രാസപദാർഥങ്ങളുടെ രാജാവ്


അഭിലാഷ് തിരുവോത്ത്

ലോകത്ത് വൈവിധ്യമാർന്ന മേഖലകളിൽ ഉപയോഗിക്കുന്ന രാസപദാർഥങ്ങളിൽ ഒന്നാംസ്ഥാനത്ത് സൾഫ്യൂരിക്‌ ആസിഡാണ്.  ഇതിനെ രാസപദാർഥങ്ങളുടെ രാജാവ്  എന്നാണ്‌ വിശേഷിപ്പിക്കുന്നത്. ഒരു രാജ്യത്തിന്റെ വ്യാവസായികശക്തിയുടെ അളവുകോൽ ആ രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന സൾഫ്യൂരിക് ആസിഡിന്റെ അളവാണ് എന്ന്‌ പറയാറുണ്ട്‌. ശരാശരി 230 ദശലക്ഷം ടൺ സൾഫ്യൂരിക് ആസിഡാണ് ലോകത്ത്‌ ഓരോ വർഷവും  ഉത്‌പാദിപ്പിക്കപ്പെടുന്നത്. അതിൽ ഏകദേശം 16 ദശലക്ഷം ഉത്‌പാദനശേഷിയുമായി  മൂന്നാംസ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്

.

ഫോസ്‌ഫോറിക് ആസിഡ് നിർമാണത്തിന് സൾഫ്യൂരിക് ആസിഡ് ആവശ്യമാണ്. വിവിധ ജീവൻരക്ഷാ മരുന്നുകളുടെ നിർമാണഘട്ടങ്ങളിൽ സൾഫ്യൂരിക് ആസിഡ് ഉപയോഗിക്കുന്നു. കീടനാശിനികൾ, കൃത്രിമ തുണിനാരുകൾ, വിവിധ പ്ലാസ്റ്റിക്കുകൾ, പെയിന്റുകൾ, പിഗ്മെന്റുകൾ, പേപ്പർ, സെല്ലുലോസ് നാരുകൾ, വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ, ഡിറ്റർജെന്റുകൾ, സ്ഫോടകവസ്തുക്കൾ എന്നിവയുടെ നിർമാണത്തിലും പെട്രോളിയം ഉത്‌പന്നങ്ങളുടെ ശുദ്ധീകരണത്തിലും സൾഫ്യൂരിക് ആസിഡ് അവശ്യവസ്തുവാണ്.

വിവിധ പേരുകൾ
സൾഫ്യൂരിക് ആസിഡ് വിവിധ പേരുകളിലും അറിയപ്പെടാറുണ്ട്: ഡിപ്പിങ് ആസിഡ്, മാറ്റിങ് ആസിഡ്, ഹൈഡ്രജൻ സൾഫേറ്റ്, ബാറ്ററി ആസിഡ്, സ്പിരിറ്റ് ഓഫ് ആലം, ഇലക്‌ട്രോലൈറ്റ് ആസിഡ്, വിട്രിയോൾ ബ്രൗൺ ഓയിൽ എന്നിവയാണത്.

