ധീരദേശാഭിമാനി


ഡോ. വിജയരാഘവൻ കെ.സി.

മദ്രാസ്‌ സെൻട്രൽ ജയിലിൽ 1943 സെപ്റ്റംബർ 10-ന്‌ തൂക്കിലേറ്റപ്പെടുമ്പോൾ വക്കം അബ്ദുൾഖാദറിന്‌ വയസ്സ്‌ 26. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു കേരളത്തിൽനിന്നുള്ള ആ ഉജ്ജ്വല വിപ്ളവകാരിയുടെ ജീവാർപ്പണം

1917 മേയ് 25-ന് തിരുവനന്തപുരം വക്കത്ത് ജനിച്ച അബ്ദുൾഖാദർ വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ജന്മനാടിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള ശ്രമങ്ങളിൽ അതീവതത്പരനായിരുന്നു. വാവാക്കുഞ്ഞിന്റെയും ഉമ്മുസൽമയുടെയും മകൻ. ജോലിതേടി സിങ്കപ്പൂരും മലയയിലുമെത്തി. തുടർന്ന് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗുമായും ‘ഐ.എൻ.എ.’യുമായും ബന്ധം പുലർത്തി. ഐ.എൻ.എ. ഭടന്മാർക്ക് പരിശീലനം നൽകാൻവേണ്ടി രൂപവത്കരിച്ച ‘സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ’നിന്ന് പരിശീലനം പൂർത്തിയാക്കി. ബ്രിട്ടന്റെ ഭരണം തകർക്കാനുള്ള രഹസ്യനീക്കത്തിന് ഐ.എൻ.എ. നിയോഗിച്ച അഞ്ചംഗസംഘത്തിലെ പ്രധാനിയായ അബ്ദുൾഖാദർ സഹപ്രവർത്തകരോടൊപ്പം 1942 സെപ്റ്റംബറിൽ മലേഷ്യയിലെ പെനാങ് തുറമുഖത്തുനിന്ന് മുങ്ങിക്കപ്പലിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഒമ്പതുദിവസത്തെ സാഹസികയാത്രയ്ക്കുശേഷം മലബാറിൽ താനൂർ കടപ്പുറത്തെത്തി.
ഖാദറെയും സഹപ്രവർത്തകരെയും കരയ്ക്കിറങ്ങുമ്പോഴേക്കും ബ്രിട്ടീഷധികാരികൾ പിടികൂടി. വക്കം ഖാദർ, ഫൗജാസിങ്, സത്യേന്ദ്ര ചന്ദ്രബർദാൻ, ബോണിഫെയ്‌സ്, അനന്തൻ എന്നിവരെ ജയിലിലടച്ചു. അഞ്ചുവർഷം തടവുശിക്ഷയും തുടർന്ന് തൂക്കിലേറ്റലുമായിരുന്നു ശിക്ഷ. മേൽക്കോടതി ബോണിഫെയ്‌സിനെ വധശിക്ഷയിൽനിന്ന് ഒഴിവാക്കി.

രണ്ടു കത്തുകൾ
വക്കവും സഹപ്രവർത്തകരും ‘വന്ദേമാതരം’ ആലപിച്ചുകൊണ്ടാണ്‌ തൂക്കിലേറിയത്‌. തൂക്കിലേറ്റപ്പെടുന്നതിന്റെ തലേന്ന്‌ രാത്രി വക്കം ഖാദർ സുഹൃത്ത് ബോണിഫെയ്‌സിനും തന്റെ പിതാവിനും കത്തെഴുതി. സുഹൃത്തിന്റെ ആത്മാർഥതയ്ക്കും സ്നേഹത്തിനും നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് ബോണിഫെയ്‌സിനുള്ള കത്ത് തുടങ്ങുന്നത്. തന്റെ ആസന്നമായ അന്ത്യത്തെക്കുറിച്ച് ഖാദർ നിർഭയനായി സുഹൃത്തിന് എഴുതി. ‘‘ഒരു ഭീകരദുരന്തമാണ് വരാൻ പോകുന്നത് എന്ന് കരുതരുത്... നിങ്ങളുടെ കൺമുമ്പിൽ നടന്നിട്ടുള്ള മറ്റുപല സംഭവങ്ങളുമായി തട്ടിച്ചുനോക്കിയാൽ നമ്മുടെ മരണം, നമ്മുടെ എളിയ ത്യാഗം എഴുതിക്കൊണ്ടിരിക്കുന്ന വാചകത്തിൽനിന്ന് ഒരു വാക്ക് വെട്ടിക്കളയുന്നതുപോലെ മാത്രമാണ്. എണ്ണമറ്റ വീരന്മാർ, മഹാത്മാക്കളായ ഭാരതപുത്രന്മാർ, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി സർവവും ത്യജിച്ചവർ ഇതിനകം ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ട്. അവരോട് താരതമ്യപ്പെടുത്തിയാൽ നമ്മൾ പൂർണചന്ദ്രന്റെ മുമ്പിൽ വെറും മെഴുകുതിരികൾ. നമുക്ക് ഒന്നുംചെയ്യാൻ കഴിയാതെപോയത് വെറും ദൗർഭാഗ്യമായിപ്പോയി’’ താമസിയാതെ സ്വതന്ത്രയാകുന്ന ഭാരതത്തിൽ ജീവിക്കാൻ സുഹൃത്തിന് ആശംസ നേർന്നുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

പിതാവിനുള്ള കത്ത്

പ്രിയപ്പെട്ട വാപ്പാ,

ഈ അതികഠിനമായ വാർത്ത താങ്കളെ അതിദാരുണമാംവിധം സങ്കടപ്പെടുത്തുമെന്ന് എനിക്കറിയാം. പ്രിയപ്പെട്ട പിതാവേ, ഞാൻ എന്നന്നേക്കുമായി നിങ്ങളെ വിട്ടുപിരിയുന്നു. നാളെ രാവിലെ ആറുമണിക്ക് മുമ്പായിരിക്കും എന്റെ മരണം. ധൈര്യപ്പെടുക...വന്ദ്യനായ പിതാവേ, വാത്സല്യനിധിയായ ഉമ്മ, ഏറ്റവും പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, എനിക്ക് ഒരു ആശ്വാസവചനവും നിങ്ങളോട് പറയാനില്ല. ഞാൻ നിങ്ങളെ വിട്ടുപിരിയുന്നു. നമുക്കു തമ്മിൽ *മഹ്ശറയിൽ വീണ്ടും കാണാം. എന്നെപ്പറ്റി ദുഃഖിക്കരുതേ.
ഞാൻ എത്രത്തോളം ധൈര്യത്തോടും സന്തോഷത്തോടും സമാധാനത്തോടുംകൂടിയാണ് മരിച്ചതെന്ന് നിങ്ങൾ ഒരവസരത്തിൽ അറിയുമ്പോൾ തീർച്ചയായും നിങ്ങൾ സന്തോഷിക്കാതിരിക്കില്ല. തീർച്ചയായും അഭിമാനിക്കുകതന്നെ ചെയ്യും.
നിർത്തട്ടെ
വാത്സല്യമകൻ മുഹമ്മദ് അബ്ദുൾഖാദർ
(* മഹ്ശറ = പരലോകം)

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..