ഗുരു


സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധിദിനം

.

‘ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്’ എന്നു പറയാനുള്ള ധൈര്യം ഗുരുവിന് ഉണ്ടായിരുന്നു

# ഡോ. തനൂജ എസ്‌.

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ ‘ഒരു പീഡ ഉറുമ്പിനും വരുത്തരുത്’ ‘മദ്യം വിഷമാണ്. അതുണ്ടാക്കരുത്, കൊടുക്കരുത് കുടിക്കരുത്’ ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം’ എന്നീ തത്ത്വങ്ങൾ ജീവിതവ്രതമായി സ്വീകരിക്കുകയും അത് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് പകർത്തുകയുംചെയ്ത ഒരു സാമൂഹിക പരിഷ്കർത്താവ് നമുക്കുണ്ടായിരുന്നു. ശ്രീനാരായണഗുരു.

ബാല്യം
1856 ഓഗസ്റ്റ് 20-ന് തിരുവനന്തപുരം ചെമ്പഴന്തിയിൽ വയൽവാരംവീട്ടിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി നാരായണൻ എന്ന നാണു ജനിച്ചു. ചെറുപ്പത്തിലേതന്നെ സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങൾ സ്വായത്തമാക്കി. അതോടൊപ്പം മലയാളം, തമിഴ്, സംസ്കൃതം ഭാഷകളും. ബ്രാഹ്‌മണമേധാവിത്വവും ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലമായിരുന്നു അത്. കുട്ടിയായിരിക്കുമ്പോൾത്തന്നെ നാരായണൻ ഇതിനെ എതിർത്തു. വീടിനടുത്ത ഒരു പുലയക്കുടിലിൽ കഞ്ഞി തിളച്ചുമറിയുന്നതുകണ്ട നാണു കഞ്ഞി ഇറക്കിവെച്ചു. അത് നിഷിദ്ധമായിക്കരുതിയിരുന്ന അവനെ അച്ഛൻ ചോദ്യംചെയ്യുന്നു. അതിന് അവൻ പറഞ്ഞ മറുപടി: ‘‘ഞാനതു ചെയ്തില്ലെങ്കിൽ ഒരു കുടുംബം പട്ടിണിയായേനേ’’ എന്നായിരുന്നു. സഹജീവിസ്നേഹം കുഞ്ഞായിരിക്കുമ്പോഴേ നാണുവിൽ ഉണ്ടായിരുന്നു.

ഉപരിപഠനം
ഉപരിപഠനത്തിനായി നാണു പോയത് കായംകുളത്തു രാമൻപിള്ള ആശാന്റെ അരികിലേക്കാണ്. അവിടെ ജാതി അനുസരിച്ചായിരുന്നു കുട്ടികളുടെ ഇരിപ്പിടങ്ങൾ. കൂടിയ ജാതിക്കാർക്ക് പലക, അടുത്ത ഗ്രേഡിലുള്ളവർക്ക് പനമ്പായ, ഏറ്റവും താഴ്ന്ന ജാതിക്കാർക്ക് മെടഞ്ഞ ഓലപ്പായ. അവിടെ ഇരിക്കേണ്ട നാണു പലകയിൽ ചെന്നിരിക്കുന്നു. ഇതുകണ്ട ഒരു നമ്പൂതിരി ഓലയാണ് നിനക്കുള്ളതെന്നു പറയുന്നു. മാറിയിരുന്ന അവൻ കുട്ടികളോട് ചോദിച്ചത്: ‘‘ഞാൻ ശ്വാസമെടുക്കേണ്ടത് ഏതു ഭാഗത്തുനിന്നാണ്?’’ എന്നായിരുന്നു. രണ്ടുവർഷംകൊണ്ടുതന്നെ സകലവിദ്യകളും സ്വായത്തമാക്കി തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി കുട്ടികളെ പഠിപ്പിച്ചുതുടങ്ങി. അങ്ങനെയാണ് നാണു, നാണുവാശാനായത്. അണിയൂർ ക്ഷേത്രത്തിൽവെച്ച് കുഞ്ഞൻപിള്ളയെ (ചട്ടമ്പിസ്വാമി) പരിചയപ്പെട്ടു. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനംചെയ്യുക രണ്ടുപേരുടെയും പതിവായിരുന്നു. തൈക്കാട് അയ്യാവുസ്വാമിയിൽനിന്ന് ഹഠയോഗ പഠിച്ചു. സതീർഥ്യനായ വെളുത്തേരിയാണ് അദ്ദേഹത്തെ ആദ്യമായി ശ്രീനാരായണഗുരു എന്നു സംബോധനചെയ്തത്.

