നമ്മുടെ സത്യാഗ്രഹമല്ല ഗാന്ധിജിയുടെ സത്യാഗ്രഹം


കെ. അരവിന്ദാക്ഷൻ aravindkailath@gmail.com

സത്യാഗ്രഹം എന്ന പേരിൽ ഇക്കാലത്തും ഒട്ടേറെ സമരങ്ങൾ നമുക്കുചുറ്റും

മനുഷ്യന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യഥാർഥ സത്ത വീണ്ടെടുക്കപ്പെട്ട് ഭൂമിയുടെ അതിജീവനം സാധ്യമാക്കാൻ വഴിയുണ്ടോ? ഈയൊരന്വേഷണത്തിന്റെ വ്യക്തമായ സൂചനകൾ ഗാന്ധിജിയുടെ സത്യാഗ്രഹങ്ങളിലുണ്ട്. വ്യക്തി, സമഷ്ടി, സത്യാഗ്രഹം എന്നീ ശീർഷകങ്ങളിൽ ഇതിനെ അപനിർമിക്കാനുള്ള ശ്രമമാണീ ലേഖനം. പുത്തൻ ഉദാരവത്‌കൃത നാഗരികതയുടെ ആത്യന്തിക ലക്ഷ്യം വ്യക്തിയുടെ പഞ്ചേന്ദ്രിയങ്ങളുടെ മേൽ സർവാധിപത്യം സ്ഥാപിക്കുകയാണ്. കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക്. എന്താണ് സുന്ദരമായതെന്നു വ്യക്തിയെ ബോധ്യപ്പെടുത്താൻ അത് നമ്മുടെ കാഴ്ചയുടെമേൽ ആധിപത്യം സ്ഥാപിക്കുന്നു. നല്ല ശബ്ദമേതെന്ന് കല്പിക്കാൻ കാതിനെ. ഏതുതരം മണമാണ് നല്ലതെന്ന് അതു പറയുന്നു. രുചികരമായ ഭക്ഷണവും പാനീയവും ഏതെന്ന് നമ്മെ ബോധ്യപ്പെടുത്താൻ, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന നമ്മുടെ ആറാമിന്ദ്രിയമായ മനസ്സിനെ വരുതിയിലാക്കുന്നു. പരസ്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിയമനിർമാണ സഭകൾ, കോടതികൾ തുടങ്ങി നമുക്കുചുറ്റുമുള്ള എല്ലാ സ്ഥാപനങ്ങളും പ്രത്യക്ഷത്തിൽ മനുഷ്യനുവേണ്ടിയുള്ളതാണെന്നു തോന്നാം. പക്ഷേ, ഗാന്ധിയൻ കാഴ്ചപ്പാടിൽ അവ വ്യക്തിയുടെ സഹജമായ സിദ്ധികളെ ചൂഷണംചെയ്ത് രാക്ഷസീയമായി വളർന്ന് മനുഷ്യനെ ചൂഷണംചെയ്ത് ലാഭംകൊയ്യുകയാണ്. വ്യക്തി അകപ്പെട്ടിരിക്കുന്ന ഈ വിഷമവൃത്തത്തെ ഗാന്ധിജി സൂക്ഷ്മമായി അപഗ്രഥിച്ചിട്ടുണ്ട്, തന്റെ ജീവിതത്തിലൂടെയും പടിഞ്ഞാറൻ മുതലാളിത്ത സംസ്കാരത്തിന്റെ ചെയ്തികളിലൂടെയും. ഒരേസമയം വ്യക്തിയിലും സമഷ്ടിയിലും (സമൂഹത്തിലും) ഗാന്ധിജിയെന്ന ക്രാന്തദർശിയുടെ ഉൾക്കണ്ണ് പതിയുന്നുണ്ട്. വ്യക്തിയെ സ്ഥാപനങ്ങളുടെ തടവറകളിൽനിന്ന് മോചിപ്പിക്കുന്ന പ്രക്രിയയിലൂടെ സമൂഹത്തെയും ഈ ഭൂമിയെയും ദുരന്തങ്ങളിൽനിന്ന് സ്വതന്ത്രമാക്കാമെന്നതിന്റെ നിരന്തരസമരമാണ് ഗാന്ധിയൻ സത്യാഗ്രഹങ്ങൾ; ഒരേ കാലത്തിൽ സംഭവിക്കേണ്ടത്.
