പ്രാണൻ കാക്കുന്ന കുട


ശ്രീജ ശ്രീരംഗം ചുനക്കര

സെപ്റ്റംബർ 16 ഓസോൺ ദിനമാണ്‌. ഒസോൺ പാളിയിൽ വിള്ളൽ വീഴുമ്പോൾ ഭൂമിയിൽ ജീവിതം അപകടത്തിലാകുന്നു. ഭൂമിയിൽ ജീവൻരക്ഷിക്കാൻ ആഗോളസഹകരണം എന്നതാണ്‌ ഈ ഒാസോൺദിനത്തിന്റെ തീം

.

ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിർമാണവും ഉപയോഗവും കുറയ്ക്കുക എന്നതായിരുന്നു മോണ്ട്രിയൽ ഉടമ്പടിയുടെ മുഖ്യലക്ഷ്യം. 1987 സെപ്റ്റംബർ 16-ന് കാനഡയിലെ മോൺണ്ട്രിയലിൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഒട്ടുമിക്ക രാജ്യങ്ങളും ഈ കരാറിൽ ഒപ്പുവെച്ചു. ഇതാണ് മോണ്ട്രിയൽ പ്രോട്ടോക്കോൾ എന്നറിയപ്പെടുന്നത്. 1994 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഓസോൺദിനം ആചരിച്ചുതുടങ്ങിയത്. ഈ ഉടമ്പടിപ്രകാരം എല്ലാ വർഷവും സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി ആചരിച്ചുവരുന്നു.
ഓസോണിനുമുണ്ട്

ഒരു കഥ

സ്വിറ്റ്‌സർലൻഡിലെ ബേസൽ സർവകലാശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്റ്റ്യൻ ഫ്രീഡിഷ് ഷോൺ ബെയ്ൻ എന്ന ജർമൻ ശാസ്ത്രകാരനാണ് ഈ വാതകത്തെ കണ്ടെത്തി അതിന് ‘ഓസോൺ’ എന്ന പേരുനൽകിയത്. മണമുള്ളത് എന്നർഥം വരുന്ന ഓസീൻ എന്ന ഗ്രീക്കുപദത്തിൽ നിന്നാണ് ‘ഓസോൺ’ എന്ന പേര് ലഭിച്ചത്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഡോബ്‌സൺ ഓസോണിന്റെ ഘടനയും ഗുണങ്ങളും മനസ്സിലാക്കുകയും സ്ട്രാറ്റോസ്ഫിയറിലെ ഓസോണിനെ അളക്കുന്നതിനുള്ള സ്‌പെക്‌ട്രോമീറ്റർ വികസിപ്പിച്ചെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്മരണാർഥം അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത് ‘ഡോബ്‌സൺ’ എന്ന യൂണിറ്റിലാണ്.

ഓസോൺ എങ്ങനെ ഒസോൺ കവചമായി

മഴയിൽനിന്നും വെയിലിൽനിന്നും കുട നമ്മെ സംരക്ഷിക്കുന്നതുപോലെ സൂര്യനിൽനിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞുനിർത്തി ഭൂമിയെ സംരക്ഷിക്കുന്ന കുടയാണ് ഓസോൺ കുട അഥവാ ഓസോൺ കവചം. ഭൗമാന്തരീക്ഷത്തിൽ 15 മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലാണ് ഓസോൺ കവചം കാണപ്പെടുന്നത്.

