ഇതാ, എഴുത്തുകാരുടെ എഴുത്തുകാരൻ


കല്പറ്റ നാരായണൻ kalpettanarayanan@gmail.com

തന്റെ 79 വയസ്സിനിടയിലെ സമരഭരിതവും സംഭവബഹുലവുമായ ജീവിതത്തിനിടയിൽ ഗാന്ധിജി എഴുതി പുസ്തകങ്ങൾ നൂറ് വാല്യത്തിലധികമുണ്ട്‌.ഗാന്ധിജിയുടെ രചനകൾ സൂക്ഷിക്കാൻതന്നെ ഒരലമാര ആവശ്യമാണ്‌. അദ്‌ഭുതകരമായ വൈവിധ്യവുംആഴവുമാണ് ആ രചനകളിൽ.ഗാന്ധിജി എന്ന എഴുത്തുകാരനുമുന്നിൽവിസ്മയത്തോടെനിന്നുകൊണ്ട്്് മ​െറ്റാരു എഴുത്തുകാരൻ എഴുതിയതാണ് ഈ കുറിപ്പ്

രണ്ടുകൈകൊണ്ടും ഗാന്ധിജി എഴുതി. വലതു കൈതളർന്നപ്പോൾ ഇടതുകൈകൊണ്ടും എഴുതിയാണ് ഹിന്ദ് സ്വരാജ് മുഴുമിപ്പിച്ചത്. രണ്ടുകൈയും തികയാതെവന്നതിനാലാവാം പലപ്പോഴും ഗാന്ധിജി പറഞ്ഞുകൊടുത്ത്‌, തന്റേതല്ലാത്ത കൈകൾകൊണ്ട് എഴുതിക്കുകയുംചെയ്തു. അതിനായി സ്വദേശിയും വിദേശിയുമായ ഒട്ടേറെ കൈകൾ ഗാന്ധിജി ഉപയോഗിച്ചു. ഒരുലക്ഷത്തിൽപ്പരം കത്തുകൾ, ഒട്ടേറെ ലേഖനങ്ങൾ, ഹരിജനിലും നവജീവനിലും പ്രത്യക്ഷപ്പെട്ട കോളങ്ങൾ, ലഘുലേഖകൾ, ആത്മകഥയുൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ അതങ്ങനെ നീണ്ടുനീണ്ടു കിടക്കുന്നു. ഗാന്ധിജിയോളം എഴുതിയ എഴുത്തുകാർ ഭാരതത്തിലുണ്ടോയെന്ന് സംശയം. ഗാന്ധിജി ഓരോ വീട്ടിലും ഒരലമാര അർഹിച്ചു. ഓരോ ലൈബ്രറിയിലും ഒരു മുറി അർഹിച്ചു. ഗാന്ധിജിയെക്കുറിച്ച്‌ എഴുതപ്പെട്ടവ മുഴുവൻ ഉൾക്കൊള്ളണമെങ്കിൽ അതിനായി ഒരു മുഴുലൈബ്രറിതന്നെ ആവശ്യമാക്കി. ആ അർഥത്തിൽ ഗാന്ധിജിയാണ് നമ്മുടെ ഏറ്റവും വലിയ എഴുത്തുകാരനെന്ന് നിസ്സംശയം പറയാം. ആ അർഥത്തിൽമാത്രമായിരുന്നോഗാന്ധിജി വലിയ എഴുത്തുകാരൻ?
