ഷോർട്ട് സർക്യൂട്ട്


  അനിത പി.സി.

വിവിധ ക്ളാസുകളിൽ പഠിക്കാനുള്ള വൈദ്യുതിയുടെ പ്രവർത്തനവും ഷോർട്ട്‌ സർക്യൂട്ടും സൂക്ഷ്മമായി മനസ്സിലാക്കാം

.

നിത്യജീവിതത്തിൽ നാം അനേകം ഇലക്‌ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. ഇവ കേടാകുന്നത്‌ പലപ്പോഴും ഷോർട്ട്‌ സർക്യൂട്ട്‌ കാരണവുമാകും. ഷോർട്ട് സർക്യൂട്ട് കാരണം പലയിടത്തും തീപ്പിടിത്തം ഉണ്ടായെന്നും കേൾക്കാറുണ്ടല്ലോ. എന്താണ് ഷോർട്ട് സർക്യൂട്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇതുണ്ടാവാനുള്ള മൂന്ന് പ്രധാന സാഹചര്യങ്ങൾ താഴെകൊടുക്കുന്നു.

1. നമ്മുടെ വീട്ടിലേക്ക് വൈദ്യുതി എത്തിക്കുന്ന ഫെയ്‌സ് ലൈനും എർത്ത് ലൈനും സ്പർശിക്കുമ്പോൾ.
2. ഫെയ്‌സ്‌ ലൈനും ന്യൂട്രൽ ലൈനും സ്പർശിക്കുമ്പോൾ.
3. ഫെയ്‌സ് ലൈനിൽ ഉണ്ടാകുന്ന 240 വോൾട്ട് നമ്മുടെ ശരീരം വഴിയോ മറ്റ് പദാർഥങ്ങൾ വഴിയോ ഭൂമിയിലേക്ക് പ്രവഹിക്കുമ്പോൾ.

ഫെയ്‌സ്‌ വഴി പോകുന്ന അമിത വോൾട്ടേജ് ഒരു ലോഡിലൂടെയല്ലാതെ നേരെ ഭൂമിയിലേക്കോ ന്യൂട്രലിലേക്കോ പോകുമ്പോൾ അവിടെ അമിതമായി വൈദ്യുതി ഉദ്പാദിപ്പിക്കപ്പെടുന്നു. ഇത് അമിതമായ ചൂടിനും തീപ്പിടിത്തത്തിനും കാരണമാകുന്നു. ഇത്തരത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാവാൻ വ്യക്തമായ കാരണങ്ങൾ ഉണ്ട്.

ഷോർട്ട് സർക്യൂട്ടിന്റെ കാരണങ്ങൾ

നമുക്കറിയാം എല്ലാവിധ ഇലക്‌ട്രിക് സർക്യൂട്ടുകളിലും സാധാരണയായി ഇൻസുലേറ്റ് ചെയ്ത കോപ്പർ വയറുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം വയറുകൾക്ക് താങ്ങാൻപറ്റാത്ത വൈദ്യുതി, സർക്യൂട്ട് വഴി കടത്തിവിടുമ്പോൾ (ഓവർലോഡ്) അമിതമായി ചൂടുണ്ടാവുകയും ഇൻസുലേറ്റ് ചെയ്ത വസ്തുവിന് നാശം സംഭവിച്ച് ഉള്ളിലുള്ള കോപ്പർ വയറുകൾ തമ്മിൽ (ഫെയ്‌സ്+ന്യൂട്രൽ) അല്ലെങ്കിൽ ഫെയ്‌സ്+എർത്ത് സമ്പർക്കത്തിൽ വരികയും ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഇതേപോലെ നമ്മുടെ വൈദ്യുതബന്ധം അയഞ്ഞതാവുമ്പോൾ അവിടെ ഇലക്‌ട്രിക് സ്പാർക്കുകൾ ഉണ്ടാകാൻ കാരണമാവുന്നു. നിരന്തരം സ്പാർക്ക് രൂപപ്പെടുമ്പോൾ ചൂടുകൂടി ഇൻസുലേഷന് നാശംസംഭവിച്ച് ഷോർട്ട് സർക്യൂട്ട് ഉണ്ടാവുന്നു. വൈദ്യുതീകരണത്തിനായി നാം തിരഞ്ഞെടുക്കുന്ന വയറുകൾക്ക് ഗുണനിലവാരം കുറവാണെങ്കിലും വയറിങ് ചെയ്തത് ശരിയായ രീതിയിൽ അല്ലെങ്കിലും ഷോർട്ട് സർക്യൂട്ട് സംഭവിക്കാം. കൂടാതെ ഉറുമ്പ്, ചിതൽ, എലി പോലുള്ള ജീവികൾ വയറുകളുടെ ഇൻസുലേഷൻ നശിപ്പിച്ചാലും സംഭവിക്കാം.

