ബാങ്കിൽ പണം സൂക്ഷിക്കണമെങ്കിൽ വേണ്ടത് നമ്മുടെ പേരിലുള്ള ഒരു അക്കൗണ്ടാണ്. ഈ അക്കൗണ്ടിലൂടെ ബാങ്കിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും മറ്റ് ഇടപാടുകൾ നടത്താനുമാകും. പല ബാങ്കുകളിലും നമുക്ക് സീറോ ബാലൻസ് അക്കൗണ്ട് എടുക്കാൻ കഴിയും. അതല്ലെങ്കിൽ ചെറിയ ഒരു സംഖ്യ മിനിമം ബാലൻസ് സൂക്ഷിച്ചുകൊണ്ട് അക്കൗണ്ട് തുടങ്ങാം. അതിനായി ബാങ്കിൽനിന്ന് ലഭിക്കുന്ന ഒരു ഫോറം പൂരിപ്പിച്ചുനൽകണം. ഒപ്പം ഫോട്ടോ, ആധാർകാർഡ്, പാൻകാർഡ്, വോട്ടർ തിരിച്ചറിയൽകാർഡ് തുടങ്ങിയവയിൽ ഏതെങ്കിലും രണ്ടുരേഖയും നൽകണം.
പണം നിക്ഷേപിക്കുന്നതെങ്ങനെ?
സ്വന്തം അക്കൗണ്ടിലോ മറ്റൊരാളുടെ അക്കൗണ്ടിലോ പണം നിക്ഷേപിക്കാം. അതിനായി ഒരു അപേക്ഷാഫോറം പൂരിപ്പിച്ചുനൽകണം. ഇതിന്റെ മുകളിൽ വലത്തേ വശത്ത് തീയതി എഴുതാനുള്ള കോളത്തിൽ നിങ്ങൾ നിക്ഷേപിക്കുന്ന ദിവസം ഏതാണോ അത് എഴുതാം. ഇടതുവശത്തായി ഇടപാടുനടത്തുന്ന ബ്രാഞ്ചിന്റെ പേരുരേഖപ്പെടുത്താം. അതിന്റെ താഴെ ആർക്കാണോ അയക്കുന്നത് അവരുടെ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തണം. തൊട്ടുതാഴെ ആ അക്കൗണ്ട് ആരുടെ പേരിലാണോ അത് രേഖപ്പെടുത്താനുള്ള സ്ഥലവുമുണ്ട്. അതിനുതാഴെയായി മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവയെഴുതണം. അതിനുശേഷം നാം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക അക്ഷരത്തിലെഴുതണം.
ഇപ്പോൾ പൂരിപ്പിച്ചതിന്റെ ഇടതുവശത്തായി നിക്ഷേപിക്കുന്ന തുകയും ഓരോ നോട്ടും എത്രയെണ്ണം ഉണ്ടെന്നും രേഖപ്പെടുത്തണം. ഏറ്റവുംതാഴെയായി നിക്ഷേപിക്കുന്ന ആളിന്റെ പേര്, ഒപ്പ് എന്നിവ ചേർക്കണം. അൻപതിനായിരത്തിനുമുകളിലുള്ള തുകയാണെങ്കിൽ പാൻനമ്പർകൂടി രേഖപ്പെടുത്തണം. ഈ ഫോറത്തിനൊപ്പമുള്ള കൗണ്ടർഫോയിലിൽ ഇതേ വിവരങ്ങളാണ് നൽകേണ്ടത്.
പണം പിൻവലിക്കുന്നതെങ്ങനെ?
നാം ചെല്ലുന്ന ബാങ്കിൽത്തന്നെയാണ് നമ്മുടെ അക്കൗണ്ടെങ്കിൽ അവിടെയുള്ള ഒരു പിൻവലിക്കൽ ഫോറം പൂരിപ്പിച്ചുനൽകിയാൽ മതിയാവും. ചെക്ക് ഉപയോഗിച്ചും പണം പിൻവലിക്കാം.
ചെക്കാണെങ്കിൽ അതിന് വലതുഭാഗത്തു മുകളിലായി തീയതിയെഴുതാനുള്ള സ്ഥലമുണ്ടാകും. അതിനുതാഴെ ‘Pay’ എന്നെഴുതിയ ഭാഗത്ത് ആർക്കാണോ ചെക്കിലൂടെ പണമെടുക്കാൻ അനുവാദം നൽകുന്നത്, അവരുടെ പേര് രേഖപ്പെടുത്താം. നമ്മൾതന്നെ എടുക്കുകയാണെങ്കിൽ ‘Self’ എന്നെഴുതാവുന്നതാണ്. ആരുടെ പേരാണോ എഴുതിയിരിക്കുന്നത്, അവർക്കുമാത്രമേ പണം പിൻവലിക്കാനാവൂ. അതിന്റെ തൊട്ടുതാഴെയായി തുക എത്രയാണെന്ന് അക്ഷരത്തിലും അതിനൊപ്പമുള്ള ചെറിയ ബോക്സിൽ അക്കത്തിലും എഴുതാം. ഏറ്റവും അടിയിലായി നമ്മുടെ ഒപ്പുകൂടി വെക്കണം. മൂന്നുമാസമാണ് ഒരു ചെക്കിന്റെ കാലാവധി.
ഡിമാൻഡ് ഡ്രാഫ്റ്റ് (Demand Draft)
രണ്ടുബാങ്കുകൾ തമ്മിലുള്ള പണത്തിന്റെ കൈമാറ്റമാണ് ഡിമാൻഡ് ഡ്രാഫ്റ്റ് (ഡി.ഡി ). ഇതിന്റെ ഫോറം പൂരിപ്പിക്കുമ്പോൾ ‘in favor of’ എന്ന സ്ഥാനത്ത് ആരുടെ പേരിലാണ് ഡി.ഡി. എടുക്കുന്നതെന്നും ‘Payable at’ എന്നസ്ഥാനത്ത് ഏതു സ്ഥലത്തു മാറാവുന്നതാണ് എന്നും സൂചിപ്പിക്കണം.
എന്താണ് I.F.S. കോഡ്
ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ് എന്നാണ് ഇതിന്റെ പൂർണരൂപം. റിസർവ് ബാങ്കാണ് ഓരോ ബ്രാഞ്ചുകൾക്കും കോഡ് നൽകുന്നത്. ഇത് R.T.G.S., N.E.F.T., I.M.P.S. തുടങ്ങിയ ഇലക്‌ട്രോണിക്, ഓൺലൈൻ ഫണ്ട് ട്രാൻസ്ഫറുകളുടെ കൃത്യത ഉറപ്പുവരുത്തുന്നു. 11 അക്കമുള്ള ആൽഫാന്യൂമെറിക് കോഡിലെ ആദ്യത്തെ നാലക്ഷരം ബാങ്കിന്റെ പേരിനെ സൂചിപ്പിക്കുന്നു. അഞ്ചാമത്തെ അക്കം എപ്പോഴും പൂജ്യമായിരിക്കും. ആറുമുതൽ പതിനൊന്നുവരെ അക്കങ്ങൾ/അക്ഷരങ്ങൾ ആ ബ്രാഞ്ചിനെ സൂചിപ്പിക്കുന്നു. ഓരോരുത്തരുടെയും ബാങ്ക് ചെക്ക് ബുക്കിലും പാസ് ബുക്കിലും I.F.S.C. എഴുതിയിട്ടുണ്ടാവും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..