പ്രാർഥന ആത്മശുദ്ധീകരണത്തിന്


മക്കളേ,
പ്രാർഥനയെന്നു പറയുന്നത് ഭക്തനും ഈശ്വരനും തമ്മിലുള്ള ഹൃദയസംവാദമാണ്. സ്വന്തം അമ്മയോടോ അച്ഛനോടോ ഏറ്റവും അടുത്ത കൂട്ടുകാരനോടോ കൂട്ടുകാരിയോടോ നമ്മൾ ഹൃദയം തുറക്കാറുണ്ടല്ലോ. അതുപോലുള്ള ഒരു ഭാവമാണ്‌ പ്രാർഥന. അത്‌ പരാതിയാകാം, പരിഭവമാകാം, പ്രേമസല്ലാപമാകാം, അപേക്ഷയാകാം, സ്തുതിയാകാം അങ്ങനെ പലതുമാകാം. ഹൃദയഭാരം ഇറക്കിവെക്കുക, മനസ്സ് ഈശ്വരനിൽ നിർത്തുക, ഈശ്വരസ്മരണകൊണ്ടും ഈശ്വരാനുഗ്രഹംകൊണ്ടും മനസ്സിനെ ശുദ്ധമാക്കുക, അവിടുത്തോട് ഹൃദയംകൊണ്ട് കൂടുതൽക്കൂടുതൽ അടുക്കുക, അതാണ് പ്രാർഥനയുടെ ഉദ്ദേശ്യം.
പ്രാർഥനയിലൂടെ ആകാശത്തിനപ്പുറമിരിക്കുന്ന ഒരീശ്വരനെ തേടുകയല്ല, ഹൃദയാന്തര്യാമിയായ ഈശ്വരനെ ഉണർത്തുകയാണ്‌ ചെയ്യുന്നത്. സർവതിലും ഈശ്വരനെ ദർശിക്കാനുള്ള മാർഗമാണത്. ഭക്തൻ ഈശ്വരനെ തേടി എങ്ങും അലയുന്നില്ല, അവനവന്റെ ഉള്ളിൽത്തന്നെ ഈശ്വരൻ പ്രകാശിക്കുന്നു. പ്രാർഥനയിലൂടെ ആ സത്യവസ്തുവിനെയാണ്‌ കീർത്തിക്കുന്നത്‌. ശരീര-മനോ-ബുദ്ധി തലത്തിലുള്ള മനസ്സിനെ ആത്മതലത്തിലേക്കുയർത്തുകയാണ് ആവശ്യം. അതിലൂടെ ഈശ്വരനിൽനിന്നു ഭിന്നമായി യാതൊന്നുമില്ലെന്ന അനുഭവത്തിലേക്ക്‌ ഭക്തന് ഉയരാൻ കഴിയും.
അടുക്കളയിൽ തൂക്കിയിട്ടിരുന്ന നൂറു വാട്ടിന്റെ ബൾബിൽ കരി പറ്റിപ്പിടിച്ചതു കാരണം അതിന്റെ വെട്ടം കുറഞ്ഞു. അവസാനം സീറോ വാട്ട്‌ ബൾബിൽനിന്നുള്ള പ്രകാശംപോലുമില്ലാതായി. അതിലെ കരി തുടച്ചുനീക്കിയാൽ പഴയതുപോലെ പ്രകാശം ലഭിക്കും. ഇതുപോലെ സ്വാർഥതയും അഹങ്കാരവുമാകുന്ന മാലിന്യം നമ്മുടെയുള്ളിലെ ഈശ്വരത്വത്തെ മറച്ചിരിക്കുന്നു. നമ്മുടെ മനസ്സിലെ ഈ മാലിന്യത്തെ നീക്കുന്ന ഒരു ക്രിയയാണ്‌ പ്രാർഥന. ഈ മാലിന്യം നീക്കംചെയ്താൽ നമ്മളിലെ ഈശ്വരശക്തി നമുക്കനുഭവമാകും. നമ്മൾ ദുഃഖിക്കാൻവേണ്ടി പിറന്നവരല്ല; ആനന്ദസ്വരൂപികളാണെന്ന് അറിയാൻ കഴിയും.
