.
ഒരിക്കൽ ഗലീലിയോ ഗലീലി പറഞ്ഞു, ‘പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത് ഗണിതവാക്കുകളിലാണ്’ എന്ന്. ഒരു ശാസ്ത്രകാരനെന്നോ, ഗണിതശാസ്ത്രജ്ഞനെന്നോ, ജ്യോതിശ്ശാസ്ത്രജ്ഞനെന്നോ ഒക്കെ വിളിക്കുമ്പോഴും ഗലീലിയോ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത് ഒരു യഥാർഥ പോരാളി എന്ന നിലയിലായിരുന്നു. താൻ മുന്നോട്ടുവെച്ച ശാസ്ത്രതത്ത്വത്തിൽ ഉറച്ചുനിന്നതിനാൽ വർഷങ്ങളോളം കൽത്തുറുങ്കിലും വീട്ടുതടങ്കലിലും കഴിയേണ്ടിവന്ന പ്രതിഭയായിരുന്നു ഗലീലിയോ. പിൽക്കാലത്ത് ആധുനികശാസ്ത്രത്തിന്റെ പിതാവ് എന്ന് അദ്ദേഹം അറിയപ്പെട്ടു.
ജീവിതയാത്ര
1564 ഫെബ്രുവരി 15-ന് ഇറ്റലിയിലെ പിസായിലാണ് ജനനം. സംഗീതജ്ഞൻ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പതിനഞ്ചുവയസ്സായപ്പോൾ പഠനത്തിനായി അദ്ദേഹത്തെ ഒരു ക്രിസ്ത്യൻ ആശ്രമത്തിൽ ചേർത്തു. അവിടെവെച്ച് ഗണിതവും ലാറ്റിൻഭാഷയും ഹൃദിസ്ഥമാക്കി.
പിതാവിന് അദ്ദേഹത്തെ ഡോക്ടറായി കാണാനായിരുന്നു ആഗ്രഹം. അതിനനുസരിച്ച് അവിടത്തെ പഠനശേഷം യൂണിവേഴ്‌സിറ്റി ഓഫ് പിസായിൽ വൈദ്യപഠനത്തിനായി ചേർത്തു. പക്ഷേ, ഗലീലിയോയ്ക്ക് താത്പര്യം ഫിലോസഫിയും ഗണിതശാസ്ത്രവുമായിരുന്നു. വൈദ്യപഠനം പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് ഗണിതത്തിൽ ബിരുദം നേടി. ഇരുപത്തിയഞ്ചാംവയസ്സിൽ അവിടത്തെ ഗണിതാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. മൂന്നുവർഷം അവിടെ ജോലിചെയ്തശേഷം യൂണിവേഴ്‌സിറ്റി ഓഫ് പഡുവയിൽ അധ്യാപകനായി. ആ അധ്യാപന ജീവിതത്തിൽ അദ്ദേഹത്തിന്റെ പല ഗവേഷണങ്ങളും ലോകത്തെ അദ്‌ഭുതപ്പെടുത്തി.
ചില വഴിത്തിരിവുകൾ
പള്ളിയിലെ പ്രാർഥനയിൽ ഏവരും മുഴുകിയിരുന്നപ്പോൾ ഗലീലിയോയുടെ കണ്ണുകൾ മുകളിലെ വൈദ്യുതവിളക്കുകളിലായിരുന്നു. അവ ഒരു പ്രത്യേകതാളത്തിൽ ആടിക്കൊണ്ടിരുന്നത് അദ്ദേഹം നിരീക്ഷിച്ചു. തന്റെ ഇടതുകൈത്തണ്ടയുടെ മുകളിൽ വിരലമർത്തിക്കൊണ്ടു അതിന്റെ വേഗവും ഹൃദയമിടിപ്പിന്റെ വേഗവും അളന്നു. സമയം അളക്കാൻ കഴിയുന്ന ഒരു യന്ത്രം കണ്ടെത്താൻ കഴിയുമെന്ന് അദ്ദേഹം അതിലൂടെ കണക്കുകൂട്ടി. അത് പിന്നീട് ക്ളോക്കുകളുടെ നിർമാണത്തിന് അടിത്തറപാകി.
അക്കാലത്ത് ആളുകൾ വിശ്വസിച്ചിരുന്നത് ഭാരംകൂടിയ വസ്തുക്കൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നു എന്നായിരുന്നു. എന്നാൽ, അദ്ദേഹം അതിനെ എതിർത്തു. ലോകം അദ്ദേഹത്തെ കളിയാക്കി. അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വ്യത്യസ്തഭാരത്തിലുള്ള രണ്ടുവസ്തുക്കളുമായി അദ്ദേഹം പിസാഗോപുരത്തിന്റെ മുകളിൽ കയറി. ആയിരങ്ങളെ സാക്ഷിനിർത്തിക്കൊണ്ട് അവയെ താഴേക്കിട്ടു. അവ ഒരേസമയമാണ് ഭൂമിയിൽ പതിച്ചത്. ഈ പരീക്ഷണത്തിലൂടെ അദ്ദേഹം അറിയപ്പെടുവാൻ തുടങ്ങി.
