അന്ന് ആ യുദ്ധഭൂമിയില്‍


മനോജ് കെ. ദാസ്

രാജ്യം വീണ്ടും യുദ്ധസമാനമായൊരു അന്തരീക്ഷത്തിൽ നിൽക്കുകയാണ്; 21 വർഷംമുമ്പ് പാകിസ്താനുമായി പോരാടിയ അതേ ലഡാക്കിൽ.
അന്ന് പാകിസ്താനാണെങ്കിൽ ഇന്ന് ചൈനയാണ് മറുപക്ഷത്ത്. കാർഗിൽയുദ്ധം റിപ്പോർട്ട് ചെയ്ത ഒരു മാധ്യമപ്രവർത്തകന്റെ മനംനൊന്തുകൊണ്ടുള്ള ഓർമക്കുറിപ്പാണിത്. രണ്ടുരാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അതിന്റെ മധ്യത്തിൽനിന്ന്‌ അനുഭവിച്ചതിന്റെ ചൂട് ഈ കുറിപ്പിലുണ്ട്. ഒപ്പം, യുദ്ധം വശേഷിപ്പിക്കുന്ന മനുഷ്യാവസ്ഥകളും വർഷങ്ങൾ കഴിഞ്ഞിട്ടും പിന്തുടരുന്ന അവയുടെ വേട്ടയാടലുകളും
...

രാത്രിയുടെ നിറമെന്തായിരുന്നു? എന്തായാലും കറുപ്പായിരുന്നില്ല. ധ്യാനനിമഗ്‌നരായിനിൽക്കുന്ന പൈൻമരങ്ങളും ചക്രവാളത്തിൽ ചിതറിക്കിടക്കുന്ന പർവതനിരകളും ചേർന്ന് ആകാശനീലിമയാർന്ന വർണഫലകംപോലെ അവിടെയൊരന്തരീക്ഷമുണ്ടാക്കിയിരുന്നു. അജ്ഞാതനായൊരു ചിത്രകാരന്റെ ബ്രഷിൽനിന്ന് പെട്ടെന്നു ചിതറിത്തെറിച്ച ചായത്തുണ്ടുകൾ പോലെയായിരുന്നു അത്. പുതപ്പിനുള്ളിൽ ഒളിഞ്ഞിരുന്ന്‌ മൊബൈൽ ഫോൺ കാണുന്ന കുരുന്നു കൗതുകംപോലെ നിശ്ശബ്ദതയെയും അതിന്റെ മർമരങ്ങളെയും വീക്ഷിച്ചുകൊണ്ട്‌ ഞങ്ങളിരുന്നു.ആ രാത്രിയുടെ നിറം ഒരു പ്രഹേളികയായി ഇപ്പോഴും തുടരുകയാണെങ്കിലും ആകാശം ലക്ഷക്കണക്കിനു നക്ഷത്രങ്ങളാൽ അലംകൃതമായിരുന്നത് സവിശേഷമായ ഒരു കാഴ്ചയായിരുന്നു. ഓരോ നക്ഷത്രവും ഞങ്ങൾക്കുമേൽ ഒരു കുഞ്ഞുവെളിച്ചം തൂവുന്നതായി തോന്നി. മിന്നാമിനുങ്ങുകളുടെ ഒരു മഴപോലെയായിരുന്നു അത്. ഞങ്ങളുടെ വിടപറയൽഘട്ടത്തെ പ്രകാശമാനമാക്കിക്കൊണ്ട് ലക്ഷക്കണക്കിനു മിന്നാമിനുങ്ങുകൾ ഞങ്ങൾക്കു ചുറ്റും പാറിപ്പറന്നുകൊണ്ടിരുന്നു.

ജിപ്‌സിയുടെ ബോണറ്റായിരുന്നു ഞങ്ങളുടെ ടീപ്പോയ്‌. ഞങ്ങൾ, കാർഗിൽ യുദ്ധം റിപ്പോർട്ട് ചെയ്യാനെത്തിയ മൂന്നു പത്രപ്രവർത്തകർ. രണ്ടു മാസത്തിലധികമായി ഞങ്ങൾ കാർഗിലിലും ദ്രാസിലും ചുറ്റിക്കറങ്ങുകയായിരുന്നു. ഗ്ലാസിലെ നക്ഷത്രങ്ങളുടെ പ്രതിബിംബം, അതിലില്ലാത്ത ഐസ് ക്യൂബുകൾ ഉണ്ടെന്ന തോന്നലുളവാക്കി. ആ ഇല്ലാത്ത ഐസ് കഷണം ഗ്ലാസിനെ തണുപ്പുള്ളതാക്കി.
‘‘എന്നിട്ട്?’’
-ആരോ മൗനം ഭഞ്ജിച്ചു.
‘‘ഒടുവിൽ, അത് കഴിഞ്ഞു.’’
‘‘പക്ഷേ, അവസാനിച്ചതിനുമപ്പുറമെത്തിയല്ലേ?’’
‘‘അതെ.’’

