മയക്കുവെടിയുടെ ശാസ്‌ത്രം


2 min read
Read later
Print
Share

അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ കടുവസങ്കേതത്തിലേക്ക് അയച്ചുകഴിഞ്ഞു. ഈ വാർത്ത വായിച്ചപ്പോൾ മയക്കുവെടിയുടെ ശാസ്ത്രമെന്തെന്ന് അറിയുവാൻ കൂട്ടുകാർ ശ്രമിച്ചിരുന്നോ? ശാസ്ത്രം മാത്രമല്ല, മയക്കുവെടിക്ക് ചരിത്രവുമുണ്ട്.

ആദ്യമയക്കുവെടി കേരളത്തിൽ
മൃഗഡോക്ടറായ ജേക്കബ്. വി. ചീരനാണ് ഇന്ത്യയിലെ ആദ്യത്തെ മയക്കുവെടി ആനയിൽ പ്രയോഗിച്ചത്. ഇത് കേരളത്തിലാണ്. പാലക്കാട് തിരുനെല്ലായിയിൽ നാട്ടുകാരെ വിറപ്പിച്ച കിഴക്കേവീട്ടിൽ ദാമോദരൻ എന്ന ആനയെ 1976 ഏപ്രിൽ 22- നാണ് ഈ രീതിയിൽ തളച്ചത്. ജോർജിയയിൽനിന്നെത്തിച്ച മരുന്ന് ഉപയോഗിച്ചാണ് മയക്കുവെടിവെച്ചത്. പിന്നീടിങ്ങോട്ട് ധാരാളം ആനകളെ അദ്ദേഹം മയക്കുവെടിവെച്ച് വരുതിയിലാക്കി.

വെടിയുണ്ടയ്ക്കുപകരം സിറിഞ്ച്‌
മയക്കുവെടിയിൽ ഉപയോഗിക്കുന്നത് വെടിയുണ്ടയല്ല സിറിഞ്ചാണ്. സിറിഞ്ചിൽ നിറച്ച മരുന്ന് തോക്കുപയോഗിച്ച് ആനയുടെ ശരീരത്തിലേക്ക് പായിക്കുകയാണ് ചെയ്യുന്നത്. അത് ശരീരത്തിൽ പതിക്കുമ്പോൾ സിറിഞ്ച് സ്വയം പ്രവർത്തിച്ച് അതിലെ മരുന്ന് ആനയുടെ ശരീരത്തിലേക്ക്‌ പ്രവേശിക്കുന്നു. നമ്മുടെ ശരീരത്തിൽ കുത്തിവെക്കുന്നതുപോലെ അഗ്രഭാഗം വഴിയല്ല മരുന്ന് ആനയുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. ചിത്രത്തിൽ കാണുന്നതുപോലെ സിറിഞ്ചിന്റെ അഗ്രഭാഗത്തുനിന്ന് അല്പം മാറിയാണ് ഇതിന്റെ സുഷിരങ്ങൾ. സിറിഞ്ചിൽ നിറച്ചിരിക്കുന്ന മരുന്നിനുപിറകിൽ കാർബൺഡയോക്സൈഡ് നിറച്ചിരിക്കുന്നതിനാൽ പുറത്തേക്ക് മർദം പ്രയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യും. സിറിഞ്ച് ആനയുടെ ശരീരത്തിൽ പതിക്കുമ്പോൾ സൂചിയിലെ സുഷിരത്തിനുപുറത്തുള്ള അടപ്പ് തെന്നിമാറുകയും, കാർബൺഡയോക്സൈഡ് മരുന്നിനെ പുറത്തേക്ക് തള്ളുകയും, അത് ആനയുടെ ശരീരത്തിൽ എത്തുകയുംചെയ്യുന്നു. കൂടാതെ, സിറിഞ്ചിനു പിറകിലായി കടുത്തനിറമുള്ള തുണികൊണ്ടുള്ള ബ്രഷ് ഘടിപ്പിക്കാറുണ്ട്. വെടിവെച്ചതിനുശേഷം ദൂരെനിന്ന് അവ ലക്ഷ്യസ്ഥാനത്തെത്തിയോ എന്ന് നോക്കി ഉറപ്പിക്കുന്നതിനായാണ് ബ്രഷ്.

സ്ഥലം പ്രധാനം
മയക്കുവെടിവെക്കുന്ന പ്രദേശത്തിന്‌ പ്രത്യേകതകളുണ്ട്. വെടികൊണ്ടാൽ ആന പരിഭ്രാന്തനായി ഓടാനുള്ള സാധ്യതയുള്ളതിനാൽ ജലാശയങ്ങളുടെ അടുത്തുവെച്ച് ഒരു കാരണവശാലും വെടിവെക്കില്ല. സമതലപ്രദേശങ്ങളാണ് തിരഞ്ഞെടുക്കാറ്. കൂടാതെ വെടിയേറ്റുമയങ്ങിയ ആനയുടെ കണ്ണുകൾ കറുത്തതുണികൊണ്ട് മൂടാറുണ്ട്.

മരുന്നുകൾ
ആദ്യകാലത്ത് മയക്കുവെടിവെക്കാനായി നിക്കോട്ടിൻ ആണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഫെന്റാനിൽ (Fentanyl), കാർഫെന്റാനിൽ (Carfentanyl), സിക്വിൽ (Siquil), ഇമ്മൊബിലോൺ (Immobilon), ഇന്നോവർ (Innovar) എന്നിങ്ങനെ പല മരുന്നുകളും പലകാലങ്ങളിലായി ഉപയോഗിച്ചുപോന്നു. ഇപ്പോൾ മയക്കുവെടിയിൽ വ്യാപകമായി ഉപയോഗിക്കുന്നത് സൈലസിൻ (Xylazine), കെറ്റമിൻ (Ketamine) എന്നീ മരുന്നുകളുടെ മിശ്രിതമാണ്. സാധാരണ സിറിഞ്ചുകളിൽ നിറയ്ക്കുന്നത് 10 ml മുതൽ 20 ml വരെ മരുന്നാണ്. പത്തുമുതൽ പതിനഞ്ചുമിനിറ്റുവരെയെടുക്കും മയങ്ങാൻ. എന്നാൽ, ചില കൊമ്പന്മാരെ വീഴ്ത്താൻ 45 മിനിറ്റുവരെ കാത്തിരുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Content Highlights: vidya

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..