ഒരു അപകടമുണ്ടായാൽ ചെയ്യേണ്ടകാര്യങ്ങളെക്കുറിച്ചു നാമെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ആദ്യം ചെയ്യേണ്ടത് ഒരു ആംബുലൻസ് വിളിക്കുക എന്നതാണ്. അപകടങ്ങളിൽ പലപ്പോഴും മരണകാരണമാകുന്നത് മസ്തിഷ്കമരണമാണ്. അതിനുപിന്നിൽ ഓക്സിജൻ, രക്തം, ഛർദി എന്നീ മൂന്നുകാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്.അപകടം നടന്ന് അബോധാവസ്ഥയിലാകുമ്പോൾ ഒരാളുടെ നാവ് അകത്തേക്ക് വലിയുകയും ഓക്സിജന്റെ സഞ്ചാരപാതയിൽ തടസ്സം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. അത്തരത്തിൽ അവ അടഞ്ഞുപോകുമ്പോൾ ഓക്സിജന് ശരീരത്തിൽ കടക്കാൻ കഴിയാതെ വരുകയും തലച്ചോറിലേക്ക് ഓക്സിജൻ എത്താതിരിക്കുകയും ചെയ്യുന്നു. അത്തരം സന്ദർഭങ്ങളിൽ രണ്ടുവിരലുകൾ അപകടം പറ്റിയ ആളുടെ താടിയിൽ വെച്ച് തല മുകളിലേക്ക് ഉയർത്തുക. ഇത് ചെയ്യുന്നതുവഴി നാവ് പിറകിലേക്ക് ഇറങ്ങി ശ്വാസം പോകുന്ന വഴി അടയാതെയിരിക്കുന്നു.
രണ്ടാമതായി രക്തം വാർന്നുപോകുന്നത് തടയുക എന്നതാണ്. അപകടമുണ്ടാകുമ്പോൾ അനിയന്ത്രിതമായി രക്തം നഷ്ടപ്പെടുകയും രക്തം തലച്ചോറിലേക്ക് എത്താത്തതുമൂലം ബ്രെയിൻ ഇഞ്ചുറി ഉണ്ടാകുകയും ചെയ്യും. ഇവിടെ എന്തെങ്കിലും തുണിയോ, പ്ലാസ്റ്ററോ ഉപയോഗിച്ച് മുറിവുള്ള ഭാഗത്ത് അമർത്തിപ്പിടിക്കുകയോ, തുണിയോ, ബാൻഡേജോ ഉപയോഗിച്ച് മുറുക്കിക്കെട്ടുകയോ ചെയ്ത് രക്തം നഷ്ടപ്പെടുന്നത് തടയുക.
അടുത്തതായി ഛർദിയാണ്. തലയ്ക്ക് പരിക്കേറ്റ ചിലർ ഉടൻതന്നെ ഛർദിക്കാറുണ്ട്. ഇത്തരത്തിൽ ഛർദിക്കുമ്പോൾ രോഗിയുടെ കിടപ്പിന്റെയും മറ്റും രീതിയനുസരിച്ച് ശരീരത്തിന്റെ പുറത്തേക്കുവരാതെ ശ്വാസകോശത്തിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. അത് ശ്വാസതടസ്സത്തിലേക്ക് വഴിവെക്കുകയും ചെയ്യും. അതും ആത്യന്തികമായി തലച്ചോറിനെ ബാധിക്കും. ഇത്തരത്തിൽ രോഗികളുടെ ഛർദി ശ്വാസകോശത്തിലേക്ക് കടക്കാതിരിക്കാൻ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ രോഗിയെ കിടത്തുക. അതുവഴി ഛർദി ഉണ്ടായാലും അവ ശ്വാസകോശത്തിൽ കടക്കാതെ സൂക്ഷിക്കാം. അപകടം പറ്റിക്കിടക്കുന്ന ആളെ എഴുന്നേൽപ്പിച്ച് നിർത്താൻ ശ്രമിക്കരുത്. കാരണം എല്ലുകൾ പൊട്ടിയിട്ടുണ്ടെങ്കിൽ അത് ശരീരത്തിൽ തുളച്ചുകയറാനിടയാക്കും.ഈ കാര്യങ്ങൾ ചെയ്താൽ പരിക്ക് പരമാവധി കുറയ്ക്കാനാകും. ഇത്രയും ചെയ്തതിനുശേഷം ഉടൻതന്നെ ആംബുലൻസിൽ രോഗിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യണം.
ഡോ. അബേഷ് രഘുവരൻ,
അസിസ്റ്റന്റ് പ്രൊഫസർ. സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി,
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..