മരിയാന ട്രഞ്ച് - വിസ്മയങ്ങളുടെ കടലാഴം


ഡോ. അബേഷ് രഘുവരൻ 

2 min read
Read later
Print
Share

അദ്‌ഭുതംപേറുന്ന ഇടങ്ങൾ

.

ഏതാണ്ട് എല്ലാകടലുകളുടെയും അടിത്തട്ടിലെ രഹസ്യങ്ങൾ തിരയാൻ ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആഴം, അവിടെയുള്ള ജീവജാലങ്ങൾ, അവയുടെ പ്രത്യേകതകൾ എല്ലാം വ്യത്യസ്തം. ഭൂമിയിലെ ഏറ്റവും ആഴമുള്ള സ്ഥലമാണ്‌ മരിയാന ട്രഞ്ച്‌.

എവിടെ?
പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ മരിയാന ദ്വീപുകളുടെ കിഴക്ക് 200 കിലോമീറ്റർ അകലെയാണ്‌ മരിയാന ട്രഞ്ച്‌. ഫിലിപ്പീൻസിനും അമേരിക്കയ്ക്കും ഇടയിലായി ഒരു ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഇതിന്‌ ഏകദേശം 2550 കിലോമീറ്റർ നീളവും 69 കിലോമീറ്റർ വീതിയുമുണ്ട്. സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 11,000 മീറ്റർ (11 കിലോമീറ്റർ) ആഴത്തിൽ സ്ഥിതിചെയ്യുന്ന ട്രഞ്ചിനടിയിലെ മർദ്ദം ഏകദേശം 1086 ബാർസ് (Bars) ആണ്. സമുദ്രത്തിനടിയിലേക്ക് സൂര്യപ്രകാശത്തിന് കടന്നുചെല്ലാൻ കഴിയുന്ന ദൂരം 1000 മീറ്റർമാത്രമാണ് എന്നോർക്കുക. ബാക്കി പത്തുകിലോമീറ്റർ അഗാധമായ ഇരുട്ടാണ് എന്നർഥം. ലോകത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം 8849 മീറ്ററാണ്.
മരിയാന ട്രഞ്ചിലേക്ക് ആദ്യം
മരിയാന ട്രഞ്ചിലേക്ക് ആദ്യമായി മനുഷ്യർ ചെന്നെത്തിയത് 1960 ജനുവരി 23-നാണ്‌. ട്രിയാസ്റ്റ് (TRIESTE) എന്ന സ്വിസ് ഡിസൈൻഡ് ഇറ്റാലിയൻ മുങ്ങിക്കപ്പലിലായിരുന്നു അത്‌. ജാക്വസ് പിക്കാർഡ് (JACQUES PICCARD) എന്ന സ്വിസ് ഓഷ്യാനോഗ്രാഫറും യു.എസ്. നേവിയിലെ ലെഫ്റ്റനന്റ് ഡോൺ വാൽഷുമാണ് (DON WALSH) ചലഞ്ചർ ഡീപ്പ് എന്നറിയപ്പെടുന്ന ട്രഞ്ചിന്റെ ആഴങ്ങളിലേക്ക് ആദ്യംചെന്നെത്തിയത്. അഞ്ചുമണിക്കൂർ ചെലവഴിച്ചാണ് അവർ അവിടെയെത്തിയത്. ഏകദേശം 20 മിനിറ്റുമാത്രമേ അവർക്കവിടെ ചെലവഴിക്കാൻ കഴിഞ്ഞുള്ളൂ. ഫോട്ടോയെടുക്കാൻപോലും സാധിച്ചില്ല. അവിടെ ഒരു സെന്റീമീറ്ററോളം വലുപ്പമുള്ള സീനോഫയോഫോറസ് എന്ന അമീബകളെ കണ്ടെത്തുകയുണ്ടായി.
2012-ൽ അവിടെ ഒരുതരം കക്കകൂടി കണ്ടെത്തി. സൂര്യപ്രകാശമെത്താത്ത 1086 ബാർസ് മർദ്ദമുള്ള ആഴങ്ങളിലും ജീവന്റെ ചില തുടിപ്പുകൾ അവ്യക്തമായെങ്കിലും കണ്ടത്രേ.

ആഴങ്ങളിലെ
രഹസ്യംതേടി
മരിയാന ട്രഞ്ചിന്റെ ആഴമളക്കാനും അവിടത്തെ ജീവനെക്കുറിച്ചുപഠിക്കാനും ചില ശ്രമങ്ങൾ നടന്നിട്ടുണ്ട്. 1875-ൽ എച്ച്.എം.എസ്. ചലഞ്ചർ എന്ന ബ്രിട്ടീഷ് കപ്പലാണ് ആദ്യമായി ഇതിന്റെ ആഴമളക്കുന്നതിനായി പുറപ്പെട്ടത്. അതിനായി അവർ ഉപയോഗിച്ചത് സൗണ്ടിങ് റോപ്പ് എന്നരീതിയാണ്. അതായത്, ഒരു കയറിന്റെ അറ്റത്ത് ലെഡ് കൊണ്ടുള്ള ഭാരം സ്ഥാപിച്ച് അത് കടലിലേക്ക് ഇറക്കിയാണ് അവർ ആഴമളന്നത്. അന്ന് എട്ടുകിലോമീറ്ററുകൾ എന്നാണ് കണ്ടെത്തിയത്.
1951-ൽ എച്ച്.എം.എസ്. ചലഞ്ചർ II അതേ ദൗത്യമേറ്റെടുത്തു. അതിനായി അവരുപയോഗിച്ചത് എക്കോ സൗണ്ടർ ടെക്‌നോളജിയായിരുന്നു. അന്ന് ആഴം ഏകദേശം 11000 മീറ്ററാണെന്ന് കണ്ടെത്തി.

ഡോ. അബേഷ് രഘുവരൻ
അസിസ്റ്റന്റ്‌ പ്രൊഫസർ
സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി,
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)

Content Highlights: vidya

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..