ബാമിയാനിൽ താലിബാൻകാർ തകർത്ത ബുദ്ധപ്രതിമ സ്ഥിതിചെയ്തിരുന്ന സ്ഥലം. സമീപത്ത് കാണുന്ന ചെറുഗുഹകളിലെല്ലാം ഇപ്പോൾ ഹസാര വംശജരാണ് താമസിക്കുന്നത് |-ഫോട്ടോ: ഗെറ്റി ഇമേജസ്
മനുഷ്യസംസ്കാരത്തിന്റെ മസ്തകത്തിനേറ്റ പ്രഹരമായിരുന്നു അഫ്ഗാനിസ്താനിൽ ബാമിയാൻ താഴ്‌വരയിലെ ബുദ്ധപ്രതിമകൾ മതവെറിയന്മാരായ താലിബാൻകാർ തകർത്ത സംഭവം. അത് തകർത്തയാളെത്തേടിയുള്ള ഈ യാത്ര എത്തിച്ചേർന്നത് ബാമിയാനിലെ ഒരു ചെറിയ തെരുവിലെ മുഷിഞ്ഞ സൈക്കിൾ റിപ്പയർ ഷോപ്പിലാണ്. അവിടെ ഇപ്പോഴുമുണ്ട് സയ്യിദ് മിർസ ഹുസൈൻ. അയാളാണ് കയറിൽ തൂങ്ങിക്കിടന്ന് പ്രതിമയിൽ തുളയുണ്ടാക്കി വെടിമരുന്ന് നിറച്ചത്. മാറിയ അഫ്ഗാനിസ്താനിലിരുന്നുകൊണ്ട് ഹുസൈൻ പറയുന്നു: ‘‘അധികമൊന്നും ചോദിക്കരുത് ’’
ലോകരാജ്യങ്ങൾ നോക്കിനിൽക്കേയാണ്, താലിബാൻ 2001 മാർച്ചിൽ ബാമിയാനിലെ ബുദ്ധപ്രതിമകൾ തകർത്തത്. അമേരിക്കയിലെ ഇരട്ടടവറുകൾ വിമാനമിടിച്ചുതകർക്കുന്നതിന് കൃത്യം ആറുമാസം മുമ്പായിരുന്നു ഇത്. ബുദ്ധപ്രതിമ തകർത്ത ചില ഭീകരർ ഇപ്പോഴും ബാമിയാനിലുണ്ട് എന്നറിഞ്ഞപ്പോഴാണ് അവരെ അന്വേഷിച്ച് യാത്രതിരിക്കുന്നത്. 1600-ലധികം വർഷം പഴക്കമുള്ള, മനുഷ്യരാശിയുടെ പൊതുപൈതൃകം തകർത്ത ഭീകരരെ കണ്ടെത്തിയാൽ അത് ഒരു ഗംഭീരസ്റ്റോറിയാവും. പ്രത്യേകിച്ചും ടെലിവിഷനിൽ. കാരണം, ബാമിയാൻ പ്രതിമകൾ തകർന്നടിയുന്നത് ലോകംമുഴുവൻ ടെലിവിഷനിലൂടെ കണ്ടതാണ്.