ഇത്രയധികം എഴുതിയിട്ടും അതിലൊരു വാക്കുപോലും അലസമായി താനെഴു തിയിട്ടില്ലെന്ന് ഗാന്ധിജി പറയുന്നുണ്ട്. താനെഴുതിയ ഓരോ വാക്കിലും തന്റെ മുദ്രയുണ്ടായിരുന്നു; ഉത്തരവാദിത്വത്തിന്റെ മുദ്ര. ഗാന്ധിജിയെക്കൂടാതെ ഗാന്ധിയൻ ആദർശത്തിന്റെ നാനാവശങ്ങൾക്കും എന്നേക്കും നിലനിൽപ്പുണ്ടാവാൻ വേണ്ടത്രയും ഗാന്ധിജി എഴുതി. ഗാന്ധിജിയെ നേരിൽക്കണ്ടപ്പോൾ തൊട്ടുനെറുകയിൽവെച്ചതിലേറെ ആളുകൾ(കൊലയാളിപോലും അദ്ദേഹത്തെ വന്ദിച്ചശേഷം തോക്ക് കൈയിലെടുത്തു)മനസാ തൊട്ടു നെറുകയിൽവെക്കുന്ന ഒട്ടേറെ സന്ദർഭങ്ങൾ ഗാന്ധിസാഹിത്യത്തിലുണ്ട്. ഇന്ത്യയിൽ സാധ്യമായ ഏറ്റവും വിശിഷ്ടമായ തീർഥാടനം ഈ കൃതികളിലുടെയുമാവാം. ആത്മാനുരാഗത്തിന്റെ ചവർപ്പ് തെല്ലുപോലും അനുഭവിപ്പിക്കാതെ ഇത്രയധികം എഴുതാൻ അനാസക്തനായ ഒരു യോഗിക്കല്ലാതെ കഴിയുമോ? ഇനി തനിക്ക്, സമൂഹത്തിൽ ലയിച്ച തന്നെക്കുറിച്ചല്ലാതെ പറയാനില്ലാത്തതിനാലാണ്, ഇനി താൻമാത്രമായി ഇല്ല എന്നതിനാലാണ് അദ്ദേഹം ആത്മകഥ അകാലത്ത് മുഴുമിപ്പിച്ചത്. My pen instinctively refuses to proceed further എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ആത്മകഥാരചനയിൽനിന്ന് വിരമിക്കുന്നു: ‘ഇവിടംമുതൽ മുമ്പോട്ടുള്ള എന്റെ ജീവിതം തികച്ചും പരസ്യമാകയാൽ അതേപ്പറ്റി ജനങ്ങൾക്കറിയാൻ പറ്റാത്തതായി ഒന്നും കാണില്ല’. കർമനിരതമായ മൂന്നുപതിറ്റാണ്ട്‌ പിന്നീടദ്ദേഹം ജീവിച്ചു; പൂർണമായ ദൃശ്യതയിൽ, ആർക്കുമെഴുതാവുന്ന, ആർക്കും കാണാവുന്ന പുസ്തകമായി. ഉപനിഷദ്‌മന്ത്രങ്ങൾപോലെയോ ബൈബിളോ ഖുർആനോ പോലെയോ കർത്തൃരഹിതമായ കർത്തൃത്വത്തിന്റെ വചനങ്ങളായിരുന്നു അവ മുഴുക്കെ. ഖുർആനില്ലാത്ത അറബിക്‌ ഭാഷ വിസ്മൃതമാവുമെന്ന് ഗാന്ധിജി എഴുതിയിട്ടുണ്ട്; ഗാന്ധിജിയില്ലാത്ത ഇന്ത്യയും.
ഗാന്ധിജി എഴുതിയത് ഗാന്ധിജിയെക്കാൾ ലളിതമായി മറ്റൊരാൾക്ക്‌ എഴുതാനാവില്ല. ജോൺസന്റെ രീതിയിലല്ല, ഡിക്കൻസിന്റെ രീതിയിലാണ്‌ എഴുതേണ്ടതെന്ന് ഗാന്ധിജി കരുതി. ആർഭാടം എപ്രകാരം ഹിംസയാകുന്നുവോ അപ്രകാരം ഹിംസയാണ് പണ്ഡിതമ്മന്യമായ രചനയും. ‘എന്റെ പൊങ്ങച്ചഭാവം മോടിയുള്ള ചില പദപ്രയോഗങ്ങൾ നടത്താൻ എന്നെ പ്രേരിപ്പിക്കും. എന്റെ കോപം രൂക്ഷമായ ചില വിശേഷണങ്ങൾ നൽകാൻ എനിക്ക് പ്രേരണയാകും. ഇത്തരം കളകളെ പിഴുതുമാറ്റാനാണ് ഞാൻ യത്നിച്ചു കൊണ്ടിരിക്കുന്നത്.’ അതിലദ്ദേഹം പൂർണമായി വിജയിച്ചു. ഈ വൃദ്ധൻ എത്രയോ നല്ലവൻ എന്നവർക്ക് തോന്നുന്നുണ്ടാവാം. ആവട്ടെ. പക്ഷേ, ഈ നന്മയെന്നത് ശ്രദ്ധാപൂർവമായ ഒരു തപസ്യയിലൂടെ ശീലിച്ചെടുത്തതാണെന്ന കാര്യവും ലോകമറിയണം. കൂടുതൽ ലാളിത്യത്തിലേക്ക് അദ്ദേഹം ഓരോ രചനയിലൂടെയുമെത്തി. ലക്ഷ്യത്തിലെത്താൻ ഏറ്റവും ഋജുവായ വഴി അദ്ദേഹം നിഷ്കർഷിച്ചു.
