നൂറ്റാണ്ടുകളുടെ പഴക്കംകൊണ്ട് ഒരു തെറ്റ് ശരിയാകുമോ?


പരിഭാഷ: അഞ്ജന ശശി

അവർണർക്ക്്് ക്ഷേത്രത്തിന് സമീപത്തുകൂടി വഴി നടക്കാനുള്ള അവകാശത്തിനായി നടന്ന വൈക്കംസത്യാഗ്രഹകാലത്ത് വൈക്കത്തുവെച്ച്‌ മഹാത്മാഗാന്ധിയുംയാഥാസ്ഥിതിക ബ്രാഹ്മണരും തമ്മിൽ നടന്ന സംവാദത്തിന്റെ


വൈക്കത്ത് എത്തിയ ഗാന്ധിജി ആദ്യംതന്നെ തൊട്ടുകൂടായ്മയ്ക്കുവേണ്ടി വാദിക്കുന്ന നമ്പൂതിരിമാരെ കാണാനാണ് തീരുമാനിച്ചത്. തർക്കത്തിലുള്ള റോഡുകൾ കാണാമെന്ന് നിർദേശിച്ചെങ്കിലും അദ്ദേഹമത് വിസമ്മതിച്ചു. ‘‘ആദ്യം എതിർകക്ഷിയുമായി ചർച്ചകളും കൂടിയാലോചനകളും നടത്തുകയാണ് വേണ്ടത്’’ - അദ്ദേഹം പറഞ്ഞു. നമ്പൂതിരിമാരും അദ്ദേഹത്തെ കാണാൻ തയ്യാറായിരുന്നു. വൈക്കം കടൽത്തീരത്ത് കാലുകുത്തിയ ഉടൻതന്നെ ആളുകൾ അദ്ദേഹത്തെ അഭിസംബോധന ചെയ്ത് ആദരിച്ചു. അതേസമയം, സനാതനികൾ ഈ സ്വാഗതത്തിൽനിന്ന്‌ വിട്ടുനിൽക്കുകയാണെന്നും അവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെറ്റായി വ്യാഖ്യാനിക്കരുതെന്നും ഒന്നോ രണ്ടോപേർ ചേർന്ന് ഒരു കുറിപ്പും ഗാന്ധിജിക്ക് അയച്ചിരുന്നു. ഇതാണ് ഗാന്ധിജിയെ അവരെ കാണാൻ പ്രേരിപ്പിച്ചത്. തർക്കത്തിലിരുന്ന പാതകൾ മുറിച്ചുകടന്ന് ഞങ്ങൾ ക്ഷേത്ര പരിസരത്തിലൂടെ നമ്പൂതിരിമാരുടെ മഠത്തിലേക്ക് പ്രവേശിച്ചു. ഈ ചർച്ചകൾ പലതും അനാവരണം ചെയ്യുന്നതും താത്‌പര്യമുളവാക്കുന്നവയുമായിരുന്നു. ക്ഷേത്രവകുപ്പിന്റെ സംസ്ഥാന ഓഫീസറും കളക്ടറും നമ്പൂതിരിമാരും ഒരു വശത്തായും ഗാന്ധിജിയും രാജഗോപാലാചാരിയും എതിർവശത്തുമായി ഇരുന്നു. ആദ്യപക്ഷക്കാർ മലയാളത്തിലായിരുന്നു സംസാരിച്ചത് എന്നതിനാൽ ഒരു വിവർത്തകൻ വഴിയായിരുന്നു ചർച്ച മുന്നേറിയത്. ഗാന്ധിജി തന്റെ കാഴ്ചപ്പാട് ആദ്യംതന്നെ അവതരിപ്പിച്ചു.

ഗാന്ധിജിയുടെ അഭിപ്രായം: ‘‘ജനിച്ചുപോയി എന്നതുകാരണം പൊതുവഴിയോ പൊതു ഇടങ്ങളോ, എന്തിന്, പാതി പൊതുവഴികൾ ആയവ പോലും ഒരാൾക്കു നിഷേധിക്കാൻ ഒരു വേദഗ്രന്ഥവും പറയുന്നില്ല. കള്ളനോ ദുഷ്‌പ്രവൃത്തി ചെയ്യുന്നവനോ ആയാൽപ്പോലും അവരെ തടയാനാവില്ല.
നമ്പൂതിരി: കഴിഞ്ഞ ജന്മത്തിലെ ദുഷ്‌പ്രവൃത്തികൾ കാരണം അവർ ഈ പറയുന്നതിലും അധമരാണ്.
ബാപ്പു: ആരാണ് അവരെ ശിക്ഷിക്കേണ്ടത്? ദൈവമോ മനുഷ്യരോ?
നമ്പൂതിരി: അവരുടെ ജനനംതന്നെ ദൈവം നൽകിയ ശിക്ഷയാണ്. അവർക്ക് ശിക്ഷനൽകുന്നതിനുവേണ്ടി ദൈവത്തിന്റെ കൈയിലെ ഉപകരണങ്ങൾ മാത്രമാണ് നമ്മൾ.
