കൂട്ടുകാർക്ക് അക്വേറിയം ഇഷ്ടമല്ലേ? ചില്ലും സിലിക്കോൺ പശയും വാങ്ങിയാൽ വീട്ടിൽത്തന്നെ ഒരു അക്വേറിയം ഒരുക്കാം. അധികം ചെലവുവരില്ല.
60 സെന്റീമീറ്റർ നീളവും 30 സെന്റീമീറ്റർ വീതം വീതിയും ഉയരവുമുള്ള അക്വേറിയമാണ് സാധാരണ ഉപയോഗിക്കുന്നത്. ഈ അക്വേറിയം ഒരു വെളുത്ത തെർമോക്കോളിന്റെ മുകളിൽവെച്ചശേഷം അതിൽ വെള്ളംനിറയ്ക്കാം.
ലൈറ്റുകൾ, കല്ലുകൾ
ആകർഷകമായ വിവിധയിനം അക്വേറിയം ലൈറ്റുകൾ വിപണിയിലുണ്ട്. അത് വെള്ളം കൂടുതൽ ഭംഗിയിൽ കാണാനും ആൽഗകളുടെ വളർച്ച തടയാനും സഹായിക്കും. കൂടാതെ പല നിറത്തിലും വലുപ്പത്തിലുമുള്ള ഉരുളൻകല്ലുകൾ ഉള്ളിൽ നിരത്താം. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന (submersible) പമ്പുകൾ ഉപയോഗിക്കണം.
സസ്യങ്ങൾ
അക്വേറിയത്തിനുള്ളിൽ ചെടികൾ വെക്കുന്നത് നന്ന്. അത് ഭംഗിക്കും വെള്ളത്തിലെ ഓക്സിജന്റെ അളവ് നിലനിർത്താനും സഹായിക്കും. ഒപ്പം ആൽഗയുടെ വളർച്ചയും തടയും. ഈ ചെടികൾ പകൽവെളിച്ചത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ മത്സ്യങ്ങൾക്ക് ഉപയോഗിക്കാം. മത്സ്യങ്ങൾ പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡ് ഈ സസ്യങ്ങൾ ആഗിരണംചെയ്യും. ജാവ ഫേൺ, ആമസോൺ സ്വേഡ്, ജാവ മോസ് എന്നിവ നമ്മുടെ കാലാവസ്ഥയിൽ വളരുന്ന അക്വേറിയം സസ്യങ്ങളാണ്.
വെള്ളംമാറ്റൽ
മത്സ്യങ്ങളുടെ കാഷ്ഠവും മറ്റും കൂടുന്നതിനനുസരിച്ച് അമോണിയയുടെ അളവ് കൂടും. അതുകൊണ്ട് വെള്ളം മലിനമാകാൻ സാധ്യതയുണ്ട്. വെള്ളം 35 ശതമാനം മാറ്റി പുതിയവെള്ളം
നിറയ്ക്കണം. ഇത് ആഴ്ചയിലൊരിക്കൽ കൃത്യമായി ചെയ്യണം.
മത്സ്യങ്ങളെ വെള്ളത്തിലിറക്കുന്ന വിധം
കടകളിൽനിന്ന് പ്ലാസ്റ്റിക് ബാഗിനുള്ളിലെ വെള്ളത്തിലാണ് മത്സ്യങ്ങൾ ലഭിക്കുക. അവ ജീവിക്കുന്ന ഊഷ്മാവ്, പി. എച്ച്. എന്നിവ അേക്വറിയത്തിലെ വെള്ളത്തെ അപേക്ഷിച്ച് വ്യത്യാസമുണ്ടാകും. ആ ചെറിയ വ്യത്യാസംപോലും പ്രശ്നമാവാനിടയുണ്ട്. മത്സ്യത്തെ വാങ്ങുന്ന പ്ലാസ്റ്റിക് കവർ ഒരുമണിക്കൂർ വെള്ളത്തിൽ വെറുതേയിടുകയാണ് ആദ്യം ചെയ്യണ്ടത്. അപ്പോൾ കവറിലെ വെള്ളത്തിന്റെ ഊഷ്മാവും അക്വേറിയത്തിലെ വെള്ളത്തിന്റെ ഊഷ്മാവും ഏകദേശം ഒരേപോലെയാകും. പിന്നീട് കവറിൽ ചെറിയ സുഷിരങ്ങളിട്ട് വീണ്ടും അരമണിക്കൂർ വെള്ളത്തിലിടുമ്പോൾ പി.എച്ചും തുല്യമാകുന്നു. അതിനുശേഷം മാത്രമേ കവർ പൂർണമായും തുറന്ന് മത്സ്യങ്ങളെ അക്വേറിയത്തിലേക്ക് ഇറക്കിവിടാൻ പാടുള്ളൂ.
ആഹാരം
അക്വേറിയത്തിലെ മത്സ്യങ്ങൾക്ക് തീറ്റനൽകാൻ കൃത്യമായ ഒരു സമയക്രമം വേണം. ഒരുദിവസം ഒരുതവണയാണ് തീറ്റനൽകേണ്ടത്. ആഴ്ചയിൽ ഒരുദിവസം ഒന്നും കൊടുക്കാതെയിരിക്കണം. കുടലുകളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് മാറാനും വിശപ്പുണ്ടാകാനുമാണ് ഇങ്ങനെചെയ്യുന്നത്. കൂടുതൽ തീറ്റവെള്ളത്തിലെ അമോണിയയുടെ അളവുകൂട്ടുകയും അത് ‘ബാക്ടീരിയൽ ബ്ലൂമിന്’ (ബാക്ടീരിയയുടെ അമിതമായ വളർച്ച)കാരണമാകുകയും ചെയ്യുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..