ഗാന്ധിജി ഇന്ത്യയിൽ ചെയ്ത ആദ്യപ്രസംഗം വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടു. 1916-ൽ, ബനാറസ് ഹിന്ദു കോളേജിന്റെ ഉദ്ഘാടനവേളയിലായിരുന്നു നാട്ടുരാജാക്കന്മാരെയും വെള്ളക്കാരെയും പ്രകോപിപ്പിച്ച ആ തീപ്പൊരിപ്രസംഗം. ഒറ്റപ്രസംഗംകൊണ്ട് ഗാന്ധിജി ഒരു ഉജ്ജ്വലവാഗ്മിയായി. പലയിടങ്ങളിൽനിന്നും പ്രസംഗി ക്കാനുള്ളക്ഷണം കിട്ടിക്കൊണ്ടിരുന്നു. പ്രസംഗത്തിന്റെ പ്രലോഭനത്തിൽപ്പെടാൻ അദ്ദേഹം സ്വയം സമ്മതിച്ചില്ല. ഒരു കൊല്ലത്തേക്ക് ഗാന്ധിജി പ്രസംഗമേചെയ്തില്ല. ഉച്ചത്തിലുള്ള പ്രസംഗത്തിന്റെ ആ കാലത്ത് ഗാന്ധിജി ചെറിയശബ്ദത്തിൽ ചുറ്റുമുള്ളവരോട് ആത്മാർഥമായി സംഭാഷണംചെയ്തു, സങ്കൽല്പിക്കാവുന്നതിൽ ഏറ്റവും സരളമായ ഭാഷയിൽ. ഭക്ഷണത്തിലെന്നപോലെ, വസ്ത്രത്തിലെന്നപോലെ മോടിയില്ലാതെ അദ്ദേഹം പ്രസംഗിച്ചു, എഴുതി. ഒരാസക്തിയും അദ്ദേഹത്തെ നിയന്ത്രിച്ചില്ല. നമ്മുടെ പൂന്താനം ഗാന്ധിജിക്കുമുമ്പേ പിറന്ന ഒരു ഗാന്ധിയനാണെന്ന് ആ ഭാഷയാൽ വശീകരിക്കപ്പെട്ട എനിക്ക് തോന്നാറുണ്ട്. ‘ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ടു’ എന്നുപറഞ്ഞ ബഷീറിൽ ആ ഗാന്ധിയൻ ടച്ച് കൃതികൾതോറും വളർന്നുവളർന്ന് ‘പാത്തുമ്മയുടെ ആടി’ൽ പൂർണസാഫല്യത്തിലെത്തി. ഭാഷയുടെ ലാളിത്യമില്ലായ്മകൊണ്ട് സാരമായത് നിസ്സാരമാവരുത്. പൊരുൾ മങ്ങരുത്. വലിയ തയ്യൽക്കാരൻ തുണി വ്യർഥമാക്കുകയില്ല എന്ന ലാവോത്‌സിയൻ വചനം ഗാന്ധിജിയിൽ അന്വർഥം.