ഹിന്ദുക്കുഷ് പർവതനിരകളിൽ വിരിച്ചിട്ട ഒരു ചുവന്ന പുതപ്പുപോലെയാണ് പറന്നിറങ്ങുമ്പോൾ ബാമിയാൻ ശ്രദ്ധയിൽപ്പെടുക. അഫ്ഗാനിസ്താനിലെ ഏറ്റവും വശ്യവും ശാന്തവുമായ പ്രവശ്യകളിലൊന്നാണ് ബാമിയാൻ. ഹസാര ഗോത്രവംശജർക്ക് പ്രാമുഖ്യമുള്ള മേഖലയാണിത്. തകർക്കപ്പെട്ട ബുദ്ധപ്രതിമകളുടെ പേരിലാണ് ബാമിയാനെ പുറംലോകം അറിയുന്നതെങ്കിലും പ്രകൃതി അറിഞ്ഞ് അനുഗ്രഹിച്ച ഇടമാണ് ഇവിടം. ശ്രീനഗറിനെക്കാൾ ആയിരം മീറ്റർ (2500 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബാമിയാൻ ഒരുകാലത്ത് ലോക വിദേശസഞ്ചാരികളുടെ സ്വർഗമായിരുന്നു. ചുവന്ന മണൽമണ്ണിന്റെ താഴ്‌വരയിൽ വെറുതേ നിന്നാൽ മതി, തണുത്ത കാറ്റിനൊപ്പം നൂറ്റാണ്ടുകളുടെ ചരിത്രം നമ്മളെത്തഴുകി കടന്നുപോവും. ഒന്നു കാതോർത്താൽ ബുദ്ധന്റെ ശാന്തിമന്ത്രങ്ങളും കാലങ്ങളുടെ പടയോട്ടങ്ങളുടെ കുളമ്പടിയും പട്ടുപാത (സിൽക്ക് റൂട്ട്) യിലൂടെ സംഘങ്ങളായി നടന്നുപോയ കച്ചവടക്കൂട്ടങ്ങളുടെ കാലൊച്ചയും നമുക്കുകേൾക്കാം. ചുറ്റും കണ്ണോടിക്കുന്നവർക്ക് രണ്ടായിരം വർഷങ്ങളുടെ ചരിത്രം അടരുകളായിക്കിടക്കുന്നത് ദൃശ്യമാവും.
ചരിത്രത്തെ അടുത്തുനിന്ന് കാണുമ്പോൾ പലപ്പോഴും അതു തീർത്തും വ്യത്യസ്തമായ ഒന്നായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും അഫ്ഗാനിസ്താനിൽ. പ്രതിമ തകർത്ത ഭീകരനെ അന്വേഷിച്ച് നടന്നെത്തിയത് ബാമിയാനിലെ ചെറിയൊരു തെരുവിലെ സൈക്കിൾ റിപ്പയർ ഷോപ്പിലാണ്. മുഷിഞ്ഞുകീറിയ ഒരു നീലജാക്കറ്റിട്ട്, തലയിലൊരു തുണി ചുറ്റിക്കെട്ടി, ആരോടും തലയുയർത്തി സംസാരിക്കാൻപോലും ശങ്കിച്ചുനിൽക്കുന്ന സയ്യിദ് മിർസ ഹുസൈൻ. ബുദ്ധപ്രതിമ തകർത്ത ഭീകരനാണ് എന്റെ മുന്നിലിരുന്ന് സൈക്കിൾ നന്നാക്കുന്നത്! ക്യാമറയ്ക്കു മുന്നിൽപ്പോലും വാക്കുകൾക്ക് ഇത്രയും പിശുക്കുകാണിക്കുന്ന അപൂർവം ചിലരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. സംസാരത്തിനിടയിൽ സയ്യിദ് മിർസ ഹുസൈൻ പറഞ്ഞു: ‘‘ബാമിയാൻ താഴ്‌വരയുടെ കണ്ണുകളായിരുന്നു ബുദ്ധപ്രതിമകൾ. അവയാണ് ഞങ്ങൾ കുത്തിപ്പൊട്ടിച്ചത്. താഴ്‌വരയിൽ മാത്രമല്ല, എന്റെ ജീവിതത്തിലും ഇരുട്ടുപടർന്ന മാസമാണ് 2001 മാർച്ച്.’’
ബാമിയാനിലെ ബുദ്ധപ്രതിമകൾ തകർക്കാൻ തീരുമാനിച്ചപ്പോൾ താലിബാൻ അതിനായി തിരഞ്ഞെടുത്തത് ഇരുപത്തഞ്ചോളം ഹസാര തടവുകാരെയായിരുന്നു. അവരിലൊരാളാണ് ഹുസൈൻ. ഹുസൈന്റെ കടയിൽനിന്ന് നോക്കിയാൽ വലിയ ബുദ്ധപ്രതിമ നിന്ന ചരിവുകാണാം. ഒട്ടുമാറി, അധിനിവേശക്കാലത്ത് റഷ്യൻ പട്ടാളം ഉപേക്ഷിച്ചുപോയ തുരുമ്പെടുത്ത ടാങ്കുകളും. ഇങ്ങനെ ചരിത്രത്തിന്റെ ത്രിമാനാനുഭവമാവുന്നു ബാമിയാൻ. ഹുസൈനെപ്പോലെ സ്വന്തം ജീവിതംകൊണ്ട് ചരിത്രം രചിച്ചുകൊണ്ടിരിക്കുന്ന പലരെയും ഇവിടെ കാണാം.
