ഇംഗ്ലീഷ് ഉപയോഗത്തിൽ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഉദാഹരണമായി Utopia - ഈ വാക്കിനെ എങ്ങനെയാണ് ഉച്ചരിക്കേണ്ടത്? a utopian vison, an utopian vision ഏതാണ് ശരി?
‘Utopia’ എന്ന വാക്കിനെ yew-tope-ee-a (യൂട്ടോപ്പിയ) എന്നുച്ചരിക്കണം. എന്നാൽ, നമ്മുടെ പാഠപുസ്തകങ്ങളിൽ കാണുന്ന ‘ഉട്ടോപ്യ’ എന്ന ഉച്ചാരണം തെറ്റാണെന്ന് പറയാതെവയ്യ.
സർ തോമസ് മൂർ ഈ പേരിൽ ലാറ്റിൻ ഭാഷയിൽ രചിച്ച (1516) രാഷ്ട്രമീമാംസാ ഗ്രന്ഥത്തിൽ വർണിക്കുന്ന സാങ്കല്പിക ദ്വീപാണ് ‘യൂട്ടോപ്പിയ’
Utopian എന്ന വാക്കിന്റെ ഉച്ചാരണം വ്യഞ്ജനശബ്ദത്തിൽ (അതായത് ‘യു’, ‘ഉൗ’ അല്ല) ആരംഭിക്കുന്നതുകൊണ്ട് അതിനു മുന്നിൽ ‘a’ ഉപയോഗിക്കണം: a utopian vision ആണ് ശരി. ഇങ്ങനെ ‘u’ എന്ന സ്വരാക്ഷരം കൊണ്ടാരംഭിക്കുന്നതും എന്നാൽ ‘y’ എന്ന വ്യഞ്ജനാക്ഷരത്തിന്റെ ഉച്ചാരണമുള്ളതുമായ ഏതാനും വാക്കുകൾകൂടി പരിചയപ്പെടാം. ഏകവചനത്തിൽ ഉപയോഗിക്കുമ്പോൾ ഇവയ്ക്കുമുന്നിൽ ‘a’ (an അല്ല) ഉപയോഗിക്കണം:
a unit, a unicorn, a uniform, a union member, a unique position, a U-turn, a Unitarian church, a unitary state, a universal truth, a university campus, a unicameral parliament, a UFO sighting, a UNESCO worker, a utility vehicle, a unanimous vote, a UN publication, a uniformity of opinion, a useful tool, a usurper, a user-friendly guide.
an US ambassador
a US ambassador
an used car
a used car
Let’s eat Grandma. Let’s eat, Grandma. ഇവയിൽ ഏതാണ് ശരി?
രണ്ടുവാക്യങ്ങളും ശരിതന്നെ. പക്ഷേ, രണ്ടിനും ഒരേ അർഥമല്ല, Comma ഇല്ലാത്ത ആദ്യത്തെ വാക്യത്തിന്റെ അർഥം ‘നമുക്ക് അമ്മൂമ്മയെ ഭക്ഷിക്കാം’ എന്നാണ്. (വക്താക്കൾ നരഭോജികളാണെങ്കിൽ ഇതും ശരിയാണ്!). Comma ഉള്ള രണ്ടാമത്തെ വാക്യത്തിന്റെ അർഥമാകട്ടെ ‘അമ്മൂമ്മേ, നമുക്ക് ഭക്ഷണംകഴിക്കാം’ എന്നാണ്. ഇതാണ് ശരി. രണ്ടാമത്തെ വാക്യത്തിൽ grandma യുടെ മുന്നിൽ comma ഇടുന്നതുകൊണ്ട്, grandma സംബോധനചെയ്യപ്പെടുന്നു. ഇങ്ങനെ സംബോധനചെയ്യപ്പെടുന്ന ആളിന്റെ മുമ്പിൽ നിർബന്ധമായും comma ഇടണം. എന്നാൽ, grandma (ഇവിടെ സംബോധനചെയ്യപ്പെടുന്ന ആൾ വാക്യാരംഭത്തിൽ വന്നാൽ അതിനുശേഷം വേണം comma ഇടാൻ: Grandma, let’s eat. സംബോധനചെയ്യപ്പെടുന്ന വ്യക്തിയുടെ പേര് വാക്യത്തിന്റെ മധ്യഭാഗത്തു വന്നാൽ പേരിനുമുന്നിലും ശേഷവും comma ഇടണം: Absolutely, John, get your skates on.
വരമൊഴിയിൽ comma-യോളം പ്രധാനപ്പെട്ട മറ്റൊരു ചിഹ്നമുണ്ടെന്നു തോന്നുന്നില്ല.എന്നാൽ, വാമൊഴിയിൽ comma-യുടെ സ്ഥാനം ഒരു pause (തത്കാലവിരാമം) ഏറ്റെടുക്കുന്നു. Comma കൊണ്ടു തടഞ്ഞില്ലെങ്കിൽ ആശയം കലർന്ന് കുഴപ്പമുണ്ടാകുന്നതെവിടെയെല്ലാമോ അവിടെയെല്ലാം comma ഇടുക എന്നതാണ് ഇതുസംബന്ധിച്ച നിയമം. ഒന്നാമത്തെ വാക്യത്തിൽ Let's eat കഴിഞ്ഞ് comma ഇടാത്തതുകൊണ്ടാണ് ആശയം കലർന്ന് കുഴപ്പമുണ്ടായത്.
ചുവടെകൊടുത്തിരിക്കുന്ന രണ്ടു വാക്യങ്ങൾകൂടി ശ്രദ്ധിക്കുക. ആദ്യത്തെ വാക്യത്തിൽ എന്റെ ഇഷ്ടവിഷയങ്ങൾ (interests) നാലാണ്. My interests are walking, flowers, birds and gardening. എന്നാൽ, രണ്ടാമത്തെ വാക്യത്തിലാകട്ടെ എന്റെ ഇഷ്ടവിഷയങ്ങൾ മൂന്നായി കുറയുന്നു- My interests are walking flowers, birds and gardening. (ഈ വാക്യത്തിൽ walking കഴിഞ്ഞ് comma ഇടാത്തതാണ് ഇഷ്ടവിഷയങ്ങൾ മൂന്നായി കുറയാൻ കാരണം)
Comma-യുടെ പ്രാധാന്യം വ്യക്തമാക്കാൻ പണ്ടുമുതലേ പറഞ്ഞുവരുന്ന ഒരു കഥയുണ്ട്: ഒരു കൊലക്കേസ് പ്രതിയെ വെറുതേവിട്ടുകൊണ്ട് ന്യായാധിപൻ ഇങ്ങനെ വിധിച്ചുവത്രേ: Hang him not, let him free, (തൂക്കിക്കൊല്ലരുത്, വെറുതേ വിടുക). എന്നാൽ, ടൈപ്പിസ്റ്റിന്റെ അജ്ഞതമൂലം കോമയുടെ സ്ഥാനം മാറിപ്പോയി- Hang him, not let him free. ( തൂക്കിക്കൊല്ലുക, വെറുതേ വിടരുത്.) അങ്ങനെ comma യുടെ സ്ഥാനം മാറിയപ്പോൾ പ്രതിയുടെ തലപോയി. ഇതോടെ ‘കോമ ആളെക്കൊല്ലും’ എന്നൊരുചൊല്ലും ഉണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..