ഓസോൺപാളിയിൽ വിള്ളൽ

ഓസോൺപാളിയിൽ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. ഈ സുഷിരങ്ങളിൽക്കൂടി അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലേക്കെത്തുമ്പോൾ അത് നമ്മുടെ ആരോഗ്യകരമായ നിലനിൽപ്പിനെ ബാധിക്കുന്നു. അതിനുകാരണമെന്തെന്നറിയണ്ടേ?
റെഫ്രിജറേറ്ററുകൾ, എയർകണ്ടീഷണറുകൾ, ശീതീകരണഉപകരണങ്ങൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന സി.എഫ്.സി. (ക്ലോറോ ഫ്‌ളൂറോ കാർബൺ) ആണ് മുഖ്യമായും ഓസോൺ പാളിയിൽ വിള്ളൽ വീഴ്‌ത്തുന്നത്‌. കൂടാതെ കാർബൺ ടെട്രാക്ലോറൈഡ്, മീതൈൻ ബ്രോമൈഡ് നൈട്രസ് ഓക്‌സൈഡ്, നൈട്രിക് ഓക്‌സൈഡ് തുടങ്ങിയവയും. വിള്ളൽവീണാൽ ഓസോൺ സുഷിരത്തിലൂടെ ഭൗമോപരിതലത്തിലെത്തുന്ന ആൾട്രാവയലറ്റ് രശ്മികൾ ചർമാർബുദം, തിമിരം, രോഗ പ്രതിരോധശക്തി ക്ഷയിപ്പിക്കൽ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. കൂടാതെ കാർഷികവിളകളുടെയും കടൽജീവികളുടെ വംശനാശത്തിനും ഇടയാക്കുന്നു. അങ്ങനെ ആവാസവ്യവസ്ഥയെ തകിടംമറിക്കുന്നു. ആഗോള താപനംമൂലം ഊഷ്മാവ് ക്രമാതീതമായി വർധിച്ച് അന്തരീക്ഷത്തിലെ ബാഷ്പത്തിന്റെ അളവ് കൂടുന്നതും ഓസോൺ പാളിയെ അപകടത്തിലാക്കുന്നു. അന്റാർട്ടിക് േമഖലയിലാണ് ഓസോൺ പാളിയുടെ വിള്ളൽ ആദ്യമായികണ്ടെത്തിയത്. ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ ജോയ്ഫാർമാൻ, ബിയാൻ ഗാർഡിനർ, ജൊനാതൻ ഫ്രാക്ലിൻ എന്നിവരാണ് ഈ വിള്ളൽ കണ്ടെത്തിയത്.

സി.എഫ്.സി. വില്ലനായത് എങ്ങനെ?

ക്ലോറോഫ്‌ളൂറോ കാർബൺ (സി.എഫ്.സി.) സ്ട്രാറ്റോസ്ഫിയറിലെത്തുമ്പോൾ അവിടെവെച്ച് സ്വയം വിഘടിക്കുകയും അങ്ങനെ സ്വതന്ത്രമാക്കപ്പെടുന്ന ക്ലോറിൻ ഓസോണിനെ ഓക്‌സിജനാക്കിമാറ്റുകയും ചെയ്യുന്നു. ഇത് ഓക്‌സിജൻ-ഓസോൺ സംതുലനാവസ്ഥയെ ഇല്ലാതാക്കുന്നു. അങ്ങനെ ഓസോൺ പാളിക്ക് ശോഷണം സംഭവിക്കുമ്പോൾ യു.വി. കിരണങ്ങൾ ധാരാളം ഭൗമാന്തരീക്ഷത്തിൽ എത്തിച്ചേരാൻ ഇടയാകുന്നു. 2050 ആകുമ്പോഴേക്കും വിള്ളലുകളില്ലാത്ത ഒരു ഓസോൺ പാളി എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ശാസ്ത്രലോകത്തോടൊപ്പം നമുക്കും കൈകോർക്കാം.

ഓക്സിജൻ (O2) രണ്ട്‌ ആറ്റങ്ങൾ ചേർന്ന തന്മാത്രയാണ്‌. അതിൽ ഒരു ആറ്റംകൂടി ചേരുമ്പോൾ ഓസോൺ (O3) ആകുന്നു. ഓസോൺ ഒരു വിഷവാതകമാണ്. ഇതിന്റെ നിറം നീലയാണ്. ഇതിന് ഒരു
പ്രത്യേക ഗന്ധവുമുമുണ്ട്. ഇത് അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലാണുണ്ടാവുക

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..