ഇന്ത്യയിലെ വ്യത്യസ്ത ചിത്രരചനാരീതികളിൽ ശ്രദ്ധേയമാണ് വാർലി ചിത്രങ്ങൾ. മഹാരാഷ്ട്ര-ഗുജറാത്ത് അതിർത്തിയിലും സമീപപ്രദേശങ്ങളിലുമുള്ള ആദിവാസിസമൂഹങ്ങൾ വരയ്ക്കുന്ന പരമ്പരാഗതമായ ചിത്രരചനാരീതിയാണിത്. ക്രി.പി. 2500-3000 വർഷം
മുമ്പുമുതലേ ഈരീതി പിൻതുടരുന്നുവെന്നാണ് വിശ്വാസം. വളരെ ലളിതമായ ജ്യാമിതീയരൂപങ്ങളാണ് ഈ ചിത്രങ്ങളിലെ പ്രധാനചേരുവകൾ.
കണ്ടാൽ വളരെയെളുപ്പത്തിൽ പകർത്താമെന്നുതോന്നുമെങ്കിലും വ്യവസ്ഥാപിതമായ രീതിയിലാണ് ഇത് ചെയ്യുന്നത്. കൃത്യമായ ചില വളവുകൾ ഈ ചിത്രകലയ്ക്ക് ആവശ്യമുണ്ട്. കാവിമണ്ണിന്റെ നിറമുള്ള പ്രതലത്തിൽ വെളുത്തനിറങ്ങൾകൊണ്ടാണ് വരയ്ക്കുന്നത്. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിലും പർവതപ്രദേശങ്ങളിലും താമസിക്കുന്ന വാർളി എന്നറിയപ്പെടുന്ന ആദിവാസികളുടെ ഈ ചിത്രരചനാരീതി വളരെ ലളിതമാണ്. ഗുഹാമനുഷ്യർ തങ്ങളുടെ നിത്യജീവിതത്തിലെ പലതരം ആഘോഷങ്ങൾ, വിവാഹം, കൊയ്ത്ത്, നൃത്തം എന്നിങ്ങനെ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു സമൂഹമായി എങ്ങനെ കൊണ്ടാടിയിരുന്നുവെന്ന് ചിത്രരൂപത്തിൽ ഗുഹകളുടെ ചുമരുകളിൽ രേഖപ്പെടുത്തിയിരുന്നു.
പ്രകൃതിചിത്രങ്ങൾ
പ്രധാനമായും വൃത്തം, ചതുരം, ത്രികോണം പോലുള്ള ജ്യാമിതീയരൂപങ്ങളിലാണ് ചിത്രങ്ങൾ രൂപപ്പെടുത്തുന്നത്. വൃത്തംകൊണ്ട് സൂര്യൻ, ചന്ദ്രൻ, ചതുരങ്ങൾകൊണ്ട് പാടങ്ങൾ, വീടുകൾ, ത്രികോണംകൊണ്ട് മരങ്ങൾ, കൂർത്തമലകൾ എന്നിങ്ങനെയാണ് വരയ്ക്കുന്നത്. പ്രകൃതിയുമായി പൊരുത്തപ്പെട്ടാണ് അവർ ജീവിച്ചിരുന്നതെന്ന് ഈ ചിത്രങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം. സൂര്യൻ, ചന്ദ്രൻ, പക്ഷികൾ, വൃക്ഷങ്ങൾ, മൃഗങ്ങൾ, മരങ്ങൾ, സസ്യങ്ങൾ, പാടങ്ങൾ, മത്സ്യബന്ധനം, വേട്ടയാടൽ, സ്ത്രീകളുടെ ദൈനംദിനജോലികൾ, നൃത്തം എന്നിങ്ങനെയാണ് വരയ്ക്കുന്നത്.
വിവാഹം, കൊയ്ത്ത് തുടങ്ങിയ വിശേഷാവസരങ്ങളിൽ സ്ത്രീകൾ തങ്ങളുടെ മൺകുടിലുകൾ അലങ്കരിക്കാൻ ചുമരുകളിൽ മരപ്പൊടി, മണ്ണ്, ചാണകം എന്നിവചേർന്ന മിശ്രിതംകൊണ്ട് കാവിനിറമുള്ള പ്രതലം ഒരുക്കുന്നു. അതിൽ കുഴച്ച അരിമാവുകൊണ്ട്, മുളകളാലാണ് ചിത്രരചന. ഈ ചിത്രരചനാരീതി 1970-ന് ശേഷമാണ് ലോകപ്രശസ്തിയാർജിച്ചത്.
വാർളി എന്നവാക്കിന് ‘Piece of Land’ അഥവാ പാടം എന്നാണ് അർഥം. ഇന്ന് ഈ ചിത്രരചനാരീതി സാരികളിലും കുർത്തികളിലും ബോട്ടിൽ ആർട്ടിലും പെൻസ്റ്റാൻഡിലും ബെഡ്ഷീറ്റുകളിലും മൺപാത്രങ്ങളിലും മറ്റും ചെയ്തുവരുന്നുണ്ട്. ഇന്ത്യയിലും വിദേശത്തും ഇതിന് നല്ല വിപണിയുമുണ്ട്. വർലി ചിത്രകലയെ ജനകീയമാക്കിയ ചിത്രകാരനാണ് ജിവ്യ സോമ മാഷെ (Jivya Soma Mashe). ഇദ്ദേഹത്തിന് പദ്മശ്രീ ലഭിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..