ആ ചിത്രശലഭത്തെ കൊല്ലരുത് ഒരു സ്വപ്നത്തിന്റെ വിവിധ ഛായകളാണവർ


By എസ്. ഗോപാലകൃഷ്ണൻ | mailtogk2016@gmail.com

5 min read
Read later
Print
Share

ഒരു ജനത ഒരേ ശ്രുതിയിൽക്കണ്ട സ്വപ്നമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യം. ഉന്നതശീർഷരായ നേതാക്കൾ ആ സമരത്തിന് മുന്നിൽ നടന്നു. പലകാര്യങ്ങളിലും അവർക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അവർ തമ്മിൽ കലഹിച്ചിരുന്നു. പക്ഷേ, അപ്പോഴും അവർ കണ്ട സ്വപ്നം ഒന്നായിരുന്നു. അക്കാലത്തെ നേതാക്കളെ അവരുടെ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ എതിർധ്രുവങ്ങളിൽ നിർത്തി ചരിത്രത്തെ വ്യാഖ്യാനിക്കുന്നത് മഴവിൽച്ചിറകുകളുള്ള ശലഭത്തെ ചീന്തിയെടുത്ത് പഠിക്കുന്നതുപോലെയാണ്. നമ്മുടെ കാലത്തെ വാമനപാദങ്ങൾക്ക് അനായാസം ചവിട്ടിത്താഴ്ത്താവുന്ന മഹാബലിമാരായിരുന്നില്ല അവർ...

-

ആശ്രമം മാത്രം വ്യത്യസ്തമായിട്ട് അഹമ്മദാബാദിൽ എനിക്കനുഭവപ്പെട്ടു. നാഗരാർത്തജാഗ്രതയിൽ എപ്പോഴും പിൻവലിഞ്ഞുനിൽക്കുന്ന ഒരു തിടുക്കമില്ലായ്മ സാബർമതിക്കുണ്ട്. 2002-ലെ ഓഗസ്റ്റിൽ ഞാൻ ഗുജറാത്തിൽ പോയത് ആഗ്ര-രംഗീല ഘരാനയുടെ എക്കാലത്തെയും വലിയ ഗായകൻ ഉസ്താദ് ഫൈയാസ് ഖാന്റെ മസാർ* കാണാനായിരുന്നു. വഡോദരയിൽനിന്ന്‌ അതിനുശേഷം അഹമ്മദാബാദിലെത്തി. അവിടെ സാബർമതിയിലെ നിലച്ചകാലത്തിൽ എന്റെ ഒരുമണിക്കൂർ കടലിൽ ഉപ്പുപോലെ അലിഞ്ഞു. വർഗീയകലാപത്തിന്റെ മുറിവിൽ ഗുജറാത്ത് ആഴത്തിൽ വിലപിക്കുന്ന സമയമായിരുന്നല്ലോ അത്. ആ സംസ്ഥാനത്തിൽ മറ്റൊരു ഭൂഖണ്ഡംപോലെ സാബർമതിയെ എനിക്കനുഭവപ്പെട്ടു.

അക്കൊല്ലം ആദ്യം നടന്ന വർഗീയകലാപത്തിൽ ഉസ്താദ് ഫൈയാസ് ഖാന്റെ ശവകുടീരവും തകർക്കപ്പെട്ടിരുന്നു. ചക്രം പുരോഗതിയെ സൂചിപ്പിക്കുന്നു എന്നാണ് ചരിത്രപാഠം. ക്രിസ്തുവിനും ആറായിരത്തഞ്ഞൂറു കൊല്ലങ്ങൾക്കുമുൻപേ മനുഷ്യൻ ചക്രം കണ്ടെത്തിയെന്ന് പഠിച്ചവർ പറയുന്നു. ചക്രത്തിന് പക്ഷേ, പിന്നോട്ടും പോകാം. ഗായകന്റെ ശവകുടീരത്തിൽ കലാപകാരികൾ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ആ വാർത്തകേട്ട ദിവസം ഞാൻ ഫൈയാസ് ഖാൻ പാടിയ മേഘമൽഹാർ പലവട്ടം കേട്ടു...

