ജനാധിപത്യം


സി.ആർ. രവി കുമരനല്ലൂർ

അന്താരാഷ്ട്ര ജനാധിപത്യദിനമാണ്‌ സെപ്റ്റംബർ 15. വിവിധ ക്ലാസുകളിലെ സാമൂഹിക ശാസ്ത്രപാഠങ്ങളിൽ ജനാധിപത്യം പഠനവിഷയമാണ്

ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ തീരുമാനമനുസരിച്ച് 2007 മുതൽ എല്ലാ വർഷവും സെപ്റ്റംബർ 15 ലോക ജനാധിപത്യദിനമായി ആചരിക്കുന്നു. മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്നതും അവരുടെ അവകാശങ്ങൾ സ്ഥാപിച്ചുനൽകുന്നതും സാമൂഹികനീതി പുലരുന്നതുമായ സമ്പ്രദായത്തെ പൊതുവായി ജനാധിപത്യം എന്നുപറയാം.

ഡെമോക്രസി

ജനം എന്നർഥംവരുന്ന ‘ഡെമോസ്’ എന്ന വാക്കും ശക്തി അധികാരം എന്നീ അർഥങ്ങൾവരുന്ന ‘ക്രാറ്റിയ’ എന്ന വാക്കും (ഗ്രീക്ക് ഭാഷയിൽനിന്ന്) ചേർന്നാണ് ‘ഡെമോക്രാറ്റിയ’ എന്ന വാക്കുണ്ടായത്. ഈ ഗ്രീക്ക്‌ വാക്കിനർഥം ജനാധിപത്യമെന്നാണ്. ഇതിൽനിന്നാണ് ഇംഗ്ളീഷിലെ ഡെമോക്രസിയുടെ പിറവി. ബി.സി. അഞ്ചാംനൂറ്റാണ്ടിൽ ഹെറോഡോട്ടസാണ് ഡെമോക്രാറ്റിയ എന്ന പദം ആദ്യമുപയോഗിച്ചത്. അരിസ്റ്റോട്ടിൽ, ജോൺ സ്റ്റുവർട്ട്മിൽ, ബ്രൈസ് പ്രഭു തുടങ്ങി ഒട്ടേറെപ്പേർ ജനാധിപത്യത്തിന് നിർവചനം നൽകിയിട്ടുണ്ട്.

ജനാധിപത്യത്തിന്റെ പിറവി

ജനാധിപത്യം പിറവികൊള്ളുന്നത് പുരാതന ഗ്രീസിലാണ്. 422 ബി.സി.മുതൽ 322 ബി.സി.വരെയുള്ള കാലഘട്ടത്തിൽ ഇവിടെയുണ്ടായിരുന്ന ജനാധിപത്യസ്വഭാവത്തിലുള്ള നഗരരാഷ്ട്രസംവിധാനം സാമൂഹികചരിത്രകാരന്മാരെയും രാഷ്ട്രമീമാംസകരെയും ആകർഷിച്ചു. നഗരരാഷ്ട്രഭരണത്തിൽ ഇവിടെ സ്ത്രീകൾക്കും അടിമകൾക്കും സ്ഥാനമുണ്ടായിരുന്നില്ല. ഒരു പ്രത്യേകസ്ഥലത്ത് ഒന്നിച്ചിരുന്ന് തീരുമാനമെടുക്കുന്ന രീതിയായിരുന്നു. പൗരന്മാർ നേരിട്ടിടപെടുന്ന ഈ സമ്പ്രദായത്തെ പ്രത്യക്ഷജനാധിപത്യം എന്നുപറയുന്നു. ഭൂരിപക്ഷാഭിപ്രായത്തിലായിരുന്നു സഭയിൽ ഭരണകർത്താക്കളെ തിരഞ്ഞെടുത്തിരുന്നത്. ഗ്രീസിലെ ഈ രീതിക്ക് കാലാന്തരത്തിൽ മാറ്റങ്ങൾ പലതും സംഭവിച്ചെങ്കിലും ജനാധിപത്യം പിറവികൊണ്ട ഇടമായി ഗ്രീസിനെ വിശേഷിപ്പിക്കുന്നു.

