ചെമ്പകരാമന്റെ സ്വാതന്ത്ര്യ സ്വപ്‌നങ്ങൾ


 ഡോ. വിജയൻ ചാലോട്

ധീരദേശാഭിമാനി ചെമ്പകരാമൻപിള്ളയുടെ ജന്മദിനമാണ്‌ സെപ്റ്റംബർ 15

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നടന്ന പോരാട്ടങ്ങളുടെ ചരിത്രത്തിൽ സ്വർണത്തിളക്കത്തോടെ ഒരു പേര് കാണാം. ചെമ്പക രാമൻപിള്ള. 1891 സെപ്റ്റംബർ 15-ന് തിരുവനന്തപുരത്ത് തിരുവിതാംകോട് ആണ് ജനനം. പോലീസ് ഉദ്യോഗസ്ഥനായിരുന്ന ചിന്നസ്വാമി പിള്ളയുടെയും നാഗമ്മാളിന്റെയും മകൻ.

പ്രക്ഷോഭത്തിലേക്ക്

ബ്രിട്ടീഷ് ഭരണകൂടം ബംഗാളിനെ വിഭജിച്ചതിൽ പ്രതിഷേധിച്ച് ബാലഗംഗാധരതിലകിന്റെ ആഹ്വാനപ്രകാരം നടന്ന പ്രക്ഷോഭത്തിൽ കുട്ടിക്കാലത്തുതന്നെ ചെമ്പകരാമൻ പങ്കെടുത്തു. അതിനായി പഠനം ഉപേക്ഷിച്ച് പുറത്തിറങ്ങി. ഇന്ത്യക്ക് പുറത്തുപോയി ബ്രിട്ടീഷുകാരെ എതിർത്താലോ എന്ന തോന്നൽ ആ കൗമാരക്കാരനിൽ ഉണർന്നുവന്നു. അക്കാലത്താണ് ചെമ്പകരാമൻ ജർമൻകാരനായ ലോകസഞ്ചാരിയും ജന്തുശാസ്ത്രജ്ഞനുമായിരുന്ന സർ വാർട്ടർ വില്യംസ് സ്ട്രിക്‌ലാൻഡിന്റെ ശ്രദ്ധയിൽപ്പെടുന്നത്. സ്ട്രിക്‌ലാൻഡ് ജർമൻ ചാരൻകൂടിയായിരുന്നത്രെ. അദ്ദേഹത്തിന്റെകൂടെ ഇന്ത്യ വിട്ടു. താൻ യൂറോപ്യൻ പര്യടനത്തിനായി പുറപ്പെട്ടതായി കാണിച്ച് വീട്ടിലേക്ക് ശ്രീലങ്കയിൽനിന്ന് കത്തയച്ചു. 1906-ൽ 15-ാം വയസ്സിലായിരുന്നു രാജ്യംവിടൽ. 1907 സെപ്റ്റംബറിൽ യോർക്ക് എന്ന കപ്പലിൽ ഇറ്റലിയിലേക്ക് പോയി.

ബർലിൻ സർവകലാശാലയിൽനിന്ന് ധനശാസ്ത്രത്തിലും എൻജിനിയറിങ്ങിലും ഡോക്ടറേറ്റ് നേടി. ബർലിൻ സർവകലാശാലയിൽ ഇന്റർനാഷണൽ പ്രോ ഇന്ത്യൻ സമിതി രൂപവത്കരിച്ചു. ‘പ്രോ ഇന്ത്യൻ’ എന്ന പത്രവും തുടങ്ങി. ബ്രിട്ടന്റെ എതിരാളിയായ ജർമനിയുമായി സഹകരിച്ച്‌ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനായി പോരാടാമെന്നായിരുന്നു ചെമ്പകരാമന്റെ പദ്ധതി. ആ ലക്ഷ്യത്തോടെ ജർമൻ ചക്രവർത്തി കൈസറുമായി സൗഹൃദത്തിലായി. ഒന്നാംലോകയുദ്ധത്തിൽ ജർമൻ സൈന്യത്തിൽചേർന്നു. നാവികസേനയുടെ എംഡൻ എന്ന അന്തർവാഹിനി കപ്പലിൽ ജോലിചെയ്തു.

