അജയ് വാസുദേവ് | photo: facebook/ajay vasudev
മലയാളിക്ക് മാസ് സിനിമകളുടെ മറുപേരാണ് സംവിധായകൻ അജയ് വാസുദേവ്. അജയ് വാസുദേവിന്റെ നാലാമത്തെ സിനിമ ‘പകലും പാതിരാവും’ പ്രേക്ഷകരിലേക്കെത്തുകയാണ്. കുഞ്ചാക്കോ ബോബൻ, രജിഷാ വിജയൻ, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ചിത്രത്തെക്കുറിച്ച് സംവിധായകൻ സംസാരിക്കുന്നു...
മാസ് വഴിയിൽനിന്ന് മാറിനടക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണോ പകലും പാതിരാവും
പകലും പാതിരാവും എന്ന സിനിമയുടെ ഏറ്റവും വലിയ ബലം അതിന്റെ കഥയാണ്. ഷൈലോക്ക് കഴിഞ്ഞശേഷം ഗോകുലം മൂവീസിനുവേണ്ടി നാലാംതൂൺ എന്നൊരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് കോവിഡ് വന്ന് ലോക്ഡൗൺ ആയതോടെ അത് ചെയ്യാൻപറ്റാത്ത സ്ഥിതിവന്നു. അങ്ങനെയിരിക്കെയാണ് ഒരുദിവസം ഗോകുലം മൂവീസിൽനിന്ന് എനിക്ക് വീണ്ടുമൊരു ഫോൺവരുന്നത്. നിഷാദ് കോയ എഴുതിയ ഒരു തിരക്കഥ ചാക്കോച്ചന് ഇഷ്ടമായെന്നും അജയ് ഒന്ന് കേട്ടുനോക്കൂ എന്നും പറഞ്ഞു. എന്റെ സ്ഥിരം പാറ്റേണിലുള്ള സിനിമയല്ലെന്ന സൂചനയും തന്നു. അങ്ങനെ കഥകേട്ട് ഇഷ്ടപ്പെട്ടാണ് ഞാൻ പകലും പാതിരാവും എന്ന സിനിമ ഏറ്റെടുക്കുന്നത്. എന്റേതായ രീതിയിലാണ് ഞാൻ ആ കഥയെ സ്‌ക്രീനിലേക്ക് പകർത്തിയിരിക്കുന്നത്. ഒരു കൊമേഴ്സ്യൽ സിനിമ എന്ന രീതിയിൽതന്നെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് അവതരിപ്പിച്ചിരുന്നത്. കൊച്ചിയിൽനിന്ന് മൈസൂരുവിലേക്ക് യാത്രചെയ്യുന്ന ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ, അയാൾക്ക് ആ യാത്രയിൽ അഭിമുഖീകരിക്കേണ്ടിവരുന്ന കുറച്ചു സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് പകലും പാതിരാവും ത്രില്ലർ വഴിയിൽ കഥപറയുന്നത്. കുഞ്ചാക്കോ ബോബനാണ് കേന്ദ്രകഥാപാത്രമാകുന്നത്. രജിഷാ വിജയൻ, ഗുരു സോമസുന്ദരം തുടങ്ങി മികച്ച ഒരുപിടി അഭിനേതാക്കൾ ഒപ്പമുണ്ട്. മാസ് വഴിയിൽനിന്ന് മാറിനടക്കാനൊന്നും തീരുമാനമില്ല. നല്ല സിനിമകൾ ഏത് ജോണറിലുള്ളവ വന്നാലും സംവിധാനംചെയ്യും. അടുത്ത ചിത്രം വീണ്ടും ഒരു മാസ് എന്റർടെയ്നറായിരിക്കും.
മെയ്‌ക്കിങ്ങിലും സംഘട്ടനങ്ങളിലും അജയ് വാസുദേവ് സ്‌റ്റൈൽ ഇതിലും പ്രതീക്ഷിക്കാമോ...
