ലോഗരിതത്തിന്റെ ഉപജ്ഞാതാവായ ജോൺ നേപ്പിയറെപ്പറ്റി കേട്ടിരിക്കുമല്ലോ. ഏതാണ്ട് ഇരുപതുവർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി 1614-ൽ ലോഗരിതം എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. ഗണിതശാസ്ത്രലോകത്തെ ഇളക്കിമറിച്ച ഒന്നായിരുന്നു ആ കണ്ടുപിടിത്തം. ഇരുപതാംനൂറ്റാണ്ടിന്റെ പകുതിവരെ കണക്കുകൂട്ടലിന് ലോകം ആശ്രയിച്ചിരുന്നത് നേപ്പിയറിന്റെ ലോഗരിതത്തെയാണ്. കാൽക്കുലേറ്ററിന്റെ വരവോടെയാണ് ലോഗരിതത്തിന്റെ പ്രതാപം നഷ്ടമായത്. നേപ്പിയറിന് ചില വിചിത്രസ്വഭാവങ്ങളുണ്ടായിരുന്നു. കുട്ടിക്കാലംമുതൽക്കേ വെളിപാടുപുസ്തകത്തിൽ അദ്ദേഹത്തിനു വലിയ താത്‌പര്യമായിരുന്നു. ജ്യോതിഷത്തിലും പ്രേത-പിശാചുകളിലും വിശ്വസിച്ചിരുന്നു. മരിച്ചുപോയവരുടെ ആത്മാക്കളുമായി അദ്ദേഹം സംസാരിച്ചിരുന്നുവത്രെ. ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്ന നേപ്പിയർ, യാത്രാവേളകളിൽ ഒരു കറുത്ത ചിലന്തിയെ കുപ്പിയിലാക്കി കൂടെ കൊണ്ടുപോകുമായിരുന്നു. ഒരു കറുത്ത പൂവൻകോഴിയെ അദ്ദേഹം വീട്ടിൽവളർത്തിയിരുന്നു.
ദുർമന്ത്രവാദമെന്ന് ആളുകൾ തെറ്റിദ്ധരിച്ച ചില സംഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ മോഷണംനടന്നു. തന്റെ ജോലിക്കാരിൽ ആരാണ് മോഷ്ടാവെന്നു കണ്ടുപിടിക്കാൻ നേപ്പിയർ ഒരു വിദ്യ പ്രയോഗിച്ചു. കറുത്ത പൂവൻകോഴിയെ ഒരു മുറിയിലടച്ചിട്ട് ജോലിക്കാർ ഓരോരുത്തരെയായി അകത്തേക്കുവിട്ടു. അവർ കോഴിയുടെ ചിറകിന്മേൽ തടവണം. മോഷ്ടാവ് ആരാണോ അയാൾ തടവുമ്പോൾ കോഴി കൂവുമെന്ന് നേപ്പിയർ ജോലിക്കാരെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു.
വിദ്യ ഇതായിരുന്നു. കോഴിയുടെ ചിറകിന്മേൽ കരിപുരട്ടിയിരുന്നു. കോഴി കൂവുമെന്നുപേടിച്ച യഥാർഥമോഷ്ടാവ് ചിറകിന്മേൽ തടവുകയില്ല. മുറിയിൽനിന്ന് പുറത്തുവരുന്നവരുടെ കൈ പരിശോധിച്ചാൽ കരിപുരളാത്തവനെ കണ്ടുപിടിക്കാം. അങ്ങനെ യഥാർഥ മോഷ്ടാവ് കുടുങ്ങും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..