പിന്നെയും നിശ്ശബ്ദത ഞങ്ങളെ വന്നുപൊതിഞ്ഞു. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും രക്തരൂഷിതമായ യുദ്ധങ്ങളിലൊന്നിന് അരങ്ങായ ഹിമാലയം നീല മൂടുപടത്തിനുള്ളിലൂടെ പ്രൗഢിയോടെ കാണപ്പെട്ടു. പതിയെ ഒഴുകി നീങ്ങുന്ന മൂടൽമഞ്ഞിൻതുണ്ടുകളുടെ പശ്ചാത്തലത്തിൽ ഹിമവാന്റെ നിഴൽ ഏതൊരു കാൻവാസിനെയും വെല്ലുന്നതായിരുന്നു. അതിന്റെ താഴ്‌വരകളിലൂടെ അനാഥമായ ഒരു കാറ്റ് മൂളലോടെ വീശിക്കൊണ്ടിരുന്നു. ലഡാക്കിൽ കണ്ട കരിംചുവപ്പുള്ള വസ്ത്രങ്ങളണിഞ്ഞ ബുദ്ധസന്ന്യാസിമാരുടെ കൈയിലുണ്ടായിരുന്ന, എപ്പോഴും തിരിച്ചുകൊണ്ടിരിക്കുന്ന ചെറിയ പ്രാർഥനാചക്രത്തെ അത് ഓർമിപ്പിച്ചു.

‘‘ഓം മണി പദ്‌മേ ഹും...’’ ജപമാലയിലെ രുദ്രാക്ഷത്തിന്റെ എണ്ണലിനനുസരിച്ചുള്ള ഈ പ്രാർഥനയാണ് ആ ചക്രം പ്രസരിപ്പിച്ചിരുന്നത്. ചെറിയ, ലളിതമായ ഈ പ്രാർഥന സൂചിപ്പിക്കുന്നതെന്തെന്നാൽ, ചിട്ടയും അറിവും ഒത്തുചേർന്ന ഒരു വഴി നിങ്ങൾ പിന്തുടരുകയാണെങ്കിൽ നിങ്ങൾക്ക് ശരീരവും മനസ്സും സംഭാഷണവും ബുദ്ധന്റെ ശരീരവും മനസ്സും സംഭാഷണവുംപോലെ ഉദാത്തമായ നിലയിലേക്ക് പരിവർത്തനപ്പെടുത്താൻ കഴിയുമെന്നതാണ്. ചൈനയുമായി അടുത്തിടെയുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച നമ്മുടെ ധീരജവാന്മാർക്കുവേണ്ടി ലഡാക്ക് ആശുപത്രിക്കുപുറത്ത് ഏതോ അജ്ഞാത സ്ത്രീ പ്രാർഥിക്കുമ്പോൾ നമ്മളിത് കണ്ടു. പാംഗോങ്ങിലെ അപകടകരമായ മലനിരകളിൽ തങ്ങളുടെ മക്കളുടെ ആയുസ്സിനായി പല ചൈനീസ് അമ്മമാരും ഇതേ പ്രാർഥന ഉരുവിട്ടിട്ടുണ്ടായിരിക്കണം. വൈരുധ്യമെന്തെന്നാൽ, ഒരേ ചരിത്രമുള്ള, ഒരേ ഭൗമമേഖലയെ സംരക്ഷിക്കാൻ കാവൽനിൽക്കുന്ന മക്കൾക്കുവേണ്ടി ഹിമാലയത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ഒരുപാട് അമ്മമാർ ഇതേ പ്രാർഥന നടത്തുന്നു എന്നതാണ്.

kargil
കാര്‍ഗില്‍ യുദ്ധത്തില്‍ ബൊഫേഴ്‌സ് തോക്കുകള്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ സേന