സ്ഥാപനങ്ങളെ, അവയെ താങ്ങിനിർത്തുന്ന ഭരണകൂടങ്ങളെ, അവയുടെ ആശയങ്ങളെ ഓരോ നിമിഷവും ഗാന്ധിജി ചോദ്യംചെയ്തു. ഹിംസയുടെ കേന്ദ്രിത രൂപങ്ങളാണ് ഭരണകൂടവും സ്റ്റേറ്റും. അതുകൊണ്ടാണ് ബ്രിട്ടീഷ് പാർലമെന്റിനെ ‘വന്ധ്യയായ സ്ത്രീ’യെന്ന് ഗാന്ധിജി ആക്ഷേപിക്കുന്നത്; (ഹിന്ദ് സ്വരാജ്) സ്ത്രീയോടുള്ള അനാദരംകൊണ്ടല്ല, ക്രിയാത്മകമായ, സൃഷ്ടിപരമായ യാതൊന്നും അതിനില്ല എന്നു പറഞ്ഞുകൊണ്ടാണ്. സത്തയില്ല, സർഗാത്മകതയില്ല. വർണം, മതം, ജാതി തുടങ്ങി വ്യാജ ആദർശങ്ങളുടെ പേരിൽ അത് ഹിംസയിലേർപ്പെടുന്നു. ഗാന്ധിജി ആ സ്ഥാപനങ്ങളെ, ഭരണകൂടങ്ങളെ താങ്ങിനിർത്തിയിരുന്ന വ്യവസ്ഥിതിയെയും ആശയങ്ങളെയും നിരന്തരം സംശയിച്ചു, വിമർശിച്ചു. ഹിംസയുടെ ആന്റി തീസീസായിത്തീരുന്ന സത്യാഗ്രഹം അവയ്‌ക്കെതിരേയുള്ള പോരാട്ടത്തിന്റെ ആയുധമായി മാറുന്നത് അങ്ങനെയാണ്. കൂറ്റൻ വ്യവസായശാലകളും വൻകിട അണക്കെട്ടുകളും വമ്പൻ പദ്ധതികളും ആയുധനിർമാണശാലകളും ആണവ താപനിലയങ്ങളും മനുഷ്യന്റെ നിലനിൽപ്പിനെ താളംതെറ്റിക്കുന്നു. ചൂഷണം, തിരസ്കാരം, മർദനം, പീഡനം എന്നിവ നിയമവിധേയമാക്കപ്പെടുന്നു. രാഷ്ട്രത്തിന്റെ വികസനത്തിനായി ദരിദ്രനും ദളിതനും ആദിവാസിയും തദ്ദേശിയും ത്യാഗം സഹിക്കണമെന്ന് അത് ഓർമപ്പെടുത്തുന്നു. രാഷ്ട്രീയ-സാമ്പത്തിക അധികാരങ്ങൾ ഒരു ന്യൂനപക്ഷത്തിൽ കേന്ദ്രീകരിക്കപ്പെടുന്നു. ഭൂരിപക്ഷം അടിസ്ഥാനസൗകര്യങ്ങളിൽനിന്ന് പുറന്തള്ളപ്പെടുന്നു. ആർത്തിയാണ് മനുഷ്യനോട് മനുഷ്യൻ നിഷ്ഠുരമായി പെരുമാറാൻ പ്രേരിപ്പിക്കുന്നത്. (ഞാനെന്റെ എല്ലാ ശക്തിയുമെടുത്ത് പോരാടുന്നത് ഇത്തരം സംഗതികളുടെ അംഗീകൃത ഘടനകളോടാണ്- പുറം: 42, പുതിയ ചക്രവാളങ്ങളിലേക്ക്: പ്യാരേലാൽ).
