വഴിയുണ്ട് മഴ പെയ്യിക്കാനും


ഡോ. അബേഷ് രഘുവരൻ 

2 min read
Read later
Print
Share

.

നമുക്ക് മഴ കൃത്രിമമായി പെയ്യിക്കാൻ കഴിയുമെന്ന് ശാസ്‌ത്രം കാണിച്ചുതന്നിട്ടുണ്ട്. പലരാജ്യങ്ങളും അതുപ്രയോഗിച്ചിട്ടുമുണ്ട്‌. എങ്ങനെയാണ് കൃത്രിമമഴ പെയ്യിക്കുന്നതെന്നു നോക്കാം.
മേഘത്തിന്റെ ഭാരം?
മേഘങ്ങൾ അവിശ്വസനീയമാംവിധം ഭാരമുള്ളവയാണെന്ന്‌ കൂട്ടുകാർക്കറിയാമല്ലോ. ഒരു വലിയ മഴമേഘത്തിന് നൂറ് ആനകളുടെയെങ്കിലും ഭാരംവരുമത്രേ. ചെറുതും ചുറ്റുമുള്ള വായുവിനെക്കാൾ ഭാരം കുറവുമായതിനാൽ മേഘത്തിൽ തുള്ളികൾ കുടുങ്ങിക്കിടക്കുകയാണ് ചെയ്യുന്നത്. ആകാശത്തെ താപനില വരണ്ടതാണെങ്കിൽ ആ മേഘങ്ങൾ അതുപോലെത്തന്നെ തുടരുന്നതുകൊണ്ട് മഴയുണ്ടാകുന്നില്ല.
മനുഷ്യനിയന്ത്രണത്തിലുള്ള
മഴ
ക്ലൗഡ് സീഡിങ്ങിന് പലരീതികൾ അവലംബിക്കാറുണ്ട്. അവയിലൊരു പരീക്ഷണമാണ് 2021 ജൂലായിൽ യു.എ.ഇ. വിജയകരമായി നടപ്പാക്കിയത്. സമ്പന്നരാഷ്ട്രമാണെങ്കിലും മഴയുടെ ലഭ്യതക്കുറവ് അവർക്കു വലിയ വെല്ലുവിളിയാണ്. അതിനാൽ തൊണ്ണൂറുകളുടെ തുടക്കത്തിൽത്തന്നെ അവർ ക്ലൗഡ് സീഡിങ് ആരംഭിച്ചിരുന്നുവെന്നാണ് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി നൽകുന്ന വിവരം. ഡ്രോണുകൾ ഉപയോഗിച്ചാണ് സീഡിങ് നടത്തിയത്. മേഘങ്ങളുടെ കൂട്ടങ്ങളിലേക്ക് ഡ്രോണുകളെ വേഗത്തിൽ കടത്തിവിട്ട് ഇലക്‌ട്രിക് ഷോക്ക് നൽകുന്നു. ഇത്തരത്തിൽ ഷോക്ക് നൽകിയതോടെ മേഘങ്ങളിലെ വെള്ളത്തുള്ളികൾ പരസ്പരം ഒട്ടുകയും അവ വലിയതുള്ളികളായി മാറുകയും വലിയ മഴയായി പെയ്യുകയും ചെയ്യുന്നു.
സാൾട്ട് ഫ്ലെയർ
മഴപെയ്യിക്കുന്ന മറ്റൊരുരീതിയാണ് സാൾട്ട് ഫ്ലെയർ. വലിയ റോക്കറ്റുകൾ, പീരങ്കികൾ, വിമാനങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ട് ജ്വാലകളിലൂടെ മൈക്രോസ്‌കോപ്പിക് സിൽവർ അയോഡൈഡ് കണങ്ങൾ മേഘങ്ങളിലേക്ക് പായിക്കുന്ന രീതിയാണിത്. ഇങ്ങനെ പായിക്കുന്ന പദാർഥങ്ങൾക്കുചുറ്റും ജലാംശം പൊതിയുകയും മെല്ലെമെല്ലെ ആ ജലാംശം വലിയ വെള്ളത്തുള്ളികളായി മാറുകയും ചെയ്യും. അത് വലിയ മഴയായോ, മഞ്ഞായോ പെയ്യും. എന്നാൽ ഇവമാത്രമല്ല, മറ്റുചില രാസപദാർഥങ്ങൾകൂടി ഇത്തരത്തിൽ ക്ലൗഡ് സീഡിങ്ങിനായി ഉപയോഗിക്കാൻ കഴിയും. ഡ്രൈ ഐസ് (ഘനീഭവിച്ച കാർബൺ ഡയോക്സൈഡ്), പൊട്ടാസ്യം അയോഡൈഡ് എന്നിവ ഉപയോഗിച്ചും മഴയെ നിയന്ത്രിക്കാം. ഈ വസ്തുക്കൾ കാർമേഘങ്ങൾക്കിടയിലുണ്ടാക്കുന്ന മർദവ്യത്യാസമാണ് മഴപെയ്യാൻ കാരണമാകുന്നത്.
2008-ലെ സമ്മർ ഒളിമ്പിക്സ്
2008-ൽ ചൈനയിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ അപ്രതീക്ഷിതമായി മഴഭീഷണിയുണ്ടായി. വർഷങ്ങൾനീണ്ട പരിശ്രമങ്ങൾക്കുശേഷം നടത്തുന്ന ഒളിമ്പിക്സിൽ അത്തരമൊരു ഭീഷണി ചൈനക്കാരുടെ അഭിമാനത്തിനുമേൽ വലിയ ക്ഷതമുണ്ടാക്കി. എന്നാൽ, അവരത് പരിഹരിച്ചത് ഏറെ കൗതുകമുണ്ടാക്കി. മത്സരം നടക്കുന്ന ബെയ്‌ജിങ് സിറ്റിയുടെ ചുറ്റും ആയിരക്കണക്കിന് റോക്കറ്റുകൾ വിന്യസിച്ചു. ഉദ്ഘാടനദിവസം ഉരുണ്ടുകൂടിയ മേഘങ്ങളിലേക്ക് അവ തൊടുത്തുവിട്ടുകൊണ്ട് ആ മഴയെ അവിടെ പെയ്യിക്കാതെ മറ്റൊരുദിക്കിലേക്ക് അയക്കാനായിരുന്നു പദ്ധതി. ഇതിനെ കാലാവസ്ഥാ പരിഷ്കരണം എന്നുപറയുന്നു.