1998-ലാണ് താലിബാൻ ബാമിയാൻ പിടിച്ചെടുക്കുന്നത്. ഷിയാ വിഭാഗത്തിൽപ്പെട്ട ഹസാര ഗോത്രക്കാർക്ക് ഭൂരിപക്ഷമുള്ള മേഖലയാണിത്. അതുകൊണ്ടുതന്നെ അവർ സുന്നി താലിബാന്റെ ശത്രുപക്ഷത്തായിരുന്നു. ഹസാരവംശജർക്ക് അവരുടെ ചരിത്രപൈതൃകമാണ് താഴ്‌വരയിൽ നിവർന്നുനിന്ന ബുദ്ധപ്രതിമകൾ. അവരെ സംബന്ധിച്ചിടത്തോളം അവ ഒരിക്കലും ഒരു മതത്തിന്റെയും ചിഹ്നമായിരുന്നില്ല. വലിയപ്രതിമയെ സൽസാൽ (രാജകുമാരൻ) എന്നും ചെറുതിനെ ഷമാമ (രാജകുമാരി) എന്നുമാണ് അവർ വിളിക്കുന്നത്. ഹസാര നാടോടിക്കഥകളിലെ പ്രണയജോടികളാണിവർ. പ്രണയിച്ച് മതിവരാതെ വന്നപ്പോൾ അവർ ചേർന്നുനിന്ന് സ്വയം കരിങ്കൽപ്രതിമകളായി എന്നാണ് താഴ്‌വരയിലെ വിശ്വാസം. ഈ വിശ്വാസം കൊണ്ടാവാം, ഇവിടത്തെ ഒട്ടെല്ലാ വീടുകളിലും ഇന്നും ബുദ്ധന്റെ പ്രതിമകൾ അലങ്കാരമായി കരുതിപ്പോരുന്നത്.
ശത്രുവിനെ പരാജയപ്പെടുത്താൻ അവരുടെ ചരിത്രത്തെയാണ് ആദ്യം ഇല്ലായ്മ ചെയ്യേണ്ടത് എന്ന യുദ്ധതത്ത്വം താലിബാനറിയാമായിരുന്നു. പ്രതിമയുടെ ശിരസ്സിൽ ടയർ കത്തിച്ചാണ് അവരാദ്യം തങ്ങളുടെ അസഹിഷ്ണുത പുറത്തെടുത്തത്. പിന്നീട് 2001 ഫെബ്രുവരി അവസാനം താലിബാൻ സുപ്രീംകമാൻഡർ മുല്ല ഉമർ ഈ പ്രതിമകൾ അനിസ്‌ലാമികമാണെന്നു പ്രഖ്യാപിച്ച് നശിപ്പിച്ചുകളയാൻ ഉത്തരവിട്ടു.
‘‘കയറിൽ തൂങ്ങിക്കിടന്ന്, പ്രതിമയ്ക്കു മുകളിൽ ചെറിയ ചെറിയ തുളകൾ ഉണ്ടാക്കി അതിൽ വെടിമരുന്ന് നിറയ്ക്കുകയായിരുന്നു എന്റെ ജോലി’’ -ഹുസൈൻ ഓർക്കുന്നു.

