അറിയണം റോഡ് നിയമങ്ങൾ


ഡോ. അബേഷ് രഘുവരൻ 

2 min read
Read later
Print
Share

റോഡിലിറങ്ങുമ്പോൾ വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. നിയമങ്ങൾ എന്തൊക്കെയാണെന്നു നോക്കാം

സ്വന്തം വാഹനം ഉപയോഗിക്കുന്നവർ വാഹനത്തിന്റെ ആർ.സി. (Registration Certificate), ഇൻഷുറൻസ്, ടാക്സ് ബിൽ തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ, പുകപരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ കരുതണം. ഇവ
ഡിജിലോക്കറിൽ സൂക്ഷിച്ചാലും മതി.
കാറിൽ സീറ്റ് ബെൽറ്റ് ധരിക്കണം.
ഇരുചക്രവാഹനങ്ങളിൽ
യാത്രചെയ്യുന്നവർ
ഹെൽമെറ്റ് ധരിക്കണം.
ഡ്രൈവ് ചെയ്യുമ്പോൾ
മൊബൈൽഫോൺ
ഉപയോഗിക്കരുത്.
രാത്രിയിൽ എതിർഭാഗത്തുനിന്ന്‌ വാഹനം വരുമ്പോൾ ഹെഡ്‌ലൈറ്റ്
ഡിം ആക്കിവേണം ഡ്രൈവ് ചെയ്യാൻ.

ട്രാഫിക് ഐലൻഡുകൾ

ട്രാഫിക് ഐലൻഡിലെ സിഗ്‌നലിൽ
ചുവപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെ
മൂന്നുനിറങ്ങളാണുണ്ടാവുക.
ചുവപ്പുനിറം കണ്ടാൽ വാഹനം
നിർത്തണം. പച്ചനിറം കണ്ടാൽ മുന്നോട്ടുപോവാം. മഞ്ഞനിറം ചുവപ്പുനിറം വരാനുള്ള മുന്നറിയിപ്പാണ്. വേഗത കുറയ്ക്കുക.
വലിയ ജങ്ഷനുകളിൽ കാൽനടക്കാർക്കും സിഗ്നലുകളുണ്ടാകാറുണ്ട്. ലൈറ്റുകളിൽ കാൽനടക്കാരന്റെ ചിത്രമുണ്ടായിരിക്കും. അതിലും പച്ച, ചുവപ്പ്‌, മഞ്ഞ നിറങ്ങളാവും ഉണ്ടാകുക.

ഇടവിട്ടുള്ള വെള്ളവരകൾ
റോഡിനെ രണ്ടായി ഭാഗിക്കുന്ന വരയാണിത്. രണ്ടുവശങ്ങളിൽനിന്നുമുള്ള വാഹനങ്ങൾക്ക് തുല്യമായ വീതിയാണുള്ളത്. എതിരേ വാഹനങ്ങൾ വരുന്നില്ലെങ്കിൽ ഈ വരകൾക്കുമുകളിലൂടെ ഓവർടേക്ക് സാധ്യമാണ്.

ഡിജി ലോക്കർ
ഒട്ടും പ്രതീക്ഷിക്കാതെ സർട്ടിഫിക്കറ്റുകൾ നമുക്ക് ഹാജരാക്കേണ്ടിവന്നാൽ പേടിക്കേണ്ടതില്ല. എല്ലാ സർട്ടിഫിക്കറ്റുകളും നമ്മുടെ സ്മാർട്ട്ഫോണിൽ സൂക്ഷിക്കാം. ‘ഡിജിലോക്കർ’ എന്നാണു ആ ആപ്ലിക്കേഷന്റെ പേര്. പ്ളേസ്റ്റോറിലോ, ആപ്പ് സ്റ്റോറിലോ നിന്ന് ‘ഡിജിലോക്കർ’ ഡൗൺലോഡ് ചെയ്യാം. അതു തുറന്ന്‌ ആധാർ നമ്പറോ, ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറോ കൊടുത്താൽ മൊബൈലിൽ വരുന്ന ഒ.ടി.പി. ഉപയോഗിച്ച്‌ അക്കൗണ്ട് ഉണ്ടാക്കാം. അക്കൗണ്ട് തുറന്നാൽ ആധാർ, വോട്ടർ ഐ.ഡി. ഉൾപ്പെടെയുള്ളതിന്റെ ലിങ്ക് കാണാൻകഴിയും. അതിൽ കാർഡിന്റെ നമ്പർ നൽകിയാൽ നമ്മുടെ കാർഡ് ഓൺലൈനായി കാണാം. അത് സേവ് ചെയ്തുവെച്ചാൽ പിന്നീട് എപ്പോൾവേണമെങ്കിലും ആപ്പിലൂടെ നമുക്ക് സർട്ടിഫിക്കറ്റുകൾ കാണാൻ കഴിയും. കേന്ദ്രസർക്കാർ അംഗീകരിച്ച ആപ്പ് ആയതിനാൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിടത്തൊക്കെ ഇത് കാണിച്ചാൽ മതി.