സത്യാഗ്രഹം എന്നത് നിരന്തരസമരമാണ്. ജീവിതരീതിയാണ്. ലളിതമായ ഉദാഹരണമെടുത്താൽ, നിങ്ങൾ വൻകിട കോർപ്പറേറ്റിന്റെ ടൂത്ത്‌പേസ്റ്റ്, പാനീയം, ഭക്ഷണസാധനം, സൗകര്യങ്ങൾ, തിരസ്കരിക്കുമ്പോൾ നിങ്ങൾ ആ കോർപ്പറേറ്റ് ഭീമന്മാരുടെ അധാർമിക രീതികളുമായി സമരത്തിലേർപ്പെടുകയാണ്. ഒരു ദേശം മുഴുവൻ അത്തരമൊരു സമരത്തിലേർപ്പെട്ടാൽ, കോർപ്പറേറ്റുകളുടെ ഉത്‌പന്നങ്ങൾ ബഹിഷ്കരിച്ചാൽ അവയുടെ ലാഭം കൂപ്പുകുത്തും. ഭരണകൂടങ്ങളെ താങ്ങിനിർത്തുന്ന കോർപ്പറേറ്റുകൾക്കുവേണ്ടി പാർലമെന്റ് (നിയമനിർമാണസഭ) പുതിയ നിയമമുണ്ടാക്കും. അത് നടപ്പാക്കാൻ പോലീസിനെയും പട്ടാളത്തെയും വിളിക്കും. ദേശം സംഘർഷഭൂമിയാകും. മൊൺസാന്റോ വിത്തിനെതിരേ ഒരു ദേശം ബഹിഷ്കരണം ഏർപ്പെടുത്തിയാലുണ്ടാകുന്നതെന്താണെന്നു നമുക്കറിയാം. വൻകിട അണക്കെട്ടുകളാൽ കുടിയൊഴിപ്പിക്കപ്പെടുന്നവർ സമരം നടത്തുന്നത് നാം കാണുന്നുണ്ട്. അധർമം പഠിപ്പിക്കുന്ന കലാലയങ്ങളെ വിദ്യാർഥികൾ ബഹിഷ്കരിച്ചാൽ എന്തായിരിക്കും അവസ്ഥ?
ആധുനികകാലത്ത് മേൽപ്പറഞ്ഞ സമരങ്ങൾക്ക് രൂപഭാവങ്ങൾ നൽകി അവയെ ജനകീയ സമരങ്ങളും ഒപ്പം ജീവിതസമരങ്ങളുമാക്കി മാറ്റിയതാണ് ഗാന്ധിയൻ സത്യാഗ്രഹസമരങ്ങൾ. അവ എന്തുകൊണ്ട് അഹിംസാത്മകമായി? ഈ ചോദ്യത്തിനുത്തരം നേരത്തേ പറഞ്ഞ എല്ലാ ജീവനിലും സഹജമായ ‘ഉണ്മ’ (Beingness) ഉണ്ടെന്ന ഗാന്ധിയൻ പരാമർശത്തിലുണ്ട്. നിങ്ങളിലും എന്നിലും പുല്ലിലും പുഴുവിലും ഒരേ ‘ഉണ്മ’യാണ് (ഒരേ ജീവൻ തന്നെയാണ്) തുടിക്കുന്നതെന്ന് മനുഷ്യൻ ബോധപൂർവമായി തിരിച്ചറിയുന്നതുകൊണ്ട് അവനെങ്ങനെ അപരനെ, അന്യനെ, അന്യജീവിയെ (പുഴുവായാലും പുല്ലായാലും) ഹിംസിക്കാനാവും? കാരണം, അവൻ അപരനെ ഹിംസിക്കുകയാണെങ്കിൽ അതവന്റേതന്നെ സത്യത്തെ (ഉണ്മയെ) ഹിംസിക്കലാണ്. ഗാന്ധിജി ഇതിനെ സത്യാഗ്രഹ ശാസ്ത്രമായി രൂപപ്പെടുത്തിയിട്ടുണ്ട്.
