ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു ജനിക്കുന്നത് 1978 ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലാണ്. ലോകത്തെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു ജൂലായ് 25-ന് ബ്രിട്ടനിൽ ജനിച്ച് 68 ദിവസങ്ങൾക്കുശേഷം. എന്നാൽ, ഡോ. സുഭാഷ് മുഖോപാധ്യായയുടെ കണ്ടുപിടിത്തത്തെ നമ്മുടെ രാജ്യം അംഗീകരിച്ചില്ല. തിരിച്ചടികൾ അദ്ദേഹം ഒരു വ്യാജഡോക്ടറാണെന്ന് ഭരണകൂടം വിധിയെഴുതി.
ശാസ്ത്രസമ്മേളനങ്ങളിൽനിന്ന് അദ്ദേഹം മാറ്റിനിർത്തപ്പെട്ടു. അന്താരാഷ്ട്രവേദികളിൽ അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കാനും ലോകത്തോട് വിളിച്ചുപറയാനുമുള്ള അനുവാദവും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. അപമാനിതനായി ഡോ. സുഭാഷ് തന്റെ അമ്പതാംവയസ്സിൽ, അദ്ദേഹത്തിന്റെ കണ്ടുപിടിത്തം നടന്നതിന്റെ രണ്ടാംവർഷം കൊൽക്കത്തയിലെ ഒരു അപ്പാർട്ട്മെന്റിൽവെച്ച് ആത്മഹത്യചെയ്തു.
ആത്മഹത്യക്കുറിപ്പിൽ ഇങ്ങനെയെഴുതി: ‘സമ്മർദം മൂലം ഹൃദയാഘാതം എന്നെ കൊല്ലുമെന്നാണ് കരുതിയത്. എനിക്കിനി കാത്തിരിക്കാനാവില്ല.’ മഹാന്മാർ പലരും മരണശേഷം അംഗീകരിക്കപ്പെടാറാണ് പതിവ്. എന്നാൽ, ഡോ. സുഭാഷിന്റെ കാര്യത്തിൽ ഇതും സംഭവിച്ചില്ല. പക്ഷേ, അദ്ദേഹത്തിന്റെ പരീക്ഷണത്തെത്തുടർന്ന് ഇൻവിട്രോ ഫെർട്ടിലൈസേഷൻവഴി ജന്മംകൊണ്ട കനുപ്രിയ അഗർവാൾ എന്ന പെൺകുട്ടി വളരുന്നുണ്ടായിരുന്നു. അത് അവളും അവളുടെ രക്ഷാകർത്താക്കളും അല്ലാതെ മറ്റാരുമറിഞ്ഞില്ല. ടെസ്റ്റ്ട്യൂബ് ശിശുവിനെ സമൂഹം ഏതുതരത്തിൽ വിലയിരുത്തും എന്ന ആശങ്കതന്നെയായിരുന്നു കാരണം.
എട്ടുവർഷത്തോളം കഴിഞ്ഞ് 1986 ഓഗസ്റ്റ് 6-ന് തമിഴ്നാട് സ്വദേശിയായ ഡോ. ആനന്ദ് കുമാർ, ഡോ. ഇന്ദിര ഹിന്ദുജ എന്നിവരുടെ പരീക്ഷണത്തിൽ ‘ഹർഷ ചൗഡ’ എന്ന രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക ടെസ്റ്റ്ട്യൂബ് ശിശു ജന്മം കൊണ്ടു. ഡോ. സുഭാഷ് മുഖോപാധ്യായെക്കുറിച്ച് പിന്നീടറിഞ്ഞ ഡോ. ആനന്ദ് അദ്ദേഹത്തിന്റെ വീട്ടിലെത്തി കാര്യങ്ങൾ ആരാഞ്ഞു. അദ്ദേഹത്തിന്റെ സ്വകാര്യഡയറിയിൽ കുറിച്ചുവെച്ച രഹസ്യങ്ങളിൽ വിശ്വാസമായി.
1997-ൽ കൊൽക്കത്തയിൽ നടന്ന അസിസ്റ്റഡ് റീപ്രൊഡക്‌റ്റീവ് ടെക്‌നോളജിയുടെ നാഷണൽ കോൺഗ്രസിൽ അദ്ദേഹം ആ സത്യം ലോകത്തോട് വിളിച്ചുപറഞ്ഞു. രാജ്യത്തെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശുവിന്റെ ശില്പി താനല്ല, ഡോ. സുഭാഷ് മുഖോപാധ്യായ ആണെന്ന്.
രണ്ടുമാസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഒരു ഗവേഷണപ്രബന്ധം കറന്റ് സയൻസിൽ പ്രസിദ്ധീകരിച്ചുവന്നു ‘ഇന്ത്യയിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവിന്റെ ശില്പി ഡോ. സുഭാഷ് മുഖോപാധ്യായ’ എന്ന തലക്കെട്ടിൽ. പിന്നാലെ 2002-ൽ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അദ്ദേഹത്തെ രാജ്യത്തെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശുവിന്റെ സ്രഷ്ടാവായി പ്രഖ്യാപിച്ചു.
ഏതാനും വർഷംമുമ്പ് കൊൽക്കത്തയിലെ എൻ.ആർ.എസ്. മെഡിക്കൽ കോളേജിൽ ‘അക്കാദമി ഓഫ് ക്ലിനിക്കൽ ബയോളജിസ്റ്റ്’ സംഘടിപ്പിച്ച ഒരു ചടങ്ങിൽ ദുർഗയെന്ന് വിളിക്കപ്പെട്ട കനുപ്രിയയുടെ നാൽപ്പത്തി മൂന്നാം ജന്മദിനം ആഘോഷിച്ചു.
സുഭാഷ് മുഖോപാധ്യായ
1931 ജനുവരി 16-ന് യു.പി.യിലെ ഘാസിയാബാദിൽ ജനിച്ച സുഭാഷ് 1955-ൽ കൊൽക്കത്തയിൽനിന്ന് മെഡിസിനിൽ ബിരുദംനേടി. 1958-ൽ റീപ്രൊഡക്‌റ്റീവ് ഫിസിയോളജിയിൽ ഡോക്ടറേറ്റും നേടി. 1967-ൽ യു.കെ.യിൽനിന്ന് റീപ്രൊഡക്റ്റീവ് എൻഡോക്രൈനോളജിയിലും ഡോക്ടറേറ്റ് നേടി
Content Highlights: vidya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..