ആദ്യസ്ഫോടനത്തിൽ പ്രതിമയുടെ കാലുകൾ മാത്രമാണ് തകർന്നത്. അത് താലിബാനെ ഏറെ നിരാശപ്പെടുത്തി. പിന്നീടുള്ള ദിവസങ്ങളിൽ മൂന്നും നാലും തവണ സ്ഫോടനം നടത്തിയിരുന്നു. അങ്ങനെ ആഴ്ചകളോളം നീണ്ട ശ്രമംകൊണ്ടാണ് പ്രതിമകൾ പൂർണമായും തകർത്തത്. വെടിവെച്ചും റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചുമാണ് താലിബാൻ പ്രതിമകളെ തകർക്കാൻ ആദ്യം ശ്രമിച്ചത്. മണൽപ്പാറയായതു കാരണം വെടിയുണ്ടകൾ അതിലേക്കു പൂണ്ടുപോവുകയായിരുന്നു. അവയ്ക്ക് പ്രതിമയെ പൊട്ടിക്കാനായില്ല. ആ ശ്രമം പരാജയപ്പെട്ടപ്പോഴാണ് താലിബാൻ തങ്ങൾ ബന്ദികളാക്കിയ ഹസാര തടവുകാരെ പ്രതിമയിൽ തുളയുണ്ടാക്കാനായി കയറിൽ കെട്ടിത്തൂക്കിയത്. അങ്ങനെയാണ് സയ്യിദ് മിർസ ‘ഭീകര’നായത്. വലിയ പ്രതിമയുടെ നെഞ്ചിലും കൈയിലും തുളയുണ്ടാക്കി വെടിമരുന്നു നിറച്ചത് ഹുസൈൻ ആണ്. 2001 ജനുവരിയിൽ ബാമിയാൻ താഴ്‌വരയിലൂടെ പടയോട്ടം നടത്തിയ താലിബാൻ 500-ലധികം ഹസാര വംശജരെയാണ് കൂട്ടക്കൊല ചെയ്തത്. താഴ്‌വരയിലെ വീടുകൾ എല്ലാം അന്നവർ കത്തിച്ചുകളഞ്ഞു. ഹുസൈൻ താലിബാന്റെ പിടിയിൽപ്പെടുന്നത് ഈ സമയത്താണ്. കുടുംബാംഗങ്ങൾ എല്ലാം താഴ്‌വരവിട്ടോടിപ്പോയിരുന്നു. പലരെയും താലിബാൻ വെടിവെച്ചു കൊന്നുകളഞ്ഞു. ഹുസൈന്റെ ജീവിതത്തിലും താഴ്‌വരയിലും ഇരുട്ടുനിറഞ്ഞത് അങ്ങനെയാണ്.
‘‘ഓരോ സ്ഫോടനം കഴിയുമ്പോഴും താലിബാൻ കമാൻഡോകൾ ആകാശത്തേക്ക് വെടിയുതിർത്ത് ആഘോഷിച്ചിരുന്നു. ഒടുവിൽ എല്ലാം തകർന്നടിഞ്ഞദിവസം തങ്ങളെയും കൊന്നുകളയും എന്നാണ് കരുതിയത്. അതുണ്ടായില്ല. പകരം, കാളമാംസം പൊതിഞ്ഞുതന്ന് ഞങ്ങളെ ആട്ടിയോടിക്കുകയായിരുന്നു.’’ പ്രാണരക്ഷാർഥം ബാമിയാൻ വിട്ടോടിയത് ഹുസൈൻ ഇന്നും ഓർക്കുന്നു.
മിത്തും ചരിത്രവും ചേർന്നൊഴുകുന്ന താഴ്‌വരയാണ് ബാമിയാൻ. ഇസ്‌ലാമിന്റെ പിറവിക്കുംമുമ്പാണ് ഹിന്ദുക്കുഷ് പർവതനിരകളിലെ ചെങ്കുത്തായ ചുവന്ന മണൽപ്പാറകളിൽ ബുദ്ധപ്രതിമകൾ കൊത്തിയെടുക്കപ്പെട്ടത്. മൂന്നും നാലും നൂറ്റാണ്ടുകളിൽ, കിഴക്കു പാടലീപുത്രംമുതൽ (ഇന്നത്തെ പട്‌ന) പടിഞ്ഞാറ് പേർഷ്യ(ഇറാൻ)വരെ പരന്നുകിടന്ന കുശാന സാമ്രാജ്യരാജാക്കന്മാരാണ് ഈ അദ്‌ഭുതം പണിതത്. വലിയപ്രതിമയുടെ ഉയരം 180 അടി. ചെറുതിന്റേത് 