ക്രിസ്തുവർഷാരംഭത്തിനുമുമ്പുതന്നെ വ്യവസ്ഥപ്പെടുത്തിയ നാടകരൂപങ്ങൾ ഇന്ത്യയിലും പാശ്ചാത്യലോകത്തും പ്രചരിച്ചിരുന്നു. ഭാരതീയ കാവ്യശാസ്ത്രത്തെ ആഴത്തിൽ സ്വാധീനിച്ച രസസൂത്രം ഉൾക്കൊള്ളുന്ന സൈദ്ധാന്തികഗ്രന്ഥമാണ് ഭരതമുനിയുടെനാട്യശാസ്ത്രം.
ഗ്രീക്ക് നാടകങ്ങൾ
ക്രിസ്തുവിന് നാലഞ്ചു നൂറ്റാണ്ടുമുമ്പുതന്നെ ഗ്രീക്ക് നാടകങ്ങൾ വികാസം പ്രാപിച്ചിരുന്നു. ആതൻസിൽ ഈസ്കിലസ്, സോഫോക്ളിസ്, യൂറിപ്പിഡിസ്, അരിസ്റ്റോഫെനീസ് തുടങ്ങിയവരുടെ നാടകങ്ങൾ പ്രചാരം നേടി. പടിഞ്ഞാറൻലോകത്തിന്റെ വിജ്ഞാനകേന്ദ്രമായിരുന്ന ആതൻസിലെ പ്ലേറ്റോയുടെ അക്കാദമിയിൽ തന്റെ 17-ാം വയസ്സിൽ വിദ്യാർഥിയും പിന്നീട് അധ്യാപകനുമായിത്തീർന്ന അരിസ്റ്റോട്ടിൽ സർവവിജ്ഞാനമേഖലകളിലും നിപുണനായിരുന്നു. തന്റെ കാവ്യശാസ്ത്രഗ്രന്ഥമായ പോയറ്റിക്സിൽ അദ്ദേഹം നാടകലക്ഷണം നിർദേശിച്ചിട്ടുണ്ട്. ദുരന്തനാടകങ്ങൾ (ട്രാജഡി) ക്കാണ് മുൻതൂക്കം. ഭാരതീയർക്ക് പക്ഷേ, ദുരന്തനാടകങ്ങളോട് അത്രയ്ക്ക് അടുപ്പം തോന്നിയിരുന്നില്ല. എന്നാലും അത്തരത്തിലുള്ള നാടകങ്ങളും ഉണ്ടായിട്ടുണ്ട്. ഭാസൻ, കാളിദാസൻ, ഭവഭൂതി തുടങ്ങിയ മുൻനിര സംസ്കൃതനാടകകൃത്തുക്കളുടെ മാതൃകകളാണ് പിന്നീട് വന്ന രചയിതാക്കൾ പിന്തുടർന്നത്. ഇന്ത്യയിലെ ഒട്ടേറെ പ്രാദേശികഭാഷകളിലേക്ക് അവ വിവർത്തനംചെയ്യപ്പെട്ടു.
ശ്രവ്യകാവ്യവും ദൃശ്യകാവ്യവും
കാവ്യങ്ങളെ ശ്രവ്യം, ദൃശ്യം എന്നിങ്ങനെ ഭാരതീയർ രണ്ടായി തരംതിരിച്ചിരിക്കുന്നു. നാടകം ഉൾപ്പെടെയുള്ള ദൃശ്യാവിഷ്കാരരൂപങ്ങളെ ഭാരതീയ കാവ്യശാസ്ത്രം രൂപകങ്ങൾ എന്നാണ് വിളിച്ചത്. ഇവ പത്തെണ്ണമാണ്. ദശരൂപകങ്ങൾ. പ്രഹസനം എന്ന ദൃശ്യരൂപവും ഇതിൽപ്പെടും. കാണാനുള്ള കല എന്നനിലയിലാണ് നാടകത്തിന്റെ അരങ്ങ്, കഥാവസ്തു, രംഗസംവിധാനം, കഥാപാത്രങ്ങളുടെ വേഷം, അഭിനയം, സംഭാഷണം തുടങ്ങി പലഘടകങ്ങൾ നാടകത്തിൽ ഉൾച്ചേർന്നിട്ടുള്ളത്.
പാശ്ചാത്യബന്ധം
വിശ്വകവിയായ വില്യം ഷേക്സ്പിയർ (1564-1616) എഴുതിയ 39 നാടകങ്ങളിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ട കൃതികൾ ഉൾപ്പെടുന്നു. ലോകത്തെമ്പാടും ഇദ്ദേഹത്തിന്റെ നാടകങ്ങൾ പഠിക്കുന്നുണ്ട്. ഷേക്സ്പിയറുടെ വിഖ്യാത ദുരന്തനാടകമായ ‘ഒഥലോ’ സഞ്ജയൻ മലയാളത്തിലേക്ക് വിവർത്തനംചെയ്തിട്ടുണ്ട്. നോർവീജിയൻ നാടക കൃത്തായ ഹെന്റിക് ഇബ്സന്റെ (1826-1906) നാടകങ്ങൾ ‘പ്രശ്ന നാടകങ്ങൾ’ എന്ന് വിശേഷിപ്പിക്കപ്പെട്ടു. ഇവയുടെ സ്വാധീനത്തിലെന്നോണം നാടകരചന നടത്തിയതിനാലാകണം മലയാളത്തിന്റെ എൻ. കൃഷ്ണപിള്ളയ്ക്ക് മലയാളത്തിലെ ഇബ്സൻ എന്ന വിശേഷണം കൈവന്നത്. മലയാളനാടകത്തിൽ വ്യക്തിഗതശബ്ദങ്ങൾ കേൾപ്പിച്ച പി.ജെ. ആന്റണി, എൻ.എൻ. പിള്ള, തുടങ്ങിയവർ നാട്ടിലെ പ്രൊഫഷണൽ നാടകവേദികളെ ഇളക്കിമറിച്ചു.