ഗാന്ധിജിയുടെ വീക്ഷണത്തിൽ എല്ലാം നിരന്തരം വളരുകയും മാറുകയും ചെയ്യുന്നുണ്ട്. തന്നിലും ഈ വളർച്ചയും മാറ്റവും ഗാന്ധിജി നിശിതമായ ആത്മവിമർശനത്തിലൂടെ തിരിച്ചറിയുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെത്തിയ ഗാന്ധിജിയല്ല അവിടെനിന്ന് മടങ്ങി ഇന്ത്യയിലെത്തുന്നത്. ആ ഗാന്ധിജിയല്ല 1948-ലെ ഗാന്ധിജി. ഗാന്ധിജിയെ തലങ്ങും വിലങ്ങും വിമർശിക്കുന്നവർ ഗാന്ധിജിയിലെ ആത്മപരിശോധനയും അതേത്തുടർന്നുള്ള ജൈവികമായ പരിണാമങ്ങളുമാണ് ശ്രദ്ധിക്കേണ്ടത്. ഗാന്ധിജിയുടെ സത്യാഗ്രഹശാസ്ത്രവും ഒരു ജലതുള്ളിയായി, നീർച്ചാലായി, പുഴയായി പലതും സ്വാംശീകരിച്ചും പലതും തിരസ്കരിച്ചും അനർഘമായി ഒഴുകുന്നതാണ്. പ്രകൃതിനിയമമനുസരിച്ച് സഹനമാണ് പുതുജീവന്‌ ജന്മംനൽകുന്നത്. സത്യാഗ്രഹത്തെ സംബന്ധിച്ചും ഇതു നേരാണ്. നമ്മുടെ സഹനം എത്ര മഹത്തരമാണോ സത്യാഗ്രഹിയും അത്ര മഹത്തരമായിരിക്കുമെന്ന് ഗാന്ധിജി ഓർമപ്പെടുത്തി. സ്വാഭാവികമായതെന്തിനും തോക്കിനെക്കാളും വാളിനെക്കാളും അണുബോംബിനെക്കാളും ശക്തിയുണ്ട്. മർദിതന്റെ, ചൂഷിതന്റെ മർദനവും ചൂഷണവും ഇല്ലാതാക്കാൻ അവൻ/അവൾ സഹിച്ചേ പറ്റൂ.
ചമ്പാരൻ കർഷകസമരത്തിന്റെ മൂർധന്യത്തിൽ ഗാന്ധിജി ബ്രിട്ടീഷുകാരന്റെ കോടതിയിൽ പ്രഖ്യാപിച്ചു: ‘‘ഞാനീ പ്രസ്താവന ചെയ്യുന്നത് എനിക്ക് നൽകപ്പെട്ടിരിക്കുന്ന ശിക്ഷയെ ഏതെങ്കിലും തരത്തിൽ ലഘൂകരിക്കാനല്ല, നിയമാധിഷ്ഠിതമായ അധികാരികളോട് ഏതെങ്കിലും തരത്തിലുള്ള അനാദരം കൊണ്ടല്ല, ഞാൻ എനിക്കു നൽകിയ കല്പന ധിക്കരിപ്പിക്കുന്നതെന്നു വ്യക്തമാക്കാനാണ്. എന്റെ മനസ്സാക്ഷിയുടെ ശബ്ദത്തോട്, നമുക്കെല്ലാം മുകളിലുള്ള നിയമത്തോട്, ആദരം കാണിക്കാനാണ്.’’ (പുറം: 618, പുസ്തകം 9: ഗാന്ധി). ബ്രിട്ടീഷ് കോടതി ആദ്യമായിട്ടാണ് അങ്ങനെയൊരു പ്രസ്താവന കേൾക്കുന്നത്. കോടതി ആ സത്യാഗ്രഹിക്കു മുന്നിൽ അതിന്റെ അഹന്തയുടെ പത്തി താഴ്ത്തി. ഇന്ന് ഏതു കോടതിയിലാണ് ഇങ്ങനെയൊരു ശബ്ദം കേൾക്കാനാവുക? ഏതു കോടതിയാണ് ഒരുനിമിഷം തലകുനിക്കുക.? മനസ്സാക്ഷിയുടെ ശബ്ദം ഗാന്ധിജിക്ക് മർദിതന്റെയും പീഡിതന്റെയും ശബ്ദമാണ്. ജനശക്തി. ഈ ആന്റി തീസീസാണ് ഹിംസയ്ക്കെതിരേ ആത്മശക്തി-സത്യാഗ്രഹത്തെ നൂതനവും വിപ്ലവകരവുമാക്കുന്നത്. മറ്റൊരു തലത്തിൽ, ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ വികാസപരിണാമം തന്നെയാകുന്നു സത്യാഗ്രഹത്തിന്റെയും.
സത്യാഗ്രഹതത്ത്വങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
സത്യം സത്യാഗ്രഹത്തിൽ ഉൾച്ചേർന്നിരിക്കുന്നതിനാൽ ഒരു സത്യാഗ്രഹി തന്റെ ആന്തരിക സത്യത്തെത്തന്നെയാണ് എപ്പോഴും ആശ്രയിക്കുക. അത് താത്‌കാലിക ലാഭത്തിനുള്ള രാഷ്ട്രീയനയമല്ല (Policy), തന്നിലെ ആത്മസത്തയാണ് (creed). നമ്മുടെ മനസ്സമ്മതമില്ലാതെ ഒരു ശക്തിക്കും നമ്മെ കീഴടക്കാനാവില്ല.
