ലോകം ഞെട്ടിയ പരീക്ഷണം


2 min read
Read later
Print
Share

അധികാരം മനുഷ്യന്റെ സ്വഭാവത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന്‌ കണ്ടെത്താൻ നടത്തിയ ഒരു പരീക്ഷണത്തിന്റെ കഥയാണിത്‌

.

1971-ലെ ‘സ്റ്റാൻഫഡ് പ്രിസൺ’ പരീക്ഷണത്തെക്കുറിച്ച്‌ കൂട്ടുകാർ കേട്ടിട്ടുണ്ടോ?
ഓഗസ്റ്റ് 14 മുതൽ 20 വരെയാണ് ഇത് സംഘടിപ്പിച്ചത്. സ്റ്റാൻഫഡ് സർവകലാശാലയിലെ മനഃശാസ്ത്രപ്രൊഫസർ ഫിലിപ്പ് സിംബാർഡോയുടെ നേതൃത്വത്തിലായിരുന്നു ഇത്‌.

ജയിലുകളിലെ അധികാരക്രമം, തടവുകാരും ഗാർഡുമാരും തമ്മിലുള്ള ബന്ധം എന്നിവ മനസ്സിലാക്കുന്നതിന് ഒരു പരീക്ഷണം നടത്താൻ അമേരിക്കൻ നാവികസേന തീരുമാനിച്ചു. അധികാരം മനുഷ്യന്റെ സ്വഭാവത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന്‌, വിലയിരുത്താൻ കൂടിയായിരുന്നു ഇത്. ഇതിനായി സർവകലാശാലയിലെ ഭൂഗർഭ അറയിൽ ഒരു ജയിൽ നിർമിച്ചു. പരീക്ഷണത്തിനായി കുറച്ചുപേരെ ആവശ്യമുണ്ടെന്ന് പരസ്യവും നൽകി. 15 ഡോളർ ദിവസേന നൽകുമെന്നും പറഞ്ഞിരുന്നു. 18 പേരെ തിരഞ്ഞെടുത്തു. അവരെ രണ്ടു ഗ്രൂപ്പുകളാക്കിത്തിരിച്ചു.


ഒമ്പതുപേരെ തടവുകാരും ഒൻപതുപേരെ ഗാർഡുമാരും ആക്കി അഭിനയിപ്പിക്കുന്നതായിരുന്നു പരീക്ഷണരീതി. കുറ്റവാളിഗ്രൂപ്പിലെ അംഗങ്ങളെ യഥാർഥ പോലീസുകാരെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയും കണ്ണുകൾ കെട്ടി ഈ ജയിലിൽ എത്തിക്കുകയും ചെയ്തു. അത് യഥാർഥ ജയിലാണെന്നാണ് അവർ കരുതിയത്. ജയിലഴികൾ, കുറ്റവാളികളുടെ യൂണിഫോമുകൾ, കൂടുതൽ ഉപദ്രവിക്കാനും കഠിനമായ ശിക്ഷാമുറകൾ നടത്താനുമുള്ള സെല്ലുകൾ എന്നിവയെല്ലാം അവിടെയുണ്ടായിരുന്നു. പതിയെ കളി കാര്യമായി. രണ്ടാംഗ്രൂപ്പിലുള്ളവർ ജയിലധികാരികളായാണ് അഭിനയിച്ചത്. പരിശീലനം നൽകിയശേഷം യഥാർഥ ഗാർഡുമാരെപ്പോലെ പെരുമാറാനുള്ള സ്വാതന്ത്ര്യവും നൽകി. സിംബാർഡോ ആയിരുന്നു സൂപ്രണ്ടായി അഭിനയിച്ചത്.


