കേരളപാഠാവലി സമീപനവും സാധ്യതകളും


അജി ഡി.പി.റിസർച്ച്‌ ഓഫീസർ (മലയാളം) എസ്‌.സി.ഇ.ആർ.ടി.

3 min read
Read later
Print
Share

മാർച്ച് 9-ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ആദ്യദിനം ഒന്നാംഭാഷയിലെ ഒന്നാംപേപ്പറാണ് ഭൂരിഭാഗം കുട്ടികളും എഴുതുന്ന മലയാളം-കേരളപാഠാവലി. 

.

കാലാതീതം കാവ്യവിസ്മയം
ആകെ അഞ്ച് യൂണിറ്റുകളാണ് കേരളപാഠാവലിയിലുള്ളത്. സച്ചിദാനന്ദന്റെ ‘കവികളുടെ ഭാഷ’ എന്ന പ്രവേശകവും എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിലെ ‘ലക്ഷ്മണ സാന്ത്വനവും’ എ.ആർ. രാജരാജവർമയുടെ മലയാള ശാകുന്തളത്തിലെ ‘ഋതുയോഗവും’ നാലപ്പാട്ട് നാരായണമേനോൻ പരിഭാഷപ്പെടുത്തിയ ‘പാവങ്ങൾ’ എന്ന നോവൽഭാഗവും ഉൾപ്പെടുന്ന ‘കാലാതീതം കാവ്യവിസ്മയം’ ആണ് ആദ്യയൂണിറ്റ്. കാലാതിവർത്തിയായ രചനകൾ പരിചയപ്പെടലും അതിലൂടെ കാവ്യഭാഷയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് മൂല്യബോധം ഉൾക്കൊണ്ട് അവ പ്രയോഗിക്കാനുള്ള കഴിവ് നേടലുമാണ് ഈ യൂണിറ്റുകൊണ്ട് ഉദ്ദേശിക്കുന്നത്.

അനുഭൂതികൾ ആവിഷ്‌കാരങ്ങൾ
‘അനുഭൂതികൾ ആവിഷ്കാരങ്ങൾ’ എന്ന രണ്ടാംയൂണിറ്റിൽ ജീവിതനവീകരണത്തിന് തൂലിക ചലിപ്പിച്ച ലളിതാംബിക അന്തർജനത്തിന്റെ ‘വിശ്വരൂപം’ എന്ന കഥയും ഉദാത്തമായ സ്നേഹത്തിന്റെ പുതിയ തലങ്ങൾ ആവിഷ്കരിച്ച കുമാരനാശാന്റെ നളിനിയിലെ ‘പ്രിയദർശനം’ എന്ന ഭാഗവും തീവ്രാനുഭവങ്ങളെ ഭാഷയുടെ സൂക്ഷ്മസാധ്യതകൾ ഉപയോഗിച്ച് ആവിഷ്കരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കഥയായ ഒ.വി. വിജയന്റെ കടൽത്തീരത്തും ഉൾപ്പെടുന്നു. പ്രവേശകമായി നൽകിയിട്ടുള്ള തിരുവള്ളുവരുടെ തിരുക്കുറലിലെ വരികളുംകൂടി പരിശോധിക്കുമ്പോൾ ജീവിതാഖ്യാനമായ സാഹിത്യത്തിൽ ആവിഷ്കരിക്കപ്പെടുന്ന ആശയങ്ങൾ ഇന്നത്തെ സമൂഹം എങ്ങനെയാണ് ഉൾക്കൊള്ളുന്നത് എന്നുകൂടി വിമർശനാത്മകമായി വിലയിരുത്തി മനസ്സിലാക്കേണ്ടതുണ്ട്. സമകാലികസംഭവങ്ങളെക്കൂടി ബന്ധിപ്പിച്ചുള്ള ചോദ്യങ്ങൾക്ക് ഈ യൂണിറ്റിൽ പ്രാധാന്യമുണ്ട്.