മനസ്സുകളെ ചേർത്തുനിർത്തുന്ന പ്രാർഥനയുടെ മാന്ത്രികത ഗൺഹില്ലിലെ യുദ്ധത്തിനിടെ അന്ന് ഞങ്ങൾ കണ്ടു; തപിക്കുന്ന ചുണ്ടുകളിൽനിന്നും പല കരങ്ങളിൽനിന്നും ഉയരുന്ന ബൗദ്ധപ്രാർഥനപോലെ. ലോകത്തിന് പുതിയ സന്ദേശംപകരുന്ന പള്ളിമിനാരങ്ങളിൽനിന്നുള്ള ബാങ്കുവിളി കേട്ടു. യുദ്ധം തുടങ്ങി ആഴ്ചകൾക്കുള്ളിൽത്തന്നെ ഇന്ത്യൻസേന നുഴഞ്ഞുകയറ്റക്കാരുടെ കണ്ണി പൊട്ടിക്കുകയും ഇന്ത്യൻ മണ്ണിൽ അവരൊരുക്കിയിരുന്ന ബങ്കറുകളും ടെന്റുകളും തകർക്കുകയും ചെയ്തു. ഏതാണ്ട് മുപ്പതോളം പാകിസ്താനികൾ വധിക്കപ്പെട്ടു. സെമിത്തേരിയിൽ വിതറിയ പുഷ്പങ്ങൾ കാലഭേദത്തിലും ചവിട്ടടികളിലുംപെട്ട് വാടിക്കരിഞ്ഞതുപോലെ അവരുടെ മൃതശരീരങ്ങൾ കിടന്നു. കുരുത്തുവരുന്ന പുൽനാമ്പുകൾക്കിടയിൽ വീണ പൂവുകളെപ്പോലെ അവർ ചിതറിക്കിടന്നു. ഇന്ത്യൻസേന വെടിനിർത്തൽ മുന്നോട്ടുവെച്ചു. പക്ഷേ, വീണവർ തങ്ങളുടെ സഹോദരങ്ങളാണെന്ന കാര്യം പാകിസ്താൻ നിഷേധിച്ചു.
‘‘ആ ശരീരങ്ങൾ ചീഞ്ഞളിയാൻ ഞങ്ങൾ അനുവദിക്കില്ല. അവരുടെ അന്ത്യകർമങ്ങൾ ഞങ്ങൾ ചെയ്യും’’ -ഇന്ത്യ തീരുമാനിച്ചു. വെടിവെപ്പിനെ ധൈര്യസമേതം നേരിട്ട്, സൈന്യത്തിലെ മതപണ്ഡിതരും മുസ്‌ലിം സൈനികരും ചേർന്ന് ആ സ്ഥലത്തെത്തി. അവർ പാക് സൈനികർക്ക് കുഴിമാടമൊരുക്കി. ഒന്നൊന്നായി ആ ശരീരങ്ങൾ അവർ മറവുചെയ്തു. അവർക്ക് സൈനിക ബഹുമതികളോടെയുള്ള അന്ത്യയാത്രയുണ്ടായില്ല. പക്ഷേ, ഹിമാലയത്തിനെ തഴുകി വീശിക്കൊണ്ടിരുന്ന മന്ദമാരുതന്റെ മൂളലും അകലെ നീങ്ങിക്കൊണ്ടിരുന്ന ട്രക്കുകളുടെ മുരൾച്ചയും ഇന്ത്യൻ സൈനികരുടെ ഹൃദയമിടിപ്പും അവർക്ക് അന്ത്യയാത്രാ സമയത്തെ വാദ്യഘോഷമൊരുക്കി.

വീണുപോയ സൈനികരെയോർത്ത്‌ പലരുടെയും മനസ്സിൽ ലതാ മങ്കേഷ്‌കർ പാടിയ ‘യെ മേരി വതൻ കെ ലോഗോം...’ (എന്റെ നാട്ടിലെ ജനങ്ങളേ...) എന്ന ഗാനം ഓർമവന്നിട്ടുണ്ടാവാം. ശ്രദ്ധാലുവായ ഒരു സഹോദരിയെയും ആശങ്കാകുലയായ ഒരു അമ്മയെയും കരുത്തയായ ഒരു തറവാട്ടമ്മയെയും ഓർമപ്പെടുത്തുന്ന അവരുടെ ശബ്ദം ഇങ്ങനെ മുഴങ്ങുന്നു: ‘ജാരാ ആംഖ് മേം ഭർ ലോ പാനീ...’ (കണ്ണിൽ അല്പമെങ്കിലും കണ്ണീർ നിറയ്ക്കുക)
തൃപ്പൂണിത്തുറക്കാരനായ ​ലെഫ്റ്റനന്റ് കേണൽ വിശ്വനാഥന്റെ ഓർമകൾക്കുമുന്നിൽ ഒരു ക്യാപ്‌റ്റൻ അർപ്പിച്ച സല്യൂട്ടിലായിരുന്നു ഇത്തരം ഒരു നിറകണ്ണിന്റെ ദൃഢത ഞാൻ അതിനു മുമ്പ്‌ കണ്ടത്‌. ആ കണ്ണുകളുടെ തീക്ഷ്‌ണതയാണ്‌ യുദ്ധത്തിനിടെ കാർഗിലിലെത്താൻ എന്നെ പ്രചോദിപ്പിച്ചത്. വീരമൃത്യു വരിച്ച സൈനികന്റെ ശരീരം കാർഗിൽ കുന്നുകളിൽനിന്ന് വീട്ടിലെത്തിച്ചവരിലൊരാളായ ക്യാപ്റ്റൻ നിംഭാൽക്കറെ പിന്തുടരുകയെന്ന ദൗത്യമാണ് എന്നെ ഏൽപ്പിച്ചത്. ശവക്കച്ച മാറ്റവേ ​െലഫ്റ്റനന്റ് കേണൽ വിശ്വനാഥന്റെ കുടുംബം അലറിക്കരയുമ്പോൾ ക്യാപ്റ്റൻ നിംഭാൽക്കർ പറഞ്ഞു: ‘‘ടൈഗർ കുന്നിൽ, ധീരമായി അദ്ദേഹം ഞങ്ങളെ മുന്നിൽനിന്നു നയിച്ചു. അതെ, തീർച്ചയായും ഇതൊരു വലിയ നഷ്ടമാണ്...’’

