വീട്ടിലെ വൈദ്യുതി ഉപയോഗം എത്രയാണെന്നും എങ്ങനെയാണെന്നും കൂട്ടുകാർ ശ്രദ്ധിച്ചിട്ടുണ്ടോ? വീടുകളിൽ വൈദ്യുതി അളക്കുന്നത് യൂണിറ്റിൽ ആണല്ലോ. എന്താണ് ഒരു യൂണിറ്റ്?
‘ആയിരം വാട്‌സ് ഉള്ള ഒരു ഉപകരണം ഒരുമണിക്കൂർ പ്രവർത്തിക്കാൻ ആവശ്യമുള്ള വൈദ്യുതിയുടെ അളവാണ് ഒരു യൂണിറ്റ്’. ഉദാഹരണത്തിന് ആയിരം വാട്സിന്റെ ഒരു തേപ്പുപെട്ടി ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ ‘ഒരു യൂണിറ്റ്’ വൈദ്യുതി വേണ്ടിവരും. അപ്പോൾ 100 വാട്സിന്റെ ഒരു ബൾബ് ഒരു യൂണിറ്റ് വെദ്യുതി ഉപയോഗിക്കാൻ എത്ര മണിക്കൂർ പ്രവർത്തിപ്പിക്കണം? പത്തുമണിക്കൂർ. ഇതാണ് യൂണിറ്റ് കണക്കാക്കാനുള്ള ഏറ്റവും ലളിതമാർഗം. വീട്ടിലെ ചില പ്രധാന ഉപകരണങ്ങൾക്കാവശ്യമായ വൈദ്യുതി എത്രയെന്നു നോക്കാം
ഫാൻ
സീലിങ് ഫാനുകൾ 75 വാട്സ് ആണ്. മൂന്ന് ഫാനുകൾ ആണുള്ളതെങ്കിൽ 225 വാട്സ്. ഒരുദിവസം 10 മണിക്കൂർ ആണ് അത് കറങ്ങുന്നതെങ്കിൽ 2250 വാട്സ്. അതായത് 2.25 യൂണിറ്റ് വൈദ്യുതി. ബി. എൽ.ഡി.സി (Brushless Direct Current Motor) ഫാനുകളാണെങ്കിൽ 30 വാട്സ് മാത്രമേ വരുന്നുള്ളൂ. കണക്കുനോക്കുമ്പോൾ മൂന്നു ഫാനുകൾക്ക് 90 വാട്സ്. 10 മണിക്കൂർ ഉപയോഗിക്കുകയാണെങ്കിൽ 900 വാട്സ്. അതായത് 0.9 യൂണിറ്റ് വൈദ്യുതി.
ബൾബ്
ടങ്സ്റ്റൻ ഫിലമെന്റ് ബൾബ്, സി.എഫ്.എൽ., എൽ.ഇ.ഡി. എന്നിവയാണ് പ്രധാന ബൾബുകൾ. ഇവയുടെയെല്ലാം കാലാവധി വ്യത്യാസപ്പെട്ടിരിക്കുന്നു. ഫിലമെന്റ് ബൾബിന് ആയിരം മണിക്കൂറും സി.എഫ്.എലിന് പതിനായിരം മണിക്കൂറും, എൽ.ഇ.ഡി.ക്ക് ഇരുപത്തയ്യായിരം മണിക്കൂറുമാണ് കാലാവധി. ടങ്സ്റ്റൻ ഫിലമെന്റ് ബൾബ് (0.06 യൂണിറ്റ്) സി.എഫ്.എൽ. (0.015 യൂണിറ്റ് ) എൽ.ഇ.ഡി. (0.007 യൂണിറ്റ് ) എന്നിങ്ങനെയാണ് വൈദ്യുതി ഉപയോഗം
ടെലിവിഷൻ
പഴയ കളർ ടെലിവിഷനുകൾക്ക് 150 വാട്സ് ആണ്. ഒരു മണിക്കൂറിൽ 0.15 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. എൽ.ഇ. ഡി. ടി.വി.കൾ 50 വാട്സ് ആണ്. മണിക്കൂറിൽ 0.05 യൂണിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിക്കുകയുള്ളൂ.എ.സി., ഫ്രിഡ്ജ് തുടങ്ങിയവയ്ക്ക് കുറഞ്ഞ വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്റ്റാറുകൾ നൽകിയിട്ടുണ്ട്. ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ എന്നിങ്ങനെ. സ്റ്റാർ കൂടുമ്പോൾ ഉപഭോഗം കുറയും.
ബിൽ കുറയ്ക്കാൻ ചില വഴികൾ
1. അത്യാവശ്യമില്ലാത്തപ്പോൾ ലൈറ്റ്, ഫാൻ എന്നിവ ഓഫാക്കുക
2. ദിവസവും ഇസ്തിരിയിടുന്നതിനുപകരം ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങൾ ഒരുമിച്ച് ഇസ്തിരിയിടാൻ ശ്രമിക്കുക.
3. ടങ്സ്റ്റൻ ബൾബുകൾക്കു പകരം എൽ.ഇ.ഡി. ഉപയോഗിക്കുക (100 വാട്ടിന്റെ ഒരു ടങ്സ്റ്റൻ ബൾബ് പത്തുമണിക്കൂർ കത്തുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതിയാവും. ഇതുകൊണ്ട് പ്രകാശമേറിയ 9 വാട്ടിന്റെ 11 എൽ.ഇ. ഡി. ബൾബുകൾ 10 മണിക്കൂർ കത്തിക്കാം).
ശ്രദ്ധിക്കാം
വൈദ്യുതി ഉപഭോഗം കൂടിയ വൈകുന്നേരം 6.30 മുതൽ 9.30 വരെയുള്ള സമയം വെള്ളം പമ്പുചെയ്യുന്ന മോട്ടോർ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം കുറയ്കുക. ഈ സമയത്ത് ഫ്രിഡ്ജ് ഓഫ് ചെയ്യാം. ഫ്രിഡ്ജ് അടച്ചിട്ടാൽ ഊഷ്മാവിന് വലിയ വ്യത്യാസമുണ്ടാവില്ല.
ഡോ. അബേഷ് രഘുവരൻ,
അസിസ്റ്റന്റ് പ്രൊഫസർ. സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി,
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)
Content Highlights: vidya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..