:തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. രാജ്യത്താകെ 34 പോസ്റ്റൽ സർക്കിളുകളിലായി 40,889 ഒഴിവാണുള്ളത്. ഇതിൽ 2462 ഒഴിവ് കേരള സർക്കിളിലാണ്. പത്താംക്ലാസ് പാസായവർക്കാണ് അവസരം. ഡിവിഷനുകൾ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്.
ശമ്പളം
ജോലിചെയ്യുന്ന സമയംകൂടി പരിഗണിച്ചാണ് വേതനം നിശ്ചയിക്കുക. ഇതുപ്രകാരം ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000 രൂപ മുതൽ 29,380 രൂപ വരെയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ ഡാക് സേവകിന് നാലുമണിക്കൂറിന് 10,000 രൂപ മുതൽ 24,470 രൂപവരെയും ലഭിക്കാം.
യോഗ്യത
മാത്തമാറ്റിക്സും ഇംഗ്ലീഷും ഉൾപ്പെട്ട പത്താംക്ലാസ് പാസായിരിക്കണം. പ്രാദേശികഭാഷയും ഒരു വിഷയമായി പഠിച്ചിരിക്കണം. കേരള, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മലയാളമാണ് ഔദ്യോഗിക പ്രാദേശികഭാഷ. കംപ്യൂട്ടർ പരിജ്ഞാനം വേണം. സൈക്ലിങ് അറിഞ്ഞിരിക്കണം. ഉദ്യോഗാർഥികൾക്ക് മറ്റ് ജീവിതമാർഗമുണ്ടായിരിക്കണം. പ്രായം: 18-40 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് വയസ്സിളവില്ല. ഭിന്നശേഷിക്കാർക്ക് 10 വർഷമാണ് വയസ്സിളവ്. ഭിന്നശേഷിക്കാരായ ഒ.ബി.സി. വിഭാഗക്കാർക്ക് 13 വർഷവും ഭിന്നശേഷിക്കാരായ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 15 വർഷവും ഇളവ് ലഭിക്കും. അപേക്ഷിക്കുമ്പോൾ പോസ്റ്റ് ഓഫീസുകളുടെ മുൻഗണന രേഖപ്പെടുത്താം.
വിവരങ്ങൾക്ക്: www.indiapostgdsonline.gov.in. അവസാനതീയതി: ഫെബ്രുവരി 16.
കേരള സർക്കിളിലെ ഡിവിഷനുകൾ
ആലപ്പുഴ, ആലുവ, കാലിക്കറ്റ്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, ആർ.എം.എസ്.സി.ടി. കോഴിക്കോട്, ആർ.എം.എസ്. എറണാകുളം, ആർ.എം.എസ്. തിരുവനന്തപുരം, തലശ്ശേരി, തിരൂർ, തിരുവല്ല, തൃശ്ശൂർ, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം നോർത്ത്, വടകര.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..