ബാപ്പു: നമുക്ക് ഇതൊന്നു തിരിച്ചു ചിന്തിച്ചുനോക്കാം. നിങ്ങളെ ശിക്ഷിക്കുന്നതിനായുള്ള ദൈവത്തിന്റെ ഉപകരണങ്ങളാണ് അവരെന്ന് അവർ അവകാശപ്പെട്ടാൽ, നിങ്ങൾ അത് അനുവദിക്കുമോ?
നമ്പൂതിരി: ആളുകൾ ഇതുപോലെ എതിർചേരിയിൽ ആയിരിക്കുമ്പോൾ, ജ്ഞാനികൾ ഇടപെടണം.
ബാപ്പു: ശരിയാണ്; സർക്കാർ, അതായത് നിങ്ങൾതന്നെ, ഇക്കാര്യത്തെ രണ്ടുകക്ഷികൾക്കിടയിലുള്ള മൃഗീയശക്തികളുടെ തർക്കമായി ലഘൂകരിക്കുന്നു.
നമ്പൂതിരി: നിലവിലുള്ള സ്ഥിതിയിൽ ശക്തി പ്രയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഒരു അനുരഞ്ജനത്തിലെത്തണമെന്നതും സത്യാഗ്രഹത്തിൽനിന്ന് പിന്തിരിയാൻ അവർ നിർബന്ധിതരാവണമെന്നതുമാണ് ഞങ്ങളുടെ ആവശ്യം.
ബാപ്പു: ഇതൊരു അനുരഞ്ജനമല്ല.
നമ്പൂതിരി: ഞങ്ങളിൽനിന്ന് അവകാശം തട്ടിയെടുക്കാനാണ് അവർ വരുന്നത്.
ബാപ്പു: അവരെ പുറത്താക്കാനുള്ള ന്യായമായ ഒരു കാരണം പറയൂ.
നമ്പൂതിരി: ഈ വീട് എന്റേതാണെന്ന ധാരണയിലാണ് ഞാൻ താങ്കളെ ഇങ്ങോട്ടു ക്ഷണിച്ചത്; അങ്ങനെയാവുമ്പോൾ ഞങ്ങൾ ഉപയോഗിക്കുന്ന വഴികളിൽനിന്നും മറ്റുള്ളവരെ ഒഴിവാക്കാനുള്ള അവകാശവും ഞങ്ങൾക്കുണ്ട്.
ബാപ്പു: നൂറ്റാണ്ടുകളുടെ പഴക്കംകൊണ്ട് ഒരു തെറ്റ് ശരിയാകുമോ?
നമ്പൂതിരി: ഇത് തെറ്റല്ല.
ബാപ്പു: നിങ്ങൾ ദൈവകോപം എന്ന് പറയുമ്പോൾ, അവർ കൊള്ളക്കാരെക്കാളും ദുഷ്‌പ്രവൃത്തിക്കാരെക്കാളും താഴ്ന്നവരാണെന്ന് പറയുമ്പോൾ, ആരാണ് വിധി പറയേണ്ടത്?
നമ്പൂതിരി: ആസ്തി പോലെത്തന്നെയാണിത്. വഴിയുടെ ഉപയോഗവും ഞങ്ങളുടെ സ്വത്തും അവകാശവുമാണ്.
ബാപ്പു: എനിക്ക് അവരെ ബോധ്യപ്പെടുത്താനാവില്ല. നിങ്ങളുടെ ഭാഗം തെറ്റായതിനാൽ ഇക്കാര്യത്തിൽ നിങ്ങളെ നിർബന്ധിക്കാനേ എനിക്ക് സാധിക്കൂ. കാരണം, ഇത്തരമൊരു തർക്കത്തിന് നിങ്ങൾക്കും എനിക്കും പൊതുവായ ഒരു ന്യായീകരണവും ഞാൻ കാണുന്നില്ല. നിങ്ങൾ ഇപ്പോൾ ചെയ്യുന്നപോലെ ഇത്തരത്തിൽ പ്രതിരോധിക്കുന്ന ഒരാളെയും ഞാനിതുവരെ കണ്ടുമുട്ടിയിട്ടില്ല. ഇന്നലെ രാത്രി ഞാൻ ബനാറസിലെ ഒരു ശാസ്ത്രിയുടെ അഭിപ്രായങ്ങൾ വായിക്കുകയായിരുന്നു. എന്നാൽ, അതിൽ എനിക്ക് ഒന്നുംതന്നെ കണ്ടെത്താനായില്ല. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഒന്നുമാത്രമാണ്: എനിക്കും നിങ്ങൾക്കും ഇടയിൽ ഒരു ഇന്ത്യൻ മഹാസമുദ്രമുണ്ടെന്നത് നിങ്ങൾ കാണുന്നുവെങ്കിൽ, ഞാൻ വളരെ ദൂരം മുന്നോട്ടുപോയെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നമ്മൾക്ക് കാശിയിലെ ഒരു പണ്ഡിറ്റിന്റെ അഭിപ്രായം സ്വീകരിച്ച് അദ്ദേഹത്തോട് വിധി പറയാൻ ആവശ്യപ്പെടാം. ഹിന്ദുക്കളിൽ ഏറ്റവും സംസ്കാരമുള്ള ഒരു വിഭാഗം, പ്രത്യക്ഷമായ ഒരു തെറ്റിനായി ഇപ്പോഴും മോശമായ രീതിയിൽ പ്രതിരോധം തീർക്കുന്നത് ഞാൻ കണ്ടെത്തിയെന്ന് പുറം ലോകത്തോട് പറയുന്നത് എനിക്ക് ഏറ്റവും വേദനാജനകമായ കാര്യമാണ്.