ജർമനിയുടെ പരാജയം

1915-ൽ അഫ്ഗാനിസ്താനിലെത്തിയ ചെമ്പകരാമൻ, പ്രൊവിൻഷൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങി. സൂയസ് കനാലിൽ പ്രതിരോധംതീർത്ത് ബ്രിട്ടീഷ്‌ സൈന്യത്തെ തോൽപ്പിക്കണം, ജർമൻ സൈന്യത്തോടൊപ്പം ഇന്ത്യയിൽ പ്രവേശിക്കണം. അങ്ങനെ ബ്രിട്ടീഷുകാരെ പൊരുതിത്തോൽപ്പിക്കണം. ഇങ്ങനെ നീണ്ടു ചെമ്പകരാമന്റെ സ്വാതന്ത്ര്യസ്വപ്നങ്ങൾ. എന്നാൽ, യുദ്ധത്തിൽ ജർമനി തോറ്റതോടെ ആ സ്വപ്നം പൊലിഞ്ഞു. മണിപ്പുർ സ്വദേശി ലക്ഷ്മിഭായിയെ 1931-ൽ ബർലിനിൽവെച്ച്‌ വിവാഹംചെയ്തു. ഇന്ത്യൻ കൊടി പറക്കുന്ന നാവികസേനാ കപ്പലിൽ മാത്രമേ ഇനി ഇന്ത്യയിലേക്ക്‌ മടങ്ങുകയുള്ളൂ-ഇതായിരുന്നു ആ ദേശാഭിമാനിയുടെ ദൃഢനിശ്ചയം.

ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ നാസിഭരണകൂടം ജർമനിയിൽ അധികാരത്തിൽ വന്നപ്പോഴും ചെമ്പക രാമൻ ശ്രദ്ധേയനായി തുടർന്നു. എന്നാൽ നയതന്ത്രപ്രതിനിധികളുമായി നടന്ന ചർച്ചയിൽ ഹിറ്റ്‌ലർ ഇന്ത്യയെക്കുറിച്ച്‌ നടത്തിയ മോശം പരാമർശം ചെമ്പകരാമനെ ക്ഷുഭിതനാക്കി. ഇന്ത്യയുടെ മഹത്ത്വത്തെക്കുറിച്ച്‌ അദ്ദേഹം നടത്തിയ മറുപടി പ്രസംഗം ഹിറ്റ്‌ലറെ ചൊടിപ്പിച്ചു. നാസികൾ പതുക്കെപ്പതുക്കെ വിഷം നൽകിയതുവഴി 1934 മേയ് 26-ന്‌ ചെമ്പകരാമൻപിള്ള എന്ന ആ ധീരദേശാഭിമാനി മരണടഞ്ഞു.

നാസികളുടെ പ്രതികാരം

ചെമ്പകരാമന്റെ ജർമനിയിലെ വസ്തുവകകൾ ഭരണകൂടം ജപ്തിചെയ്തു. ഭാര്യ ലക്ഷ്മീഭായിയെ പലതരത്തിൽ ദ്രോഹിച്ചു. ചെമ്പകരാമന്‌ നാസികൾ വിഷം കൊടുത്തകാര്യം അവർ പരസ്യമാക്കിയതോടെ ലക്ഷ്മീഭായിക്ക്‌ ഭ്രാന്താണെന്നുവരെ നാസികൾ പ്രചരിപ്പിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെ അവർ ജർമനിവിട്ട്‌ ഇറ്റലിയിലെത്തി. 1935-ൽ ബോംബെയിലെത്തി. മരണംവരെ അവിടെ കഴിഞ്ഞു. 1966-ൽ ഇന്ത്യയുടെ കൊടിക്കപ്പലിൽ ചെമ്പകരാമൻപിള്ളയുടെ ചിതാഭസ്മം കൊച്ചിയിൽ കൊണ്ടുവന്നു. കന്യാകുമാരിയിൽ നിമജ്ജനംചെയ്തു.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..