125-ഉം. ഇവയ്ക്കിടയിലെ അകലം അരക്കിലോമീറ്റർവരും. ഇരുനൂറുവർഷംകൊണ്ടാണ് ഇവ നിർമിച്ചത്. അതാണ് താലിബാൻ ഇരുപതുദിവസംകൊണ്ട് തകർത്തുകളഞ്ഞത്. ഇടുങ്ങിയ കണ്ണും പതിഞ്ഞ മൂക്കുമുള്ള ഹസാരവംശജരുടെ മുഖച്ഛായയുള്ളതുകൊണ്ടാണ് ബുദ്ധപ്രതിമകളെ താലിബാൻ തകർത്തുകളഞ്ഞതെന്ന് ഹുസൈൻ വിശ്വസിക്കുന്നു. ഹുസൈൻ മാത്രമല്ല, താഴ്‌വരയിലെ ഒട്ടെല്ലാവരും ഇങ്ങനെ വിശ്വസിക്കുന്നവരാണ്. എ.ഡി. 630-ൽ ചൈനീസ് സഞ്ചാരിയായ ഹുയാങ് സാങ് (Xuan Zang) ഈ താഴ്‌വരയിലൂടെയാണ് ഇന്ത്യയിലേക്ക് നടന്നുപോയത്. വഴിക്കാഴ്ചയിൽ സ്വർണപ്രഭവിതറി താഴ്‌വരയെ അനുഗ്രഹിച്ചുനിൽക്കുന്ന ബുദ്ധപ്രതിമകളെക്കുറിച്ച് അദ്ദേഹം വിശദമായി പരാമർശിക്കുന്നുണ്ട്. ശില്പങ്ങളുടെ കാലപ്പഴക്കത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണിത്.
പൂർവ-പശ്ചിമ സംസ്കൃതികളെ ബന്ധിപ്പിച്ച പട്ടുപാത ഈ താഴ്‌വരയിലൂടെയാണ് കടന്നുപോകുന്നത്. പ്രതിമകൾക്കിടയിലെ പാറക്കെട്ടുകളിൽ അനേകം കൊച്ചുകൊച്ചു ഗുഹകൾ കണ്ടതായും അവയിൽ ബുദ്ധഭിക്ഷുക്കൾ ഇരുന്ന് തപസ്സനുഷ്ഠിക്കുന്നതായും ഹുയാങ് സാങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചെറിയ ഗുഹകളെല്ലാം വലിയമാറ്റമൊന്നും കൂടാതെ നമുക്കിപ്പോഴും കാണാം. അവയുടെ ചുമരിൽ വരച്ചിട്ട ചില ചിത്രങ്ങൾപ്പോലും. താലിബാൻ അതിക്രമത്തിൽ വീടുനശിച്ച ചില ഹസാര കുടുംബങ്ങളാണ് ഇപ്പോൾ ഈ ഗുഹകളിലെ അന്തേവാസികൾ. ഷിയാ വിഭാഗത്തിൽപ്പെട്ട ഹസാര വംശജർ എന്നും താലിബാന്റെ ശത്രുപക്ഷത്തായിരുന്നു. ഈ ഓഗസ്റ്റിൽ അഫ്ഗാനിസ്താൻ പിടിച്ചടക്കിയ താലിബാൻ ആദ്യം ചെയ്തത് ബാമിയാനിലെ അബ്ദുൾ അലി മസാരിയുടെ പ്രതിമ തകർക്കുകയായിരുന്നു. ഹസാര ഗോത്രനേതാവായിരുന്ന മസാരിയെ 1995-ൽ താലിബാൻ ബന്ദിയാക്കി കൊലപ്പെടുത്തുകയാണ് ചെയ്തത്. ഇതേ വംശവെറിയാണ് കഴിഞ്ഞ ഒക്ടോബർ എട്ടിന് ചാവേർ ബോംബായി കുണ്ടുസിലെ പള്ളിയിലെ വെള്ളിയാഴ്ച പ്രാർഥനയിൽ പൊട്ടിത്തെറിച്ചത്. നൂറിലധികംപേർ ഇതിൽ കൊല്ലപ്പെട്ടു.
‘‘അധികം വൈകാതെ അവർ ഞങ്ങളെ തിരഞ്ഞെത്തും. അതുകൊണ്ട് അധികമൊന്നും ചോദിക്കരുത്’’ -അഫ്ഗാനിസ്താനിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ സയ്യദ് മിർസ ഹുസൈൻ പറഞ്ഞു.