നമ്പൂതിരി: ഞങ്ങളുടെ നിലപാട് തെറ്റാണെന്ന് ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നതിനുശേഷം മാത്രം ഇക്കാര്യത്തിൽ നിങ്ങൾക്ക് വേണമെങ്കിൽ വേദനിക്കാം.
ബാപ്പു: എങ്ങനെയാണ് എനിക്ക് നിങ്ങളെ ബോധ്യപ്പെടുത്താനാവുക? നിങ്ങളുടെ എതിർപക്ഷക്കാരുടെ അഭിപ്രായങ്ങൾ ഞാൻ ശരിവെക്കുന്നു എന്നുമാത്രമേ നിങ്ങൾ തെറ്റാണെന്ന് കാണിക്കാൻ എനിക്ക് പറയാനുള്ളൂ. ഇത് ഹിന്ദു മതമാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, ഇതുപോലുള്ള ഒരുകാര്യം തീരുമാനിക്കുന്നതിന്റെ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കരുതെന്ന് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. ദിവാൻ എന്താണ് അഭിപ്രായപ്പെട്ടിരിക്കുന്നത് എന്നതിലേക്കുകൂടി നിങ്ങളുടെ ശ്രദ്ധ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം ഇന്ന് വായിക്കാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം മാനിക്കുന്നുവെങ്കിൽ അദ്ദേഹം നിങ്ങളുടെ പക്ഷം തെറ്റാണെന്നും നിങ്ങൾ കാലത്തെ എതിർക്കുന്നവരാണെന്നും പറഞ്ഞിരിക്കുന്നു. നീതീകരിക്കാനാവാത്ത ഒരു മനോഭാവത്തെയാണ് നിങ്ങൾ ഉയർത്തിപ്പിടിച്ചിരിക്കുന്നത്. ആത്യന്തികമായി, ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് നിങ്ങൾക്കുതന്നെ കണ്ടെത്താൻ സാധിക്കും. ഇനിയും നിങ്ങൾ ശരിയാണെന്നും അവർ തെറ്റാണെന്നും നിങ്ങൾ പറയുന്നുവെങ്കിൽ, അവർ ചെയ്യുന്നത് മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ജയഘോഷമാണെന്ന് ഞാൻ പറയും.
നമ്പൂതിരി: ഞങ്ങളെ അനുനയിപ്പിക്കുകയാണ് എളുപ്പമെന്ന് കരുതിയാണ് നിങ്ങൾ ഇവിടെ വന്നത്.
ബാപ്പു: അല്ല. എന്റെ അഭിപ്രായത്തിൽ നിങ്ങൾ തെറ്റിന്റെ പക്ഷത്താണ് എന്നതാണ് കാരണം.
ഒരാൾ: നിങ്ങൾ മനസ്സിന്റെ പരിശുദ്ധിയെ പരാമർശിച്ചതിൽ സന്തോഷം തോന്നുന്നു.
ബാപ്പു: ഹിന്ദുസമൂഹം അടിച്ചമർത്തിയവർക്കുവേണ്ടി അപേക്ഷിക്കാനാണ് ഞാനിവിടെ വന്നത്. അവർ തെറ്റല്ല എന്ന് വിശ്വസിക്കുന്നതുകൊണ്ടുതന്നെ എതിർപക്ഷക്കാരെ അനുനയിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. ഹിന്ദു ധർമമെന്നതിന്റെ വ്യാഖ്യാനം എന്നെ സംബന്ധിച്ച് നിങ്ങൾ പറയുന്നതിന്റെ നേർ വിപരീതമാണ്.
നമ്പൂതിരി: അടിച്ചമർത്തപ്പെട്ടവർ എന്ന വാക്ക് താങ്കൾ ഉപയോഗിച്ചതുകൊണ്ടുതന്നെ പറയട്ടെ, അങ്ങനെയൊരു അടിച്ചമർത്തലിനുപിന്നിൽ ഒരു കാരണമുണ്ടാവും.
ബാപ്പു: നിങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടോ? ജനറൽ ഡയർ പ്രവർത്തിച്ച അതേപോലെയാണ് ഇവിടെയും സംഭവിക്കുന്നത്.
നമ്പൂതിരി: ഹിന്ദു സമൂഹത്തിലെ ഏത് ജനറൽ ഡയറാണ് അങ്ങനെ പ്രവർത്തിച്ചത്?