എങ്ങനെ ഷോർട്ട് സർക്യൂട്ട് ഒഴിവാക്കാം

1. വീടുകളിലെ ഇലക്‌ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് മുമ്പായി പരിശോധന നടത്തണം.
2. വർഷത്തിൽ ഒരിക്കലെങ്കിലും വീട്ടിൽ വൈദ്യുതി പരിശോധന നടത്തണം.
3. ഇടി-മിന്നൽ, കാറ്റ് തുടങ്ങിയവയുള്ള സമയത്ത്‌ വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്‌.
4. ഷോർട്ട് സർക്യൂട്ട് തടയുന്ന ഉപകരണങ്ങളായ E.L.C.B., R.C.C.B., M.C.B. തുടങ്ങിയവ ഇലക്‌ട്രിക് സർക്യൂട്ടിൽ ഇൻസ്റ്റാൾ ചെയ്യുക.

ഇ.എൽ.സി.ബി.യുടെ പ്രവർത്തനം

ഇ.എൽ.സി.ബി.യുടെ പ്രധാന ഭാഗങ്ങൾ താഴെപറയുന്നവയാണ്.
1. കോർ ബാലൻസ് കറന്റ് ട്രാൻസ്‌ഫോർമർ (C.B.C.T.)
2. സെൻസിങ് കോയിൽ
3. ട്രിപ്പിങ് റിലേ
4. ടെസ്റ്റ് ബട്ടൺ
മൂന്നുതരത്തിലുള്ള വയർ ബൈൻഡിങ് അടങ്ങിയതാണ് കോർബാലൻസ് കറന്റ് ട്രാൻസ്‌ഫോമർ. ഫെയ്‌സ് കോയിൻ, ന്യൂട്രൽ കോയിൽ, സെൻസിങ് കോയിൽ എന്നിവയാണവ.
ഷോർട്ട് സർക്യൂട്ട് ഇല്ലാതിരിക്കുമ്പോൾ (Zero leakage current) ഫെയ്‌സ്‌കോയിലിലും ന്യൂട്രൽ കോയിലും ഉദ്പാദിപ്പിക്കുന്ന മാഗ്‌നെറ്റിക് ഫ്ളക്സ് പൂജ്യം ആയിരിക്കും. സർക്യൂട്ടിൽ ലീക്കേജ് ഉണ്ടാവുകയാണെങ്കിൽ ഫെയ്‌സ്‌കോയിലിലെയും ന്യൂട്രൽ കോയിലിലെയും കറന്റ് വ്യത്യസ്തമാവുകയും അതിന്റെ ഫലമായി വ്യത്യസ്ത മാഗ്‌നെറ്റിക് ഫ്ലക്സുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകുന്ന മാഗ്‌നെറ്റിക് ഫ്ളക്സ് സെൻസിങ് കോയിലിനെ ആക്ടിവേറ്റ് ചെയ്യുകയും അതുവഴി ട്രിപ്പിങ്‌റിലേ ഇ.എൽ.സി.ബി. ട്രിപ്പാവുന്നതിനും കാരണമാവുന്നു. ഇതുവഴി ഉപകരണത്തിന്റെ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നു. ഇ.എൽ.സി.ബി.യുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായാണ് ടെസ്റ്റ് ബട്ടൺ. ബട്ടൺ അമർത്തുമ്പോൾ വൈദ്യുതി ഫെയ്‌സ്‌കോയിൽ വഴി ഇ.എൽ.സി.ബി.ക്ക് അകത്തുള്ള ഒരു ഉയർന്ന റെസിസ്റ്റൻസ് വഴി തിരിച്ച് ന്യൂട്രലിലേക്ക് ഒഴുകും. ഈ സമയത്ത് ഉണ്ടാകുന്ന മാഗ്‌നെറ്റിക് ഫ്ളക്സ് ഫെയ്‌സ്‌കോയിലിൽ പരമാവധിയും ന്യൂട്രലിൽ പൂജ്യവും ആയിരിക്കും. അതിനാൽ ഇ.എൽ.സി.ബി. ട്രിപ് ആവുകയും ചെയ്യും. ഇ.എൽ.സി.ബി. ട്രിപ് ആവണമെങ്കിൽ ഫെയ്‌സ്‌കോയിലിലൂടെയും എട്ട് ന്യൂട്രൽ കോയിലിലൂടെയും പോകുന്ന കറന്റിന്റെ അളവ് ഒരു പ്രത്യേക പരിധിക്ക് മുകളിൽ ആയിരിക്കണം. ഇതിനെയാണ് ലീക്കേജ് കറന്റ് സെറ്റിങ് അല്ലെങ്കിൽ സെൻസിറ്റിവിറ്റി സെറ്റിങ് എന്ന് വിളിക്കുന്നത്. ഇത് സാധാരണ 30 എം.എ. ആണ്.

