.
ബ്രഹ്മപുരത്തെ മാലിന്യസംസ്കരണപ്ലാന്റിന് തീപിടിച്ചതും അതുമായി ബന്ധപ്പെട്ടുണ്ടായ പൊല്ലാപ്പുകളും കൂട്ടുകാർ അറിഞ്ഞിരിക്കുമല്ലോ. മാലിന്യസംസ്കരണപ്ലാന്റ് എങ്ങനെ നന്നായി പ്രവർത്തിപ്പിക്കാം എന്ന ചർച്ചകൾമാത്രമാണ് അതിനുശേഷം നടക്കുന്നത്. മാലിന്യപ്രശ്നത്തിന്റെ ശാശ്വതപരിഹാരം ഉറവിടങ്ങളിൽത്തന്നെ അവ സംസ്കരിക്കുക എന്നതാണ്. അതിന്റെ ആദ്യപടിയെന്നോണം വീടുകളിൽത്തന്നെ ചെയ്തുനോക്കാവുന്ന ഒരു കമ്പോസ്റ്റ് രീതി പരീക്ഷിച്ചാലോ?
ഈ ജൈവവളം നിർമിക്കുന്നതിനായി ആദ്യമായിവേണ്ടത് ഒരു വലിയബക്കറ്റാണ്. ആദ്യം അതിലേക്ക് അല്പം മണ്ണോ, ചകിരിച്ചോറോ ഇടുക. അതിനുമുകളിൽ കുറച്ചുപേപ്പറുകൾ ചെറുതായി കീറിയിടുക. അധികമായിവരുന്ന ജലാംശം വലിച്ചെടുക്കാനും കാർബണിന്റെ സാന്നിധ്യം ഉറപ്പുവരുത്താനുംവേണ്ടിയാണ് കടലാസ് കഷണങ്ങൾ. ഇനി അതിന്റെ മുകളിലേക്ക് കുറച്ച് ഉണങ്ങിയ കരിയിലകൾ നിരത്താം. പലരും കരിയിലകൾ കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. എന്നാൽ, ഇതുപോലും പരിസ്ഥിതിക്ക് ദോഷകരമാണെന്ന വസ്തുത നാം അറിഞ്ഞിരിക്കണം. അവ നിരത്തിയതിന്റെ മുകളിലേക്ക് നമ്മുടെ വീട്ടിലുണ്ടാകുന്ന അടുക്കളമാലിന്യം കഴിവതും അരിഞ്ഞു ചെറുതാക്കിയ രീതിയിൽ ഇടുക.
ഇതിനുമുകളിലാണ് പ്രധാനപ്പെട്ട ഒരിനം ചേർക്കേണ്ടത്. അവിടെയാണ് നമ്മുടെ ജൈവവളനിർമാണത്തിന്റെ ശാസ്ത്രം ഒളിഞ്ഞിരിക്കുന്നത്. അല്പം ശർക്കരകലക്കിയ വെള്ളമോ, തൈരോ, പച്ചച്ചാണകമോ ആണ് ഏറ്റവുംമുകളിൽ നിക്ഷേപിക്കേണ്ടത്. ശർക്കരപ്പാനി കമ്പോസ്റ്റിങ് നടത്തുന്ന സൂക്ഷ്മജീവികൾക്ക് വളരാൻ സഹായിക്കുന്ന ഒരു മാധ്യമമാണ്. ജൈവവളനിർമാണത്തിൽ സൂക്ഷ്മജീവികളുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണല്ലോ. അതുപോലെത്തന്നെയാണ് തൈരും ചാണകവും. ഇവയിലെല്ലാം നമുക്ക് ഉപയോഗപ്രദമായതും ജൈവവിഘടനത്തിന് ആവശ്യമായതുമായ സൂക്ഷ്മജീവികൾ അടങ്ങിയിട്ടുണ്ട്.
ഇത്രയുമായതിനുശേഷം ആ ബക്കറ്റ് ഒരു അടപ്പുപയോഗിച്ച് അടച്ചുവെക്കുക. മഴപെയ്തു വെള്ളം നിറയാനോ, അമിതമായ വെയിൽകൊണ്ട് വരണ്ടുപോകാനോ അനുവദിക്കരുത്. അഞ്ചോ ആറോ ദിവസങ്ങൾ കൂടുമ്പോൾ അവ ഇളക്കിക്കൊടുക്കുക. നാല്പത്തഞ്ചുദിവസത്തിനുശേഷം പോഷകസമ്പുഷ്ടമായ ജൈവവളം തയ്യാറാവുന്നത് കാണാം.