നാൾവഴികൾ
എട്ടാം നൂറ്റാണ്ടിൽ (AD: 721-815) ജീവിച്ചിരുന്ന അറബിക് ആൽക്കെമിസ്റ്റും സൂഫിവര്യനുമായിരുന്ന ജാബിർ ഇബ്‌ന് ഹയാൻ (ഗെബർ) ആണ് ആദ്യമായി സൾഫ്യൂരിക്‌ ആസിഡിനെ വേർതിരിച്ചെടുത്തതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹം തന്നെയാണ് ഹൈഡ്രോക്ലോറിക് ആസിഡും നൈട്രിക് ആസിഡും ആദ്യമായി വേർതിരിച്ചത്. വിവിധ ലോഹസൾഫേറ്റുകൾ പൊതുവേ അന്നറിയപ്പെട്ടത് വിട്രിയോളുകൾ (vitriols) എന്നായിരുന്നു. അവയിൽനിന്നുണ്ടാക്കിയ നിറവും മണവുമില്ലാത്തതും ജലത്തെക്കാൾ കട്ടികൂടിയതും ഉഗ്ര രാസപ്രവർത്തനശേഷിയുള്ളതും ലോഹങ്ങളെപ്പോലും ലയിപ്പിക്കാൻ കഴിവുള്ളതുമായ ദ്രാവകത്തെ ‘ഓയിൽ ഓഫ് വിട്രിയോൾ’ അല്ലെങ്കിൽ ‘സ്പിരിറ്റ് ഓഫ് വിട്രിയോൾ’ ചിലപ്പോൾ വിട്രിയോൾ എന്ന് മാത്രവും വിളിക്കപ്പെട്ടിരുന്നു. ഇതാണ് പിന്നീട് സൾഫ്യൂരിക് ആസിഡ് എന്നറിയപ്പെട്ടത്. 1600-കളുടെ തുടക്കത്തിൽ ജൊഹാനൻ ഹെൽമോണ്ട് എന്ന ശാസ്ത്രജ്ഞൻ ഫെറസ് സൾഫേറ്റും സൾഫർ പൊടിയും തമ്മിൽ പ്രതിപ്രവർത്തിപ്പിച്ച് സൾഫ്യൂരിക്‌ ആസിഡ് ഉണ്ടാക്കി. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ 1746-ൽ ജോൺ റോബക്ക് (John Roebuck) പ്രശസ്തമായ ലെഡ് ചേംബർ പ്രക്രിയ വഴി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സൾഫ്യൂരിക് ആസിഡിന്റെ നിർമാണം നടത്തുകയുണ്ടായി. വിവിധ പരീക്ഷണങ്ങളും നിർമാണരീതികളും പ്രയോഗിക്കപ്പെട്ടെങ്കിലും 1831-ൽ ബ്രിട്ടീഷുകാരനായ പെരെഗ്രിൻ ഫിലിപ്പാണ് സൾഫറിനെ ഓക്സീകരിച്ച് സൾഫർ ഡയോക്സൈഡും അതിനെ പിന്നീട് വനേഡിയം പെന്റോക്സൈഡ് എന്ന ഉൽപ്രേരകത്തിന്റെ സാന്നിധ്യത്തിൽ സൾഫർ ട്രയോക്സൈഡും ആക്കിമാറ്റിയത്. പിന്നീട് ജലവുമായി ചേർത്ത് സൾഫ്യൂരിക് ആസിഡാക്കിമാറ്റുന്ന പ്രവർത്തനമായ സമ്പർക്കപ്രക്രിയ രൂപപ്പെടുത്തി അതിൽ പേറ്റന്റ് നേടി.

നേരിട്ട് തൊടുമ്പോൾ അപകടകാരി
ഉഗ്രമായ രാസപ്രവർത്തനശേഷിയും ശക്തമായ നിർജലീകരണ സ്വഭാവവും (ജലാംശത്തെ വലിച്ചെടുക്കുവാനുള്ള കഴിവ്) ഗാഢ സൾഫ്യൂരിക് ആസിഡിന്റെ അപകടസാധ്യത വർധിപ്പിക്കുന്നു. ഗാഢ സൾഫ്യൂരിക്‌ ആസിഡ് ശരീരത്തിൽപ്പതിച്ചാൽ വലിയ അപകടമാണ് സംഭവിക്കുക. ശരീരകോശങ്ങളിലെ വലിയ അളവിലുള്ള ജലാംശം സൾഫ്യൂരിക് ആസിഡ് നിമിഷങ്ങൾക്കുള്ളിൽതന്നെ വലിച്ചെടുക്കുന്നത് കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു. കൂടാതെ ജലത്തെ സ്വാംശീകരിക്കുന്നത് താപമോചകപ്രവർത്തനം ആയതിനാൽ അതുവഴി ഉണ്ടാകുന്ന താപം ശരീരകോശത്തെ പൊള്ളിക്കുകയും കോശങ്ങളുടെ നാശം കൂടുതൽ അപകടകരമാക്കുകയും ചെയ്യുന്നു. ഈ സ്വഭാവസവിശേഷതകൊണ്ടാണ് ആസിഡ് അക്രമണങ്ങളിലെ വില്ലനായി സൾഫ്യൂരിക്‌ ആസിഡ് മാറുന്നത്.

ആസിഡ് നേർപ്പിക്കുമ്പോൾ
ഗാഢ സൾഫ്യൂരിക് ആസിഡ് വെള്ളത്തിലേക്ക് ചെറിയ അളവിൽ സാവധാനം ഇളക്കിച്ചേർത്ത് മാത്രമേ നേർപ്പിക്കാൻ പാടുള്ളൂ. ഒരു കാരണവശാലും ഗാഢ ആസിഡിലേക്ക് വെള്ളം ഒഴിക്കരുത്‌. അപ്പോൾ ആസിഡ് തുള്ളികൾ ശരീരത്തിലേക്ക്‌ തെറിച്ച് അപകടസാധ്യതയുണ്ട്. പൊള്ളലേറ്റാൽ ആ ഭാഗം പെട്ടെന്ന് ശുദ്ധജലം ഒഴുക്കി (തുടയ്ക്കരുത്) കഴിയാവുന്നത്ര ആസിഡ് അവിടന്ന് നീക്കംചെയ്തു എന്ന് ഉറപ്പിച്ച്‌ പെട്ടെന്ന് ഡോക്ടറെ കാണണം.