ബാപ്പു: ജനറൽ ഡയറിന്റേതിന് തുല്യമായ നിലപാട് എന്നാണ് ഞാൻ പറഞ്ഞുവന്നത്. ജനറൽ ഡയറിനോട് അഭ്യർഥിച്ചതിനോട് സമാനമായ കാരണം.
നമ്പൂതിരി: ഞങ്ങൾക്ക് നേരിൽ അറിയാത്ത ആരോ ആണ് വളരെക്കാലംമുമ്പ് ഈ ആചാരം കൊണ്ടുവന്നത്. അതിനർഥം അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഡയറിന്റേതിന് തുല്യമാണ് എന്നാണോ?
ബാപ്പു: അടിച്ചമർത്തപ്പെട്ടവരെ വീണ്ടും അടിച്ചമർത്തുന്നതിന് ഇന്ന് നിങ്ങളെ പ്രചോദിപ്പിക്കുന്ന ആത്മാവ് ഡയറിന്റേതിന് തുല്യമാണെന്നാണ് ഞാൻ പറയുന്നത്.
നമ്പൂതിരി: ഞങ്ങളുടേത് ഡയറിന്റെ ആത്മാവാകാം. എന്നാൽ, ഇത് ഇപ്പോഴുണ്ടായ ആത്മാവല്ല. ആചാര്യന്മാരിൽനിന്ന് ആചാര്യന്മാരിലേക്ക് കൈമാറിവന്നതാണിത്.
ബാപ്പു: അങ്ങനെയൊരു ആചാര്യൻ ഇല്ലായിരുന്നെന്ന് ഞാൻ കരുതുന്നുവെന്ന് നിങ്ങൾക്കിനിയും മനസ്സിലായില്ലേ. ഇനിയും അങ്ങനെയൊരാളുണ്ടെന്ന് നിങ്ങൾ പറയുന്നുവെങ്കിൽ അദ്ദേഹത്തിന് ജനറൽ ഡയറിന്റെതുപോലത്തെ അജ്ഞത ഉണ്ടായിരുന്നുവെന്ന് ഞാൻ പറയും.
നമ്പൂതിരി: അതിപ്രാചീന കാലംമുതൽതന്നെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലവിലുണ്ട്. ആചാര്യന്മാരുടെ സാന്നിധ്യത്തിൽ ഞങ്ങളത് നിരീക്ഷിച്ചിട്ടുമുണ്ട്. ഇതിനൊരു പ്രമാണപുരുഷൻ ഇല്ല എന്നാണ് നിങ്ങളുടെ വാദമെങ്കിൽ, ഞങ്ങൾ പറയുന്നു, അങ്ങനെയൊന്നുണ്ട്.
ബാപ്പു: എങ്കിൽ ഞാനത് ഉൾക്കൊള്ളുകയും അതിനെ അഭിനന്ദിക്കുകയും ചെയ്യും. എന്നാൽ, ഇത്തരം പെരുമാറ്റങ്ങൾ സാർവത്രികമാണെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾക്കത് ആചാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ സ്ഥാപിക്കാനാവൂ. ആചാരത്തിലും അധികാരത്തിലും നിങ്ങൾ നിങ്ങളെ സ്വയം കെട്ടിയിടരുതെന്ന് മാത്രമേ എനിക്ക് നിങ്ങളോട് അപേക്ഷിക്കാനുള്ളൂ, ഞാൻ പറയുന്നത് മനസ്സിലാക്കാൻ ശ്രമിക്കുക.
നമ്പൂതിരി: മതത്തിന്റെയും മതവികാരത്തിന്റെയും കാര്യത്തിൽ ഞങ്ങൾക്ക് യുക്തിയിൽനിന്നോ വിവേകത്തിൽനിന്നോ ഒന്നുംതന്നെ സ്വീകരിക്കാനാവില്ല.
ബാപ്പു: മതത്തിന് പൊതുവായ ഒരു കാര്യമായി നിങ്ങൾ ഇതിനെ എങ്ങനെ വ്യഖ്യാനിക്കും? ഇത് മതത്തിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം അവകാശം എന്നാണോ പറയുക? ആചാരമെന്നാൽ എല്ലാവർക്കും ഒരുപോലെ ബാധകമായ ഒന്നല്ലേ?
നമ്പൂതിരി: ആചാരങ്ങളെ സംബന്ധിച്ചാണെങ്കിൽ വിവിധങ്ങളായ അഭിപ്രായങ്ങൾ അതിനുണ്ടായി എന്നുവരാം. ഒരേ വീട്ടിൽത്തന്നെ വ്യത്യസ്തമായ ആചാരമുണ്ടാകും. അവിടെ മധ്വാചാര്യരും രാമാനുജനും ഉണ്ടാവാം.
ബാപ്പു: അതുകൊണ്ടുതന്നെ, കുറച്ചുപേർക്കുമാത്രം ബോധ്യപ്പെട്ട ഒരു ആചാരത്തെ ന്യായീകരിക്കാൻ നമ്പൂതിരിമാരുടെ തലവൻ യുക്തിയുടെ സഹായം സ്വീകരിക്കില്ല എന്നാണോ?