അടിമസമ്പ്രദായം നിർത്തലാക്കിയതും ജനസംഖ്യാവർധനയും സ്ത്രീകളടക്കം എല്ലാ വിഭാഗത്തിനും ഭരണത്തിൽ തുല്യപങ്കാളിത്തം ലഭിച്ചതും ദേശരാഷ്ട്ര ആവിർഭാവവും പ്രായപൂർത്തിവോട്ടവകാശവുമെല്ലാം പ്രത്യക്ഷജനാധിപത്യത്തെ ഇല്ലാതാക്കി. ഇന്ന് ലോകത്ത് നിലനിൽക്കുന്നത് പരോക്ഷജനാധിപത്യമാണ്. ജനങ്ങൾ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷസമ്പ്രദായത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ഇവർ ജനങ്ങൾക്കുവേണ്ടി ഭരണനിർവഹണം നടത്തുകയും ചെയ്യുന്നതാണ് പരോക്ഷജനാധിപത്യം.

കളിത്തൊട്ടിൽ

ബ്രിട്ടനെയാണ്‌ ‘ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ’ എന്നു വിശേഷിപ്പിക്കുന്നത്‌. പാർലമെന്ററി സമ്പ്രദായം പിറവിയെടുത്തത് ഇംഗ്ലണ്ടിലാണ്. രാജഭരണത്തെ നിയന്ത്രിക്കാനുള്ള ജനകീയസമിതികളാണ് പാർലമെന്ററി സമ്പ്രദായത്തിന് ഇവിടെ അടിത്തറ പാകിയത്. ഇത്തരത്തിലുള്ള പാർലമെന്ററി ജനാധിപത്യം ഭരണത്തിലും നിർണായകസ്വാധീനം ചെലുത്തി. രാജ്യത്തെ ജനങ്ങൾ വോട്ടുചെയ്ത് തിരഞ്ഞെടുക്കുന്ന പാർലമെന്റ്, ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകമായി മാറി. 17-ാംനൂറ്റാണ്ടിൽ ബ്രിട്ടനിൽ തുടക്കംകുറിച്ച പാർലമെന്ററി സമ്പ്രദായത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയവരിൽ പ്രമുഖരാണ് ജോൺലോക്ക്, റൂസ്സോ, ജയിംസ് മാഡിസൺ എന്നിവർ.

അടിസ്ഥാനപരമായ ചില സംഗതികൾ ജനാധിപത്യവ്യവസ്ഥിതിയുടെ ആണിക്കല്ലുകളാണ്. ജനങ്ങളുടെ സ്വാതന്ത്ര്യം, പങ്കാളിത്തഭരണം, സമത്വം, ഭരണകർത്താക്കളുടെ ഉത്തരവാദിത്വം, നീതിന്യായവ്യവസ്ഥ, ചർച്ചകളും അഭിപ്രായസമന്വയവും, മനുഷ്യാവകാശം, ഭരണഘടന എന്നിവ.

പോരായ്മകളും വെല്ലുവിളികളും

ഏതൊരു സമ്പ്രദായത്തിനും പോരായ്മകളും വെല്ലുവിളികളുമുണ്ടാവും. വ്യക്തികളുടെ കഴിവിനെക്കാൾ അംഗസംഖ്യക്ക് പ്രാമുഖ്യം ലഭിക്കുന്നു, കഴിവുള്ളവർ തിരഞ്ഞെടുപ്പുരംഗത്തുനിന്ന് മാറിനിൽക്കുന്നു, രാഷ്ട്രീയ അസ്ഥിരത, കേവലഭൂരിപക്ഷത്തിന്റെ അനിയന്ത്രിത ആധിപത്യം, വോട്ടെടുപ്പിനോട് പൗരനുള്ള വിപ്രതിപത്തി എന്നിവ ജനാധിപത്യത്തിന്റെ പോരായ്മകളോ കുറവുകളോ ആയി കണക്കാക്കാം.

