സ്‌​പെയ്‌സ്‌ സ്യൂട്ടണിയാതെ ബഹിരാകാശത്ത്‌ പോയാൽ?


2 min read
Read later
Print
Share

ബഹിരാകാശയാത്രികർ സ്‌​പെയ്‌സ്‌ സ്യൂട്ട് ധരിച്ചില്ലെങ്കിൽ എന്തുസംഭവിക്കും? ആ സ്യൂട്ടിനെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം

നാസയുടെ ‘ജെമിനി’ എന്ന പ്രോജക്ടിനുവേണ്ടിയാണ് ബഹിരാകാശത്ത്‌ ഉപയോഗിക്കാവുന്ന ആദ്യത്തെ സ്‌പെയ്‌സ്‌ സ്യൂട്ട് ഉണ്ടാക്കിയത്.
അഡ്വാൻസ്ഡ് ക്രൂ എസ്കേപ്പ്‌ സ്യൂട്ട് (Advanced Crew Escape Suit (ACES))
ബഹിരാകാശവാഹനത്തിന്റെ ഉള്ളിലുള്ളപ്പോൾമാത്രം ഉപയോഗിക്കുന്ന വസ്ത്രമാണിത്. സാധാരണ രണ്ടുസന്ദർഭങ്ങളിലാണ് ഈ വസ്ത്രം ധരിക്കുന്നത്. ഒന്ന്‌, ബഹിരാകാശവാഹനം ഭൂമിയിൽനിന്ന് പുറപ്പെടുമ്പോൾ. രണ്ട്‌, അവ ഭൂമിയിലേക്ക് എത്തിച്ചേരുമ്പോൾ. ഈ രണ്ടു സന്ദർഭങ്ങളിലുമാണ് കൂടുതൽ അപകടസാധ്യതയുള്ളത്. അപകടമുണ്ടായാലും കൂടുതൽ പരിക്കുകളുണ്ടാവാതിരിക്കാനുള്ള സജ്ജീകരണങ്ങൾ ഓറഞ്ചുനിറമുള്ള ഈ വസ്ത്രത്തിലുണ്ട്. സുരക്ഷിതമായി ഇറങ്ങാനാവശ്യമായ പാരച്യൂട്ട്, അധികൃതരുമായി ബന്ധപ്പെടാൻ റേഡിയോ, ഫസ്റ്റ് എയ്ഡ് കിറ്റുകൾ, മരുന്നുകൾ, ഗ്ലൗസുകൾ, വ്യത്യസ്തരീതിയിലെ ലൈറ്റുകൾ തുടങ്ങിയ സാമഗ്രികൾ അതിലുണ്ടാകും.
എക്സ്ട്രാ വെഹിക്കുലാർ ആക്ടിവിറ്റി സ്യൂട്ട് (Extra Vehicular Activity (EVA) Suit)
യാത്രയിൽ ഓറഞ്ച് സ്യൂട്ടാണ് ഉപയോഗിച്ചതെങ്കിൽ ബഹിരാകാശത്തിറങ്ങുമ്പോൾ വെള്ളവസ്ത്രമാണ് ധരിക്കുന്നത്. ഇത് വെള്ളനിറത്തിലാക്കാനുള്ള പ്രധാനകാരണം സൂര്യന്‍റെ കഠിനമായ ചൂട് ഒരുപരിധിവരെ ഒഴിവാക്കാനാണ്. ബഹിരാകാശത്തെ ഇരുണ്ട അന്തരീക്ഷത്തിൽ പെട്ടെന്ന് തിരിച്ചറിയാനും കണ്ടുപിടിക്കാനും ഉപകരിക്കുമെന്നതാണ് മറ്റൊരുകാരണം.
സ്‌​പെയ്‌സ്‌ എക്സ്‌-
‘ഡ്രാഗൺ സ്‌പേസ് സ്യൂട്ട്’
സ്‌​പെയ്‌സ്‌ എക്സ്‌ എന്ന ആഗോള ഭീമൻകമ്പനി കൂടുതൽ ആധുനികമായ സ്പേസ്‌ സ്യൂട്ട് നിർമിക്കാനുള്ള ശ്രമത്തിലാണ്. ഹോളിവുഡ് സൂപ്പർഹീറോ കോ
സ്റ്റ്യൂം ഡിസൈനറായ ജോസ് ഫെർണാണ്ടസ് ആണ് ഇത് രൂപകല്പന ചെയ്തത്. ‘ഡ്രാഗൺ സ്‌​പെയ്‌സ്‌ സ്യൂട്ട്’ എന്നാണ് പേരിട്ടിരിക്കുന്നത്.
സ്‌​പെയ്‌സ്‌ സ്യൂട്ട് നിർമാണം
