സിവിൽ സർവീസിലേക്ക്


ഡോ. അബേഷ് രഘുവരൻ

2 min read
Read later
Print
Share

സിവിൽ സർവീസ്‌ വിജയികളുടെ വാർത്തകളാണ്‌  ഇപ്പോൾ ചർച്ചചെയ്യുന്നത്‌. ഒരു ശരാശരി ഇന്ത്യൻവിദ്യാർഥിയുടെ ആഗ്രഹത്തിന്റെ അങ്ങേയറ്റത്താണ്‌ സിവിൽ സർവീസിൽ കയറിക്കൂടുക എന്നത്‌. മികച്ച ശമ്പളവും ഗ്ലാമറും അധികാരവും സിവിൽ സർവീസിനെ ഏറ്റവും ആകർഷകമാക്കുന്നു. അതിലേക്ക്‌ കയറിക്കൂടാനുള്ള കടമ്പകൾ കഠിനമാണെങ്കിലും കയറിക്കഴിഞ്ഞാൽ ജീവിതം ആനന്ദകരമാകും. കൂട്ടുകാർക്ക്‌ സിവിൽ സർവീസിലേക്കുള്ള വഴിയാണ്‌ ഇവിടെ വിശദീകരിക്കുന്നത്‌

പല ക്ളാസുകളിൽ പഠിക്കുന്നവരാകും കൂട്ടുകാർ. എന്നാൽ സിവിൽ സർവീസിന്‌ ഒരുക്കംതുടങ്ങാൻ പ്രത്യേക പ്രായപരിധിയില്ല. പത്താംക്ലാസ് കഴിഞ്ഞാൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ അഞ്ചുവർഷം കഴിയണം. പരീക്ഷയെഴുതാൻവേണ്ട അടിസ്ഥാനയോഗ്യത ഏതെങ്കിലും ഒരു ഡിഗ്രിയാണ്‌. ഇപ്പോഴേ കൃത്യമായപദ്ധതി തയ്യാറാക്കി, കഠിനപ്രയത്നംചെയ്താൽ സ്വപ്നം സഫലമാവും.

എന്താണ് സിവിൽ സർവീസ്‌
വിവിധ ഭരണതസ്തികകളിലേക്ക്‌ രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയാണിത്. ഐ.എ.എസ്., ഐ.എഫ്.എസ്., ഐ.പി.എസ്., ഐ.ആർ.എസ്. എന്നിങ്ങനെ ഇരുപത്തിമൂന്നോളം തസ്തികകളിലേക്കാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയിൽ ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് വിവിധ ജോലികൾ ലഭിക്കുന്നത്. യൂണിയൻ പബ്ലിക് സർവീസ്
കമ്മിഷൻ (UPSC) ആണ് പരീക്ഷ നടത്തുന്നത്. 900ൽപ്പരം ഒഴിവുകൾ
ഓരോവർഷവും ഉണ്ടാകാറുണ്ട്‌.

അടിസ്ഥാനയോഗ്യത
ഒരു അംഗീകൃത സർവകലാശാലയിലെ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി മതിയാകും. (വിദൂരവിദ്യാഭ്യാസവും സ്വീകാര്യമാണ്). ജനറൽവിഭാഗത്തിൽ 21 വയസ്സുമുതൽ 32 വയസ്സുവരെയുള്ളവർക്ക് എഴുതാം. (സംവരണം ഉള്ളവർക്ക് വ്യത്യാസപ്പെടാം).