നമ്പൂതിരി: പഠിച്ചു പണ്ഡിതനായ ഒരാളുടെ ഉപദേശം സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. ദൈവത്തിന്റെ അവതാരം അല്ലെങ്കിൽ ദൈവികശക്തിയുള്ള വ്യക്തിയാണെങ്കിൽ അയാളുടെ വാക്കുകൾ നിയമമായി ഞങ്ങൾ കാണും.
ബാപ്പു: പ്രാദേശിക ആചാരങ്ങൾപോലും മാറ്റാൻ ദൈവിക അവതാരങ്ങൾ വേണോ?
നമ്പൂതിരി: ഈ പ്രാദേശിക ആചാരം എനിക്ക് പറഞ്ഞുതന്നത് ശങ്കരാചാര്യരാണ്. അദ്ദേഹം ഒരു ജനറൽ ഡയർ ആയിരുന്നോ?
ബാപ്പു: ശങ്കരാചാര്യർ അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഒരു പൊതുവഴി ചിലർക്കായി ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നോ?
നമ്പൂതിരി: പൂജ പോലുള്ള പവിത്രമായ കാര്യങ്ങൾ ചെയ്യുന്നതിന് പരിസരം മലിനമാക്കാത്ത ദൂരം കാക്കണമെന്ന് അവർ നിരീക്ഷിച്ചിരിക്കും.
ബാപ്പു: ശങ്കരാചാര്യർ പറഞ്ഞ ഇക്കാര്യം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
നമ്പൂതിരി: ഞങ്ങൾ കാണിച്ചുതരാം.
ബാപ്പു: അഥവാ ശങ്കരാചാര്യ വചനങ്ങളിൽ ഇങ്ങനെയില്ലെങ്കിൽ നിങ്ങൾ ഇപ്പോഴെടുത്ത നിലപാട് മാറ്റാൻ തയ്യാറാവുമോ?
നമ്പൂതിരി: ചില കൃത്രിമ വ്യാഖ്യാനങ്ങളിലൂടെ നിങ്ങൾക്കത് സ്വന്തം വഴിക്ക് തിരിച്ചുവിടാനാവും.
ബാപ്പു: എനിക്ക് പറ്റില്ല, പക്ഷേ, ചില പണ്ഡിതന്മാർക്ക് കഴിഞ്ഞേക്കാം.
നമ്പൂതിരി: നിങ്ങളുടെ വ്യാഖ്യാനം ഞങ്ങളുടെ ആചാരത്തിന് എതിരാണെങ്കിൽ ഞങ്ങളത് സ്വീകരിക്കില്ല.
ബാപ്പു: അപ്പോൾ ഇത് ശങ്കരാചാര്യവചനങ്ങളല്ല, നിങ്ങളുടെ അധികാരമാണ്. മറ്റൊരു ചോദ്യംകൂടി. കോടതി വിധി ജനങ്ങളെ കടത്തിവിടണം എന്നാണെന്നിരിക്കട്ടെ, നിങ്ങൾ എന്തുചെയ്യും?
നമ്പൂതിരി: അപ്പോൾ ഈ വഴികൾ ഞങ്ങൾ ഒഴിവാക്കും. അമ്പലത്തിൽ ചെയ്തുവന്നിരുന്ന പ്രവൃത്തികളും ഞങ്ങൾ അവസാനിപ്പിക്കും.
ബാപ്പു: അമ്പലത്തിലെ ആരാധനതന്നെ അവസാനിപ്പിക്കുമെന്നാണോ?
രാജഗോപാലാചാരി: ആളുകളെ ഒരു നിശ്ചിത ആചാരരീതിയിലേക്ക് എത്തിക്കാൻ നിർബന്ധിതരാക്കുകയാണ് അവരാദ്യം ചെയ്തത്. പിന്നീട് സർക്കാർ അവരെ മറ്റൊരു രീതിയിലേക്ക് എത്താൻ സഹായിച്ചു. എന്തുകൊണ്ട്? സർക്കാരിന്റെ ഉത്തരവ് നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. പക്ഷേ, നിങ്ങളുടെ ഒരുവാദം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സർക്കാരിന്റെ ഉത്തരവ് നിങ്ങൾ തീർച്ചയായും അംഗീകരിച്ചു. നിങ്ങൾക്ക് ആവശ്യമായത് സ്വീകരിക്കുകയും ആവശ്യമില്ലാത്തത് അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നു. ഈ വിഷയത്തിൽ ഞങ്ങളുടെ വികാരങ്ങൾ എടുത്തുകാണിക്കാൻ ഞങ്ങൾ അനുയോജ്യരാണ്.
നമ്പൂതിരി: ഞങ്ങൾ ശുദ്ധികലശം ചെയ്യും.
ബാപ്പു: മലബാറിലോ മദ്രാസിലോ ദീർഘകാലമായി നിലനിന്നുപോന്നിരുന്നവയാണ് ഈ ആചാരങ്ങളെന്ന് എനിക്ക് മനസ്സിലാവുന്നു. വേറെ എവിടെയും തീണ്ടിക്കൂടായ്മ സമീപനമില്ല.