ബഹിരാകാശത്തിലായാലും സ്യൂട്ടിനുള്ളിൽ ഭൂമിയിലെ അന്തരീക്ഷം ഒരുക്കുകയാണ് സ്‌​പെയ്‌സ്‌ സ്യൂട്ട് നിർമാണത്തിലൂടെ ചെയ്യുന്നത്. ശരീരം മുഴുവൻ നീളുന്ന ഒരുവസ്ത്രം ധരിക്കുകയാണ് ആദ്യപടി. അതിനുപുറത്തുകൂടി ചെറിയ കുഴലുകൾ ഘടിപ്പിച്ചിരിക്കുന്നു. അതിലൂടെ എപ്പോഴും തണുത്തവെള്ളം ഒഴുകിക്കൊണ്ടിരിക്കും. ഇതിനുമുകളിലാണ് പ്രധാന ജാക്കറ്റ്. ഈ ജാക്കറ്റിൽ 11 പാളികളുണ്ട്. ഇതാണ് ശരീരത്തിന്റെ രക്തസമ്മർദത്തെ നിയന്ത്രിക്കുന്നത്. ഹെൽമെറ്റാണ് അടുത്തത്. ഹെൽമെറ്റിലുള്ള വാർത്താവിനിമയ സിസ്റ്റമാണ് ഭൂമിയിലുള്ള സ്‌​പെയ്‌സ്‌ സ്റ്റേഷനുമായുള്ള ആശയവിനിമയം സാധ്യമാക്കുന്നത്. പ്രധാനമായും ഇതിൽ ഒരു ഹെൽമെറ്റും ഒരു വൈസറുമാണുള്ളത്. വൈസറിൽ ആദ്യത്തെ ഒരു ഗ്ലാസ് ഷീറ്റ്, പിന്നീട് സൂര്യനിൽനിന്നുള്ള പ്രകാശം അധികമായാൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു സ്വർണത്തിന്റെ ഷീറ്റ് എന്നിവയുണ്ട്. അതിൽത്തന്നെ ക്യാമറ സിസ്റ്റവും ഇരുട്ടിൽ ഉപയോഗിക്കാനായി രണ്ടു ലൈറ്റുമുണ്ട്. അതിനൊപ്പം വായയുടെ തൊട്ടുമുമ്പിലുള്ള കുഴലിലൂടെ ഏതുസമയവും വെള്ളം കുടിക്കാനുമാകും.
ഇതിനൊപ്പം പിറകിൽ ചെറിയൊരു ബാഗുമുണ്ട്. ഏഴുമണിക്കൂറോളം ശ്വസിക്കാൻ കഴിയുന്ന ഓക്സിജൻ അതിൽ നിറയ്ക്കാം. കൂടാതെ, നിശ്വാസവായുവിലെ കാർബൺ ഡയോക്സൈഡിനെ ഫിൽറ്റർചെയ്യാനുള്ള സിസ്റ്റവുമുണ്ട്‌. പുറമേ ആശയവിനിമയത്തിനുള്ള ഉപകരണങ്ങളും അതിൽ വെക്കാറുണ്ട്. ബഹിരാകാശയാത്രികർ ധരിക്കുന്നത് വെറും
ജാക്കറ്റ് മാത്രമല്ലെന്ന് മനസ്സിലായിക്കാണുമല്ലോ.
ഇനി നമ്മുടെ ചോദ്യത്തിലേക്ക് തിരിച്ചുവരാം. സ്‌​പെയ്‌സ്‌ സ്യൂട്ട് ഇല്ലാതെ ബഹിരാകാശത്ത്‌ എത്തിയാൽ എന്തുസംഭവിക്കും? ബഹിരാകാശത്ത്‌ ഓക്സിജൻ ഇല്ലെന്ന്‌ നമുക്കറിയാം. അങ്ങനെ ഓക്സിജൻ തീരെ ഇല്ലാത്തിടത്തുചെല്ലുമ്പോൾ നമ്മുടെ ശ്വാസകോശത്തിൽ ഏതാനും സെക്കൻഡ് ഉപയോഗിക്കാനുള്ള ഓക്സിജൻമാത്രമേ ഉണ്ടാവുകയുള്ളൂ. അതായത്, സെക്കൻഡുകൾക്കുള്ളിൽത്തന്നെ തലച്ചോർ ഓക്സിജൻ ഇല്ലാതെ അബോധാവസ്ഥയിലേക്ക് പോകും.
സ്യൂട്ടില്ലാതെ ബഹിരാകാശത്തിറങ്ങിയാൽ ആ നിമിഷം നമ്മുടെ ശരീരത്തിലെ രക്തമുൾപ്പെടെ ദ്രാവകാവസ്ഥയിലുള്ളവയെല്ലാം തിളയ്ക്കുന്നതുപോലെയാവും. അതിന്റെ ഫലമായി ശരീരത്തിലെ കോശങ്ങൾ വികസിക്കുകയും തൊലി വീർക്കുകയും ചെയ്യും. ‘എബുലിസം’ (EBULLISM) എന്നാണ് ആ പ്രക്രിയയെ പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ സ്‌​പെയ്‌സ്‌ സ്യൂട്ടില്ലാതെ ബഹിരാകാശത്ത് ഒരു മിനിറ്റുപോലും ബോധത്തോടെ തുടരാനാവില്ല.

Content Highlights: vidya

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..