എന്റെ സ്ഥിരം പാറ്റേണിൽനിന്ന് മാറിയുള്ള ഒരു ചിത്രമായതിനാൽ ആക്‌ഷൻ രംഗങ്ങൾ ഇല്ല എന്ന് വിചാരിക്കരുത്. നല്ല രീതിയിലുള്ള സംഘട്ടനങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഥയെ ഒട്ടും ബാധിക്കാത്തരീതിയിൽ മേക്കിങ്ങിൽ എന്റേതായ സ്റ്റൈൽ നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. കേന്ദ്രകഥാപാത്രമാകുന്ന ചാക്കോച്ചനെയും വ്യത്യസ്തമായരീതിയിലാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചാക്കോച്ചനുമായി ഞാൻ അസിസ്റ്റന്റായ കാലംതൊട്ടുള്ള പരിചയമുണ്ട്. അതുകൊണ്ട് പുതിയൊരു അഭിനേതാവിന്റെ കൂടെ വർക്ക് ചെയ്യുന്നതിന്റെ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. വിക്രം വേദ, കൈതി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് സംഗീതമൊരുക്കിയ സാം സി.എസാണ് പകലും പാതിരാവിന്റെയും പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത്. പുതിയ ജോണറിൽ ചെയ്യുന്ന സിനിമയെന്നനിലയിൽ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നൊരു കൗതുകം എനിക്കുമുണ്ട്.
അഭിനയവഴിയിലും സജീവമാകുന്നുണ്ട്, മാളികപ്പുറത്തിലെ അഭിനേതാവിന്റെ റോൾ ആസ്വദിച്ചോ...
ആകസ്മികമായി അഭിനയരംഗത്തേക്ക് എത്തിയ ഒരാളാണ്. ഇടയ്ക്ക് സുഹൃത്തുക്കൾ വിളിക്കുമ്പോൾ എനിക്കാവുന്നരീതിയിൽ ചെയ്യുന്നു എന്നുമാത്രം. മാളികപ്പുറത്തിലും അപ്രതീക്ഷിതമായി ഞാൻ അഭിനയിച്ചതാണ്. മാളികപ്പുറത്തിന്റെ ഷൂട്ട് പത്തനംതിട്ടയിൽ നടക്കുമ്പോൾ ഉണ്ണി മുകുന്ദനെയും തിരക്കഥാകൃത്ത് അഭിലാഷിനെയും സംവിധായകൻ വിഷ്ണുവിനെയും കാണാനും സൗഹൃദം പുതുക്കാനുമാണ് ഞാൻ ലൊക്കേഷൻ സന്ദർശിച്ചത്. പിറ്റേദിവസം ഞാൻ തിരികെ പുറപ്പെടാനൊരുങ്ങുമ്പോഴാണ് അത്യാവശ്യമായി ലൊക്കേഷനിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടത്. ഒരു കഥാപാത്രം ചെയ്യാനാകുമോ എന്ന് ചോദിച്ചു. എന്താണ് കഥാപാത്രമെന്നുപോലും ചോദിക്കാതെ ഞാൻ ഓക്കെ പറഞ്ഞു. മേക്കപ്പിട്ട് ക്യാമറയുടെ മുന്നിലെത്തിയപ്പോഴാണ് കുട്ടികളെപ്പിടിത്തക്കാരനായ കഥാപാത്രമാണെന്ന് അറിഞ്ഞത്. ആദ്യം ഞാൻ ഒന്നുമടിച്ചെങ്കിലും അവരുടെ സ്നേഹനിർബന്ധത്തിനു വഴങ്ങി ചെയ്യുകയായിരുന്നു. മാളികപ്പുറം വലിയ വിജയമായതോടെ എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ആ വിജയസിനിമയുടെ ഭാഗമാകാൻ പറ്റിയതിൽ സന്തോഷം.
Content Highlights: director ajay vasudev interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..