അരുവിപ്പുറം പ്രതിഷ്ഠ
അരുവിപ്പുറത്ത് എത്തിച്ചേർന്ന ഗുരു അവിടെ അവർണർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലാതിരുന്നതിനാൽ ഒരു ക്ഷേത്രം പണിയാൻ തീരുമാനിച്ചു. അതിനു കാരണമായ ഒരു സംഭവം അക്കാലത്തുണ്ടായി. ഒരു ദിവസം പുലിവാതുക്കൽ വേലായുധൻ വൈദ്യനോടൊപ്പം ആങ്കോട് ക്ഷേത്രത്തിലെത്തി. തിയ്യനായ വൈദ്യന് അകത്തുകയറാൻ അവകാശമില്ല. ദൂരേയായി ഒരു കല്ല് നാട്ടിയിട്ടുണ്ട്. അവിടെനിന്നുവേണം തൊഴാൻ. ഏന്തിവലിഞ്ഞു തൊഴുതു. കളഭം ദൂരെനിന്ന് എറിഞ്ഞുകൊടുത്തത് മുണ്ട് നീട്ടിപ്പിടിച്ചു. ഇതുകണ്ട് മനംനൊന്ത അദ്ദേഹം 1888 മാർച്ച് മാസത്തിൽ ശിവരാത്രിദിവസം അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി. എതിർത്ത സവർണരോട് ‘ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്’ എന്നു പറയാനുള്ള ചങ്കൂറ്റം അദ്ദേഹത്തിനുണ്ടായിരുന്നു.
‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന് എഴുതിവെക്കുകയുംചെയ്തു. കളവാങ്കോട് ശക്തീശ്വരം ക്ഷേത്രത്തിലെ കണ്ണാടിപ്രതിഷ്ഠ ഉൾപ്പെടെ ഒട്ടേറെ പ്രതിഷ്ഠകൾ അദ്ദേഹം നടത്തി. കേരളത്തിലുടനീളം എൺപതിലധികം പ്രതിഷ്ഠകൾ നടത്തി.

ഇതിനിടയിൽത്തന്നെ ഗുരുവിന് വിദ്യാലയങ്ങളുടെയും വ്യവസായത്തിന്റെയും ആവശ്യകത മനസ്സിലായിരുന്നു. കാരണം ഡോ. പൽപ്പുവിനും അദ്ദേഹത്തിന്റെ സഹോദരനും വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും താഴ്ന്ന ജാതിയിൽപ്പെട്ടു എന്നതിനാൽ ജോലി നിഷേധിക്കപ്പെട്ടു. അവരെ സഹായിക്കേണ്ടത് കാലഘട്ടത്തിന്റെകൂടി ആവശ്യമാണെന്ന് ഗുരുവിനു തോന്നി. അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് വാവൂട്ടുയോഗം നടത്തുമായിരുന്നു. ഇത് 1899 മുതൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നറിയപ്പെട്ടു. 1903-ൽ ഇത് പുനഃസംഘടിപ്പിക്കുകയും ശ്രീനാരായണ ധർമപരിപാലനയോഗം (എസ്.എൻ.ഡി.പി.) ആയി മാറുകയുംചെയ്തു. ശ്രീനാരായണഗുരു പ്രസിഡൻറും കുമാരനാശാൻ സെക്രട്ടറിയുമായി രൂപംകൊണ്ട ഈ സംഘടന വിദ്യാഭ്യാസരംഗത്തും സാംസ്കാരികരംഗത്തും പല പരിവർത്തനങ്ങളുമുണ്ടാക്കി.