സംഘർഷങ്ങൾ സങ്കീർത്തനങ്ങൾ
കാല, ദേശാതീതമായ ക്ലാസിക് കൃതികൾ മനുഷ്യമനസ്സുകളിലെ സംഘർഷങ്ങളെ ആവിഷ്കരിക്കുമ്പോൾ സങ്കീർത്തനത്തിന്റെ തലംകൂടി സാധ്യമാണ് എന്ന് ഓർമപ്പെടുത്തുന്ന മൂന്ന് രചനകളാണ് മൂന്നാംയൂണിറ്റിലുള്ളത്. ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥ രണ്ടാംദിവസത്തിൽനിന്നെടുത്ത ‘പ്രലോഭനം’ എന്ന പാഠഭാഗത്ത് കോപാന്ധനായ കലിയും വിഡ്ഢിയായ പുഷ്കരനും ചേർന്ന് നടത്തുന്ന അന്യന്റെ ധനം കൈക്കലാക്കാനുള്ള പ്രയത്നങ്ങളാണ് വർണിക്കുന്നത്. വേദവ്യാസവിരചിതമായ മഹാഭാരതകഥയെ വിമർശനാത്മകമായി കുട്ടികൃഷ്ണമാരാർ അവതരിപ്പിച്ച ‘ഭാരതപര്യടന’ത്തിലെ ഒരുഭാഗമാണ് അടുത്തത്‌. യുദ്ധത്തിലൂടെ നേടുന്നതൊന്നും ശാശ്വതമല്ല എന്ന സന്ദേശം പകർന്നുതരുന്നു ‘യുദ്ധത്തിന്റെ പരിണാമം’ എന്ന പാഠഭാഗം. തോൽവികളും തകർച്ചകളും അപമാനങ്ങളും കൊണ്ട് അർഥശൂന്യമാണ് തന്റെ ജീവിതം എന്ന് കരുതുമ്പോഴും ശുഭാപ്തിവിശ്വാസത്തോടെ മുന്നേറാൻ സാധിക്കുമെന്ന് തെളിയിച്ച ദസ്തയേവ്സ്കിയുടെ ജീവിതകഥ ആവിഷ്കരിക്കുന്ന പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനംപോലെ’ എന്ന നോവലിലെ ‘ആത്മാവിന്റെ വെളിപാടുകൾ’ എന്ന പാഠഭാഗവും ഗോയ്‌ഥെയുടെ ഡോക്ടർ ഫൗസ്റ്റിലെ ഒരുഭാഗം പ്രവേശകവും അടങ്ങുന്നതാണ് മൂന്നാംയൂണിറ്റായ ‘സംഘർഷങ്ങൾ സങ്കീർത്തനങ്ങൾ’. കഥകളി എന്ന കലാരൂപത്തെക്കുറിച്ചും, കഥാപാത്രനിരൂപണവും വിമർശനാത്മകമായ അപഗ്രഥനവും, സ്വാഭിപ്രായസമർഥനവും ഈ യൂണിറ്റിൽനിന്ന് ചോദിക്കാവുന്ന മാതൃകകളാണ്.

വാക്കുകൾ സർഗതാളങ്ങൾ
പാബ്ലൊ നെരുദ, കവിതയുടെ ഉറവയെക്കുറിച്ച് എഴുതിയവരികൾ പ്രവേശകമായി നൽകിയാണ് ‘വാക്കുകൾ സർഗതാളങ്ങൾ’ എന്ന നാലാം യൂണിറ്റ് ആരംഭിക്കുന്നത്. എഴുത്തുകാരന്റെ സർഗശേഷിയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന മൂന്ന് പാഠഭാഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ഏത് പ്രതികൂലസാഹചര്യവും സർഗാത്മകതയ്ക്കും അതിന്റെ പ്രകാശനത്തിനും തടസ്സമാകില്ലെന്ന് വിളിച്ചുപറയുന്നതാണ്‌ ശരൺകുമാർ ലിംബാളെയുടെ ആത്മകഥോപാഖ്യാനമായ ‘അക്കർമാശി’. തന്റെ ആദ്യകാല സർഗാത്മകതലം എസ്.കെ. പൊറ്റെക്കാട്ട് പങ്കുവെക്കുന്ന ‘ഞാൻ കഥാകാരനായ കഥ’, മനുഷ്യന്റെ വിജയത്തിന് പിന്നിൽ ആദിമകാലംമുതൽ അവന്റെയുള്ളിലുള്ള സർഗശക്തിയാണെന്ന് ഉദ്ഘോഷിക്കുന്ന വയലാറിന്റെ ‘അശ്വമേധം’ എന്നിവയാണ് ഈ യൂണിറ്റിലെ പാഠഭാഗങ്ങൾ. ലഘു ഉപന്യാസം, പ്രഭാഷണം, പ്രായോഗികവ്യാകരണം, അനുഭവക്കുറിപ്പ്, കാവ്യഭംഗി വിശദമാക്കൽ, പ്രയോഗഭംഗി തുടങ്ങിയ മാതൃകയിൽനിന്നുള്ള ചോദ്യങ്ങളാവും ഈ യൂണിറ്റിൽനിന്നും ഉണ്ടാവുക.