ഒരെഴുത്തുകാരനെ പ്രചോദിപ്പിക്കുന്നതായി ഗാന്ധിജിയിൽ എന്തെല്ലാമാണുള്ളത്? സ്വയം നവീകരിക്കാനുള്ള നിരന്തരമായ ശ്രമമാണതിൽ മുഖ്യമെന്ന് ഞാൻ കരുതുന്നു. ലൂയി ഫിഷർ ഗാന്ധിജിയെക്കുറിച്ച് എഴുതുന്നു: ‘മുൻ നിശ്ചയപ്രകാരം ഗാന്ധി ജീവിച്ചിട്ടില്ല.' മാരിറ്റ്‌സ്ബർഗിലെ ദുരന്തത്തിനുശേഷം സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഇന്ത്യക്കാരോട്, ഇതിനെന്താണ് പരിഹാരം എന്ന് ചോദിച്ചപ്പോൾ അവർ കൈമലർത്തി. കന്മതിൽ തലകൊണ്ടടിച്ച് പൊട്ടിക്കാനാവുമോ? പിന്നീടവിടെ നടന്നതിനുതക്ക പ്രതിരൂപവുമായിരുന്നു അത്. ഗാന്ധിജി തലകൊണ്ടടിച്ച് ആ കന്മതിൽ പൊട്ടിച്ചു. ആഫ്രിക്കയിലേക്കുപോയ ഒരു വെറും വക്കീലായിരുന്നില്ല മടങ്ങിവന്നത്. പുതിയ ഉത്തരവാദിത്വങ്ങളും സ്വപ്നങ്ങളുമുള്ള ഒരു സ്വാതന്ത്ര്യസമരഭടൻ. രക്തരൂഷിതമാവുമായിരുന്ന ഒരു ആഭ്യന്തരകലഹത്തെ രക്തരഹിതമായ ഒരു യഥാർഥ സ്വാതന്ത്ര്യസമരമാക്കി മാറ്റാൻപോന്ന ഒരാൾ. അൺടു ദ ലാസ്റ്റ് കൈയിലെടുത്ത രാത്രി പുലർന്നത് സർവോദയത്തിലേക്കായിരുന്നു. ‘ചരിത്ര ത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്തത്, ഇനിയൊരിക്കലും സംഭവിക്കുകയില്ല എന്ന് കരുതുന്നത് മനുഷ്യമാഹാത്മ്യത്തിലുള്ള വിശ്വാസരാഹിത്യത്തെയാണ് കാണിക്കുന്നത്.’ തികച്ചും തന്റേതല്ലാത്ത, സ്വയം നിർണയാധികാരമില്ലാത്ത, ജീവിതത്തെ ഗാന്ധിജി ജീവിതമായി കണ്ടില്ല. കലാശാലക്കാലത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞത് അതെന്റെ ജീവിതത്തിന് മുൻപായിരുന്നു എന്നാണ്. ജയിലിലായിരുന്നപ്പോഴും ഗാന്ധിജി നിരാശനായിരുന്നില്ല. ‘തടങ്കലിലാണെന്ന ദുഃഖം ഒരു നിമിഷം എനിക്കനുഭവപ്പെട്ടില്ല. എനിക്കുചുറ്റും മതിലുകൾ തീർത്ത്‌ വൃഥാ കല്ലും കുമ്മായവും പാഴാക്കിക്കളഞ്ഞല്ലോ എന്നുതോന്നി’.
എഴുത്തുകാരനെങ്കിലും സ്വരാജിൽ ജീവിച്ചിരിക്കണം. വ്യക്തിക്ക് സ്വയം നിർണയാധികാരമുള്ള ഒരിടത്തിൽനിന്നുവേണം എഴുതുക. ഗാന്ധിയൻ പദയാത്ര എനിക്ക് എഴുത്തുകാരന്റെ ഏകാന്തമായ പദയാത്രയുടെ പ്രതിരൂപമാണ്. പുതിയ ഇടത്തേക്കുവേണം, മുൻകൂട്ടി നിശ്ചയിക്കാത്തിടത്തേക്കായിരിക്കണം നിങ്ങളുടെ യാത്രകൾ. ചെയ്തയാത്രകൾ ചെയ്തുകൊണ്ടിരിക്കരുത് - കലാകാരനോട് ഗാന്ധിജി പറയുന്നു. ഗാന്ധിജിയിൽ ക്ലീഷേകൾ ഉണ്ടായിരുന്നില്ല. ഗാന്ധിജി ഒഴുകിക്കൊണ്ടിരുന്നു. എപ്പോൾ എവിടെ കാലുകുത്തിയാലും പുതുവെള്ളം.