എന്താണ് E.L.C.B. (Earth Leakage Circuit Breaker)

വീടുകളിലും മറ്റും ഉപയോഗിക്കുന്ന വൈദ്യുതി സുരക്ഷാ ഉപകരണമാണ് E.L.C.B. നമ്മൾ ഒരു E.L.C.B. വൈദ്യുത സർക്യൂട്ടിൽ ഘടിപ്പിച്ചാൽ ഫെയ്‌സിലൂടെയും ന്യൂട്രലിലൂടേയും വരുന്നതും പോകുന്നതുമായ വൈദ്യുതിപ്രവാഹം ഒരുപോലെയാണോ എന്ന് നിരീക്ഷിച്ചുകൊണ്ടേയിരിക്കും. ഏതെങ്കിലും കാരണത്താൽ നാം ഉപയോഗിക്കുന്ന ഉപകരണങ്ങൾ കേടാവുകയോ, ഷോർട്ട് സർക്യൂട്ട് സംഭവിക്കുകയോ ചെയ്താൽ ഉണ്ടാകുന്ന അമിതമായ വൈദ്യുതി മറ്റ് അപകടങ്ങളിലേക്ക് എത്തുന്നതിനുപകരം E.L.C.B. ഓഫ് ആവുകയും വീടുകളിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. 30 MA (മില്ലി ആംപിയർ) E.L.C.B. യാണ് സാധാരണ വീടുകളിലും മറ്റും ഉപയോഗിക്കുന്നത്, 30 MA യിൽ താഴെയുള്ള വൈദ്യുതി മനുഷ്യശരീരത്തിൽ അപകടങ്ങൾ ഉണ്ടാക്കുന്നില്ല. E.L.C.B. യുടെ പുതിയ രൂപമാണ് R.C.C.B. (Residual Case Circuit Breaker). E.L.C.B. സർക്യൂട്ടിലെ അധിക വോൾട്ടേജിനെ കണ്ടെത്തുമ്പോൾ R.C.C.B. അധിക കറന്റിനെയാണ് കണ്ടെത്തുന്നത്. അതിനാൽ E.L.C.B. യെക്കാൾ മേൻമയുള്ളത് R.C.C.B.-യാണ്.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..