കെട്ടുകല്യാണം
അക്കാലത്ത് നിലനിന്നിരുന്ന കെട്ടുകല്യാണം എന്ന ദുരാചാരത്തെ ഇല്ലാതാക്കാൻ ശ്രീനാരായണഗുരുവിനു കഴിഞ്ഞു. 12 വയസ്സിനുമുമ്പ് താലികെട്ടുകല്യാണം നടത്തിയില്ലെങ്കിൽ അത് വലിയ മോശമായാണ് കരുതിയിരുന്നത്. മുഹൂർത്തമാകുമ്പോൾ 12 വയസ്സുവരെയുള്ള എല്ലാ പെൺകുട്ടികളെയും അണിയിച്ചൊരുക്കി പന്തലിൽ നിരത്തിയിരുത്തും. ആർഭാടത്തോടെ വന്നെത്തുന്ന മണവാളൻ ആരെയെങ്കിലും താലികെട്ടും. പെണ്ണിന്റെമേൽ അയാൾക്ക് ഒരവകാശവുമില്ല. നാലുദിവസം അവിടെ കഴിഞ്ഞ് മന്ത്രകോടി തിരികെ കൊടുത്തിട്ട് പൊയ്ക്കൊള്ളണം. അതാണ് നിയമം.

ഒരിക്കൽ ഗുരു തീവണ്ടിയിൽ യാത്രചെയ്യുമ്പോൾ ഒരു നമ്പൂതിരി എതിരേവന്നിരുന്നു. താങ്കളുടെ ജാതി എന്താണെന്ന് ചോദിച്ച നമ്പൂതിരിക്കുള്ള മറുപടി: ‘‘കണ്ടാൽ അറിയില്ലെങ്കിൽ പറഞ്ഞാൽ എങ്ങനെ അറിയും എന്നായിരുന്നു?’’ അതുപോലെ സിലോണിലെ ഒരു യാത്രയ്ക്കിടയിൽ വിദേശനിർമിതമായ ഒരു പ്രതിമ കാണാൻ ശിഷ്യൻ നിർബന്ധിച്ചു. എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ഒരുപാടുകാലം ജീവിച്ചിരിക്കും ഇതിന് ആഹാരം വേണ്ടല്ലോ എന്നായിരുന്നു സ്വാമിയുടെ മറുപടി. സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 60-ഓളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1928 സെപ്റ്റംബർ 20-ന് ശിവഗിരിയിൽവെച്ച് അദ്ദേഹം സമാധിയായി.


ആനിബസന്റ്‌

സെപ്റ്റംബർ 20 ആനിബസന്റിന്റെ ചരമദിനം

# ജ്വാല

1888-ൽ ലണ്ടനിൽ വിദ്യാർഥിയായിരുന്നകാലത്ത് ഞാൻ ആനിബസന്റിന്റെ ആരാധകനായിരുന്നു എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഉജ്ജ്വലപ്രസംഗകയായിരുന്ന ആനിക്ക്‌ അക്കാലത്ത്‌ 41 വയസ്സായിരുന്നു. 1893 സെപ്റ്റംബറിൽ സ്വാമി വിവേകാനന്ദൻ ഷിക്കാഗോയിൽ ഉജ്ജ്വലപ്രസംഗം നടത്തിയ വേദിയിൽ ഒരു പ്രാസംഗികയായിട്ട്‌ ആനിബസന്റും ഉണ്ടായിരുന്നു. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രതിനിധിയായിട്ടായിരുന്നു ആനി ആ സർവമതസമ്മേളനത്തിൽ പങ്കെടുത്തത്‌. ബഹുഭാഷാപണ്ഡിതനായിരുന്ന വില്യം പി. വുഡിന്റെ മകളായി 1847 ഒക്ടോബർ ഒന്നിന് ലണ്ടനിലാണ്‌ ആനി ജനിച്ചത്‌.