ഭാഷയോടുള്ള പ്രതിബദ്ധതയിൽ ഗാന്ധിജി ഏതെഴുത്തുകാരനും മാതൃകയാണ്. ഭാഷയുടെ ശക്തിയിൽ ഭാഷ ആയുധമായ ഏതുകലാകാരനെക്കാളും, അന്യമൊരായുധത്തിലും താത്‌പര്യമില്ലാത്ത ഗാന്ധിജി വിശ്വസിച്ചു. അദ്ദേഹത്തിന്റെ മൗനവ്രതങ്ങൾപോലും മിതവും സാരവത്തുമായ ഭാഷയോടുള്ള കൂപ്പുകൈകൾ. ഭാഷയിലെ സൂക്ഷ്മ വ്യതിയാനങ്ങൾപോലും അദ്ദേഹം ഉപയോഗപ്പെടുത്തി. ദൈവം സത്യമാണ് എന്ന വചനത്തെ സത്യം ദൈവമാണ് എന്നദ്ദേഹം തിരുത്തി. വ്യത്യസ്തമതങ്ങളിൽ കുടുങ്ങിക്കിടന്ന ദൈവം എല്ലാമതങ്ങളുടെയും മതവിശ്വാസമില്ലാത്തവരുടെയും ദൈവമായി ഉയിർത്തെണീറ്റു. നാസ്തികനും തൊഴാമായിരുന്നു ഗാന്ധിജിയുടെ ദൈവത്തെ. ഇതരരില്ലാത്ത ഒരു ലോകത്തിലെത്തുകയായിരുന്നു ഗാന്ധിജിയിലൂടെ ദൈവം. ദൈവം ശുദ്ധവായു ശ്വസിച്ചു. നിരായുധനായ ഈ സത്യമതക്കാരൻ സത്യം എന്ന അതിശക്തനായ ദൈവത്തെ മുറുകെപ്പിടിച്ചുകൊണ്ട്, പരാജയപ്പെടാമായിരുന്ന യുദ്ധങ്ങളും ജയിച്ചു. ആ ദൈവം ഗാന്ധിജിയുടെ കൈയൊപ്പിട്ട് ഹിറ്റ്‌ലർക്കുവരെ കത്തയച്ചു. ആ ദൈവത്തിന് കടന്നുചെല്ലാൻ പറ്റാത്തൊരിടവുമില്ലായിരുന്നു. തകർക്കാൻ പറ്റാത്തൊരു കന്മതിലുമില്ലായിരുന്നു. ഈ അർജുനൻ എതിരാളികൾ തന്റെ ശത്രുക്കളല്ലെന്ന് മനസ്സിലാക്കി, ബന്ധുക്കൾ തന്റെമാത്രം ബന്ധുക്കളല്ലെന്ന് മനസ്സിലാക്കി താഴെവെച്ച ആയുധമെടുക്കാതെത്തന്നെ കൃഷ്ണേച്ഛയെ സാക്ഷാത്കരിച്ചു. ഗാന്ധിജി ഗീതയെക്കുറിച്ചെഴുതിയത് നോക്കൂ. ‘സംശയങ്ങൾ എന്നെ അലട്ടുമ്പോൾ, നിരാശ എന്നെ തുറിച്ചുനോക്കുമ്പോൾ, ചക്രവാളത്തിൽ നേരിയ പ്രകാശരശ്മിപോലും കാണാതിരിക്കുമ്പോൾ ഞാൻ ഭഗവദ്‌ഗീതയിലേക്ക് തിരിയുന്നു. എന്നെ സമാശ്വസിപ്പിക്കാൻ ഒരു ശ്ലോകം കണ്ടെത്തുന്നു. ഉടനെ കഠിനദുഃഖങ്ങൾക്ക് മധ്യേപോലും ഞാൻ പുഞ്ചിരിച്ച് തുടങ്ങുന്നു.' ആയുധമെടുക്കാത്ത ആ തേരാളി യഥാർഥത്തിൽ ഉദ്ദേശിച്ചതെന്താണ് എന്നുപറയാനുള്ള ശ്രമം ഗാന്ധിജിയുടെ ഗീതാവ്യാഖ്യാനത്തിലുണ്ട്. തനിക്കനുഗുണമായ ഭാവനാത്മകമായ വായനയിലൂടെ ഹരിശ്ചന്ദ്രനും പ്രഹ്ളാദനും കൃഷ്ണനും റസ്കിനും തോറോയും ക്രിസ്തുവും ടോൾസ്റ്റോയിയും രൂപാന്തരപ്പെട്ട് ഗാന്ധിയന്മാരായി. ഹിതകരമായ ഈ പരിണാമത്തിൽ അവർ സന്തുഷ്ടരായിരുന്നുവെന്നതിന് ടോൾസ്റ്റോയിയെങ്കിലും നമുക്ക് തെളിവുതന്നിട്ടുണ്ട്. സ്വതന്ത്രവും സർഗാത്മകവുമായ തന്റെ വായനയുടെ സ്വാഭാവികമായ നീട്ടൽതന്നെയായിരുന്നു തനിക്ക് എഴുത്തും.