കടമ്പകൾ
മൂന്നുഘട്ടങ്ങളായാണ് പരീക്ഷ.
1. പ്രാഥമിക പരീക്ഷ (Preliminary Exam)
2. പ്രധാന പരീക്ഷ (Main Exam)
3. വ്യക്തിഗത അഭിമുഖം (Personal Interview)
പ്രാഥമിക പരീക്ഷയിൽ ഇരുനൂറുമാർക്കിന്റെ രണ്ട് ചോദ്യപ്പേപ്പർ ആണുള്ളത്. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യമാവും ഉണ്ടാവുക. ഈ പരീക്ഷയിൽ ജയിച്ചാൽ മാത്രമേ അടുത്തഘട്ടമായ പ്രധാനപരീക്ഷ എഴുതാൻ കഴിയൂ. ആദ്യത്തെ കടമ്പ കടക്കൽ ഏറെ പ്രധാനമാണ്. ഇതിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെങ്കിൽ ആഴത്തിലുള്ള അറിവ് ഉണ്ടായേ മതിയാകൂ.
രണ്ടാമത്തെ കടമ്പയായ പ്രധാന പരീക്ഷയിൽ ഒമ്പത് പേപ്പറുകൾ ഉണ്ടാവും. 1750 മാർക്കാണ് പരമാവധി ലഭിക്കുക. ആദ്യത്തെ രണ്ടെണ്ണം ക്വാളിഫയിങ് പേപ്പർ ആയിരിക്കും. അതിൽ ഒരെണ്ണം ഇംഗ്ലീഷും മറ്റൊന്ന് ഏതെങ്കിലും ഒരു ഇന്ത്യൻഭാഷയുമായിരിക്കും. മൂന്നാമത്തെ പേപ്പർ ഉപന്യാസവും പിന്നീടുള്ള നാലുപേപ്പർ ജനറൽസ്റ്റഡീസും അവസാനത്തെ രണ്ടെണ്ണം ഓപ്‌ഷണൽ പേപ്പറുമാണ്. 26 വിഷയങ്ങളിൽനിന്ന് ഇഷ്ടമുള്ള ഒരെണ്ണം നമുക്ക് തിരഞ്ഞെടുക്കാം. ആ വിഷയത്തെ അധികരിച്ചാവും ഈ രണ്ടുപേപ്പറിലെ ചോദ്യങ്ങൾ. ഈ പരീക്ഷ നമുക്ക് മലയാളത്തിലും എഴുതാം.
മൂന്നാമത്തെയും അവസാനത്തെയും കടമ്പ വ്യക്തിഗത അഭിമുഖമാണ്. 275 മാർക്ക് വരെ ഇവിടെ നേടാനാവും. ആകാശത്തിനുകീഴിലെ എന്തും ഇവിടെ ചോദിക്കാം. നമ്മുടെ ഇഷ്ടങ്ങളെക്കുറിച്ച്‌, നാടിനെക്കുറിച്ച്‌, ഇന്ത്യയെക്കുറിച്ച്‌, വിദേശരാജ്യങ്ങളെക്കുറിച്ച്‌ അങ്ങനെ എന്തുമാവാം. ഒരു സാമൂഹികപ്രശ്നത്തെ നാം അഭിമുഖീകരിക്കുന്ന രീതിയും മാറ്റുരയ്ക്കപ്പെടാം. ആഴത്തിലുള്ള അറിവും നല്ല ഭാഷാപരിജ്ഞാനവും ഇവിടെ നമുക്ക് തുണയാകും. ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം ആവശ്യമാണെങ്കിലും ഒരു വിവർത്തകന്റെ സഹായത്തോടെ നിങ്ങൾക്ക്‌ മലയാളത്തിലും അഭിമുഖത്തിൽ പങ്കെടുക്കാം. പ്രധാന പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് ചേർത്താണ് അവസാനഫലം പ്രസിദ്ധീകരിക്കുന്നത്.

ഇതാ അഞ്ച് സെക്കൻഡ്
അപ്പോൾ നിങ്ങൾ സിവിൽസർവീസിലേക്കുള്ള യാത്ര തുടങ്ങുകയല്ലേ. ഒരു ടിപ് കൂടെ പറയാം. നിങ്ങൾ ഒരുകാര്യം തീരുമാനിച്ചാൽ എത്രപെട്ടെന്ന് അതിനുള്ള ശ്രമങ്ങൾ ആരംഭിക്കും? ദിവസങ്ങളും മാസങ്ങളും എടുക്കും, അല്ലേ? ഒരിക്കലും പാടില്ല. നിങ്ങളുടെ തീരുമാനവും പ്രവൃത്തിയും തമ്മിൽ വെറും അഞ്ച് സെക്കൻഡിന്റെ ദൈർഘ്യം മാത്രമേ പാടുള്ളൂ. അതായത് ഇപ്പോൾ സിവിൽ സർവീസ് പരീക്ഷ നിങ്ങളുടെ മനസ്സിൽ കയറിയാൽ നാളെത്തുടങ്ങാം എന്നല്ല ചിന്തിക്കേണ്ടത്. അഞ്ചുസെക്കൻഡിനുള്ളിൽ അടുത്തചുവട് വെച്ചിരിക്കണം എന്നർഥം. അപ്പോൾ തുടങ്ങുകയല്ലേ.. പത്രവായനയിൽനിന്നുതന്നെ തുടങ്ങിക്കോളൂ. റെഡി, വൺ...ടൂ.. ത്രീ... സ്റ്റാർട്ട്

Content Highlights: vidya

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..