‘‘അതായത്, താങ്കൾ വീണ്ടും കാർഗിലിലേക്ക് തിരിച്ചുപോവുകയാണോ?’’ -ഞാൻ ചോദിച്ചു

‘‘അതെ, ടൈഗർ കുന്നിലേക്ക്.. അതു തിരിച്ചുപിടിക്കാൻ’’ ഉതിർന്നുവീഴാറായ കണ്ണുനീർത്തുള്ളികൾക്കിടയിലൂടെയുള്ള ക്യാപ്റ്റൻ നിംഭാൽക്കറുടെ ഉറച്ച നോട്ടം ഒരിക്കലും മറക്കാനാവില്ല. ഞാനോർക്കുന്നു, ആഴ്ചകൾക്കുശേഷം ദ്രാസിലെ 16ഗ്രനേഡിയേഴ്‌സ് സി.ഒ. ഓഫീസിലെ ഫോണിനു സമീപം ക്യാപ്റ്റൻ നിംഭാൽക്കറെ ബന്ധപ്പെടാനായി ഞാൻ കാത്തിരുന്നത്. ടൈഗർകുന്ന് തിരിച്ചുപിടിച്ചശേഷം അവിടെയൊരുക്കിയ ക്യാമ്പിലായിരുന്നു അദ്ദേഹം.
‘‘ഹായ്, അഭിനന്ദനങ്ങൾ. ​െലഫ്റ്റനന്റ് കേണൽ വിശ്വനാഥന്റെ ശരീരവുമായി എത്തിയപ്പോൾ നമ്മൾ കൊച്ചിയിൽവെച്ച് കണ്ടിരുന്നു.’’

‘‘ആണോ. അവിടെ നിങ്ങളെപ്പോലെ കു​െറ പേർ ഉണ്ടായിരുന്നല്ലോ... നിങ്ങളുടെ മുഖം എനിക്കോർമ വരുന്നില്ല. എന്തായാലും ഓർത്തതിനു നന്ദി. കാണാം...’’

യുദ്ധം റിപ്പോർട്ട് ചെയ്ത രണ്ടുമാസത്തിനിടയിലെ എന്റെ ഏറ്റവും മികച്ച ഓർമയായി ഇത് ഇപ്പോഴും നിൽക്കുന്നു. പക്ഷേ, ഏറ്റവും ദുഃഖകരമായത്, ഓപ്പറേഷൻ വിജയിനിടെ സേനയുടെ പബ്ലിക്‌ റിലേഷൻ കാര്യങ്ങൾ നോക്കിയിരുന്ന മേജർ പുരുഷോത്തമിന്റെ വേർപാടാണ്. കാർഗിലിനു കുറച്ചുമാസങ്ങൾക്കുശേഷം ശ്രീനഗറിലെ 15-ാം ബറ്റാലിയന്റെ ആസ്ഥാനത്ത് നുഴഞ്ഞുകയറിയ ഭീകരന്റെ ആക്രമണത്തിലാണ് മേജർ പുരുഷോത്തമിനെ നഷ്ടപ്പെട്ടത്.