നമ്പൂതിരി: തീണ്ടിക്കൂടായ്മ തൊട്ടുകൂടായ്മയുടെ ചെറിയ രൂപമാണ്.
ബാപ്പു: നിങ്ങൾ നിങ്ങൾക്കുവേണ്ടി കാരണങ്ങൾ ഉണ്ടാക്കി നിരത്തുകയാണ് ചെയ്യുന്നത്. പൊതുജനാഭിപ്രായത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാകുമോ എന്ന് നിങ്ങളിലോരോരുത്തരോടും ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു.
ഒരു അഭിഭാഷകൻ: പൊതുജനാഭിപ്രായം എന്നൊന്നില്ല.
ബാപ്പു: അതായത്, തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും പൂർണമായും പൊതുജനത്തിന് അനുകൂലമായ നിലപാടാണ് എന്നാണോ? അങ്ങനെത്തന്നെ അനുമാനിക്കാം എന്നിരിക്കട്ടെ . ജീവനുതുല്യമായി ഹിന്ദുമതത്തെ ചേർത്തുപിടിക്കുക എന്നതാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്. ലോകത്തിന് മൊത്തം എതിരായി നിങ്ങളത് പ്രതിരോധിക്കണം. യുക്തിയുള്ള വ്യക്തിത്വമായിരുന്നു ശ്രീശങ്കരന്റേത്. അദ്ദേഹം വേദങ്ങൾ ഉദ്ധരിക്കുകയും തുടർന്ന് സഹായത്തിനായി വിവേകത്തെ കൂട്ടുപിടിക്കുകയും ചെയ്തു. പൊതുജനാഭിപ്രായം ഇല്ലെന്നുമാത്രം പറയരുത്. മൊത്തം ലോകത്തിന്റെ അഭിപ്രായം ഇതുവരെ നിങ്ങൾക്ക് പൂർണമായും എതിരായിട്ടില്ല എന്നു ഞാൻ പറയുന്നു. എന്നാൽ, ഇന്ത്യയുടെ അഭിപ്രായം നിങ്ങൾക്ക് എതിരാണ്. ദിവാൻ നിങ്ങൾക്ക് എതിരാണ്.
നമ്പൂതിരി: ദിവാൻ എന്തുപറയുന്നു എന്നത് എനിക്കൊരു വിഷയമല്ല.
ബാപ്പു: ഇത്തരമൊരു അഭിപ്രായം സ്വീകരിച്ചതിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് തരുന്നു. നിങ്ങൾ ഹിന്ദുത്വത്തിന്റെ രക്ഷാധികാരികൾ ആണെന്ന് പറയുന്നതുകൊണ്ടുതന്നെ പൊതുജനാഭിപ്രായത്തിന്റെ മുമ്പിൽ നിൽക്കുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ പ്രതിരോധിക്കേണ്ടതായി വരും.
നമ്പൂതിരി:രക്ഷാധികാരി എന്ന് ഞാൻ പ്രയോഗിച്ചത് അങ്ങനെയൊരു ധാരണയിൽത്തന്നെയാണ്.
ബാപ്പു: ഒരുചോദ്യം കൂടി. കള്ളന്മാരെക്കാളും ദുഷ്‌പ്രവൃത്തികൾ ചെയ്യുന്നവരെക്കാളും അധമൻമാരെന്ന് നിങ്ങൾ പറയുന്ന ഇക്കൂട്ടർ നാളെ ക്രിസ്തുമതത്തിലേക്കോ ഇസ്‌ലാം മതത്തിലേക്കോ മാറിയാൽ നിങ്ങൾ അവരെ ഇവിടെ അനുവദിക്കുമോ?
നമ്പൂതിരി: (നിർലജ്ജമായ മുഖത്തോടെ) ഇല്ല, ഞങ്ങൾ സമ്മതിക്കില്ല. അടുത്തകാലത്തുണ്ടായ മതപരിവർത്തനങ്ങളെ ഞങ്ങൾ അംഗീകരിക്കില്ല.
ബാപ്പു: എത്രകാലം മുമ്പുവരെയുള്ള പരിവർത്തനമാകാം?
അഭിഭാഷകൻ: അടുത്തകാലത്തൊന്നും താഴ്ന്ന ജാതിയിൽ ഉള്ളവർ ക്രിസ്തുമതം സ്വീകരിച്ചതായി ഞങ്ങൾക്ക് അറിയില്ല.
മറ്റൊരു അഭിഭാഷകൻ: എന്തിനാണ് ലോകത്തിലെ എല്ലാ ആചാരങ്ങൾക്കും വേണ്ടി വൈക്കം തിരഞ്ഞെടുത്തത്? മറ്റു ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള പാതകൾ കാലക്രമേണ ജനങ്ങൾക്ക് തുറന്നുകൊടുക്കേണ്ടതായി വരാം. എന്തുകൊണ്ടാണ് നിങ്ങൾ സമയത്തെ അതിന്റെ ജോലിചെയ്യാൻ അനുവദിക്കാത്തത്? മറ്റുള്ളവരുടെ വികാരത്തെ പ്രകോപിപ്പിക്കുന്നതിനെയും അഹിംസ എന്ന് വിളിക്കാനാകുമോ?