ഇന്ന് അധികംപേർക്കും പ്രാർഥനയെന്നാൽ ഈശ്വരന്റെ മുന്നിൽ ആവശ്യങ്ങളുടെ ഒരു പട്ടിക നിരത്തുക എന്നതാണ്. ഒപ്പം കുറച്ച്‌ സ്തുതിയുമുണ്ടാകാം. അത്‌ വേണ്ട എന്നു പറയുന്നില്ല. പക്ഷേ, അത് ഉത്തമമായ പ്രാർഥനയല്ല. സ്വാർഥലാഭത്തിനുവേണ്ടി പ്രാർഥിക്കുന്നതിനെക്കാൾ നല്ലതാണ് അന്യർക്കുവേണ്ടി, ലോകത്തിനുവേണ്ടി പ്രാർഥിക്കുന്നത്. അതിലൂടെ മനസ്സ്‌ വിശാലമാകും, സ്വാർഥത കുറയും. ഉദാഹരണത്തിന്, ‘അയൽവാസികൾ സത്‌സ്വഭാവികളാകണേ’ എന്ന് ഈശ്വരനോടു പ്രാർഥിക്കുമ്പോൾ നമുക്കാണു ശാന്തി ലഭിക്കുന്നത്. നമ്മുടെ അടുത്തവീട്ടിൽ ഒരു കള്ളൻ താമസിക്കുന്നെങ്കിൽ രാത്രി നമുക്കുറങ്ങാൻ കഴിയുമോ? വീടുവിട്ട്‌ എങ്ങും പോകാനും സാധിക്കുകയില്ല. ഒരു സമാധാനവും കിട്ടില്ല. അയൽപ്പക്കത്തെ കള്ളൻ വന്ന് എന്തെങ്കിലും മോഷ്ടിച്ചുകൊണ്ടുപോകുമോ എന്നുള്ള ചിന്തമാത്രമായിരിക്കും സദാസമയവും. മറിച്ച് അവന്റെ മനസ്സു നന്നായാൽ മോഷണം നിർത്തും. നമുക്കും സമാധാനമാകും. എല്ലാവർക്കും നന്മ വരണം എന്ന ചിന്തയോടെ ഈശ്വരനോടു പ്രാർഥിക്കുമ്പോൾ നമ്മുടെ മനഃശുദ്ധി നഷ്ടപ്പെടാതെ സൂക്ഷിക്കാവാൻ കഴിയും. അതാണ് ഏറ്റവും വലിയ ധനം. നിസ്വാർഥമായ പ്രാർഥനകൊണ്ട്‌ മറ്റുള്ളവരെക്കാൾ അധികം നേട്ടമുണ്ടാകുന്നത്‌ നമുക്കുതന്നെയാണ്‌. നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുക, ഈശ്വരനോടു ഭക്തി വളർത്തുക, ലോകത്തിന് നന്മ വരുത്തുക ഇതൊക്കെ പ്രാർഥനയിലൂടെ സാധിക്കാം.
പ്രാർഥനയ്ക്കായി വിനിയോഗിക്കുന്ന സമയവും ഊർജവും ഒരിക്കലും പാഴാകുന്നില്ല. മെഴുകുതിരി ഉരുകുന്നതനുസരിച്ച് അതിന്റെ നാളത്തിന്‌ ശോഭ വർധിക്കുകയാണു ചെയ്യുന്നത്‌. അതുപോലെ ഹൃദയം അലിഞ്ഞുള്ള പ്രാർഥന നമ്മളെ പരമാത്മപദത്തിൽ എത്തിക്കുന്നു. -അമ്മ

Content Highlights: amrithavachanam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..