കലകൾ, കാവ്യങ്ങൾ
പരസ്പരബന്ധം പുലർത്തുന്നവയാണ് ലോകജീവിതത്തെ മുന്നോട്ടു നയിക്കുന്ന എല്ലാ കലകളും എന്ന് പ്രതിപാദിക്കുന്ന പാഠങ്ങളാണ്‌ ‘കലകൾ കാവ്യങ്ങൾ’ എന്ന അഞ്ചാംയൂണിറ്റിലുള്ളത്‌. വിശ്വപ്രസിദ്ധ ചിത്രകാരൻ വാൻഗോഗിന്റെ ‘പൊട്ടറ്റോ ഈറ്റേഴ്സ്’ എന്ന ചിത്രത്തിന്റെ പ്രമേയത്തെ ആസ്പദമാക്കി സുഭാഷ്ചന്ദ്രൻ രചിച്ച ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ’ എന്ന കഥയും മൈക്കലാഞ്ജലോയുടെ ‘ലെ പിയാത്ത’ എന്ന ശില്പം ആക്രമിക്കപ്പെട്ടത് പശ്ചാത്തലമാക്കി ഒ.എൻ.വി. എഴുതിയ ‘മൈക്കലാഞ്ജലോ മാപ്പ്’ എന്ന കവിതയുമാണ് പാഠഭാഗങ്ങൾ. പ്രവേശകമായി നൽകിയിട്ടുള്ള പൊട്ടറ്റോ ഈറ്റേഴ്സ് എന്ന ചിത്രം ചിത്രവായനയ്ക്കുകൂടി അവസരമൊരുക്കുന്നു. ഈ യൂണിറ്റിൽനിന്ന് കഥാപാത്രനിരൂപണം, ആസ്വാദനാംശങ്ങൾ, പ്രയോഗഭംഗി മുതലായ ചോദ്യമാതൃകകളും പ്രതീക്ഷിക്കാം.

ചോദ്യങ്ങൾ ഇങ്ങനെ
കേരളപാഠാവലി ചോദ്യപ്പേപ്പറിൽ ആകെ 40 സ്കോറിനുള്ള ചോദ്യങ്ങളായിരിക്കും ഉത്തരമെഴുതാനായി ഉള്ളത്. 13 സ്കോറിന് അധികചോദ്യങ്ങളും (ചോയ്സ്) ഉണ്ടായിരിക്കും. 1, 2, 4, 6 സ്കോറുകൾക്കുള്ള ചോദ്യങ്ങളിൽ ഓരോവിഭാഗത്തിനും ഒരു അധികചോദ്യം ഉൾപ്പെടുത്തിയിട്ടുണ്ടാവും. ആദ്യഭാഗം ഒരു സ്കോറിനുള്ളതാണ്. ബ്രാക്കറ്റിൽനിന്ന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുന്നതിനും ഒരു വാക്യത്തിൽ ഉത്തരം എഴുതുന്നതിനുമുള്ള ചോദ്യങ്ങളുള്ളതാണ്‌ ഈ വിഭാഗം. സമാനപദം, അർഥം, പ്രായോഗികവ്യാകരണം, ആശയം കണ്ടെത്തൽ, പ്രയോഗഭംഗി മുതലായവ പ്രതീക്ഷിക്കാം.
അഞ്ച്‌ ചോദ്യങ്ങളിൽ നാലെണ്ണത്തിന് ഉത്തരം എഴുതിയാൽ മതിയാകും. രണ്ട് സ്കോർ ലഭിക്കുന്ന, രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരം എഴുതാനുള്ള ചോദ്യങ്ങളാണ് അടുത്ത വിഭാഗത്തിലുള്ളത്. ആകെ മൂന്ന്‌ ചോദ്യങ്ങൾ ഉള്ളതിൽ രണ്ടെണ്ണത്തിന് ഉത്തരം എഴുതിയാൽ മതിയാകും. എഡിറ്റിങ്, ചിഹ്നനം, അർഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക, രണ്ടുവാക്യമാക്കുക, അർഥസൂചന മുതലായ ചോദ്യങ്ങളാണ് ഈ വിഭാഗത്തിൽ പ്രതീക്ഷിക്കാവുന്നത്.
കാവ്യഭംഗി കണ്ടെത്തൽ, താരതമ്യം, ആശയം കണ്ടെത്തൽ, പ്രതികരണക്കുറിപ്പ് തുടങ്ങി വ്യത്യസ്ത വ്യവഹാരരൂപങ്ങളിൽ അരപ്പുറത്തിൽ ഉത്തരമെഴുതാനുള്ള ചോദ്യങ്ങളാണ് മൂന്നാമത്തെ വിഭാഗത്തിൽ നാലു സ്കോറിന് ഉൾപ്പെടുത്തുക. ആകെ ആറെണ്ണമുള്ളതിൽ അഞ്ച്‌ എണ്ണത്തിന് ഉത്തരമെഴുതണം. ഒരു പുറത്തിൽ ഉത്തരം
എഴുതാൻ ചോദിക്കുന്ന അവസാനവിഭാഗത്തിൽ ആകെയുള്ള മൂന്നുചോദ്യങ്ങളിൽ ഉപന്യാസം, പ്രഭാഷണം, കഥാപാത്രനിരൂപണം, എഡിറ്റോറിയൽ പ്രസംഗം, കഥ/കവിത ആസ്വാദനം മുതലായ ചോദ്യമാതൃകകൾ പ്രതീക്ഷിക്കാം.

Content Highlights: vidya

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..