പരീക്ഷണം
സൾഫ്യൂരിക് ആസിഡിന്റെ ശക്തമായ നിർജലീകരണ സ്വഭാവം മനസ്സിലാക്കാൻ ഏറ്റവും എളുപ്പമുള്ള പരീക്ഷണമാണ് പഞ്ചസാരയിലേക്ക് ഗാഢ സൾഫ്യൂരിക് ആസിഡ് ഒഴിച്ചുനോക്കുക എന്നുള്ളത്. പഞ്ചസാര ക്രിസ്റ്റൽ പെട്ടെന്ന്‌ കറുത്ത്‌ കാർബൺ ആയി മാറുന്നതുകാണാം. ഇതിനുകാരണം പഞ്ചസാരയിലെ കാർബൺ ശ്രേണിയിലെ കാർബൺ ഒഴികെ മറ്റു രണ്ടു ഗ്രൂപ്പുകളെയും സ്വാംശീകരിച്ച് ജലമാക്കി സൾഫ്യൂരിക് ആസിഡ് വലിച്ചെടുക്കുന്നതാണ്. പഞ്ചസാര ജലവും കാർബണുമായി വേർതിരിയുന്നു.

ഒലിയം (Oleum)
സൾഫ്യൂരിക്‌ ആസിഡിൽ അധികമായി സൾഫർ ട്രയോക്സൈഡ് ചേർന്നുണ്ടാകുന്ന മിശ്രിതമാണ് ഒലിയം (H2S2O7). സമ്പർക്കപ്രക്രിയ വഴി സൾഫ്യൂരിക്‌ ആസിഡ് നിർമിക്കുമ്പോൾ മൂന്നാംഘട്ടത്തിൽ സൾഫർ ട്രയോക്സൈഡിനെ സൾഫ്യൂരിക് ആസിഡിൽ ലയിപ്പിച്ച് ആദ്യം ഒലിയമാണ് രൂപപ്പെടുത്തിയെടുക്കുക. ഇതുകാരണം അന്തരീക്ഷത്തിൽ ആസിഡിന്റെ ഘനബാഷ്പ അന്തരീക്ഷം ഉണ്ടാകുന്നത് തടയാനാകും. പിന്നീട് ഒലിയത്തിൽ ആവശ്യാനുസരണം ജലംചേർത്ത് നേർപ്പിച്ച് ആവശ്യമായ ഗാഢതയുള്ള സൾഫ്യൂരിക് ആസിഡ് മാറ്റാനും എളുപ്പമാണ്.

അമ്ളമഴ

അന്തരീക്ഷമലിനീകരണം ഉയർന്ന സ്ഥലങ്ങളിൽ സൾഫറിന്റെയോ നൈട്രജന്റെയോ കാർബണിന്റെയോ ഓക്സൈഡുകൾ അന്തരീക്ഷത്തിലെ ജലാംശവുമായിച്ചേർന്ന് ഭൂമിയിലേക്ക് പെയ്തിറങ്ങുന്നു. മഴയുടെ പി.എച്ച്. മൂല്യം 5.6 താഴെയാകുമ്പോൾ അതിനെ ആസിഡ് മഴ (അമ്ലമഴ) എന്ന് വിളിക്കുന്നു. ആസിഡ് മഴയ്ക്ക് പ്രധാനപ്പെട്ട ഒരു കാരണമാണ് അന്തരീക്ഷത്തിൽ സൾഫറിന്റെ ഓക്സൈഡുകളുടെ സാന്നിധ്യം. ഇത് ജലവുമായി കൂടിച്ചേർന്ന് സൾഫ്യൂരിക് ആസിഡായിമാറുന്നത് ആസിഡ് മഴയുടെ പ്രധാനപ്പെട്ട ഒരു കാരണമാണ്. അഗ്നിപർവതസ്ഫോടനങ്ങളിലൂടെ നേരിട്ട് സൾഫ്യൂരിക് ആസിഡ് അന്തരീക്ഷത്തിൽ കലരുന്നതും അത്തരം മേഖലകളിൽ ആസിഡ് മഴയ്ക്ക് കാരണമാണ്.

*ശുക്രന്റെ (വീനസ്) അന്തരീക്ഷം സൾഫ്യൂരിക് ആസിഡിന്റെ കട്ടിയുള്ള മേഘപാളികളാൽ ചുറ്റപ്പെട്ടുകിടക്കുന്നു

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..