1867-ൽ ഫ്രാങ്ക്‌ ബസന്റ്‌ എന്ന യുവവൈദികനെ വിവാഹം കഴിച്ചതോടെയാണ്‌ ആനിബസന്റായത്‌. രണ്ടുമക്കൾ ഉണ്ടായി. അധികം വൈകാതെ വിവാഹമോചനം നേടി. മറ്റ് വീടുകളിലെ കുട്ടികളെ പഠിപ്പിച്ചും തുന്നൽപ്പണിചെയ്തുമാണ് ആനി മക്കളെ വളർത്തിയത്‌. അയർലൻഡിന്റെ സ്വാതന്ത്ര്യപ്രക്ഷോഭങ്ങളിൽ ആനി സജീവമായി പങ്കെടുത്തു. ശക്തമായഭാഷയിൽ എഴുതാനും ജനങ്ങളെ ആവേശം കൊള്ളിക്കുന്നതരത്തിൽ പ്രസംഗിക്കാനും കഴിയുമായിരുന്നു. വിവിധ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയിൽ പ്രവർത്തിച്ചു.

1879-ൽ ലണ്ടൻ സർവകലാശാലയിൽനിന്ന് എം. എസ്‌സി. ബോട്ടണി ഒന്നാം ക്ലാസോടെ വിജയിച്ചു. വില്യം മോറിസ് രൂപംകൊടുത്തതും സോഷ്യലിസ്റ്റ്‌ ആശയങ്ങൾ പ്രചരിപ്പിക്കുന്നതുമായ ഫേബിയൻ സൊസൈറ്റിയിൽ അംഗമായി. മാധവ സേവയ്ക്കുപകരം മാനവസേവ എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചുള്ള ബ്രദർഹുഡ് പ്രസ്ഥാനത്തിനും അവർ നേതൃത്വം കൊടുത്തു. മാഡം ബ്ലാവസ്കിയുമായുള്ള ബന്ധമാണ്‌ തിയോസഫിക്കൽ സൊസൈറ്റിയുമായി ബന്ധപ്പെടുത്തുന്നത്‌.

ഇന്ത്യയിൽ
1893 നവംബറിലാണ് ആനി ഇന്ത്യയിലെത്തിയത്‌. വിദ്യാർഥികൾക്കുവേണ്ടി സ്കൗട്ട്‌ പ്രസ്ഥാനം ഇന്ത്യയിൽ ആരംഭിച്ചതും ആനിയുടെ നേതൃത്വത്തിലാണ്‌. 1907-ൽ തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായി. സ്വയംഭരണം എന്ന ആവശ്യമുയർത്തി 1916-ൽ ആനിയുടെ നേതൃത്വത്തിലാണ്‌ ഹോംറൂൾ പ്രസ്ഥാനം തുടങ്ങിയത്‌. പ്രസിഡന്റ്‌ ആനിയും സെക്രട്ടറി സി.പി. രാമസ്വാമി അയ്യരുമായിരുന്നു.

1917-ൽ കൊൽക്കത്താ സമ്മേളനത്തിൽ ആനി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി. ഇന്ത്യയിൽ ആദ്യമായി ഒരു അഖിലേന്ത്യ വനിതാസംഘടന ‘വിമൻസ് ഇന്ത്യ അസോസിയേഷൻ’ എന്നപേരിൽ ഉണ്ടാക്കുന്നതിനും നേതൃത്വം കൊടുത്തു. 1933 സെപ്റ്റംബർ 20-ന്‌ മദ്രാസിലെ അഡയാറിൽ അന്തരിച്ചു.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..