.
നമുക്കൊപ്പമുള്ള ഒരാൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയാണെങ്കിൽ കൂട്ടുകാർ എന്തുചെയ്യും? ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് ചില പ്രഥമശുശ്രൂഷകൾ പ്രയോഗിക്കാൻ കഴിഞ്ഞാൽ നമുക്ക് വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാനാകും. നമ്മുടെ ജീവിതരീതി മാറിയതനുസരിച്ചു ഹൃദയസ്തംഭനംപോലെയുള്ള സംഭവങ്ങൾ ഇന്ന് സർവസാധാരണമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ സി.പി.ആർ. (Cardiopulmonary Resuscitation)നാമെല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഹൃദയസ്തംഭനം ഉണ്ടാകുന്നതുമൂലം നമ്മുടെ വിവിധ അവയവങ്ങളിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് നിലയ്ക്കും. ഇങ്ങനെ സംഭവിച്ചാൽ ഏതാണ്ട് അഞ്ചുമിനിറ്റുമുതൽ എട്ടുമിനിറ്റിനുള്ളിൽത്തന്നെ തലച്ചോറിലേക്കുള്ള രക്തപ്രവാഹവും നിലയ്ക്കും. ഈ അവസ്ഥയ്ക്ക് മസ്തിഷ്കമരണം എന്നും പറയപ്പെടുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന മസ്തിഷ്കമരണം തടയാനുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാർഗമാണ് സി.പി.ആർ.
ചെയ്യുന്നതെങ്ങനെ?
1) വീണുകിടക്കുന്ന ആൾക്ക് ബോധമുണ്ടോ എന്ന് നോക്കുകയാണ് ആദ്യം വേണ്ടത്. ബോധമുണ്ടെങ്കിൽ വെള്ളവും ആവശ്യത്തിന് വിശ്രമവും നൽകിയതിനുശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകണം.
2) ബോധമില്ലെങ്കിൽ ഉടൻ ഹൃദയമിടിപ്പ് ഉണ്ടോയെന്നു പരിശോധിക്കണം. അതും ഇല്ലായെങ്കിൽ പെട്ടെന്നുതന്നെ സി.പി.ആർ. ചെയ്യാൻ തുടങ്ങുക.
3) ശരീരത്തിൽ എവിടെയെങ്കിലും സി.പി.ആർ. ചെയ്യാനാവില്ല. ഹൃദയവുമായി ബന്ധപ്പെട്ടുള്ളതായതിനാൽ നെഞ്ചുഭാഗത്ത് ആണ് സി.പി.ആർ ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ മൂക്കിന്റെ താഴേക്കുള്ള നേർരേഖയും, രണ്ട് മുലക്കണ്ണുംചേർത്ത് വരയ്ക്കുന്ന സാങ്കല്പികമായ ഒരു നേർരേഖയും സന്ധിക്കുന്ന ബിന്ദുവിലാണ് സി.പി.ആർ ചെയ്യേണ്ടത്. അതായത് നെഞ്ചിന്റെ കൃത്യം നടുക്ക്. ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ രണ്ടുകൈകളും വിരലുകൾകൊണ്ട് പിണച്ചുവച്ചതിനുശേഷം ശക്തിയായി അമർത്തണം. അഞ്ചുമുതൽ ഏഴു സെന്റിമീറ്റർ താഴ്ചയിലാവണം അമർത്തേണ്ടത്. ചെയ്യുമ്പോൾ നമ്മുടെ ഷോൾഡറുകൾ സി.പി.ആർ. ചെയ്യുന്ന ശരീരത്തിന്റെ 90 ഡിഗ്രിയിൽ തന്നെ നിലനിർത്തുകയും മുട്ടുകൾ മടക്കാതെയിരിക്കുകയുംവേണം.
4) മുപ്പതുതവണ അമർത്തിയതിനുശേഷം വായിലൂടെ രണ്ടുതവണ കൃത്രിമശ്വാസോച്ഛ്വാസം നൽകുക. കൃത്രിമശ്വാസോച്ഛ്വാസം നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അബോധാവസ്ഥയിലാവുമ്പോൾ ഒരാളുടെ നാവ് പിന്നോട്ടുവന്നു തൊണ്ട അടയുവാൻ സാധ്യതയുണ്ട്.
അതിനാൽ നാം കൊടുക്കുന്ന ശ്വാസം ഹൃദയത്തിലേക്ക് കിട്ടാതെവരും. അതുകൊണ്ട് ഒരുകൈ നെറ്റിയിൽ അമർത്തി, മറ്റേകൈയിലെ രണ്ടു വിരലുകൾ താടിയിൽ മുകളിലേക്കമർത്തി തല അല്പം മുകളിലേക്ക് ഉയർത്തി മൂക്ക് അടച്ചുപിടിച്ചുകൊണ്ടാണ് നൽകേണ്ടത്. അവരുടെ വായിൽനിന്ന് ഛർദിയോ, രക്തമോ വന്നിട്ടുണ്ടെങ്കിൽ ഒരു കർചീഫ് വെച്ചതിനുശേഷം അതിനുമുകളിലൂടെ ശ്വാസം നൽകുകയും വേണം. അത് അഞ്ചോ ആറോ തവണ ആവർത്തിക്കുക. അതിനുശേഷം വീണ്ടും നെഞ്ചിലേക്ക് നോക്കി ഹൃദയം മിടിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. അതിനുശേഷം എത്രയും പെട്ടെന്നുതന്നെ അവരെ ആശുപത്രിയിൽ എത്തിക്കുക. ഇത് പരിശീലിച്ചാൽ ആർക്കും ചെയ്യാനാകും.
ഡോ. അബേഷ് രഘുവരൻ,
അസിസ്റ്റന്റ് പ്രൊഫസർ. സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)
Content Highlights: vidya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..