സാമൂഹിക പരിഷ്‌കർത്താവ്


തോന്നയ്ക്കൽ കൃഷ്ണപ്രസാദ്

കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താക്കളിൽ പ്രധാനിയും ശ്രീനാരായണഗുരുവിന്റെ സമകാലികനുമായിരുന്ന ചട്ടമ്പി സ്വാമിയുടെ ജയന്തിയാണ്‌ സെപ്റ്റംബർ 14

1853 ഓഗസ്റ്റ് 25-ന് (ചിങ്ങമാസത്തിലെ ഭരണിനക്ഷത്രം) തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ കൊല്ലൂർ ഗ്രാമത്തിൽ ഉള്ളൂർക്കോട് വീട്ടിൽ നങ്ങമ്മപ്പിള്ളയുടെയും ക്ഷേത്രപൂജാരിയായിരുന്ന വാസുദേവ ശർമയുടെയും മകനായി ജനിച്ചു. കുഞ്ഞനെന്നായിരുന്നു വിളിപ്പേര്. കുട്ടിക്കാലംമുതൽത്തന്നെ പഠനകാര്യത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അച്ഛന്റെയും അയൽവീടുകളിലെ കുട്ടികളുടെയും സഹായത്തോടെ അക്ഷരാഭ്യാസം നടത്തി. തമിഴ്, മലയാളം, സംസ്കൃതം ഭാഷകളിലെ പ്രാഥമിക അറിവുകൾ സ്വായത്തമാക്കി. കുറച്ചുവർഷങ്ങൾകഴിഞ്ഞ് പേട്ടയിലെ പണ്ഡിതനായിരുന്ന രാമൻപിള്ള ആശാന്റെ പാഠശാലയിൽചേർന്നു. ആശാൻ കുഞ്ഞനെ പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചു. ചട്ടമ്പി എന്നാൽ ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ (മോണിറ്റർ) എന്നേ അർഥമുള്ളൂ. ഇതോടെ കുഞ്ഞൻപിള്ള ചട്ടമ്പി എന്നറിയപ്പെടാൻ തുടങ്ങി. മുതിർന്നപ്പോഴും ചട്ടമ്പി എന്ന സ്ഥാനപ്പേര് നിലനിർത്തി.

തീർഥാടനം
ഒരുനാൾ കൂടുതൽ അറിവുനേടുകയെന്ന ലക്ഷ്യത്തോടെ വീടുവിട്ടിറങ്ങി. യാത്രാമധ്യേ കണ്ടുമുട്ടിയ പണ്ഡിതൻമാരുമായി സംവദിച്ചും സംശയങ്ങൾ തീർത്തും അദ്ദേഹം മലയാളദേശത്തും തമിഴകത്തും ഉത്തരേന്ത്യയിലും തീർഥാടനം നടത്തി. ഈ യാത്രകൾക്കിടയിൽ വൈദ്യശാസ്ത്രം, ഗണിതം, വാദ്യോപകരണസംഗീതം, തമിഴിലെയും സംസ്കൃതത്തിലെയും ശ്രേഷ്ഠഗ്രന്ഥങ്ങൾ എന്നിവ സ്വായത്തമാക്കി. ഈ ദേശാടനകാലഘട്ടത്തിൽതന്നെ ഖുർ ആനും ബൈബിളും ഹൃദിസ്ഥമാക്കി. യോഗാഭ്യാസത്തിലും കായികമുറകളിലും പ്രാവിണ്യംനേടി. ‘വേദാധികാരനിരൂപണം’ പ്രസിദ്ധകൃതിയാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രാമുഖ്യം നൽകി. ഒരേ ലക്ഷ്യത്തിലേക്കുള്ള വിവിധ വഴികളാണ് വിവിധ മതങ്ങൾ എന്നതായിരുന്നു സ്വാമിയുടെ സങ്കല്പം.ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യംചെയ്തു. സെക്രട്ടേറിയറ്റ് നിർമാണത്തിൽ ഇഷ്ടികയും മണലും ചുമന്നതായി സ്വാമി പറഞ്ഞിട്ടുണ്ട്.
1892 ഡിസംബറിൽ സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചപ്പോൾ ചട്ടമ്പിസ്വാമിയുമായി ചർച്ച നടത്തിയിരുന്നു. ചിന്മുദ്രയെക്കുറിച്ച് വിവേകാനന്ദൻ ചോദിച്ചപ്പോൾ സ്വാമി അത് വിശദീകരിച്ചു. വിവേകാനന്ദന്റെ പാണ്ഡിത്യത്തെ ആദരവോടെയാണ് സ്വാമി പിന്നീട് സ്മരിച്ചത്.

അഹിംസയുടെ സന്ദേശം
ചട്ടമ്പിസ്വാമി അദ്ദേഹത്തിന്റെ കൃതികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സത്യത്തിന്റെയും ധർമത്തിന്റെയും അഹിംസയുടെയും സന്ദേശങ്ങൾ ജനഹൃദയങ്ങളിലേക്ക് പകർന്നു. അനാചാരങ്ങൾ, അയിത്തം, അന്ധവിശ്വാസങ്ങൾ ഇവയ്ക്കെതിരേ പ്രസംഗങ്ങളിലൂടെ ധർമയുദ്ധം നടത്തി. വേദങ്ങളും ഉപനിഷത്തുക്കളും സമൂഹത്തിന്റെ പൊതുസ്വത്താണെന്നും അത് വായിക്കാനും പഠിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്നും സ്വാമി ഉറക്കെ പറഞ്ഞു. അദ്ദേഹം 1890-ൽ എഴുതി പ്രസിദ്ധീകരിച്ച ക്രിസ്തുമതഛേദനം എന്ന ഗ്രന്ഥം, സമൂഹത്തിലെ താഴേത്തട്ടിലുള്ളവരെ പ്രലോഭിപ്പിച്ച് മതം മാറ്റുന്നവർക്ക് ഒരു തിരിച്ചടിയായിത്തീർന്നു. പ്രാചീനമലയാളം, വേദാധികാരനിരൂപണം, ജീവകാരുണ്യനിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയവ സ്വാമിയുടെ പ്രമുഖ കൃതികളാണ്. 1924 മേയ് അഞ്ചിന് സ്വാമികൾ സമാധിയായി. തിരുവനന്തപുരം കണ്ണമ്മൂലയിൽ സ്വാമികളുടെ ജന്മസ്ഥലത്ത് ഒരു മഹാമണ്ഡപവും പഠനഗവേഷണകേന്ദ്രവും 2022- ജൂലായ് നാലിന് ഭാരതത്തിനുവേണ്ടി സമർപ്പിക്കപ്പെട്ടു.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..