ക്ലൗഡ് സീഡിങ് (Cloud Seeding)

മേഘങ്ങളിൽ രാസപദാർഥങ്ങൾ പ്രയോഗിച്ചും മറ്റുമാർഗത്തിലും കൃത്രിമമായി മഴപെയ്യിക്കുന്നതിനെ ക്ളൗഡ്‌ സീഡിങ്‌ എന്നു പറയുന്നു. ജലക്ഷാമത്തിന് പരിഹാരമായാണ് ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. 1946-ൽ അമേരിക്കയിലാണ് ഈ ഉദ്യമത്തിനായുള്ള ആദ്യശ്രമം തുടങ്ങിയത്. വിൻസന്റ് ജെ. ഷഫർ എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി ക്ലൗഡ് സീഡിങ് വിജയകരമായി നടപ്പാക്കിയത്. ക്ലൗഡ് സീഡിങ് വഴി മഴയുടെ സാധ്യത 30 മുതൽ 35 ശതമാനം വരെ കൂട്ടാൻ കഴിയും.

ക്ളൗഡ്‌ സീഡിങിന്റെ പരിമിതികൾ


അമിതമായ ക്ളൗഡ്‌ സീഡിങ്‌ കാരണം പരിസ്ഥിതി മലിനീകരണം ഉണ്ടാവാമെന്നു ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത്തരത്തിൽ കൃത്രിമമായി പെയ്യിക്കുന്നതിനാൽ സ്വതവേയുള്ള മഴ പലപ്പോഴും ലഭിക്കാതെ വരും. ഇതിന്റെ ഫലമായി അടുത്ത സീസണിൽ കടുത്ത വരൾച്ച ഉണ്ടാവാനുള്ള സാധ്യതയും ഏറുന്നു. ഇത് കാലാവസ്ഥയുടെ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു. ഇതിന്‌ വിജയശതമാനം കുറവാണെന്നതും ഒരു പരിമിതിയാണ്‌.

ഡോ. അബേഷ് രഘുവരൻ
അസിസ്റ്റന്റ്‌ പ്രൊഫസർ
സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)

Content Highlights: vidya

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..