നിഗൂഢതകളുടെ കൂടാരം
ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന പല കപ്പലുകളും, മുകളിലൂടെ പറക്കുന്ന വിമാനങ്ങളും പലപ്പോഴും കാണാതാവാറുണ്ട്. ബർമുഡ ട്രയാങ്കിളിനെക്കുറിച്ചു ആദ്യമായി ഒരു സൂചന നൽകിയത് സഞ്ചാരിയായ ക്രിസ്റ്റഫർ കൊളംബസ് ആണ്. 1482-ൽ കൊളംബസിന്റെ യാത്രയ്ക്കിടയിൽ ഇതേ പ്രദേശത്തുവെച്ചു അദ്ദേഹത്തിന്റെ വടക്കുനോക്കിയന്ത്രം നിർത്താതെ കറങ്ങിക്കൊണ്ടിരുന്നപ്പോഴാണ് അസ്വാഭാവികത തോന്നിയത്. പിന്നീട് 1945 ഡിസംബർ 5-ന് അമേരിക്കയുടെ 5 യുദ്ധവിമാനങ്ങൾ ഈ മേഖലയിൽവെച്ച് ഒറ്റയടിക്ക് കാണാതായി. അതോടെ ബർമുഡ ട്രയാങ്കിൾ വാർത്തകളിൽ നിറഞ്ഞു. ഫ്ലൈറ്റ് 19 എന്ന യുദ്ധവിമാനങ്ങൾ കാണാതായത് അമേരിക്കയ്ക്ക് വലിയ ആഘാതമായിരുന്നു. തിരഞ്ഞുപോയ ഒരു വിമാനംകൂടി ഇതേപ്രദേശത്ത് കാണാതായി. പിന്നീട് അമ്പതോളം കപ്പലുകളും, ഇരുപതോളം വിമാനങ്ങളും കാണാതായി. ഇതിനുപിന്നാലെ ചില കെട്ടുകഥകളും പ്രചരിക്കാൻ തുടങ്ങി.
കെട്ടുകഥകൾ
ബഹാമാസ് ദ്വീപുകളിലെ നാടോടിക്കഥകളിലുള്ള ലസ്‌ക എന്ന കടൽരാക്ഷസനെ ചുറ്റിപ്പറ്റിയാണ് പ്രബലമായ കെട്ടുകഥ. നീരാളിയുടേതുപോലെ കൈകളും, സ്രാവിന്റെ മുഖവുമുള്ള ഈ ഭീകരജീവി ബർമുഡ ട്രയാങ്കിളിൽ വസിക്കുന്നുണ്ടെന്നും അവയാണ് കപ്പലുകളെയും മറ്റും ആഴങ്ങളിലേക്ക് വലിച്ചുതാഴ്ത്തുന്നതെന്നുമാണ് ഒരു കഥ. സമുദ്രത്തിനുതാഴെ ‘അറ്റ് ലാന്റിസ്’ എന്ന ഒരു മാജിക്കൽ സിറ്റി ഉണ്ടെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. അവിടെ വജ്രംകൊണ്ടുള്ള പിരമിഡുകളുണ്ടെന്നും, അതിന്റെ ശക്തിയിലാണ് കപ്പലുകൾ മുങ്ങുന്നതെന്നുമാണ് വാദം.
ശാസ്‌ത്രീയ കാരണങ്ങൾ
ആദ്യത്തേത് മീഥെയ്ൻ ഗ്യാസിന്റെ സാന്നിധ്യമാണ്. ബർമുഡ ട്രയാങ്കിളിൽ സമുദ്രത്തിനു താഴെയായി തണുത്തുറഞ്ഞ മീഥെയ്ൻ ഹൈഡ്രേറ്റ്സ് ഉണ്ട്. കടലിന് ഏറ്റവും താഴെയായിക്കാണുന്ന അഗാധമായ ഗർത്തങ്ങളിൽ വലിയ ഉരുൾപൊട്ടലുകൾ സംഭവിക്കുമ്പോൾ മീഥെയ്ഹൈഡ്രേറ്റ്സിൽനിന്ന് മീഥെയ്ൻ ഗ്യാസ് പുറത്തുവരുന്നു. അത് ചെറിയ കുമിളകളായി മുകളിലേക്ക് ഉയരുകയും, മെല്ലമെല്ലെ മറ്റു കുമിളകളുമായി ചേർന്നുകൊണ്ട് വലിയ കുമിളകളായി മാറുകയുംചെയ്യുന്നു. കടലിന്റെ ഉപരിതലത്തിൽ നിൽക്കുന്ന ഇത്തരം കുമിളകളിൽ കപ്പലുകൾ വന്നിടിക്കുമ്പോൾ ഈ കുമിളകൾ പൊട്ടുകയും, വലിയ ഇന്ധനമായതുകൊണ്ടുതന്നെ ചെറിയ ഒരു കനൽ ഉണ്ടായാൽ പോലും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. അത്തരത്തിൽ പൊട്ടിത്തെറിയുണ്ടായി കപ്പൽ തകർന്നതാകാമെന്ന് കരുതുന്നവരുമുണ്ട്. കൂടാതെ മീഥെയ്ൻ വെള്ളത്തിൽ കലരുമ്പോൾ വെള്ളത്തിന്റെ സാന്ദ്രത കുറയുകയും അതുമൂലം കപ്പൽ മുങ്ങിപ്പോകുകയും ചെയ്യുന്നതാണെന്നും പറയപ്പെടുന്നു.
ചുഴികൾ
കടലിൽ രൂപപ്പെടുന്ന ചുഴികളാണ് മറ്റൊന്ന്. ചുഴികളുടെ വേഗത്തിനനുസരിച്ചു അവയുടെ ആകൃതിയിൽ വ്യത്യാസം വരുന്നു. വേഗത കൂടുന്നതനുസരിച്ച് ആദ്യം വൃത്തം പിന്നെ ത്രികോണം, തുടർന്ന് ചതുരം, ഏറ്റവും വേഗതയിൽ ഹെക്സഗണൽ ആകൃതി എന്നിങ്ങനെ ഉണ്ടാകുന്നു. വൻവേഗതയിൽ ചുഴി ഉണ്ടാകുമ്പോൾ അത് മുകളിലെ മേഘങ്ങളെ സ്വാധീനിക്കുകയും ചുഴിയുടെയും മേഘങ്ങളുടെയും ഇടയിൽ വലിയ ഊർജം രൂപപ്പെടുകയുംചെയ്യുന്നു. മുകളിൽനിന്ന് താഴേക്കുണ്ടാകുന്ന ശക്തിയേറിയ വായുവിന്റെ ചലനം കപ്പൽ പോലെയുള്ളവയെ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പായിക്കുന്നു എന്നതാണ് വാദം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..