നീളമുള്ള വെള്ളവര
വീതികുറഞ്ഞ റോഡുകളിലാണ് ഇത്തരം വരകൾ കാണുന്നത്. ഈ വരകൾ മുറിച്ചുകടക്കരുത് എന്നതാണ് നിയമം. ഓവർടേക്ക് ചെയ്യാനും പാടില്ല.

സിഗ്-സാഗ് വരകൾ
ഇത്തരം വരകൾ ആളുകൾ മുറിച്ചുകടക്കുന്ന ഇടങ്ങൾക്ക് മുമ്പായാണ് നൽകാറ്. സീബ്രാവരകൾ ഉടനെയുണ്ടെന്നും മുമ്പിലെ വാഹനം നിർത്തിയാൽപ്പോലും ഓവർടേക്ക് പാടില്ലെന്നും സൂചിപ്പിക്കുകയാണ് സിഗ്-സാഗ് വരകൾ. എല്ലായിടങ്ങളിലും ഇവ കാണാറില്ല.

സ്ട്രൈപ്പ്ഡ് മീഡിയൻ
ഒരു ഏണിപോലെ തോന്നുന്ന, ഡിവൈഡറിന് തുല്യമായ അടയാളങ്ങളാണിവ. അപകടസാധ്യത കൂടിയ ഇടങ്ങളിൽ വാഹനങ്ങൾ തമ്മിൽ കൂടുതൽ അകലം പാലിക്കാനാണ് ഈ വരകൾ. ഓവർടേക്കിങ് ഒരുകാരണവശാലും പാടില്ല. ആ വരകളിൽനിന്ന് കഴിയുന്നതും അകലംപാലിക്കണം. സ്ട്രൈപ്പ്ഡ് മീഡിയൻ കയറിച്ചെല്ലുന്നത് പലപ്പോഴും ശരിയായ ഒരു മീഡിയനിലേക്ക് ആയിരിക്കും. അപ്പോൾ സ്ട്രൈപ്പ്ഡ് മീഡിയൻ പാലിക്കാതെവന്നാൽ വാഹനങ്ങൾ മീഡിയനിൽ ഇടിച്ച് അപകടമുണ്ടാകാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ മഞ്ഞനിറത്തിലെ സ്ട്രൈപ്പ്ഡ് മീഡിയൻ വരകളും കാണാറുണ്ട്. മഞ്ഞയാണെങ്കിൽ നിയമങ്ങൾ കർശനമായി പാലിച്ചിരിക്കണം.

മഞ്ഞ ബോക്സ് ജങ്ഷൻ
തിരക്കുള്ള ജംഗ്ഷനിലാണ് മഞ്ഞ ബോക്സ് ജങ്ഷൻ കാണുന്നത്. ഈ വരകൾക്കുമുകളിൽ വാഹനം നിർത്താൻ പാടില്ല. കടന്നുപോകാൻ കഴിയുമെങ്കിൽ കടന്നുപോകാം. ഇല്ലെങ്കിൽ മറ്റുവശങ്ങളിൽനിന്നുള്ള വാഹനങ്ങൾ പോയതിനുശേഷംമാത്രം കടന്നുപോകാം.

കുറുകെയുള്ള വരകൾ
ഈ വരകൾ കണ്ടാൽ വാഹനം നിർത്തണം. അവിടെത്തന്നെ നിർത്താനുള്ള അടയാളങ്ങളും ഉണ്ടാകും. അതിനുശേഷമുള്ള സീബ്രാവരകളിലേക്ക് ഒരാൾ ഇറങ്ങിയാൽ ക്രോസ് വരയിൽ നിർബന്ധമായും വാഹനം നിർത്തിയിരിക്കണം.

ഡ്രൈവിങ് സീറ്റ് വലതുവശത്ത്
പല വിദേശരാജ്യങ്ങളിലും ഇടതുവശത്ത് ഡ്രൈവർ ഇരിക്കുന്ന സംവിധാനമാണെങ്കിലും നമ്മുടെനാട്ടിൽ വാഹനങ്ങൾ കൊണ്ടുവന്നത് ബ്രിട്ടീഷുകാരായതിനാൽ അവരുടേതിന് സമാനമായി വലതുവശത്താണ് ഡ്രൈവിങ് സീറ്റ്.

ഡോ. അബേഷ് രഘുവരൻ
അസിസ്റ്റന്റ്‌ പ്രൊഫസർ, സെന്റർ ഫോർ സയൻസ്
ഇൻ സൊസൈറ്റി, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ്
സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)

Content Highlights: vidya

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..