ഓർക്കാം കല്പനയെ കണ്ണീരോടെ


2 min read
Read later
Print
Share

.

ബഹിരാകാശ വാഹനമായ കൊളംബിയ തകർന്നത്‌ ലോകംനടുക്കത്തോടെയാണ്‌ കേട്ടത്‌. അതിൽ നമുക്ക് നഷ്ടമായത് ഇന്ത്യയുടെ പ്രിയപുത്രി കല്പനാ ചൗളയെയാണ്. നാസയ്ക്ക് അവരുടെ പ്രഗല്‌ഭരായ ഏഴു ബഹിരാകാശ യാത്രികരെയും.

എസ്.ടി.എസ്.- 107
കല്പനാ ചൗളയുടെ രണ്ടാമത്തെ ബഹിരാകാശയാത്രയായിരുന്നു അത്. എസ്.ടി. എസ്.- 107 എന്നായിരുന്നു യാത്രയുടെ പേര്. 2001 ഓഗസ്റ്റിലായിരുന്നു ആദ്യം യാത്ര ആസൂത്രണം ചെയ്തത്. പക്ഷേ, സാങ്കേതിക കാരണങ്ങളാൽ മുടങ്ങി. 2002 ജൂലായിൽ വീണ്ടും ശ്രമം തുടങ്ങി. എന്നാൽ, കൗണ്ട് ഡൗൺ തുടങ്ങിയപ്പോഴാണ് പ്രധാന എൻജിനിൽ ചില സാങ്കേതികപ്രശ്നങ്ങൾ കണ്ടത്. അതോടെ ആ യാത്രയും റദ്ദാക്കി. 2003 ജനുവരി 16-ന്‌ കെന്നഡി സ്പെയ്‌സ് സെന്ററിൽനിന്ന് കൊളംബിയ യാത്രതിരിച്ചു. ഭൂമിയിൽനിന്ന് 360 കിലോമീറ്റർ അകലെയായിരുന്നു സഞ്ചാരപഥം. ഹൈപ്പർ സോണിക് വേഗത്തിലായിരുന്നു ഭ്രമണം. രണ്ടാഴ്ചയോളം ഭ്രമണം നടത്തി. ഏറെ പരീക്ഷണങ്ങൾ നടത്തി നിർണായക വിവരങ്ങൾ ശേഖരിച്ചു. 2003 ഫെബ്രുവരി ഒന്നിന് തിരികെ ഭൂമിയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ലാൻഡ് ചെയ്യാൻ അൻപതുമിനിറ്റുമാത്രം ശേഷിക്കേ കൊളംബിയ അന്തരീക്ഷത്തിലേക്ക് കടന്നു. അപ്പോൾ സ്വാഭാവികമർദം കാരണം പേടകത്തിന്റെ താപം വർധിച്ചു. അവിശ്വസനീയമായി അത് 1700 ഡിഗ്രിയിലേക്ക് എത്തിയതോടെ കൺട്രോൾ റൂമിൽനിന്നുള്ള
ബന്ധം നഷ്ടമായി. വൈകാതെ പേടകം കത്തിയമരുകയായിരുന്നു.

സംഭവം ഇങ്ങനെ
കൊളംബിയ ലോഞ്ച് ചെയ്ത് ഒരുമിനിറ്റിനകം ഷട്ടിലിനോട് ചേർത്ത് അറ്റാച്ച് ചെയ്ത ബൈപ്പോഡ് ഫോം റാംപിന്റെ (bipod foam ramp) ചെറിയൊരുഭാഗം അടർന്നുവീണ് ഇടതുഭാഗത്തെ ചിറകിലിടിച്ചു. അതുവഴി 20 സെന്റീമീറ്റർ വരെ വലുപ്പമുള്ള ഒരു സുഷിരമാണ് രൂപപ്പെട്ടത്. പേടകത്തിലുള്ളവർക്ക്‌ അത് തിരിച്ചറിയാനായില്ല.
കൊളംബിയയെ നിയന്ത്രിച്ചവർ അതേക്കുറിച്ച് പഠിച്ച് തലവനായ റിക്ക് ഹസ്ബന്റിനെ അറിയിച്ചു. എന്നാൽ, പ്രശ്നം പേടകത്തെ അപകടകരമായി ബാധിക്കില്ല എന്ന വിദഗ്ധാഭിപ്രായത്തിൽ അവഗണിക്കുകയാണുണ്ടായത്.

ദുരന്തമായി ലാൻഡിങ്
പതിനാറുദിവസത്തോളം ബഹിരാകാശത്തു ചെലവഴിച്ച ടീം ധാരാളം പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. 2003 ഫെബ്രുവരി ഒന്നിന് രാവിലെ 9.29-ന് ഫ്ലോറിഡയിലെ കെന്നഡി സ്പെയ്‌സ് സെന്ററിലായിരുന്നു ലാൻഡ് ചെയ്യാൻ പദ്ധതിയിട്ടിരുന്നത്. അതാണ്‌ ദുരന്തത്തിൽ കലാശിച്ചത്‌.

ഒഴിവാക്കാമായിരുന്ന ദുരന്തം
കൊളംബിയക്ക്‌ ഫെബ്രുവരി 15 വരെ ഭ്രമണപഥത്തിൽ ചുറ്റാൻ അവസരം നീട്ടി നൽകുകയും അതിനുശേഷം വിക്ഷേപിക്കാനിരുന്ന ‘അറ്റ്‌ലാൻറ്റിസ്’ എന്ന ഷട്ടിൽ നേരത്തേ വിക്ഷേപിച്ച് കൊളംബിയയിലെ യാത്രികരെ അതിലേക്ക് മാറ്റാനും കഴിഞ്ഞിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു. ലോഞ്ച്‌ചെയ്തു എൺപത്തിരണ്ടാം സെക്കൻഡിൽ കൺട്രോൾ റൂമിൽ വാഹനത്തിന്റെ ഇടതു ചിറകിലെ സുഷിരത്തെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും പതിനാറുദിവസങ്ങളോളം ആ അപകടം അവർക്കൊപ്പം സഞ്ചരിച്ചു.

Content Highlights: vidya

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..