ബഹിരാകാശത്തെത്തിയ ആദ്യത്തെ മൃഗം ഏതാണെന്ന് കൂട്ടുകാർക്കറിയാമോ? അതൊരു നായയാണ്. പേര് ‘ലെയ്‌ക’. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അവളുടെ ഓർമദിവസമാണ് നവംബർ ഏഴ്. ആരാണ് ലെയ്‌കയെ ബഹിരാകാശത്തേക്കയച്ചത്?
സോവിയറ്റ് യൂണിയൻതന്നെ.
‘സ്പുട്നിക്-2’
1917-ലായിരുന്നല്ലോ റഷ്യൻ വിപ്ളവം. വിപ്ലവത്തിന്റെ 40-ാംവാർഷികത്തിൽ 1957-ൽ റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് നികിത ക്രുഷ്‌ചേവിന്റെ അഭ്യർഥനപ്രകാരമാണ് സോവിയറ്റ് റഷ്യ ബഹിരാകാശത്തേക്ക് ‘സ്പുട്നിക്-2’ ഒരു ജീവിയുമായി വിക്ഷേപിക്കാൻ പദ്ധതിയിട്ടത്. സ്പുട്നിക് ഒന്നിനെക്കാൾ ആറുമടങ്ങോളം ഭാരമേറിയ സ്പുട്നിക്-2 അങ്ങനെ സുന്ദരിയായ ഒരു നായയുമായി ബഹിരാകാശത്തേക്ക് കുതിക്കാൻ തയ്യാറായി.
‘കുദ്രിയാവ്‌ക’എന്ന ലെയ്‌ക
കുറഞ്ഞഭാരവും അനുസരണശീലവും കൂടുതൽ പെൺനായകൾക്കായിരിക്കും എന്നതുകൊണ്ടാണ് ഒരു പെൺനായയെ തിരഞ്ഞെടുത്തത്. പ്രതികൂലസാഹചര്യങ്ങൾ നന്നായി മറികടന്ന രണ്ട് നായകൾ തിരഞ്ഞെടുക്കപ്പെട്ടു. ‘കുദ്രിയാവ്‌ക’ എന്ന കുറിയ നായയും വെളുത്ത ‘ആൽബിന’യും. രണ്ടുപേരുടെ ശരീരത്തിലും ശസ്ത്രക്രിയനടത്തി മർദം അളക്കുന്നതിനുള്ള ഉപകരണങ്ങൾ ഘടിപ്പിച്ച് പരീക്ഷണങ്ങൾ നടത്തി. ആൽബിനയായിരുന്നു മിടുക്കിയെങ്കിലും ആയിടയ്ക്ക് രണ്ടു പട്ടിക്കുഞ്ഞുങ്ങൾക്ക് ജന്മംനൽകിയ മാതാവ് എന്ന പരിഗണന അവൾക്ക് ലഭിച്ചു. ഒടുവിൽ ‘കുദ്രിയാവ്‌ക’ ബഹിരാകാശത്തേക്കുള്ള ആദ്യത്തെ ജീവനായി തിരഞ്ഞെടുക്കപ്പെട്ടു. അവൾക്ക് ശാസ്ത്രജ്ഞന്മാർ പുതിയ പേരും നൽകി-‘ലെയ്‌ക’
റോക്കറ്റ് വിക്ഷേപിക്കുന്നതിന് മൂന്നുദിവസങ്ങൾക്കു മുൻപുതന്നെ ലെയ്‌ക തന്റെ പേടകത്തിൽ കയറി. ഒന്ന് അനങ്ങാൻപോലും കഴിയാത്ത, കുറച്ചു ഇഞ്ചുകൾമാത്രം സ്ഥലമുള്ള, സെൻസറുകൾ ഘടിപ്പിച്ച, സാനിറ്റേഷൻ സൗകര്യങ്ങളുള്ള അല്പം വലിയൊരു കിളിക്കൂടുപോലെതോന്നിച്ച പേടകം. ലെയ്‌കയെ കുളിപ്പിച്ച് രോമങ്ങൾ ഭംഗിയായി ചീകിയൊതുക്കി. ശ്രദ്ധാപൂർവം അവളുടെ ശരീരത്തിൽ പലയിടത്തും ഇലക്‌ട്രോഡുകൾ ഘടിപ്പിച്ചു. അവളുടെ ജീവൻ നിലനിർത്തുന്നതിനുള്ള ഉപകരണങ്ങൾ ചുറ്റിലുമുണ്ടായിരുന്നു. പ്രത്യേകമായി രൂപകല്പനചെയ്ത പുറംചട്ടയണിഞ്ഞ് ലെയ്‌കയെ പേടകത്തിലിരുത്തി. അവൾക്കുള്ള ഭക്ഷണവും വെള്ളവും അതിൽ കരുതിയിരുന്നു. നവംബർ മൂന്നിന് പുലർച്ചെ 5.30-ന് സ്പുട്നിക്-2 പറന്നുയർന്നു.
പേടകത്തിലെ ചൂടും മർദവും കൂടിയതിനാലാവാം, അവളുടെ ഹൃദയമിടിപ്പും രക്തമർദവും മൂന്നിരട്ടിവരെയായി. പിന്നീടുണ്ടായതിൽ വ്യക്തതയില്ല. പേടകത്തിലെ താപനില 90 ഡിഗ്രിയോളം ഉയർന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടുതന്നെ ലെയ്‌ക അത് അതിജീവിച്ചിരിക്കാൻ വഴിയില്ല. നവംബർ ഏഴിനായിരിക്കാം ലെയ്‌ക മരിച്ചതെന്ന് കരുതുന്നു. ലെയ്‌കയുടെ മരണശേഷവും സ്പുട്നിക്-2 ഭൂമിയെ ചുറ്റിക്കൊണ്ടിരുന്നു. 163 ദിവസത്തെ കറക്കത്തിനൊടുവിൽ 1958 ഏപ്രിലിൽ അത് കത്തിനശിച്ചു.
ലോകത്തിന്റെ നൊമ്പരം
ലെയ്‌ക പിന്നീടെന്നും മൃഗസ്നേഹികളുടെ ഉള്ളിലെ എരിയുന്ന കനലായി അവശേഷിക്കുകയാണ്.
ലോകത്താകെ ഗായകർ അവൾക്കായി ഗാനങ്ങൾ ആലപിച്ചു, പ്രശസ്തരായ ധാരാളം എഴുത്തുകാരുടെ രചനകളിൽ ലെയ്‌ക പ്രധാനകഥാപാത്രമായി. അവസാനയാത്രയ്ക്ക് 40 വർഷത്തിനുശേഷം 1997-ൽ മോസ്കോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഏവിയേഷൻ ആൻഡ് സ്പേസ് മെഡിസിൻ ഒരു ഫലകം പുറത്തിറക്കി. ആ ഫലകത്തിൽ മാനത്തേക്കുയർത്തിയ ചെവികളുമായി നിൽക്കുന്ന ഒരു പട്ടിക്കുട്ടിയുടെ ചിത്രമുണ്ട്. മനുഷ്യരാശിയുടെ ശാസ്ത്രപുരോഗതിക്കായി ഉയരങ്ങൾ കീഴടക്കിയെങ്കിലും സ്വയം എരിഞ്ഞടങ്ങിയ ലെയ്‌ക എന്ന നായയുടെ ചിത്രം. 2008-ൽ റഷ്യ ലെയ്‌കയോടുള്ള ആദരസൂചകമായി മോസ്കോയിൽ അവളുടെ ഒരു പ്രതിമ സ്ഥാപിച്ചു.
Content Highlights: vidya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..