ലളിതമായ ആശയങ്ങളായിരുന്നില്ല ഗാന്ധിജിക്ക് പറയാനുണ്ടായിരുന്നത്. അതുപറയാൻ ലളിതമായ ഭാഷ ഉപയോഗിക്കാതിരിക്കുന്നത് അധർമമാണെന്ന് ഗാന്ധിജി അറിഞ്ഞു. ഭാഷയുടെ കാര്യത്തിലും ഗാന്ധിജിയുടെ ലോകത്തിൽ ഇതരരില്ലായിരുന്നു. സംസാരഭാഷയിൽ ഗഹനങ്ങളായ കാര്യങ്ങൾ പറയുകവഴി, സംസാരഭാഷയുടെ ശേഷിയുയർത്തുക വഴി, ജനതയുടെ ഭാവുകത്വമുയർത്തുകയായിരുന്നു ഗാന്ധിജി. ‘നമ്മുടെ ഭാഷയിൽ അതിവിനയം കാണിക്കുന്ന ഒരുപാട് പദങ്ങളുമുണ്ട്. കാരണം, വർഷങ്ങളോളം നാം പാരതന്ത്ര്യത്തിലാണ് കഴിഞ്ഞുകൂടിയത്. ധീരതയും സത്യസന്ധതയും പ്രേമവും ഭാഷയിൽ പ്രതിഫലിക്കുന്നില്ലെങ്കിൽ ആ ഭാഷ പറയുന്ന ജനങ്ങൾക്കും ഈ ഗുണങ്ങളില്ല എന്ന് നിസ്സംശയം പറയാം’. ഭാഷയോളമാണ് മനുഷ്യൻ എന്ന സങ്കീർണമായ ആശയം ഗാന്ധിജി അതിലും ലളിതമായി പറയാനാവാത്ത ഭാഷയിൽ നമ്മോട് പറയുന്നു. ‘ഭാഷയിൽ പ്രതിഫലിക്കുന്നത് സ്വന്തം ദാരിദ്ര്യമല്ല, ജനതയുടെ ദാരിദ്ര്യമാണ്’ എന്ന് ഗാന്ധിജി എഴുതുന്നു. ഗാന്ധിജി എന്ന പത്രപ്രവർത്തകനും ഗാന്ധിജി എന്ന രാഷ്ട്രീയക്കാരനും ഗാന്ധിജി എന്ന തത്ത്വചിന്തകനും ഏറ്റവും ലളിതമായെഴുതി. സാധാരണക്കാരനായ ഒരു ഗ്രാമീണനെ മനസ്സാ കണ്ടുകൊണ്ട്. പലപ്പോഴും ലഘുവായ നർമം കലർത്തി. ‘‘പുകയിലയുടെ ദൂഷ്യങ്ങളെക്കുറിച്ചുള്ള ലേഖനവും നല്ല പുകയില എവിടെ കിട്ടുമെന്ന കാര്യവും ഏതുതരം സിഗരറ്റാണ് ഉത്തമമെന്നും ഒരേ പത്രത്തിൽ നമുക്ക് കാണാം’’ -പത്രത്തിന്റെ ധാർമികനിലപാടിനെപ്പറ്റിയാണ്. എന്തൊരു ഡീറ്റെയിലിങ്ങാണെന്ന്‌ നോക്കു: ‘‘എന്നാൽ, ചീത്തവിളിച്ചുകൊണ്ട് കാളകളെക്കൂട്ടി കിണറ്റിൽനിന്ന് വെള്ളംവലിക്കുന്ന പാവപ്പെട്ടവനെ നാം സാഹിത്യത്തെക്കുറിച്ച് പറയുമ്പോൾ ഓർക്കാറുണ്ടോ’. മണ്ണിൽ ചവിട്ടി നടന്നു ഗാന്ധിജി, എന്നും എന്തിലും. പിന്നീട് ലോകം അംഗീകരിച്ചത് ഗാന്ധിജി നേരത്തേകൂട്ടി പറഞ്ഞു. ‘വിപ്ളവാനന്തരറഷ്യയിലെ ജീവിതം ഒട്ടുംമെച്ചപ്പെട്ടതായി എനിക്ക്
തോന്നുന്നില്ല. ബൈബിൾ പറയുമ്പോലെ ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാൽ എന്തുഫലം?’’.