‘‘ആരുടെയും കണ്ണിൽപ്പെടാതെ ഒതുങ്ങിജീവിക്കണം. അതുമാത്രമാണ് ഇപ്പോഴുള്ള ആഗ്രഹം. ഇനിയും ഓടാൻവയ്യ. അതുകൊണ്ടാണു പറയുന്നത്, ദയവുചെയ്ത് ഒന്നും ചോദിക്കരുത്’’ കൈയിൽ പറ്റിപ്പിടിച്ച കറുത്ത ഓയിൽ നീല ജാക്കറ്റിൽ തുടച്ച് അഭിമുഖം പാതിയിൽനിർത്തി സയ്യിദ് മിർസ എഴുന്നേറ്റുപോയി. അപ്പോൾ മിർസയുടെ കണ്ണു നിറഞ്ഞിരുന്നു. ഭയമാണ് അഫ്ഗാനിസ്താനെ ഭരിക്കുന്നത് - താലിബാൻ എന്ന ഭയം.
തകർത്ത ബുദ്ധപ്രതിമയുടെ കഷണങ്ങൾ പെറുക്കിക്കൂട്ടി ഒരു ഷെഡ്ഡിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. യുനെസ്കോ അംഗീകരിച്ച ലോകപൈതൃകമാണിത്. ചില പുനർനിർമാണശ്രമങ്ങൾ എല്ലാം മുമ്പു നടന്നിരുന്നു. വലിയപ്രതിമയെ അതേപടി നിലനിർത്തി ചെറുതിനെ പുതുക്കിപ്പണിയാനായിരുന്നു പദ്ധതി. എന്നാൽ, അതിനുള്ള സാധ്യത ഇനിയില്ല.
ഹുസൈന്റെ ചെറുപ്പകാലത്ത് ചാർട്ടേഡ് വിമാനങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണകിന് സഞ്ചാരികൾ ഇവിടെ എത്തിയിരുന്നു. അവരെ താഴ്‌വര കാണിക്കലായിരുന്നു മറ്റുള്ളവരെപ്പോലെ അന്ന് ഹുസൈന്റെയും കുടുംബത്തിന്റെയും ജോലി. എന്നാൽ, 1979-ൽ റഷ്യൻ പട്ടാളം അഫ്ഗാനിസ്താനിലേക്ക് ഇരച്ചുകയറിയതോടെ വിനോദസഞ്ചാരമേഖല തകരാൻ തുടങ്ങി. താലിബാൻ വന്നതോടെ ഈ തകർച്ച പൂർണമാവുകയും ചെയ്തു. ഈജിപ്തിലെ പിരമിഡിനും ഇന്ത്യയിലെ താജ്‌മഹലിനുമൊപ്പം വിനോദസഞ്ചാരികളെ ആകർഷിക്കാൻ കെല്പുള്ള വശ്യതയായിരുന്നു ബാമിയാനിലെ ബുദ്ധപ്രതിമകൾ.
ചരിത്രം ഒരിക്കലും രേഖപ്പെടുത്താത്ത നനവാണ് സയ്യിദ് മിർസ ഹുസൈന്റെ കണ്ണിൽ കണ്ടത്. ചരിത്രം പെരുമ്പറയടിച്ച് കടന്നുപോകുമ്പോൾ അതിന്റെ പുകപടലങ്ങളിൽ കുടുങ്ങി ശ്വാസംമുട്ടുന്ന സംഘർഷജീവിതങ്ങൾ ആരും രേഖപ്പെടുത്താറില്ല. ഹുസൈൻ മാത്രമല്ല, ബാമിയാനിലെ ഓരോരുത്തരും ചരിത്രത്തിന്റെ കിടങ്ങുകളിൽ കുടുങ്ങിപ്പോയവരാണ്.
(ജർമൻ ടെലിവിഷന്റെ ദക്ഷിണേഷ്യ പ്രതിനിധിയായ ലേഖകൻ ജോലിയുടെ ഭാഗമായി കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ ഒട്ടേറെ തവണ അഫ്‌ഗാനിസ്താൻ സന്ദർശിച്ചിട്ടുണ്ട്)
Content Highlights: Article by P M Narayanan, destruction of Afghanistan's ancient Buddha statues by The Taliban
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..