എന്നെ കാണുമ്പോള്‍ സിനുവിനെപ്പോലെ തലകുലുക്കിയാണ് ആളുകള്‍ വിഷ് ചെയ്യുന്നത് -അര്‍ജുന്‍ അശോകന്‍


അർജുൻ അശോകൻ/ പി.പ്രജിത്ത് pprajith@mpp.co.in

2 min read
Read later
Print
Share

നിവിൻ പോളിക്കൊപ്പം അഭിനയിച്ച തുറമുഖമാണ് പ്രദർശനത്തിനെത്തുന്ന പുതിയ അർജുൻ അശോകൻ ചിത്രം. സിനിമ നൽകുന്ന സന്തോഷങ്ങളെക്കുറിച്ച് അർജുൻ സംസാരിക്കുന്നു.

അർജുൻ അശോകൻ | photo: facebook/arjun ashokan

രോമാഞ്ചം, പ്രണയവിലാസം, തുറമുഖം... ഒന്നിനുപിറകെ ഒന്നായി അർജുൻ അശോകൻ അഭിനയിച്ച ചിത്രങ്ങൾ തിയേറ്ററിലേക്കെത്തുന്നു. യുവത്വം ആഘോഷമാക്കിയ, രോമാഞ്ചംതീർത്ത, ആരവങ്ങളൊടുങ്ങുംമുമ്പേ പ്രണയവിലാസത്തിലൂടെ അർജുൻ അശോകൻ വീണ്ടും കൈയടി നേടി. നിവിൻ പോളിക്കൊപ്പം അഭിനയിച്ച തുറമുഖമാണ് പ്രദർശനത്തിനെത്തുന്ന പുതിയ ചിത്രം. സിനിമ നൽകുന്ന സന്തോഷങ്ങളെക്കുറിച്ച് അർജുൻ സംസാരിക്കുന്നു..

രോമാഞ്ചത്തിലെ സിനുവിന്റെ നോട്ടവും ചിരിയും തലയാട്ടലും സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്...

സിനുവെന്ന കഥാപാത്രത്തെക്കുറിച്ച് കൃത്യമായ നിർദേശം ലഭിച്ചിരുന്നു. യാഥാർഥ സംഭവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച സിനിമയായതിനാൽ ഓരോ സീനും എങ്ങനെയെല്ലാമാകണമെന്ന ധാരണ സംവിധായകനുണ്ടായിരുന്നു. കഥാപാത്രം വ്യത്യസ്തവും രസകരവുമാണെന്നും എനിക്കു ചേരുമെന്നും സൗബിൻചേട്ടൻ പറഞ്ഞു. ഇന്ന് എന്നെ കാണുമ്പോൾ കഥാപാത്രം ചെയ്തപോലെ തലകുലുക്കിയാണ് ആളുകൾ വിഷ് ചെയ്യുന്നത്. മുമ്പുചെയ്ത വേഷങ്ങൾക്കൊന്നും ലഭിക്കാത്തൊരു സ്വീകാര്യത സിനുവിനു ലഭിക്കുന്നുണ്ട്. സാധാരണ രീതിയിൽ ചിരിച്ചും തലയാട്ടിയും തന്നെയാണ് നമ്മളും ലോഹ്യം പറയുക. എന്നാൽ, സിനുവിന്റെ പ്രശ്നം കാണുമ്പോഴെല്ലാം വിഷ് ചെയ്തുകൊണ്ടിരിക്കും എന്നതാണ്. കഥാപാത്രത്തെ രൂപപ്പെടുത്തുമ്പോൾത്തന്നെ അണിയറപ്രവർത്തകർ അയാളുടെ മാനറിസങ്ങളെല്ലാം ചിട്ടപ്പെടുത്തിയിരുന്നു.

തുറമുഖം റിലീസ് ചെയ്യുന്നതോടെ അർജുന്റെ മൂന്നു സിനിമകളാകും തിയേറ്ററിൽ പ്രദർശനത്തിനുണ്ടാകുക...

