കേരള വ്യാസൻ


ജ്വാല

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ജന്മദിനമാണ്‌ സെപ്റ്റംബർ 18

വ്യാസൻ രചിച്ച മഹാഭാരതം വൃത്താനുവൃത്തം മലയാളത്തിലേക്ക്‌ തർജ്ജമചെയ്തതിനാലാണ്‌ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനെ കേരളവ്യാസൻ എന്ന്‌ വിളിക്കുന്നത്‌. ഒന്നേകാൽ ലക്ഷം ശ്ലോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ടാണ്‌ പരിഭാഷ പൂർത്തിയാക്കിയത്‌. ‘വിജ്ഞാന വിശേഷ രത്നച്ചെപ്പായിരുന്നു തമ്പുരാന്റെ തല’ എന്ന്‌ പറഞ്ഞത്‌ മഹാകവി വള്ളത്തോളാണ്‌.
വെൺമണി പ്രസ്ഥാനത്തിൽപ്പെട്ട കവികളിൽ പ്രതിഭകൊണ്ട്‌ ഏറ്റവും അനുഗൃഹീതനായിരുന്നു കുഞ്ഞിക്കുട്ടൻ തമ്പുരാൻ. കവിത എഴുതാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു അദ്ദേഹത്തിന്‌. അതുകൊണ്ടാണ്‌ ‘സരസ ദ്രുതകവികിരീടമണി’ എന്ന വിശേഷണവും അദ്ദേഹത്തെ തേടിയെത്തിയത്‌. പ്രശസ്തകവി വെണ്മണി അച്ഛൻ നമ്പൂതിരിയുടെയും കൊടുങ്ങല്ലൂർ കോവിലകത്തെ കുഞ്ഞിപ്പിള്ള തമ്പുരാട്ടിയുടെയും മൂത്ത മകനായി 1864 സെപ്റ്റംബർ 18-നാണ്‌ ജനിച്ചത്‌. രാമവർമ എന്നായിരുന്നു േപരെങ്കിലും കേളികേട്ടത്‌ കുഞ്ഞിക്കുട്ടൻ എന്ന ഓമനപ്പേരിലാണ്‌.

കൊടുങ്ങല്ലൂർ കോവിലകത്ത്‌ അന്നത്തെ അന്തരീക്ഷം പഠനത്തിനും കവിതയെഴുത്തിനും വളരെ യോജിച്ചതായിരുന്നു. വെൺമണി അച്ഛൻ, മഹൻ, കൊച്ചുണ്ണിത്തമ്പുരാൻ, കാത്തുള്ളിൽ അച്യുതമേനോൻ, നടുവത്തച്ഛൻ നമ്പൂതിരി, ശീവൊള്ളി നമ്പൂതിരി തുടങ്ങിയ കവികളിൽ കൂടുതൽ തിളങ്ങിയത്‌ കുഞ്ഞിക്കുട്ടൻ തമ്പുരാനായിരുന്നു. ഏഴാം വയസ്സിൽ കവിതയെഴുതി. 16 വയസ്സായപ്പോഴേക്കും കവിതാഭ്രമം കലശലായി. കത്തുകൾപോലും പദ്യത്തിൽ എഴുതുമായിരുന്നു. ധാരാളം ദ്രുതകവിതാ മത്സരങ്ങളിൽ പങ്കെടുത്ത്‌ സമ്മാനങ്ങൾ നേടി.
16-ാം വയസ്സിൽ ഒരു കവിതാ പരീക്ഷയിൽ പങ്കെടുത്തു. 12 മണിക്കൂർകൊണ്ട് ഒരു നാടകമുണ്ടാക്കുക എന്നതായിരുന്നു പരീക്ഷ. അങ്ങനെ രചിച്ചതാണ് സന്താനഗോപാലം. 1891-ൽ കൊടുങ്ങല്ലൂരിൽ നടന്ന കവിതാ പരീക്ഷയിൽ ഒറ്റരാത്രികൊണ്ട് രചിച്ചതാണ് 300 ശ്ലോകങ്ങളുള്ള നളചരിതം. 1893-ൽ പ്രസിദ്ധീകരിച്ച കവിഭാരതത്തിൽ കവികളെ കൗരവരും പാണ്ഡവരുമായി തരംതിരിച്ചിരിക്കുന്നു. മലയാളത്തിൽ ആദ്യത്തെ യാത്രാവൃത്താന്തമാണ്‌ തമ്പുരാന്റെ മദിരാശിയാത്ര. പച്ചമലയാള പ്രസ്ഥാനത്തിലെ പ്രമുഖകൃതികളായ നല്ല ഭാഷയും പാലുള്ളിചരിതവും തമ്പുരാൻ രചിച്ചതാണ്‌. ഹംസസന്ദേശം എന്ന സന്ദേശകാവ്യം, കംസൻ എന്ന ഖണ്ഡകാവ്യം എന്നിവ പ്രധാനകൃതികളാണ്. കേരളത്തിന്റെ ചരിത്രം 30 സർഗങ്ങളുള്ള മഹാകാവ്യമാക്കാൻ ശ്രമം നടത്തിയെങ്കിലും 11 സർഗങ്ങൾ പൂർത്തിയാക്കാനേ കഴിഞ്ഞുള്ളൂ. ബാണഭട്ടന്റെ കാദംബരി എന്ന കഥയ്ക്ക് അഭിനന്ദ മഹാകവി രചിച്ച സംഗ്രഹം കാദംബരീകഥാസാരം എന്ന പേരിൽ പരിഭാഷപ്പെടുത്തി. ലക്ഷ്മീദാസന്റെ ശുകസന്ദേശ കാവ്യം ഭാഷാശുകസന്ദേശം എന്ന പേരിലാണ് തർജ്ജമചെയ്തത്. കോകില സന്ദേശം, ശങ്കരാചാര്യ ചരിതം, ആശ്ചര്യചൂഡാമണി, വിക്രമോർവശീയം, ഹരിശ്ചന്ദ്രോപാഖ്യാനം, ഭാഗവതം നാല് സ്കന്ദം എന്നിവ കൂടാതെ ഷേക്‌സ്പിയറുടെ ഹാംലറ്റ്, ഒഥല്ലോ എന്നിവ മലയാളത്തിലേക്ക്‌ തർജ്ജമ ചെയ്തിട്ടുമുണ്ട്‌. 1913 ജനുവരി 12-ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ അന്തരിച്ചു.

മറ്റു പ്രധാനകൃതികൾ

അംബോപദേശം, ദക്ഷയാഗ ശതകം, തുപ്പൽകോളാമ്പി, കൃതിരത്ന പഞ്ചകം, കേരളം ഒന്നാം ഭാഗം, ദ്രോണാചാര്യർ, ലക്ഷണാസംഗം, ചന്ദ്രിക, സീതാസ്വയംവരം, ഗംഗാവതരണം, ശ്രീമാനവിക്രമ ജയം, മാർത്താണ്ഡവിജയം, മധുസൂദന വിജയം, ഘോഷയാത്ര.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..