സ്വന്തം രീതിയിൽ പ്രവർത്തിച്ചിരുന്ന കുറച്ച് സൈനിക റിപ്പോർട്ടർമാർക്ക് കാര്യങ്ങൾ പഠിക്കാനുള്ള ഒരു അവസരമായിരുന്നു ഓപ്പറേഷൻ വിജയ്. നമ്മുടെ അഭിമാനത്തിനുമേൽ കടന്നുകയറാൻ പാകിസ്താനികളായ നുഴഞ്ഞുകയറ്റക്കാർക്ക്‌ ആരാണ് അവസരമൊരുക്കിയതെന്നു കണ്ടെത്താൻ ക്യാമ്പിൽനിന്ന് ക്യാമ്പിലേക്ക് പ്രതീക്ഷയോടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവർ. ‘രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയം’ എന്ന മറുപടിയാണ് ഓരോ ക്യാമ്പിൽനിന്നും സൗജന്യമായ റൊട്ടി-സബ്ജി വാഗ്ദാനത്തിനൊപ്പം ഞങ്ങൾക്കു ലഭിച്ചത്. പുഴുങ്ങിയ ഉരുളക്കിഴങ്ങും ചോക്‌ലേറ്റും കഴിച്ച് തടി രക്ഷിച്ചുപോന്നിരുന്ന പത്രപ്രവർത്തകരിൽ ഭക്ഷണപ്രിയർക്ക് റൊട്ടിയും സബ്ജിയും ഏറെ ആനന്ദംപകർന്നിരുന്നു. തിരിച്ച് ഹോട്ടൽ സിയാച്ചിനിലെത്തുന്ന ഞങ്ങളെല്ലാവരും അവരവരുടെ റിപ്പോർട്ടുകൾ എഴുതിത്തുടങ്ങും. ആ ഹോട്ടലിലായിരുന്നു ഞങ്ങളുടെ കാർഗിലിലെ ക്യാമ്പ്. തുടർന്ന് അവ അതതു വാർത്താമുറികളിലെത്തിക്കാൻ അവിടെയുള്ള ഏക ആശ്രയമായിരുന്ന ഫാക്‌സ് സംവിധാനത്തിനു മുന്നിൽ ക്യൂ നിൽക്കും. ആ സമയത്ത് മൊബൈൽ നെറ്റ്‌വർക്ക് നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ആഡംബരമായിരുന്നു. സാറ്റലൈറ്റ് ഫോണാകട്ടെ അന്താരാഷ്ട്ര ഏജൻസികളുടെ പ്രതിനിധികൾക്കു മാത്രം അവകാശപ്പെട്ടതും.

വിദേശ റിപ്പോർട്ടർമാരും ഫോട്ടോഗ്രാഫർമാരും ചിത്രങ്ങളെടുക്കുകയും അത് അവരുടെ ലാപ്‌ടോപ്പിലേക്ക് ഡൗൺലോഡ് ചെയ്യുകയുമൊക്കെ ചെയ്യുന്നത് ഞങ്ങൾ വിസ്മയത്തോടെ നോക്കിനിൽക്കുമായി രുന്നു. ജീപ്പിന്റെ ബാറ്ററി ഉപയോഗിച്ചാണ് അവർ ലാപ്‌ടോപ്പ് ചാർജ് ചെയ്തിരുന്നത്. ജീപ്പിനു മുകളിൽ ഉയർത്തിവെച്ചിരുന്ന സാറ്റലൈറ്റ് ഡിഷുകൾ വഴിയാണ് ലാപ്‌ടോപ്പിൽനിന്ന് ചിത്രങ്ങൾ അയച്ചിരുന്നത്. ആ ഒരു അപകർഷബോധമാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽനിന്ന് ഞങ്ങളെ അകറ്റിനിർത്തിയിരുന്നതും ഞങ്ങളെ ഒരുമിച്ചുചേർത്തിരുന്നതും. അത് ഞങ്ങളെ വാർത്തകളെക്കുറിച്ചു ചർച്ചചെയ്യുന്നതിലേക്കും പങ്കുവെക്കുന്നതിലേക്കും നയിച്ചു. നക്ഷത്രങ്ങൾ വിരിഞ്ഞുനിൽക്കുന്ന രാത്രികളിൽ സംഘംചേർന്ന് പുറത്തുപോകാനും റം ആസ്വദിക്കാനും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും തലപ്പാവുമിട്ട് പുറത്തുപോയ വിദേശികളെ കളിയാക്കാനും അത്‌ ഞങ്ങൾക്ക്‌ ധൈര്യം തന്നു.

ഈ കഥകളെല്ലാം സാറ്റലൈറ്റ് ഫോൺവഴി ബന്ധപ്പെടുന്ന സമയത്ത് ഞങ്ങൾ സുഹൃത്തുക്കളോടു പങ്കുവെച്ചു. ഇറിഡിയം ഫോണിൽ സംസാരിക്കുമ്പോൾ ഒട്ടേറെ ജോടി കണ്ണുകൾ ഞങ്ങളെ വിസ്മയത്തോടെ നോക്കുമായിരുന്നു. അതിർത്തിയിലെ പട്ടാളക്കാരായിരുന്നു അവർ.

