ബാക്‌ടീരിയ, പ്രോട്ടോസോവ, ഫംഗസ്, ആൽഗകൾ, വൈറസുകൾ എന്നിവയെല്ലാം സൂക്ഷ്മജീവികളാണ്.
കൊല്ലാൻ മടിയില്ലാത്തവർ
രോഗം പരത്തുന്ന സൂക്ഷ്മജീവികളിൽ ബാക്റ്റീരിയ, ഫംഗസ്, വൈറസ്, പ്രോട്ടോസോവ എന്നിവരാണ് മുൻനിരയിൽ. ഉദാഹരണത്തിന് ക്ഷയം എന്ന രോഗത്തിന് കാരണമാകുന്നത് മൈക്കോബാക്ടീരിയം ടൂബർക്കുലോസിസ് എന്ന ബാക്ടീരിയയാണ്. ജലദോഷം ഉണ്ടാക്കുന്നത് റൈനോവൈറസുകളുമാണ്. ന്യുമോണിയ പരത്തുന്നത് സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ എന്ന ബാക്റ്റീരിയയാണ്.
പ്രോട്ടോസോവ, വൈറസുകൾ എന്നിവ മനുഷ്യരിൽ പരത്തുന്ന രോഗങ്ങളിൽ പ്രധാനമായും ഒരു ഇടനിലക്കാരൻ ഉണ്ടാവാറുണ്ട്. ഉദാഹരണത്തിന് പ്ലാസ്‌മോഡിയം എന്നവിഭാഗത്തിൽ പ്പെടുന്ന ജീവികൾ കൊതുകുകൾ വഴിയാണ് നമ്മുടെ ശരീരത്തിൽ കടന്ന് മലേറിയ ഉണ്ടാക്കുന്നത്. കോവിഡിനു കാരണം ഒരു വൈറസ് ആണെന്ന് അറിയാമല്ലോ?
ഉപയോഗങ്ങൾ
വിവിധ ഉത്‌പന്നങ്ങൾ നിർമിക്കാൻ വ്യാവസായികമായിത്തന്നെ സൂക്ഷ്മജീവികളെ ഉപയോഗിക്കാം. ആ തിരിച്ചറിവിന്റെ ഭാഗമായാണ് ‘ഇൻഡസ്ട്രിയൽ മൈക്രോബയോളജി’ എന്ന ശാസ്ത്രശാഖ രൂപപ്പെട്ടത്. ഭക്ഷണം, ഫാർമ, ബിവറേജസ്,കൃഷി എന്നീ രംഗങ്ങളിലാണ് പ്രധാനമായും സൂക്ഷ്മജീവികൾ ഉപയോഗിക്കപ്പെടുന്നത്. ഭക്ഷ്യരംഗത്ത് ബേക്കറി ഉത്‌പന്നങ്ങൾ, വിനാഗിരി, തൈര്, ചീസ്, യോഗർട്ട് തുടങ്ങിയവ നിർമിക്കാൻ സൂക്ഷ്മജീവികളുടെ സഹായം വേണം. വൈദ്യരംഗത്ത് വാക്‌സിൻ, ആന്റിബയോട്ടിക്, വൈറ്റമിൻ, എൻസൈം എന്നിവ നിർമിക്കുന്നു. ആദ്യത്തെ ആന്റിബയോട്ടിക് ആയി കണക്കാക്കപ്പെടുന്ന പെനിസിലിൻ, അലക്‌സാണ്ടർ ഫ്ലെമിങ് നിർമിച്ചത് പെനിസിലിയം നോട്ടെറ്റം എന്ന ഫംഗസിൽനിന്നാണ്.
ലൂയി പാസ്ചർ
വ്യാവസായികാടിസ്ഥാനത്തിൽ യീസ്റ്റ് ഉൾപ്പെടെയുള്ള സൂക്ഷ്മജീവികളെ ഉപയോഗിച്ചത് ലൂയി പാസ്ചറാണ്. അദ്ദേഹത്തെ ആധുനിക മൈക്രോബയോളജിയുടെ പിതാവായി കണക്കാക്കുന്നു.
ബിയർ, ബ്രാണ്ടി, വൈൻ, റം, വിസ്‌കി തുടങ്ങിയവ ഉണ്ടാക്കാനും സൂക്ഷ്മജീവികളുടെ സഹായം ആവശ്യമാണ്. മാൾട്ട് പോലെയുള്ള ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയെ (ഗ്ലൂക്കോസ്) മറ്റുചില പദാർഥങ്ങളായി മാറ്റിക്കൊണ്ടാണ് ഇവയുടെ നിർമ്മാണം സാധ്യമാക്കുന്നത്. ബിയർ നിർമിക്കുന്നത് മാൾട്ടിലെ പഞ്ചസാരയെ ഈഥൈൽ ആൽക്കഹോളും കാർബൺ ഡയോക്‌സൈഡും ആക്കി മാറ്റിക്കൊണ്ടാണ്.
കൃഷിക്കാരന്റെ മിത്രം
കൃഷിയിലും സൂക്ഷ്മജീവികൾ വലിയ സേവനമാണ് ചെയ്യുന്നത്. പദാർഥങ്ങൾ ചീയാൻ സഹായിക്കുന്നത് സൂക്ഷ്മജീവികൾ ആണ്. അന്തരീക്ഷത്തിലെ നൈട്രജനെ ചെടികൾക്ക് ഉപയോഗിക്കാവുന്നതരത്തിൽ നൈട്രേറ്റുകൾ ആക്കിമാറ്റുന്നത് മണ്ണിൽ ജീവിക്കുന്ന നൈട്രജൻ ഫിക്‌സിങ് ബാക്റ്റീരിയകളാണ്.
റൈസോബിയം, അസറ്റോബാക്ടർ, അസോസ്പൈറില്ലം എന്നിവ ഉദാഹരണങ്ങൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..