ശാരീരിക ഉപദ്രവങ്ങൾ പാടില്ല. മറ്റേതെങ്കിലും രീതിയിൽ കുറ്റവാളികളെ കൈകാര്യംചെയ്യാൻ കാവൽക്കാർക്ക് അനുമതിയുണ്ടായിരുന്നു. ആദ്യനാളിൽ ഒരിക്കൽ പാതിരാത്രിയിൽ കുറ്റവാളികളുടെ നമ്പർ എടുക്കാനായി കാവൽക്കാർ എത്തി. അതിൽ നീരസം പ്രകടിപ്പിച്ചവരെ കൂടുതൽ കായികമായ അധ്വാനങ്ങൾ ചെയ്യിച്ചു. ആഹാരം കൊടുത്തില്ല. ഈ സംഭവം കുറ്റവാളികളിൽ ദേഷ്യമുളവാക്കി. അവർ തങ്ങളുടെ യൂണിഫോമിലെ നമ്പർ ഇളക്കിക്കളഞ്ഞു. എന്നാൽ, അതിനുള്ള ശിക്ഷ കൂടുതൽ കടുത്തതായിരുന്നു. അവർക്ക് ഇരുട്ടുമുറിയിൽ ഏകാന്തവാസം വിധിച്ചു. നിലത്തുകിടത്തി.
കാവൽക്കാർ പിന്നീട് തടവറകൾ രണ്ടു രീതിയിലാക്കി. ഒന്നിൽ എല്ലാ സൗകര്യവും ഒരുക്കുകയും രണ്ടാമത്തേതിലെ സൗകര്യങ്ങൾ എടുത്തുമാറ്റുകയുംചെയ്തു. കാവൽക്കാർ അവർക്ക് വഴങ്ങുന്നവരെ സൗകര്യങ്ങളുള്ള മുറികളിൽ പാർപ്പിച്ചു. അല്ലാത്തവരെ ഇരുട്ടുമുറികളിലേക്ക് മാറ്റി. ആവശ്യത്തിന് ആഹാരവും നൽകിയില്ല. പതിയെ കാവൽക്കാർ പരീക്ഷണം മറന്ന് ‘കുറ്റവാളികളെ’ ഉപദ്രവിക്കാൻ തുടങ്ങി. ഗാർഡുകൾ അവർ അറിയാതെത്തന്നെ അധികാരത്തിന്റെ എല്ലാ സുഖവും അനുഭവിക്കുകയും അത് തടവുകാർക്കുമേൽ പ്രയോഗിക്കുകയുംചെയ്തു. പ്രൊഫസർ സിംബാർഡോ തടവുകാരോട് മാന്യമായി പെരുമാറണമെന്ന് നിരന്തരമായി പറഞ്ഞെങ്കിലും കാവൽക്കാർ അവരുടെ ചെയ്തികൾ തുടർന്നു. അതിക്രമം കൂടിയപ്പോൾ മുമ്പ് പ്രതിഷേധിച്ചവരും അവരെ അനുസരിക്കാൻ തുടങ്ങി.
പരീക്ഷണത്തിന്റെ മൂന്നാംനാളിൽ ഒരു തടവുകാരൻ മാനസികമായി തളർന്നതിനാൽ അയാളെ പിൻവലിക്കേണ്ടിവന്നു. അഞ്ചാംദിവസം അഞ്ചുപേരെ പുറത്തേക്ക് വിടേണ്ടിയും വന്നു. പുറത്തുവന്നവരെല്ലാം മാനസികമായി തകർന്നിരുന്നു.


അധികാരശക്തിക്ക്‌ ഒരു മനുഷ്യനെ പൂർണമായി മാറ്റാൻ കഴിയും എന്ന സത്യമാണ് ഈ പരീക്ഷണം കാണിച്ചുതന്നത്. നല്ലവനാണെങ്കിൽപ്പോലും ഒരുവനിലേക്ക് അധികാരം എത്തുന്നതോടെ അവൻ അത് ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതലാണ്. അത് കൃത്യമായി കാണിച്ചുതരികയായിരുന്നു സ്റ്റാൻഫഡ് പ്രിസൺ പരീക്ഷണം.

Content Highlights: vidya

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..