രോമാഞ്ചം ചിത്രീകരിച്ച് നാലുമാസം കഴിഞ്ഞു തുടങ്ങിയ സിനിമയാണ് പ്രണയവിലാസം. അതിനെല്ലാം മൂന്നാലുവർഷം മുമ്പ് അഭിനയിച്ച സിനിമയാണ് തുറമുഖം. തുറമുഖത്തിലെ എന്റെ രൂപം കാണുമ്പോൾത്തന്നെ ആ മാറ്റം മനസ്സിലാകും. വ്യത്യസ്തമായ വേഷങ്ങൾ ലഭിക്കുക, തുടർച്ചയായി സിനിമകൾ ഉണ്ടാകുക എന്നതെല്ലാം ഒരു നടൻ എന്നനിലയിൽ ഭാഗ്യമാണ്, സന്തോഷംനൽകുന്ന കാര്യങ്ങളാണ്.

പ്രേക്ഷകരേറ്റെടുത്ത് പ്രണയവിലാസവും മുന്നേറുകയാണ്..

വ്യത്യസ്തമായൊരു പ്രണയകഥയാണ് പ്രണയവിലാസം പറയുന്നത്. അതുതന്നെയാണ് ആ കഥയിലേക്കും കഥാപാത്രത്തിലേക്കും അടുപ്പിച്ചത്. പ്രണയവുമായി ചുറ്റിത്തിരിഞ്ഞുനടക്കുന്ന മകൻ, പഴയകാല കാമുകിയെ കാണാൻപോകുന്ന അച്ഛൻ അങ്ങനെ രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ‘തിങ്കളാഴ്ച നിശ്ചയ’ത്തിലൂടെ പ്രേക്ഷകർ ഇഷ്ടപ്പെട്ട മനോജേട്ടനാണ് പ്രണയവിലാസത്തിൽ എന്റെ അച്ഛനായി എത്തുന്നത്. അച്ഛനും മകനുമായി അഭിനയിക്കുന്നെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, ഞങ്ങൾക്കിടയിലെ അടുപ്പം ഒന്നിച്ചുള്ള സീനുകൾ ഭംഗിയാക്കുന്നതിന് ഗുണം ചെയ്തു. പ്രണയവിലാസത്തിലൂടെ ‘സൂപ്പർ ശരണ്യ’ ടീമിനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഒരുപാടുപേർ പറഞ്ഞു. പ്രണയവിലാസത്തിൽ അഭിനയിക്കുമ്പോഴല്ല, പടം തിയേറ്ററിൽ കണ്ടപ്പോഴാണ് കഥയും കഥാപാത്രവും കൂടുതൽ ഇഷ്ടപ്പെട്ടത്. പഴയകാല പ്രണയത്തിലേക്കും കോളേജ് നാളുകളിലേക്കുമെല്ലാം സിനിമ നമ്മെ കൊണ്ടുപോകുന്നു.

ഹരിശ്രീ അശോകനും അർജുൻ അശോകനും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. വീട്ടുവിശേഷം...

അച്ഛനുമായി നല്ല കൂട്ടാണ്, ഞങ്ങൾക്കിടയിലെ സംസാരത്തിൽ സിനിമയും പ്രധാനവിഷയമാണ്. ഞാൻ കേൾക്കുന്ന പുതിയ കഥകളെക്കുറിച്ച് അച്ഛനോടു പറയാറുണ്ട്. ചില കഥകൾ കേൾക്കുമ്പോൾത്തന്നെ അത് കൊള്ളാമെന്നു പറയും. ചില സീനുകളെക്കുറിച്ച് പറയുമ്പോൾ അത് വർക്കൗട്ടാകുമോ എന്ന സംശയവുമെല്ലാം പ്രകടിപ്പിക്കും.

Content Highlights: actor arjun asokan about thuramukhan and other films

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..