ലിറ്ററലിസം ഗാന്ധിജിയെ നിയന്ത്രിക്കുകയോ നയിക്കുകയോ ചെയ്തില്ല. ‘ഗീതയുടെ അക്ഷരാർഥമനുസരിച്ച് യുദ്ധവും ഫലത്യാഗവും യോജിച്ചുപോകുമെന്ന് പറയാൻ കഴിയുമായിരിക്കും. പക്ഷേ, സ്വന്തം ജീവിതത്തിൽ ഗീതാസിദ്ധാന്തം നടപ്പാക്കാനുള്ള നാൽപ്പതുവർഷത്തെ നിരന്തരയത്നത്തിനുശേഷം ഞാൻ എല്ലാ വിനയത്തോടെയും പറയട്ടെ, എല്ലാ അർഥത്തിലും രൂപത്തിലും അഹിംസാപൂർണത പാലിക്കാതെ പൂർണത്യാഗം സാധ്യമല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഗീതയുടെ മുഖ്യസിദ്ധാന്തം സുഖത്തെയും ദുഃഖത്തെയും ലാഭത്തെയും നഷ്ടത്തെയും വിജയത്തെയും പരാജയത്തെയും ഒരുപോലെക്കണ്ട് നീ യുദ്ധംചെയ്യുക, അങ്ങനെ ചെയ്താൽ നിന്റെ പ്രവൃത്തി അധർമമല്ല എന്നാണ്. ധനാർത്തിയുള്ളവന് ദാരിദ്ര്യനിർമാർജനം സാധ്യമാണോ, ഗാന്ധിജി പറയുന്നു: ‘‘ഇനിമേൽ നമ്മുടെ വിധി ദാരിദ്ര്യമാണ്. ധനവാനായിരിക്കുന്നതിനെക്കാൾ അനുഗൃഹീതമായിട്ടുള്ളത് ദരിദ്രനായിരിക്കുന്നതാണ്. ദാരിദ്ര്യത്തിന്റെ പ്രയോജനം ധനത്തിന്റെ പ്രയോജനത്തെക്കാൾ മധുരതരമാണ്’’
ഏത് കോപ്പിറൈറ്റർക്കും കൊതിതോന്നും ഗാന്ധിജി കോയിൻ ചെയ്തുപയോഗിച്ച ചില പദസംയുക്തങ്ങൾ കണ്ടാൽ: സർവോദയം, സഹനസമരം, സത്യാഗ്രഹം... ഏതുകവിയും കൊതിക്കും ഗാന്ധിജിയുടെ ചില വാക്യങ്ങളെ: ഭാര്യയാകുന്നതിനുമുമ്പ് സ്ത്രീ നിങ്ങളുടെ അമ്മയായിരുന്നു എന്നതോർക്കുക, ഗ്രാമത്തിലെ ദരിദ്രവനിത നെയ്ത വസ്ത്രം ധരിക്കാൻ മടിക്കാതിരിക്കുക, തൃപ്തിയില്ലാത്തവർ എന്നും മോഹങ്ങളുടെ അടിമയായിരിക്കും, അധ്വാനിക്കാതെ ഭക്ഷണം കഴിക്കുന്നവർ മോഷ്ടാക്കളാണ്. ഇനിയത്തെ ഉദ്ധരണി പുതിയകാലത്തിന് കൂടുതലിണങ്ങുമെന്ന് തോന്നുന്നു: ‘‘വേണ്ടതെല്ലാം ഒരിന്ദ്രജാലക്കാരന്റെ തൊപ്പിയിൽനിന്നെന്നവണ്ണം കിട്ടുന്ന ഒരവസ്ഥയെ ഞാൻ ഭയപ്പെടുന്നു.’’ കവികളേ, ചിന്തകരേ, രാഷ്ട്രീയപ്രവർത്തകരേ, നിങ്ങളെ വള്ളത്തോളിന്റെ ഭാഷയിൽ ഞാൻ ക്ഷണിക്കട്ടെ: ‘‘ചെല്ലുവിൻ, ഭവാന്മാരെൻ ഗുരുവിൻ നികടത്തിൽ...’’Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..