മലയാളത്തിൽ
സംസ്കൃതനാടകങ്ങളുടെ വിവർത്തനത്തിലൂടെയാണ് മലയാളത്തിൽ നാടകത്തിന്റെ തുടക്കം. കാളിദാസന്റെ ശാകുന്തളത്തിനുതന്നെ നാൽപ്പതോളം പരിഭാഷകൾ ഉണ്ട്. പതിവുരീതികൾ പിൻതുടർന്ന് അസംഖ്യം നാടകങ്ങളാണ് ഒരുകാലത്ത് മലയാളത്തിൽ ഉണ്ടായത്. ഇത്തരത്തിൽ അർഥശൂന്യങ്ങളായ നാടകങ്ങളെ പരിഹസിച്ചുകൊണ്ട് മുൻഷി രാമക്കുറുപ്പ് 1894-ൽ ചക്കീചങ്കരം എന്നപേരിൽ ഒരു നാടകമെഴുതി.
ചരിത്രനാടകങ്ങൾ
ഇരവിക്കുട്ടിപ്പിള്ള, രാജാ കേശവദാസ്, സീതാലക്ഷ്മി (ഇ.വി. കൃഷ്ണപിള്ള) വേലുത്തമ്പി ദളവ (കൈനിക്കര പത്മനാഭപിള്ള) കേരളസിംഹം (സർദാർ കെ.എം. പണിക്കർ) തുടങ്ങിയവയാണ് ചരിത്രനാടകങ്ങളിൽ പേരെടുത്തവ.
നാടകത്രയം
രാമായണത്തിന്റെ കഥാതുടർച്ച മുൻനിർത്തി രചിക്കപ്പെട്ട ‘സാകേതം ലങ്കാലക്ഷ്മി, കാഞ്ചനസീത’ എന്നിവയാണ് നാടകത്രയം എന്നറിയപ്പെടുന്നത്. രാമായണത്തിലേക്ക് ചുഴിഞ്ഞുനോക്കിക്കൊണ്ടുള്ള ഈ കൃതികൾ രചിച്ചത് സി.എൻ. ശ്രീകണ്ഠൻനായരാണ്.
സി.ജെ. തോമസിന്റെ നാടകങ്ങൾ സവിശേഷശ്രദ്ധ പിടിച്ചുപറ്റിയ വ്യത്യസ്ത ഇതിവൃത്തവും ആഖ്യാനശൈലിയും ഉൾക്കൊള്ളുന്നു ‘ആ മനുഷ്യൻ നീ തന്നെ’, ‘അവൻ വീണ്ടും വരുന്നു’, ‘ക്രൈം 27’ തുടങ്ങിയവ മലയാളത്തിലെ മികച്ച കൃതികളാണ്.
നാടകം വഴിമാറുന്നു
സാമൂഹിക-രാഷ്ട്രീയ-കാർഷിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്ന നാടകങ്ങളാണ് പിന്നീട് മലയാളം കണ്ടത്. ദേശീയപ്രസ്ഥാനക്കാലത്തുണ്ടായ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഒരു നാടകമാണ് തോപ്പിൽ ഭാസിയുടെ ‘മൂലധനം’. നവോത്ഥാനാശയങ്ങളെമുൻനിർത്തി, സാമുദായിക ദുരാചാരങ്ങൾ തുറന്നുകാട്ടുന്ന നാടകങ്ങൾ മലയാളികൾക്കിടയിൽ ശ്രദ്ധേയമായി. ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്' (വി.ടി. ഭട്ടതിരിപ്പാട്) മറക്കുടയ്ക്കുള്ളിലെ മഹാനരകം (എം.ആർ.ബി.), ഋതുമതി (പ്രേംജി) എന്നിവ മികച്ച ഉദാഹരണങ്ങളാണ്. കൃഷിഭൂമിയുടെ അവകാശത്തെ സംബന്ധിച്ച പാട്ടബാക്കി (കെ. ദാമോദരൻ), കൂട്ടുകൃഷി (ഇടശ്ശേരി) എന്നിവയും ശ്രദ്ധയമാണ്. ഇതോടൊപ്പം വിപ്ലവാശയങ്ങളിലേക്ക് ജനശ്രദ്ധയാകർഷിക്കാനുള്ള നാടകങ്ങളുമുണ്ടായി. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ (തോപ്പിൽഭാസി) ഇത്തരത്തിലുള്ള ശ്രദ്ധേയമായ നാടകമാണ്.
തനത് നാടകവേദി
നാടകത്തോടുള്ള ഭിന്നസമീപനമാണ് തനതുനാടകവേദികളുടെ വരവിന് വഴിയൊരുക്കിയത്. കേരളീയമായ തനതുകലകളെ നാടകത്തോട് സമന്വയിപ്പിക്കാനുള്ള ശ്രമങ്ങളുടെ വിജയകരമായ മാതൃകകളാണ് ഇവ. കാവാലം നാരായണപ്പണിക്കരാണ് ഈ പരീക്ഷണത്തിന് മുതിർന്ന പ്രമുഖൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..