ പരിരക്ഷിക്കുന്ന പ്രകൃതിയിലെ ശുചീകരണത്തൊഴിലാളികളാണ് (Scavengers) കഴുകന്മാർ. വനഭൂമിയും തൊട്ടടുത്ത പ്രദേശങ്ങളും നഗരത്തിലെ പുറമ്പോക്കുകളുമെല്ലാം മാലിന്യമുക്തമായി സംരക്ഷിച്ചിരുന്ന കഴുകൻകൂട്ടം ഇന്ന് വനഭൂമിയിൽനിന്നുപോലും അപ്രത്യക്ഷമാവുകയാണ്. കഴുകന്മാരെ ‘ശവംതീനികൾ’ എന്ന്‌ വിളിച്ച്‌ പ്രതിനായകസ്ഥാനത്ത് നിർത്തുകയാണ് നമ്മുടെ പതിവ്.

വംശനാശഭീഷണിയിൽ

അന്റാർട്ടിക്കയിലും ഓഷ്യാനയിലുമൊഴികെ ലോകത്തിന്റെ എല്ലാ ഭാഗത്തും കഴുകന്മാരുടെ വംശം നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒമ്പത് സ്പീഷിസുകളിൽ അഞ്ചെണ്ണവും വംശനാശത്തിന്റെ വക്കിലാണിപ്പോൾ. IUCN (International Union for Conservation of Nature) ചെമ്പട്ടികയിൽപ്പെടുത്തി സംരക്ഷണം ഉറപ്പുവരുത്തിയിട്ടും 1990-കളോടെ ജിപ്സ് വിഭാഗത്തിൽപ്പെട്ട കഴുകന്മാരുടെ (Gyps Vulture) തൊണ്ണൂറുശതമാനവും ഇന്ത്യയിൽനിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. (കഴുകന്മാരുടെ വംശനാശത്തിന് പ്രധാനകാരണം കന്നുകാലികളിൽ സാംക്രമികരോഗ പ്രതിരോധചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന ഡൈക്ലോഫിനാക്ക് (Diclofenac) എന്ന ഔഷധം, അവയുടെ മൃതശരീരം ഭക്ഷിക്കുന്ന കഴുകന്മാരുടെ മരണകാരണമായിത്തീർന്നതിനാലാണ്.)പശ്ചിമഘട്ടത്തിലെ മുത്തങ്ങ, ബന്ദിപ്പൂർ, മുതുമല, നാഗർഹോള, മോയാർവാലി തുടങ്ങിയ ഭാഗങ്ങളിൽ ഇപ്പോൾ അവശേഷിക്കുന്നത് ഇന്ത്യൻ വൾച്ചർ, കിങ് വൾച്ചർ, വൈറ്റ് ബാക്ക്ഡ് വൾച്ചർ എന്നിവയാണ്. ഹിമാലയൻ വൾച്ചറിന്റെ സാന്നിധ്യവും ഇടയ്ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ അംഗസംഖ്യാപരിമിതി കണക്കിലെടുത്ത് വനുംവകുപ്പ് സംരക്ഷണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ‘Save vulture for a clean environment’ എന്ന പ്രചാരണവും ശക്തമാണിന്ന്.

അതിജീവനം

കാട്ടിൽ ഒരു മൃതാവശിഷ്ടം കണ്ടാൽ കഴുകൻകൂട്ടം ഒന്നായി പറന്നിറങ്ങുകയായി. ചെറുസസ്തനികളാണെങ്കിൽ വാരിയെല്ലിന്റെയും തലയോട്ടിയുടെയും അസ്ഥികൾപോലും തിന്ന്‌ വെടിപ്പാക്കും. ഒരു ആനയുടെ ചീഞ്ഞുതുടങ്ങിയ മൃതശരീരം ഒരു വൻകഴുകൻകൂട്ടം ദിവസങ്ങൾക്കകം തിന്നൊടുക്കി വനഭൂമി ശുദ്ധിയാക്കും. തീവ്രമായ കാഴ്ചശക്തിയാൽ അനുഗൃഹീതരാണ് കഴുകന്മാർ. വനഭൂമിയുടെ തുറസ്സിലുള്ള ഏതാണ്ട് മൂന്നടിയോളം വലുപ്പമുള്ള മൃതാവശിഷ്ടമോ തീറ്റയോ നാലുമൈൽ ഉയരത്തിൽ പറക്കുമ്പോഴും കണ്ടെത്താനാവും. അവശ്യഘട്ടങ്ങളിൽ രണ്ടുമുതൽ മൂന്നുകിലോമീറ്റർവരെ ഉയർന്നുപറക്കാനും ഇവർക്കാവും. പകൽ ചൂട് വർധിക്കുമ്പോൾ ഉയർന്നുപറക്കാനാവശ്യമായ വേഗം ആർജിക്കുന്നത് അന്തരീക്ഷത്തിലെ ഉഷ്ണതരംഗങ്ങളിൽനിന്നാണ്. സൗരവികിരണങ്ങളിൽനിന്ന് ലഭിക്കുന്ന ഊർജമാണ് ഇതിനു സഹായകമാവുന്നത്. ഭക്ഷണംതേടി വായുവിൽ വട്ടമിട്ടുപറക്കുന്ന കഴുകൻകൂട്ടങ്ങൾ കെറ്റിൽ (Kettle) എന്നും വൻകൂട്ടങ്ങളായി കാണുന്നവ വെന്യൂ (Venue) എന്നുമാണ് അറിയപ്പെടുന്നത്.

കൂടൊരുക്കലും പ്രത്യുത്പാദനവും

നവംബർമുതൽ മാർച്ച് വരെ നീളുന്നതാണ് പ്രജനനകാലം. വന്മരങ്ങളുടെ ഏതാണ്ട് 26-27 മീറ്റർ ഉയരമുള്ള വിസ്തൃതമായ ശാഖാഭാഗങ്ങളിലാണ് കൂടൊരുക്കുന്നത്. മരക്കൊമ്പുകൾ ചിട്ടയായി അടുക്കി പുറംഭാഗം പച്ചിലയും പുല്ലുംപാകി, പെൺപക്ഷി പുറപ്പെടുവിക്കുന്ന ഒരു സ്രവംകൊണ്ട് ദൃഢമാക്കുന്ന കൂടിന് ഏതാണ്ട് ഒരുമീറ്റർ നീളവും നാല്പത് സെന്റിമീറ്റർ വീതിയും കാണും. ഒരു സീസണിൽ ഒരു മുട്ടമാത്രമാണ് നിക്ഷേപിക്കുന്നത്. അടയിരിപ്പിനും ശിശുപരിപാലനത്തിനുമായി ഏതാണ്ട് എട്ടുമാസം ചെലവഴിക്കും.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..