ഭൂമിയുടെ ആകൃതിയും
വീട്ടുതടങ്കലും
ഭൂമി ഉരുണ്ടതാണെന്ന് ആദ്യം ലോകത്തോട് വിളിച്ചുപറയുന്നത് അരിസ്റ്റാർക്കസ് എന്ന ജ്യോതിശ്ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെ ശരിവെക്കുന്ന രീതിയിലാണ് പിന്നീട് കോപ്പർനിക്കസും ഭൂമിയെപ്പറ്റി വെളിപ്പെടുത്തലുകൾ നടത്തിയത്. കോപ്പർനിക്കസ് മുന്നോട്ടുവച്ച സിദ്ധാന്തങ്ങൾക്ക് സമാനമായ കണ്ടുപിടിത്തങ്ങൾ പിന്നീടുണ്ടായത് ഗലീലിയോയുടെ ഭാഗത്തുനിന്നായിരുന്നു. ശാസ്ത്രത്തിനും ജ്യോതിശ്ശാസ്ത്രത്തിനും അദ്ദേഹം കൃത്യമായ ഒരു പാത തുറന്നുകൊടുത്തു. പക്ഷേ, അദ്ദേഹത്തിന്റെ പല വെളിപ്പെടുത്തലുകളും അന്നത്തെ ക്രൈസ്തവസഭയുടെ വിശ്വാസങ്ങൾക്കെതിരായിരുന്നു. അവർ ഗലീലിയോയെ തടവിലാക്കി. പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു ഭൂമിയാണെന്നും ചന്ദ്രനും മറ്റു നക്ഷത്രങ്ങളും ഭൂമിയെ പ്രദക്ഷിണം ചെയ്യുകയാണെന്നുമാണ് അന്ന് പരക്കേ വിശ്വസിച്ചിരുന്നത്. മതമേലധ്യക്ഷന്മാരും അങ്ങനെത്തന്നെ വിശ്വസിച്ചിരുന്നു. എന്നാൽ, ഭൂമി ഉരുണ്ടതാണെന്നും പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണെന്നുമുള്ള കോപ്പർനിക്കസിന്റെ തത്ത്വം ഗലീലിയോ ടെലസ്കോപ് ഉപയോഗിച്ചുള്ള തന്റെ നിരീക്ഷണങ്ങളിലൂടെ തെളിയിക്കുകകൂടി ചെയ്തതോടെ അദ്ദേഹം മതാധ്യക്ഷന്മാരുടെ കണ്ണിലെ കരടായി. ഗലീലിയോ ക്രൂരമർദനങ്ങൾക്കും കാരാഗൃഹവാസത്തിനും വിധേയനായി. ആ തടവിൽ കിടന്നുകൊണ്ടുതന്നെയാണ് അദ്ദേഹം മരിക്കുന്നതും.
ചരിത്രമായ ടെലസ്‌കോപ്
1608-ൽ ഡച്ച് കണ്ണടവ്യാപാരിയായ ഹാൻസ് ലിപ്പർഹിയാണ് ആദ്യമായി ദൂരദർശിനി നിർമിച്ചത്. എന്നാൽ, അതിന് വേണ്ടവിധം പ്രചാരം ലഭിച്ചില്ല. ആ കണ്ടുപിടിത്തം ഗലീലിയോയെ ആകർഷിക്കുകയും അദ്ദേഹം അതിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തുകയും ചെയ്‌തു. ഒരു കുഴലിൽ രണ്ടുലെൻസുകൾ നിശ്‌ചിത അകലത്തിൽവെച്ചുകൊണ്ടാണ് ഗലീലിയോ തന്റെ പ്രശസ്തമായ ദൂരദർശിനി നിർമിച്ചത്. നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത നക്ഷത്രങ്ങളുടെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ദൂരദർശിനിയിലൂടെ ലോകം കാണാൻതുടങ്ങി. അങ്ങനെ പല പ്രപഞ്ചസത്യങ്ങളും ഗലീലിയോയുടെ ടെലസ്കോപ്പിലൂടെ ലോകമറിഞ്ഞു. വ്യാഴത്തിനുചുറ്റും നാല് ഉപഗ്രഹങ്ങൾ സ്ഥിതിചെയ്യുന്നുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. കൂടുതൽ പരീക്ഷണങ്ങളിലൂടെ അദ്ദേഹം തന്റെ ടെലസ്കോപ്പിനെ കൂടുതൽ മികവുള്ളതാക്കി മാറ്റുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..