‘‘സാബ്, എസ്.ടി.ഡി.യുള്ള ഫോണിൽനിന്ന് ഞാനൊന്നു വിളിച്ചോട്ടെ? വീട്ടുകാർ കാത്തിരിക്കുന്നുണ്ടാവും’’ -അവർ ചോദിക്കും. പക്ഷേ, മിനിറ്റിന് ഒരു ഡോളർ വെച്ചുള്ള ബില്ലിനെക്കുറിച്ചോർക്കുമ്പോൾ അത്തരം അഭ്യർഥനകളൊക്കെ ഞാൻ കേട്ടില്ലെന്നു നടിച്ചു; പിന്നീട് എന്റെ ഓഫീസിൽനിന്ന്, ‘‘ഫോൺ ആവശ്യപ്പെടുന്ന ആർക്കു വേണമെങ്കിലും കൊടുക്കാം. അവർ ആവശ്യമുള്ളത്ര വിളിക്കട്ടെ’’ എന്ന സമ്മതം ലഭിക്കുന്നതുവരെ.
കുറേപേർ എന്റെ ഫോൺ ഉപയോഗിച്ചു. പല ഭാഷകളും ഗ്രാമീണ മൊഴികളും അത് ശ്രവിച്ചു. വൈവിധ്യമാർന്ന പല വികാരങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അത് കൈമാറി. അവർ സ്നേഹിക്കുന്നവർക്ക് അതിലൂടെ എന്താണ്‌ കൈമാറിയതെന്നറിയാൻ ഒരാൾക്ക് ബഹുഭാഷാപാണ്ഡിത്യം വേണമെന്നില്ല. അവരുടെ കണ്ണീരും വിക്ഷുബ്ധമായ സംസാരവുമെല്ലാം എന്റെ മനസ്സിനെ ഒരു നീറ്റലോടെ ആകർഷിച്ചു.

എന്തു തെറ്റാണു പറ്റിയത്, എത്ര നമ്മൾ തിരിച്ചുപിടിച്ചു എന്നിവ കേന്ദ്രീകരിച്ചായിരുന്നു കാർഗിൽ റിപ്പോർട്ടിങ്ങിന്റെ ആദ്യഘട്ടത്തിൽ വാർത്തകൾ. രണ്ടാംഘട്ടത്തിൽ, നമ്മുടെ സേന സ്വീകരിച്ച നൂതന യുദ്ധതന്ത്രങ്ങൾ സംബന്ധിച്ചായിരുന്നു. എങ്ങനെയാണ് നമ്മുടെ പട്ടാളം ബങ്കറുകൾ തകർക്കാൻ ബൊഫോഴ്‌സ് തോക്കുകൾ ഉപയോഗിച്ചത്? എങ്ങനെയാണ് വായുസേന കിടങ്ങുകളിൽ താവളമുറപ്പിച്ച നുഴഞ്ഞുകയറ്റക്കാർക്കുമേൽ, എതിരാളികളെ എതിരിട്ടുകൊണ്ട് ചെറു പറക്കലുകളിലൂടെ ബോംബുകൾ വർഷിച്ചത്? എന്നിവയൊക്കെ സംബന്ധിച്ചായിരുന്നു വാർത്തകൾ. എന്നാൽ, ഈ ഘട്ടത്തിലെ കൗതുകമുണർത്തുന്ന വാർത്ത രണ്ടു രാജ്യങ്ങളുടെയും സേനകൾക്കുള്ളിലെ ഓഫീസർമാരും മറ്റു പട്ടാളക്കാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വ്യത്യാസങ്ങൾ പുറത്തുകൊണ്ടുവരാനുള്ള സൈന്യത്തിന്റെ ശ്രമങ്ങളായിരുന്നു.

Kargil War
കാർഗിൽ യുദ്ധത്തിൽ മരിച്ച കുൽദീപ്‌ സിങ്‌, പ്രേംസിങ്‌, കർണാൽ സിങ്‌ എന്നിവർക്ക്‌
യുദ്ധത്തിന്റെ ഇരുപതാം വാർഷികത്തിൽ ആദരമർപ്പിക്കുന്ന ഭാര്യമാർ

‘‘ഇതെല്ലാം ക്യാമ്പുകളിൽ പാകിസ്താനി ഓഫീസർമാർ ഉപയോഗിച്ച വിദേശനിർമിത കാൻവാസ്‌ കൂടാരങ്ങളും സ്വിസ് ചോക്‌ലേറ്റുകളുമാണ്. നമ്മുടെ ഓഫീസർമാരും മറ്റു പട്ടാളക്കാരും ഒരേ താമസസൗകര്യവും ഭക്ഷണവുമാണ് ഉപയോഗിക്കുന്നത്’’ അതായിരുന്നു സൈന്യത്തിലെ പി. ആർ. വിഭാഗത്തിലെ ഏതൊരാളുടെയും ആദ്യ പ്രതികരണം. പാകിസ്താനിസേന പിൻവാങ്ങിയ മേഖലയിലെ ഫീൽഡ് ഓഫീസുകളിൽനിന്നു ക​െണ്ടത്തിയ വസ്തുക്കൾക്കിടയിലൂടെ ഞങ്ങളോടൊപ്പം വരുമ്പോഴായിരുന്നു അവരിത് പറഞ്ഞത്. ഹിന്ദി സിനിമാതാരങ്ങളുടെ പോസ്റ്ററുകൾ, ഹിന്ദിഗാനങ്ങളുടെ കാസറ്റുകൾ എന്നിവയായിരുന്നു ഈ പാകിസ്താനികൾ എത്രത്തോളം ഇന്ത്യയെ ഇഷ്ടപ്പെടുന്നു എന്നു കാണിക്കാൻ ഉപയോഗിച്ചിരുന്നത്. എപ്പോഴൊക്കെ പാകിസ്താനി പട്ടാളക്കാരെ പൂർണ ഔദ്യോഗിക ബഹുമതികളോടെ അടക്കംചെയ്യുന്നത് കാണിക്കാൻ ഞങ്ങളെ കൊണ്ടുപോയിട്ടുണ്ടോ, അപ്പോഴൊക്കെ ഈ ഇനങ്ങൾ ഞങ്ങളുടെ കണക്കെടുപ്പിനായി നിരനിരയായി അടുക്കിവെച്ചിരുന്നു.