മാതൃകാ വ്യവസായശാല
ഒരുകാര്യം പ്രത്യേകമായി ശ്രദ്ധിക്കണം. പാകംചെയ്ത ഭക്ഷണാവശിഷ്ടം, ഉദാഹരണത്തിന് മീൻ, ഇറച്ചി എന്നിവയുടെ അവശിഷ്ടം ഇടാതിരിക്കുക. കാരണം, അവയിലുള്ള എരിവ്, പുളി എന്നിവ കമ്പോസ്റ്റിങ് ചെയ്യുന്ന സൂക്ഷ്മജീവികൾക്ക് ദോഷകരമാണ്. മാത്രമല്ല, അവ അഴുകുമ്പോൾ ദുർഗന്ധവും ഉണ്ടാകാം. ഭക്ഷണസാധനം ആവശ്യത്തിനുമാത്രം ഉണ്ടാക്കി, ബാക്കിവെക്കാതെ കഴിച്ചാൽ ഈ പ്രശ്നവും പരിഹരിക്കാം. അവശേഷിക്കുന്ന മീനിന്റെ മുള്ളും ഇറച്ചിയുടെ എല്ലുമൊക്കെ കഴുകി മറ്റൊരുപാത്രത്തിൽ ഇട്ടുവെച്ചാൽ കുറേദിവസത്തിനുശേഷം അവയും പൊടിഞ്ഞുവളമാകും. എല്ലുപൊടിയുടെയും മീൻവളത്തിന്റെയും പോഷകഗുണവും നമുക്കറിയാമല്ലോ.
ഒരുതവണ ഇങ്ങനെചെയ്യാൻ കഴിയും, എന്നാൽ, എല്ലാദിവസവും അടുക്കളയിൽ വേസ്റ്റുണ്ടാകുമ്പോൾ ഇതെങ്ങനെ ഉപയോഗപ്രദമാക്കാം?. അതിനുള്ള ഉത്തരം നിങ്ങൾതന്നെ ഒരു കമ്പോസ്റ്റ് കലണ്ടർ ഉണ്ടാക്കുക എന്നതാണ്. അതിനനുസരിച്ച് ആവശ്യമായ ബക്കറ്റുകൾ നിരത്തിവെച്ച് ജൈവവളം നിർമിക്കാം. ഉദാഹരണത്തിന് അടുക്കളയിലെ വേസ്റ്റ് ബിന്നിൽ പച്ചക്കറിവേസ്റ്റ് നിക്ഷേപിക്കാം. രണ്ടോ മൂന്നോ ദിവസമാകുമ്പോൾ അതുവരെയുള്ള മാലിന്യം ഒരുമിച്ച് ചെറിയ ബക്കറ്റിലേക്ക് മാറ്റാം. അതായത്, ഒരുമാസത്തേക്ക് ഏതാണ്ട് 10 ബക്കറ്റ് ജൈവവളം ഒരേസമയം നിറയ്ക്കാം. 45 ദിവസത്തിനുശേഷം ഓരോന്നെടുത്ത് ചെടികൾക്കും പച്ചക്കറികൾക്കും ഇടാവുന്നതുമാണ്. അത്തരത്തിൽ ആദ്യത്തെ ബക്കറ്റ് കാലിയാകുമ്പോൾ കമ്പോസ്റ്റിങ് പ്രക്രിയ പഴയതുപോലെ തുടരാവുന്നതുമാണ്. ഫലത്തിൽ നമ്മുടെ വീട് ജൈവവളം ഉത്പാദിപ്പിക്കുന്ന ഒരു ചെറിയ വ്യവസായശാലയാക്കി മാറ്റിയെടുക്കാം.
ഡോ. അബേഷ് രഘുവരൻ
അസിസ്റ്റന്റ് പ്രൊഫസർ. സെന്റർ ഫോർ
സയൻസ് ഇൻ സൊസൈറ്റി,
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ്
ആൻഡ് ടെക്നോളജി (കുസാറ്റ്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..