ഒ. ചന്തുമേനോൻ എന്ന ആദ്യ നോവലിസ്റ്റ്‌


അംബുജം കടമ്പൂര്‌

ലക്ഷണമൊത്ത ആദ്യ മലയാളനോവലായ ഇന്ദുലേഖയുടെ കർത്താവാണ്‌ ഒയ്യാരത്ത്‌ ചന്തുമേനോൻ. ചന്തുമേനോന്റെ ചരമദിനമാണ്‌ െസപ്റ്റംബർ ഏഴ്‌

മലയാളസാഹിത്യത്തിന് പുത്തനുണർവ് സമ്മാനിച്ചുകൊണ്ടാണ്‌ പുതിയ സാഹിത്യരൂപമായ നോവൽ ‘ഇന്ദുലേഖ’ 1889-ൽ ചന്തുമേനോൻ എഴുതിയത്‌. 1847 ജനുവരി 9-നാണ് കോഴിക്കോട്‌ ജില്ലയിലെ നടുവണ്ണൂരിൽ ചന്തുമേനോൻ ജനിച്ചത്‌. ബാല്യകാലത്തിനുശേഷമാണ് തലശ്ശേരി തിരുവങ്ങാട്ട് ഒയ്യാരത്ത് ഭവനത്തിൽ സ്ഥിരതാമസമാക്കുന്നത്.
സംസ്കൃതത്തിലുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബാസൽമിഷന്റെ ഇംഗ്ലീഷ് സ്കൂളിലായിരുന്നു ഇംഗ്ലീഷ് പഠനം തുടങ്ങിയത്. അൺകവനന്റ് സിവിൽ സർവീസ് പരീക്ഷയും മെട്രിക്കുലേഷനും പാസായ ചന്തുമേനോൻ കോടതിയിൽ ക്ലാർക്ക്, മുൻസിഫ്, ആക്റ്റിങ്‌ അഡീഷണൽ സബ്ജഡ്ജി, എന്നീ നിലകളിൽ ഔദ്യോഗികജീവിതം നയിച്ചു.

റാവുബഹദൂർ

1898-ൽ ബ്രിട്ടീഷ് സർക്കാർ ‘റാവുബഹദൂർ’ സ്ഥാനം നൽകി ആദരിച്ചു. ബുദ്ധിശക്തി, കൃത്യനിഷ്ഠ, സത്യസന്ധത എന്നിവ കൃത്യമായി പ്രകടിപ്പിച്ചതിനാൽ വളരെവേഗം ഉന്നതനിലയിലെത്തി. പരപ്പനങ്ങാടിയിൽ മുൻസിഫായി ജോലിചെയ്യുന്ന കാലത്താണ് ഇന്ദുലേഖ പ്രസിദ്ധപ്പെടുത്തുന്നത്. പാശ്ചാത്യസാഹിത്യവുമായുള്ള നിരന്തരസമ്പർക്കവും ആധുനിക ലോകവീക്ഷണത്തോടെ അനുഭവങ്ങളെ നോക്കിക്കാണാൻ കഴിഞ്ഞതും ഈ നോവലിന്റെ രചനയ്ക്ക് അടിസ്ഥാനശക്തിയായിത്തീർന്നു.

ഭാര്യയുടെ നിർബന്ധം

19-ാം നൂറ്റാണ്ടിലെ നായർ, നമ്പൂതിരി സമുദായങ്ങളുടെ സാമൂഹികാചാരങ്ങൾ ‘ഇന്ദുലേഖ’യിൽ യാഥാർഥ്യബോധത്തോടെ ആവിഷ്കരിക്കുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരം, അത് യുവജനങ്ങളിലുണ്ടാക്കിയ ബഹുമുഖമായ മാറ്റം, കൂട്ടുകുടുംബസമ്പ്രദായത്തിന്റെ ശൈഥില്യം, നാടുവാഴിത്തത്തിന്റെ നാശോന്മുഖത, അന്ധവിശ്വാസത്തിൽനിന്നുള്ള മോചനം, സ്ത്രീകളുടെ സാമൂഹിക ഉന്നമനം തുടങ്ങി പുരോഗമനാശയങ്ങൾ നോവലിൽ ആവിഷ്കരിക്കുന്നുണ്ട്. ‘ഏകദേശം ഇംഗ്ലീഷ് നോവൽ ബുക്കുകളുടെ മാതിരിയിൽ മലയാളത്തിൽ എഴുതാൻ’ ശ്രമിച്ചത് അദ്ദേഹത്തിന്റെ ഭാര്യയുടെ നിർബന്ധപ്രകാരമായിരുന്നത്രേ. ഇന്ദുലേഖയെന്ന നായികയും മാധവനെന്ന നായകനും മലയാളികളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു.

ശാരദ

‘ശാരദ’ എന്ന ഒരു അപൂർണനോവൽകൂടി ഒ. ചന്തുമേനോൻ രചിച്ചിട്ടുണ്ട്. കൂടാതെ, മയൂരസന്ദേശത്തിനെഴുതിയ നിരൂപണം, ചാത്തുക്കുട്ടി മന്നാടിയാരുടെ ഉത്തരരാമായണത്തെക്കുറിച്ചെഴുതിയ ലേഖനം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു സാഹിത്യസംഭാവനകൾ. കോഴിക്കോട് സബ്ജഡ്ജിയായിരിക്കെയാണ് 1899 സെപ്റ്റംബർ 7-ന് അദ്ദേഹം അന്തരിച്ചത്.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..