ധീരരായ ഇന്ത്യൻ പട്ടാളക്കാർക്ക് ബഹുമതികളും നൽകിയിരുന്നു. വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷം, എല്ലാ ഫീൽഡ് ഓഫീസുകളും അവരവരുടെ സേനാംഗങ്ങൾ ഏതൊക്കെ ദൗത്യങ്ങളിൽ പ​െങ്കടുത്തുവെന്ന പട്ടിക തയ്യാറാക്കുന്നതിലും അവരെ ബഹുമതികൾക്കും മെഡലുകൾക്കും ശുപാർശ ചെയ്യുന്നതിലും തിരക്കിലാണെന്നു ഞങ്ങളറിഞ്ഞു.

ഗ്രാമീണരെ മാറ്റിപ്പാർപ്പിച്ച ക്യാമ്പുകൾ സന്ദർശിച്ചപ്പോഴാണ് യുദ്ധത്തിന്റെ ദുരന്തപൂർണമായ ജീവിതമുഖം ഞങ്ങൾക്കു ബോധ്യംവന്നത്. എല്ലാവരുടെയും മുഖം മ്ലാനമായിരുന്നു. എല്ലാ വീട്ടുകാരുടെയും കന്നുകാലികളും വരുമാനമാർഗവും നഷ്ടപ്പെട്ടിരുന്നു. ‘‘തണുപ്പുകാലത്ത് കന്നുകാലികൾക്കു നൽകാനുള്ള തീറ്റയുൾപ്പെടെയുള്ളവ ഈ സമയത്താണ് ഞങ്ങൾ ശേഖരിച്ചുവെക്കാറുള്ളത്. പക്ഷേ, ഇത്തവണ എന്തുചെയ്യണമെന്ന് ഞങ്ങൾക്കറിയില്ല.’’ -അടുത്ത തണുപ്പുകാലം എങ്ങനെ തരണംചെയ്യുമെന്ന ആശങ്ക പങ്കുവെച്ചുകൊണ്ട് ദ്രാസിലെ പ്രദേശവാസിപറഞ്ഞു. സൈബീരിയയ്ക്കു തൊട്ടുപിന്നിൽ ലോകത്തെ രണ്ടാമത്തെ തണുപ്പുള്ള പ്രദേശമാണ് ദ്രാസ്.

ഈ ഭയാനകസ്ഥിതി മറികടക്കാൻ പലരും ലഡാക്കിലെ ഇതര പ്രദേശങ്ങളിലേക്കു കുടിയേറി. ഗ്രാമങ്ങൾ പ്രേതനഗരം പോലെയായിരുന്നു. വെടിയുണ്ടകൾ തറച്ച് സുഷിരങ്ങൾ വീണ വീട്ടുചുമരുകൾ ക്യാമറക്കണ്ണുകൾക്ക് വിരുന്നേകി. ഞങ്ങൾ ചോദിക്കുമ്പോഴൊക്കെ സൈന്യം ഇങ്ങനെ ഉറപ്പുനൽകി: ‘‘എല്ലാം ശരിയാക്കും’’ ചിലപ്പോൾ അങ്ങനെയായിരുന്നിരിക്കാം. പക്ഷേ, ഈ വാർഷിക അവസരത്തിൽ ആരെങ്കിലും കാർഗിൽ യുദ്ധത്തിലെ അവരുടെ സംഭാവനകളെക്കുറിച്ച് ഓർക്കുന്നുണ്ടോ? സെർച്ച് എൻജിനുകൾ പറയുന്നത് ‘സോറി’ എന്നാണ്.