വ്യക്തിയും ജനാധിപത്യവും

പൗരനെ സംബന്ധിച്ച് വ്യക്തിജീവിതത്തിൽ ജനാധിപത്യബോധം പുലർത്തുക എന്നത് പ്രധാനമാണ്. രാഷ്ട്രസൃഷ്ടിയിൽ ജനാധിപത്യബോധം ആരംഭിക്കുന്നത് വ്യക്തിയിൽനിന്നാണ്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അപരനെ അറിയുക, അവനെ അംഗീകരിക്കുക, സഹിഷ്ണുത പുലർത്തുക, മറ്റുള്ളവരുടെ വിമർശനങ്ങളെ മുഖവിലയ്ക്കെടുക്കുക, നിയമസംവിധാനങ്ങളെ ബഹുമാനിക്കുക, സമത്വം കാത്തുസൂക്ഷിക്കുക, സ്വന്തം നിലപാടുകൾ അടിച്ചേല്പിക്കാതിരിക്കുക എന്നിവയെല്ലാം ഒരു വ്യക്തിയുടെ ജനാധിപത്യബോധം നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങളാണ്.

പാർലമെന്ററി ജനാധിപത്യം

ജനാധിപത്യം സാധ്യമാക്കുന്നതിൽ തിരഞ്ഞെടുപ്പുകൾ മുഖ്യപങ്ക് വഹിക്കുന്നു. ഇതിലൂടെ ജനങ്ങൾ നേരിട്ട് തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. ഇത്തരത്തിലുള്ള പാർലമെന്ററി സമ്പ്രദായത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളടങ്ങിയ സഭകളിലൂടെയാണ് ജനാധിപത്യപരമായ തീരുമാനങ്ങളുണ്ടാവുന്നത്.
പാർലമെന്ററി ജനാധിപത്യത്തിൽ നിയമനിർമാണവും സർക്കാരിന്റെ കാര്യനിർവഹണവും ജനപ്രതിനിധിസഭയിൽ നിക്ഷിപ്തമാണ്. ഇവിടെ ഭരണത്തലവൻ പ്രധാനമന്ത്രിയായിരിക്കും. പാർലമെന്റ്, നിയമസഭകൾ, തദ്ദേശഭരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം കേവലഭൂരിപക്ഷരീതിയിലാണ് ഭൂരിപക്ഷ ജനാധിപത്യരാജ്യങ്ങളി(ഇന്ത്യയിലടക്കം)ലും തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതും ജനാധിപത്യത്തിന്റെ മേന്മയാണ്.

ഇന്ത്യൻ ജനാധിപത്യം

1950 ജനുവരി 26-ന് ഭരണഘടന നിലവിൽവരുമ്പോൾ അതിന്റെ ആമുഖത്തിൽ ഇന്ത്യയെ ‘പരമാധികാര ജനാധിപത്യ റിപ്പബ്ലിക്’ എന്നാണ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് 1977 ജനുവരി മൂന്നിന് പ്രാബല്യത്തിൽവന്ന ഭേദഗതിപ്രകാരം നമ്മുടെ രാജ്യത്തെ ‘പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി’ തീരുമാനിക്കപ്പെട്ടു. നാനാത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യൻവ്യവസ്ഥിതിയിൽ സമത്വപൂർണമായ ഒരു രാഷ്ട്രസങ്കല്പത്തിന് ജനാധിപത്യം മുഖ്യപങ്കുവഹിക്കുന്നു.

അധികാരവികേന്ദ്രീകരണം, സാർവത്രിക പ്രായപൂർത്തിവോട്ടവകാശം, നിഷ്പക്ഷവും സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ്‌ രീതി. നിശ്ചയിക്കപ്പെട്ട ഇടവേളകളിൽ തിരഞ്ഞെടുപ്പ്, രാഷ്ട്രീയപ്പാർട്ടികളുടെ പങ്ക്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്ഥാപനം, ജനപ്രതിനിധികളുടെ ഭരണം, ജനപ്രതിനിധികൾക്കും ജനങ്ങൾക്കും ഒരേനിയമം, ജനാഭിലാഷം മാനിക്കൽ എന്നിവയെല്ലാം ഇന്ത്യൻ ജനാധിപത്യത്തിന്റെ മേന്മകളാണ്.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..