ബാപ്പു: ഒരു തിന്മയെ ഞാൻ തിന്മയായി കാണുകയും അത് തിന്മയാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്താനായി ഞാൻ വിഷമിക്കുകയും ചെയ്യുമ്പോൾ അത് തീർച്ചയായും അക്രമമാണ്.
അഭിഭാഷകൻ: ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതിനാണ് സത്യാഗ്രഹം. ഇവിടെ നടക്കുന്ന സത്യാഗ്രഹത്തിൽ താങ്കൾ ആ അർഥത്തിൽ സംതൃപ്തനാണോ?
ബാപ്പു: അതെ. ഇക്കാര്യത്തിൽ നിങ്ങൾക്കെന്നെ ബോധവത്‌കരിക്കുകയും ആവാം.
അഭിഭാഷകൻ: എല്ലാ പ്രവേശന കവാടങ്ങളിലും സന്നദ്ധപ്രവർത്തകരെ നിയമിച്ചതിലൂടെ എന്താണ് നേട്ടം കിട്ടുന്നത്? അത് എത്രമാത്രം അസൗകര്യം ഉണ്ടാക്കി എന്ന് നിങ്ങൾക്കറിയാമോ?
ബാപ്പു: ഇല്ല
അഭിഭാഷകൻ: ഞാനാണെങ്കിൽ മറ്റ് പ്രവേശന കവാടങ്ങൾ ഒഴിവാക്കി ജനങ്ങളുടെ ഹൃദയം കവർന്നേനെ.
ബാപ്പു: സത്യാഗ്രഹത്തിൽ അവർ അക്രമം കാണിക്കുന്നത് നിങ്ങളോടല്ല, അവരോട് തന്നെയാണ്. സൂര്യനു താഴെ ചുട്ടുപഴുത്തിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമാണോ? എന്റെ ഭാര്യയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. തെറ്റ് ശരിയാണെന്നുള്ള വിശ്വാസത്തിൽനിന്നാണ് താങ്കളുടെ വിഷമങ്ങൾ മുഴുവൻ വന്നിരിക്കുന്നത്.
മറ്റൊരു അഭിഭാഷകൻ: അപ്പോൾ ചണ്ഡാളൻമാർ എന്നൊന്ന് ഇല്ല എന്നാണോ?
ബാപ്പു: അതെ
അഭിഭാഷകൻ: പുനർജന്മം ഉണ്ടോ?
ബാപ്പു: ഉണ്ട്.
അഭിഭാഷകൻ: അവരപ്പോൾ ഇത്തരം കളങ്കത്തോടെ ജനിച്ചവരല്ലേ?
ബാപ്പു: നിങ്ങൾ അങ്ങനെ പറഞ്ഞേക്കാം.
അഭിഭാഷകൻ: അങ്ങനെ പറയാൻ ഹിന്ദുമതം എന്നെ അനുവദിക്കുന്നില്ലേ?
ബാപ്പു: ഒരു മനുഷ്യനെയും അധമനായി ചിത്രീകരിക്കാൻ ഹിന്ദുമതം നിങ്ങൾക്ക് അനുവാദം തരുന്നില്ല. അതുകൊണ്ട് ഇത്തരത്തിൽ സംസാരിക്കാൻ നിങ്ങൾക്ക് അനുവാദവുമില്ല. ജനിക്കുമ്പോൾ ഉണ്ടാകുന്ന ഉച്ചനീചത്വം പ്രവൃത്തിയുടെ വ്യത്യാസം മൂലമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, നിങ്ങൾക്ക് അവനെ താഴ്ന്നവനായി കണക്കാക്കാനാവില്ല. അതേസമയം, നിങ്ങൾ അകന്നുപോകാൻ ആഗ്രഹിക്കുന്നവരിൽനിന്ന് മാറിനിൽക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്.
നമ്പൂതിരി: ഈ അമ്പലത്തിലെ കാര്യത്തിലാണെങ്കിൽ, ഞങ്ങൾതന്നെ അവരിൽനിന്നും അകന്നുമാറി ഒരു ക്ഷേത്രം സ്ഥാപിച്ചു. അവിടേക്ക് അവർ എന്തിനാണ് വരുന്നത്?
ബാപ്പു: നിങ്ങൾ ഇപ്പോൾ ആകെ ആശയക്കുഴപ്പത്തിലാണ്. ആദ്യം നിങ്ങൾ പറഞ്ഞു, നിങ്ങൾ അവരെ ആട്ടിയകറ്റിയെന്ന്. നിങ്ങൾ തന്നെ പറയുന്നു നിങ്ങൾ അവരിൽനിന്ന്‌ അകന്നുമാറി എന്ന്. പിന്നീട് നിങ്ങൾ പറഞ്ഞു, അവരെ ഓടിക്കാൻ അവർതന്നെ നിങ്ങളെ അനുവദിച്ചുവെന്ന്.
