പബ്ലിക് പോളിസി @ കാലിഫോർണിയ യൂണിവേഴ്‌സിറ്റി


ലോകബാങ്കിലോ മറ്റ് അന്താരാഷ്ട്ര എനർജി ഏജൻസികളിലോ പ്രവർത്തിക്കുകയെന്നതാണ് മലപ്പുറം മൂക്കുതല സ്വദേശി ഹരിലാൽ കൃഷ്ണയുടെ ലക്ഷ്യം. അതിനായി കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ പബ്ലിക് പോളിസിയിൽ മാസ്‌റ്റേഴ്‌സിനായി അപേക്ഷിക്കുകയും പ്രവേശനംലഭിക്കുകയുംചെയ്തു. പബ്ലിക് പോളിസിയിലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നയരൂപവത്‌കരണ പഠനങ്ങളിലും പ്രവർത്തിച്ചശേഷമാണ് മാസ്റ്റേഴ്സിനായി പബ്ലിക് പോളിസി തിരഞ്ഞെടുത്തത്.
ഐ.ഐ.ടി. ഡൽഹിയിൽനിന്ന്‌ കെമിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക്കും എം.ടെക്കും നേടി. ഇതിനുശേഷം ഐ.ഐ.ടി. ഡൽഹിയിലെ സ്കൂൾ ഓഫ് പബ്ലിക് പോളിസിയിൽ സീനിയർ പ്രോജക്ട് സയന്റിസ്റ്റായി പ്രവർത്തിച്ചു. ജർമനിയിലെ ആർ.ഡബ്ല്യു.ടി.എച്ചിൽ ഗവേഷണ പരിചയവുമുണ്ട്. ബി.ജെ.പി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രന്റെയും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെയും മകനാണ് ഹരിലാൽ കൃഷ്ണ.

പ്രവേശന നടപടികൾ
സ്റ്റേറ്റ്‌മെന്റ് ഓഫ് പർപ്പസ്, റസ്യുമേ, ലെറ്റർ ഓഫ് റെക്കമൻഡേഷൻ, ജി.ആർ.ഇ. സ്കോർ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനമെന്ന് ഹരിലാൽ പറയുന്നു. ഏത് മേഖലയിലാണ് താത്‌പര്യമുള്ളതെന്ന് അറിയാനാണ് സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്. ഇത് കണ്ടെത്താനുള്ള ഉപന്യാസം ഉണ്ടാകും. റസ്യുമേയിൽ അക്കാദമിക് പ്രൊഫഷണൽ വിവരങ്ങൾ വ്യക്തമായി നൽകണം. ഒരു പേജിലാണ് നൽകേണ്ടത്. രണ്ടുപേജ് വരെയാകാം. പുറത്തുനിന്ന് വരുന്നവർക്ക് കോഴ്സ് ചെയ്യാനുള്ള കഴിവുണ്ടോ എന്നറിയാനുള്ള പരീക്ഷയാണ് ജി.ആർ.ഇ. ഇതിൽ 340-ൽ 335 മാർക്ക് ഹരിലാൽ നേടിയിട്ടുണ്ട്. നമ്മളെക്കുറിച്ച് ഒരാൾ നൽകുന്ന വിവരങ്ങളാണ് ലെറ്റർ ഓഫ് റെക്കമെന്റേഷൻ. ഇത് പഠിപ്പിച്ച പ്രൊഫസർ നൽകുന്നതാണ് കൂടുതൽ നല്ലത്.

ജി.ആർ.ഇ. തയ്യാറെടുപ്പ്
ജി.ആർ.ഇ. സാധാരണ പരീക്ഷപോലെ രണ്ടുമണിക്കൂറോ മൂന്നുമണിക്കൂറോ ഉള്ള പരീക്ഷയല്ല. അഞ്ച് സെഷനുകളിൽ ക്വാണ്ടിറ്റേറ്റീവ്, വെർബൽ എന്നിവയും ആറാമത്തേതിൽ എഴുത്തുപരീക്ഷയുമുണ്ട്. മോക് ടെസ്റ്റുകൾ ചെയ്യുന്നത് നിർണായകമാണ്. രജിസ്റ്റർചെയ്യുമ്പോൾ പരീക്ഷാ ഏജൻസിയായ ഇ.ടി.എസ്. രണ്ട് സൗജന്യ മോക്ക് ടെസ്റ്റുകൾ തരും. ഇതിൽ ഒരു മോക് ടെസ്റ്റ് തയ്യാറെടുപ്പിന് മുൻപ് ചെയ്യണം. നമ്മുടെ നിലവാരം എവിടെയാണെന്ന് അറിയാൻ ഇത് സഹായിക്കും. തുടർന്ന് പുസ്തകംവാങ്ങി പരിശീലനംതുടങ്ങാം. ഞാൻ ഉപയോഗിച്ചത് പ്രിൻസ്റ്റൺ റിവ്യൂവിന്റെ ജി.ആർ.ഇ. പ്രീമിയം പ്രിപ്പ് എന്ന പുസ്തകമാണ്. പരിശീലനം 60-70 ശതമാനത്തിൽ എത്തിയാൽ പുസ്തകത്തോടൊപ്പം ലഭിച്ച ആറ് മോക് ടെസ്റ്റുകൾ മൂന്നുദിവസത്തിന്റെ ഇടവേളകളിൽ ചെയ്യുക. ഇത് കഴിയുമ്പോൾ അവസാനം ഒരു മോക് ടെസ്റ്റ് ചെയ്യാൻ സമയം ലഭിക്കും.
ആത്മവിശ്വാസം ലഭിക്കാൻ പരീക്ഷാ ഏജൻസിയായ ഇ.ടി.എസിന്റെ മോക് ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്. ഇവരുടെ മോക് ടെസ്റ്റ് ആകും യഥാർഥ പരീക്ഷയോട് അടുത്തു നിൽക്കുന്നത്. ശരിയായ പരീക്ഷയുടെ രണ്ടുദിവസം മുൻപ് ഇതുചെയ്യാം. ഒരു മാസത്തെ ഇടവേളയിൽ 10 മോക് ടെസ്റ്റ് ചെയ്തതായി ഹരിലാൽ പറയുന്നു. പരീക്ഷയിൽ മാത്‌സ്‌ പൊതുവേ കേരളത്തിൽനിന്നുള്ളവർക്ക് എളുപ്പമാകും. പഠിക്കുന്ന പുസ്തകത്തിലെ പ്രോബ്ലംസ് ചെയ്താൽ മതിയാകും. വെർബൽ സെഷനായ ഇംഗ്ലീഷ് ആണ് ബുദ്ധിമുട്ടുണ്ടാകുക. വെർബലിൽ പല മേഖലകൾ ഉള്ളതുകൊണ്ട് ആഴത്തിൽ പഠിക്കണം. വൊക്കാബുലറി മികച്ചതാക്കാൻ മഗൂഷ് എന്ന ആപ്പ് ഉപയോഗിച്ചിരുന്നു.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..