പ്രലോഭനത്തിലേക്കും എത്ര ദാരിദ്ര്യത്തിലേക്കും മർദനത്തിലേക്കും തള്ളിയിട്ടാലും സത്യാഗ്രഹി തന്റെ ആത്മധൈര്യം പണയപ്പെടുത്തുന്നില്ല.
സത്യാഗ്രഹി പ്രതിയോഗിക്കുനേരെ കോപവും വിദ്വേഷവും വൈരാഗ്യവും സ്വാർഥതയും ഹിംസയും പ്രകടിപ്പിക്കുന്നില്ല. വാക്കിലൂടെപോലും അയാൾ വേദനിപ്പിക്കില്ല. സത്യാഗ്രഹി ആരുടെയും ശത്രുവല്ല.
സത്യാഗ്രഹത്തിൽ അല്പിഷ്ഠം (Minimum) തന്നെയാണ് മഹിഷ്ഠം (Maximum). അതായത്, സത്യാഗ്രഹി താൻ എന്താണോ ആദ്യമായി ഉന്നയിച്ച വിഷയം അതിൽ ഉറച്ചുനിൽക്കുന്നു. ഇടയ്ക്കുവെച്ച് അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കില്ല. എന്നാൽ, സത്യാഗ്രഹത്തിന്റെ ജൈവികമായ ഒഴുക്കിൽ സത്യാഗ്രഹനദിയിലേക്ക് നീരുറവകൾ വരുകയാണെങ്കിൽ അതിൽ വിരോധവുമില്ല.
വ്യാജമായ അഹന്ത ഒരു സത്യാഗ്രഹിയെ സത്യത്തിൽനിന്ന് വ്യതിചലിപ്പിക്കുന്നില്ല. എപ്പോഴൊക്കെ സത്യാഗ്രഹി തന്റെ സമരം ഹിംസയുടെ കറപുരണ്ടതാണെന്നു കണ്ടുപിടിക്കുന്നുവോ ആ നിമിഷം അയാൾ പശ്ചാത്തപിക്കുന്നു. കുറ്റം ഏറ്റുപറയുന്നു. നേടിയതെല്ലാം റദ്ദാക്കുന്നു. സത്യാഗ്രഹം പിൻവലിക്കുന്നു.
സത്യാഗ്രഹി, പ്രതിയോഗിയുടെ നിലപാട് എത്ര ക്രൂരവും കഠിനവും ആയിരുന്നാലും അയാളെ അവിശ്വസിക്കുന്നില്ല. പ്രതിയോഗി സത്യാഗ്രഹവുമായി സമവായം ഉണ്ടാക്കി, പിന്നീട് സത്യാഗ്രഹിയെ വഞ്ചിക്കുകയാണെങ്കിൽ, സത്യാഗ്രഹിക്ക് വീണ്ടും കൂടുതൽ ആത്മബലത്തോടെ സത്യാഗ്രഹസമരത്തിലേർപ്പെടാം.
സത്യാഗ്രഹത്തിൽ ദുർബലനും ശക്തനും തമ്മിൽ വേർതിരിവില്ല. വർണവും ജാതിയും ലിംഗവും പ്രായവും പ്രശ്നമല്ല. സാക്ഷരതപോലും വേണ്ടാ.
ആന്തരികോർജത്തെ ആശ്രയിക്കുന്ന സമരത്തിൽ രഹസ്യത്തിനു സ്ഥാനമില്ല. രഹസ്യമില്ലാത്തതിനാൽ പരസ്യതന്ത്രങ്ങളില്ല. നേതാവില്ല. അനുയായിയുമില്ല.
സത്യാഗ്രഹി ആവശ്യങ്ങൾക്കുമാത്രമാണ് സമരം ചെയ്യുന്നത് (പുറം: 446, പുസ്തകം 16) സത്യാഗ്രഹി എതിരാളിയുടെ അഭിപ്രായങ്ങൾ മനസ്സിലാക്കണം. വിനയാന്വിതനാകണം. തത്ത്വം ബലികഴിക്കാത്തിടത്തെല്ലാം സത്യാഗ്രഹി അനുരഞ്ജനത്തിന് സജ്ജമാണ്.