അഭിഭാഷകൻ: ഹിന്ദുക്കൾക്ക് റോഡ് ആസ്വാദ്യകരമായി ഉപയോഗിക്കാൻ പ്രത്യേക അവകാശം തന്നെയുണ്ട്.
ബാപ്പു: വൈക്കത്തെ സവർണരിൽ നടത്തിയ ഹിതപരിശോധന സമർപ്പിക്കാൻ താങ്കൾ തയ്യാറാണോ?
ഒരു വൃദ്ധൻ: ഈ രണ്ടോ മൂന്നോ അഭിഭാഷകരുടെ വോട്ടുകൾ കണക്കിലെടുക്കരുത്.
നമ്പൂതിരി: ഈ വിഷയത്തിൽ ചിലപ്പോൾ ഞങ്ങൾ ഒരു തീരുമാനം അനുസരിച്ചേക്കാം. എന്നാൽ, ഞങ്ങളുടെ മതപരമായ കാര്യങ്ങൾ ഒരു പൊതുവോട്ടിലൂടെ തീരുമാനിക്കുന്നതിൽ ഞങ്ങൾക്ക് താത്‌പര്യമില്ല.
അഭിഭാഷകൻ: വോട്ടെടുപ്പിന് എന്നെ സഹായിക്കാൻ സത്യസന്ധനായ ഒരാളെ നിയമിക്കാൻ താങ്കൾക്ക് കഴിയുമോ?
നമ്പൂതിരി: ഈ ആധുനിക കാലത്ത് ഒരുപക്ഷേ, നമുക്ക് ഹിന്ദു മതത്തെക്കുറിച്ച് വേണ്ടത്ര ബോധം ഇല്ലായിരിക്കും.
ബാപ്പു: ശത്രുതാപരമായ ഒരു തീരുമാനം ഞങ്ങൾ സഹിക്കും, പക്ഷേ, നിങ്ങളെപ്പറ്റില്ല. ഞാൻ മറ്റൊരു വാഗ്ദാനം നൽകാം. ഇന്ത്യയിലെ ഏതൊരു നിഷ്പക്ഷ പണ്ഡിതനെയും തൃപ്തിപ്പെടുത്താൻ കഴിയുന്ന രീതിയിൽ ശങ്കരാചാര്യരുടെ അധികാരവാക്കുകൾ നിങ്ങൾക്ക് കാണിച്ചുതരാൻ സാധിക്കുമെങ്കിൽ വൈക്കത്തുനിന്ന്‌ ഞാൻ സത്യാഗ്രഹം പിൻവലിക്കാം.
നമ്പൂതിരി: ഗ്രന്ഥം അല്ല, വ്യാഖ്യാനമാണ്.
നമ്പൂതിരി: പരശുരാമൻ ബ്രാഹ്മണൻമാർക്ക് നൽകിയതാണ് മലബാർ. എങ്ങനെ അതിനൊരു പ്രമാണം നൽകാനാവും?
ബാപ്പു: എനിക്ക് ഇതിനെക്കാൾ ന്യായമായ നിബന്ധനകൾ നൽകാൻ കഴിയുമോ? ഞാൻ വെച്ചത് ഏറ്റവും മികച്ച നിർദേശമാണ്.
നമ്പൂതിരി: അല്ല. ക്ഷേത്ര ഭക്തന്മാരുടെ അഭിപ്രായം നിങ്ങൾ സ്വീകരിക്കണം.
ബാപ്പു: ഇത് ഏറ്റവും യുക്തിരഹിതമായ കാര്യമാണ്. ഞാൻ മൂന്നാമതൊരു വാഗ്ദാനംകൂടി നൽകുന്നു. നമുക്കിത് ഒരു മധ്യസ്ഥം വഴി തീരുമാനിക്കാം. നിങ്ങൾക്ക് നിങ്ങളുടെ മധ്യസ്ഥന്റെ പേര് പറയാം. ഞാൻ എന്റേതും. ദിവാൻ ആയിരിക്കും ഇതിൽ തീർപ്പുകല്പിക്കുക. ഹിന്ദുമതത്തെ അതിൽനിന്നുതന്നെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നതുപോലെ ഞാൻ വൈക്കത്തെയും അതിൽനിന്നുതന്നെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു. സത്യമെന്നത് ചാതുര്യം നിറഞ്ഞ ഒന്നായതുകൊണ്ടുതന്നെ ഞാൻ ഇനിയും വാഗ്ദാനങ്ങൾ നൽകിക്കൊണ്ടേയിരിക്കും. നിങ്ങൾക്ക് മറ്റൊരു വഴി കണ്ടുപിടിക്കാനാവുമെങ്കിൽ ഞാൻ നിങ്ങളുടെ അടിമയാവാം.ഗാന്ധിജി പറഞ്ഞ മൂന്നു കാര്യങ്ങളിലും ചിന്തിക്കാം എന്ന് അവർ സമ്മതിച്ചു. തുടർന്ന് മുതിർന്ന ഒരു നമ്പൂതിരി ഗാന്ധിജിയോട് നന്ദിയും പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..