പക്ഷേ, ഇതൊന്നുമല്ല കാർഗിലിന്റെ യഥാർഥദുഃഖം. ജീവൻ ഹോമിച്ച പല ധീരരുടെയും വീടുകളിൽ ഉടലെടുത്ത അവ്യവസ്ഥകളായിരുന്നു ആഴത്തിലുള്ള മുറിവ്. വലിയ നഷ്ടപരിഹാരത്തുക കുടുംബാംഗങ്ങളെ തമ്മിലകറ്റി. വീരമൃത്യു വരിച്ചവരുടെ മാതാപിതാക്കൾ അതിലൊരു വിഹിതം ആവശ്യപ്പെട്ടു. പല വിധവകളും ഭർത്താവിന്റെ സഹോദരനെ വിവാഹംചെയ്യാൻ നിർബന്ധിതരായി. പല കുടുംബങ്ങളിലും ബന്ധുക്കൾ പെട്ടെന്ന് ബന്ധം പുതുക്കാനെത്തി. പഴയ സുഹൃത്തുക്കളും സഹപാഠികളുമൊക്കെ കിട്ടിയ തുക ശരിയായി നിക്ഷേപിക്കുന്നതിനെപ്പറ്റി സൗജന്യ ഉപദേശങ്ങളുമായെത്തി. ആവശ്യമില്ലാത്ത സ്ഥലത്ത് ഉപദേശങ്ങളുമായെത്തുന്ന പൊതുസ്വഭാവം മുൻനിർത്തിയുള്ളതായിരുന്നു അവ. വേർപിരിഞ്ഞവരെ മറക്കുന്നതും അവരുടെ ഓർമകളെ വികാരശൂന്യതയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്നതും ഒരു പൊതുസ്വഭാവമാണ്.

അവരുടെ ഓർമദിവസം എത്തുന്നതുവരെ അവരുടെ ബന്ധുക്കളെ പിന്നീടൊരിക്കലും ഞങ്ങൾ സന്ദർശിച്ചില്ല. ഉത്തരേന്ത്യയിലെ സൈനികരുടെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ച് കാര്യമായൊന്നും പറയാതിരിക്കുന്നതാണു നല്ലത്. പല കുടുംബങ്ങളുടെ കൈയിലും അന്നു വീരചരമമടഞ്ഞവരുടെ ഒരു ചിത്രം പോലുമില്ലെന്ന് അനാഥരുടെ ചില സമീപകാല ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. യുവതികളായ വിധവകൾ പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോകൾ കെട്ടിപ്പിടിച്ച് ഉറക്കെ കരയുന്നു. അവരുടെ അന്ത്യയാത്രകളുടെ ചില വീഡിയോ ദൃശ്യങ്ങൾ ദാരിദ്ര്യം പുതഞ്ഞ സ്ഥലങ്ങൾ അനാവരണം ചെയ്യുന്നു. ഒഡിഷയിലെ ഒരു കുടുംബത്തിന് മുഖ്യധാരാ സമൂഹവുമായി കാര്യമായ ബന്ധംപോലുമുണ്ടായിരുന്നില്ലെന്ന് ഒരാൾ പറഞ്ഞു.

ഒരിക്കൽ ചരമഗീതത്തിന്റെ അലയൊലികൾ മാഞ്ഞുപോവുകയും ആചാരവെടിയുടെ മുഴക്കം അലിഞ്ഞില്ലാതാവുകയും ചെയ്താൽ ഈ കുടുംബങ്ങളുടെ വിധി ആരുടെയും വിഷയമേ അല്ലാതാവും. അവരുടെ ചില കഥകളെക്കുറിച്ച് വീണ്ടും നമ്മൾ ശ്രവിച്ചേക്കാം; ഒരു മെഡൽദാനച്ചടങ്ങിൽ അവരെ ഓർമിക്കുകയും അവിടെ ദുർബലയായൊരു വിധവ ശുഭ്രവസ്ത്രത്തിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി നിൽക്കുകയും ചെയ്യുമ്പോൾ. നാളെയിലേക്കുള്ള അവരുടെ പ്രയാണത്തിൽ സാമ്പത്തികമായ ഷോക് അബ്‌സോർബർ സ്ഥാപിച്ചുകൊടുക്കാൻ ഒരുപക്ഷേ, നമുക്ക് കഴിഞ്ഞേക്കാം. പക്ഷേ, ഭൂതകാലത്തെക്കുറിച്ചുള്ള ഓർമയുടെ ഭാണ്ഡക്കെട്ടുകൾ അവരുടെ പ്രയാണം മന്ദഗതിയിലാക്കും. ഇന്നിനാൽ അവർ പരിഹസിക്കപ്പെടും, ഇന്നലെകളാൽ പീഡിപ്പിക്കപ്പെടും, ഭാവിയാൽ ആശങ്കപ്പെടും. അപ്പോഴും രാജ്യം ഒരിക്കൽക്കൂടി ഹിമാലയൻ മലനിരകളിലേക്കു ശ്രദ്ധയൂന്നുകയാണ്. പോർവിളികൾക്കു കാതോർക്കുകയാണ്. പുതിയ ഹീറോകൾക്കായി കാത്തിരിക്കുകയാണ്.

പഴമയുടെ അടയാളങ്ങൾ മിനുക്കിയെടുത്ത്‌ മിടുക്കുകാണിക്കാൻ നമ്മൾ എന്നും വിരുതന്മാരാണല്ലോ...

Content Highlight: experience of Kargil War reporting

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..