ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനവും ജലമാണെന്ന് നമുക്കറിയാം. അതിൽത്തന്നെ 97 ശതമാനവും കുടിക്കാൻപറ്റാത്ത ഉപ്പുവെള്ളമാണെന്നാണ് സത്യം.
കടലിലും കായലിലും പുഴയിലും ഒക്കെയായി ഈ ഉപ്പുവെള്ളം നിറഞ്ഞുകിടക്കുന്നു.
കടൽവെള്ളത്തിലെ ഈ ഉപ്പിനെ വേർതിരിച്ച് ഭൂമിയുടെ മുഴുവൻ കരയിലും വിതറുകയാണെങ്കിൽ 40 നില കെട്ടിടത്തിന്റെ ഉയരത്തിൽ ഉണ്ടാകുമെന്നാണ് കണക്കാക്കിയത്. എങ്ങനെയാണ് ഇത്രമാത്രം ഉപ്പ് കടലിൽ എത്തിച്ചേർന്നതെന്ന് കൂട്ടുകാർ ആലോചിച്ചിട്ടുണ്ടോ ?
ഉപ്പുവരുന്ന വഴി
മഴവെള്ളം, മഞ്ഞുപാളികൾ തുടങ്ങിയവയാണ് കടൽജലത്തിന്റെ പ്രധാന സ്രോതസ്സുകൾ. മഴവെള്ളം തോടുകളിലൂടെയും പുഴകളിലൂടെയും ഒഴുകി കടലിൽ എത്തിച്ചേരുമ്പോൾ പാറകളിലും മണ്ണിലും അടങ്ങിയ ലവണങ്ങൾ ജലത്തിനോടൊപ്പം കടലിൽ എത്തിച്ചേരുന്നുണ്ട്. അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡ് ലയിച്ചുചേരുന്നതുകൊണ്ട് മഴവെള്ളത്തിനു നേരിയ ആസിഡ് സ്വഭാവമുണ്ട്. ഈ ആസിഡ് സ്വഭാവം ലവണങ്ങൾ വെള്ളത്തിൽ അലിയുന്നതിന് സഹായിക്കുന്നു. ഈ ലവണങ്ങളുടെ 90 ശതമാനവും നാം കറിയുപ്പ് എന്നുവിളിക്കുന്ന സോഡിയം ക്ലോറൈഡാണ്.
ഇതുകൂടാതെ, കടലിനടിയിൽ നടക്കുന്ന അഗ്നിപർവത സ്ഫോടനങ്ങളിലൂടെയും മറ്റും ഒട്ടേറെ ലവണങ്ങൾ കടലിൽ ലയിച്ചുചേരുന്നു. ഈ പ്രവർത്തനങ്ങൾ ഭൂമിയുടെ ഉദ്ഭവകാലഘട്ടത്തിൽത്തന്നെ തുടങ്ങുകയും ഇന്നും തുടർന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. സൂര്യപ്രകാശംകൊണ്ട് കടൽജലം ബാഷ്പീകരിക്കുന്നതിന്റെ ഫലമായി ലവണത്തിന്റെ സാന്ദ്രത കടൽജലത്തിൽ വർധിക്കുകയും ചെയ്യും. ഈ ലവണങ്ങളുടെ കുറെഭാഗം കടലിൽ വളരുന്ന ജീവജാലങ്ങൾ വളർച്ചയ്ക്കായി ഉപയോഗിക്കുന്നു. ബാക്കിയുള്ളവ കടലിൽത്തന്നെ നിക്ഷേപമായി തുടരുകയും ചെയ്യും.
ചാവുകടൽ
മിഡിൽ ഈസ്റ്റിൽ ജോർദാൻ, ഇസ്രയേൽ, വെസ്റ്റ് ബാങ്ക് എന്നിവയുടെ ഇടയിൽ കിടക്കുന്ന ഉപ്പുതടാകമാണ് ചാവുകടൽ. അധികമായ ലവണാംശംകാരണം ഈ ജലത്തിൽ ജീവജാലങ്ങൾക്ക് ജീവിക്കാൻ സാധിക്കുകയില്ല അതിനാലാണ് ചാവുകടൽ എന്ന പേരുവന്നത്. സാധാരണ കടൽജലത്തിന്റെ പത്തുമടങ്ങിലധികം ലവണങ്ങൾ ചാവുകടലിൽ അടങ്ങിയിട്ടുണ്ട്. ഈ ജലത്തിന് വളരെയധികം സാന്ദ്രതയുള്ളതിനാൽ മനുഷ്യശരീരത്തിന് പൊങ്ങിക്കിടക്കാൻ സാധിക്കും. അതിനാൽ ചാവുകടൽ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..