സാഹചര്യത്തെയോ സർക്കാരിനെയോ അനാവശ്യമായി സത്യാഗ്രഹി മുതലെടുക്കില്ല.
സമൂഹത്തിന്റെ നിയമങ്ങൾ സത്യാഗ്രഹി അനുസരിക്കുന്നു. എങ്കിൽമാത്രമേ, ഏതൊക്കെ നിയമങ്ങളാണ് നല്ലതെന്നും അനീതി നിറഞ്ഞതെന്തെന്നും മനസ്സിലാക്കുന്നതിൽ അയാൾക്ക് കാഴ്ചകിട്ടൂ.
സത്യാഗ്രഹത്തിലൂടെ നേടുന്നതെല്ലാം സത്യാഗ്രഹത്തിലൂടെയേ നിലനിർത്താനാവൂ. അതിനർഥം സത്യാഗ്രഹം ജീവിതംതന്നെയാണ്. ജീവിതം സത്യാഗ്രഹം തന്നെയാണെന്ന (ദൈവം സത്യമാണ്, സത്യം ദൈവമാണ്) ഉൾക്കാഴ്ചയാണ് ഗാന്ധിജിയെ രചനാത്മക പദ്ധതികൾ (Constructive programmes) സത്യാഗ്രഹത്തിന്റെ രക്തമാംസങ്ങളുമായി സമന്വയിപ്പിക്കാൻ പ്രേരിപ്പിച്ചത്.

ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമവും ടോൾസ്റ്റോയി ഫാമും ഇന്ത്യയിലെ സാബർമതിയും സേവാഗ്രാമും ഗാന്ധിയൻ സത്യാഗ്രഹസമരങ്ങളുടെ പരീക്ഷണശാലകളായി മാറുന്നത് ഇതുകൊണ്ടാണ്. ഇവിടെ പരീക്ഷിക്കാത്തതൊന്നും ഗാന്ധിജി ഒരു സത്യാഗ്രഹ സമരത്തിലും പ്രയോഗിച്ചിട്ടില്ല. ഒരു പുതിയ സാമൂഹിക സൃഷ്ടിക്കായുള്ള, ചൂഷണരഹിതവും സമത്വപൂർണവും നീതിയുക്തവുമായ ഒരു ഭൂമിക്കുവേണ്ടിയുള്ള ജീവിതപരീക്ഷണങ്ങൾ (രചനാത്മക പദ്ധതികൾ) സത്യാഗ്രഹം തന്നെയാണ്. രചനാത്മകപദ്ധതികളില്ലെങ്കിൽ സത്യാഗ്രഹം ജഡമാണെന്ന് ഗാന്ധിജി പറയുന്നതിന്റെ പൊരുളാണിത്. ഗാന്ധിജിയുടെ ജീവിതശേഷമുണ്ടായിട്ടുള്ള ഒരു സത്യാഗ്രഹസമരത്തിലും ഗാന്ധിജിയുടെ രചനാത്മക പദ്ധതികൾ പരീക്ഷിക്കപ്പെട്ടിട്ടില്ല. അതുപോലെത്തന്നെ ഇന്ത്യയിൽ പലയിടങ്ങളിലും നടക്കുന്ന ഗാന്ധിയൻ ജീവിതപരീക്ഷണങ്ങൾ ഒരു രാഷ്ട്രീയമുന്നേറ്റമായി മാറാത്തത്, അവയിൽ സത്യാഗ്രഹത്തിന്റെ അഗ്നി വേണ്ടത്രയില്ലാത്തതുകൊണ്ടാണ്. ഭയരഹിതനായ ഒരുവൾ/ഒരുവൻ-(ഒരു സമൂഹം) സത്യാഗ്രഹവും രചനാത്മകപദ്ധതികളും ഒന്നിപ്പിച്ചുകൊണ്ട് വ്യക്തിയെ, ഇന്ത്യയെ, ഭൂമിയെ, യഥാർഥ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ഒരു പുലരിക്കുവേണ്ടി പ്രാർഥിക്കാം. പ്രാർഥന നിങ്ങളും ഞാനും തമ്മിലുള്ള, പ്രതിയോഗിയും നിങ്ങളും തമ്മിലുള്ള, മനുഷ്യനും പ്രപഞ്ചശക്തികളും തമ്മിലുള്ള, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംവാദമാണ്.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..