ആ അനശ്വരനാദവർഷത്തിൽ അണയട്ടെ ഉള്ളിലെ തീ. ഞങ്ങൾ നവംബറിൽ അവിടെ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ മസാറിന്റെ കേടുപാടുകൾ കുറെ സംഗീതപ്രേമികൾ ഒത്തുചേർന്ന് തീർക്കുകയായിരുന്നു. അന്ന് ഗുജറാത്തിൽ സർദാർ പട്ടേൽ എന്നാൽ നൂറ്റിഎൺപത്തിരണ്ടുമീറ്റർ ഉയരമുള്ള വെറുമൊരു ടൂറിസ്റ്റ് അനാകർഷണമായിരുന്നില്ല. സാബർമതി ആശ്രമത്തിൽ എന്നോടൊപ്പം നടന്നിരുന്ന സംഗീതപ്രണയി നിരുപം കലാപത്തിന്റെ നാളുകൾ ഓർത്തെടുക്കവേ എന്നോടു പറഞ്ഞു: ‘‘ജനുവരി മുപ്പതിലെ ഗാന്ധിവധത്തിനുശേഷം 1948 ഫെബ്രുവരിയിൽ ഇന്ത്യയുടെ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ ഒരു വിജ്ഞാപനത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു, ‘വെറുപ്പിന്റെയും ഹിംസയുടെയും ശക്തികളെ വേരോടെ പിഴുതെറിയാൻ രാഷ്ട്രീയ സ്വയം സേവക സംഘത്തെ നിരോധിക്കുന്നു.’’ സർദാർ പട്ടേലിന്റെ പ്രസ്തുത വിജ്ഞാപനത്തിലെ അനുപല്ലവി ഞാൻ കൂട്ടിച്ചേർത്തു: ‘‘ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനും ലോകത്തിനുമുന്നിൽ നമുക്കു പേരുദോഷമുണ്ടാക്കാനുമുള്ള ശ്രമത്തിലാണ് അവർ ഏർപ്പെട്ടിരിക്കുന്നത്’’ (ഇന്ത്യൻ എക്സ്പ്രസ്, 5 ഫെബ്രുവരി 1948, മദ്രാസ് എഡിഷൻ).

ചിത്രശലഭത്തിന്റെ ശരീരം കീറി ഘടന പഠിക്കുമ്പോലെ ഗാന്ധിജി, പട്ടേൽ, നെഹ്രു, അംബേദ്കർ, മൗലാന അബുൾ കലാം ആസാദ്, ടാഗോർ, നേതാജി തുടങ്ങിയവരുടെ സ്വപ്നങ്ങളിലെ വൈജാത്യം വേണമെങ്കിൽ നമുക്ക് നിരീക്ഷിക്കാം. ആ വ്യക്തിപ്രതിഭാസങ്ങളെയും അവരുടെയൊക്കെ നേതൃത്വത്തിൽ ജനങ്ങൾ നടത്തിയ ചരിത്രനിർമിതിയെയും സൂക്ഷ്മമായി അപഗ്രഥിക്കാൻ അത് സഹായകമാകുമെന്നതും തീർച്ചയാണ്. എന്നാൽ, അവരൊന്നിച്ചുണ്ടാക്കിയ ശലഭച്ചിറകിലെ മഴവില്ലിനെ ഏഴാക്കി നിറത്തളികയിൽ കള്ളിതിരിച്ചാൽ ആ ചിത്രശലഭത്തിനെ കൊല്ലുകയാകും നാം ചെയ്യുക. ഒരു സ്വപ്നത്തിന്റെ വിവിധ ഛായകൾ മാത്രമാണവർ. ചരിത്രം വായിക്കുമ്പോൾ ഒരു സ്വപ്നശലഭത്തെ കാണുമ്പോലെയുള്ള വികാരവായ്പും നമുക്കു വേണ്ടിവരും.

പട്ടേൽ ഒരു പ്രതിമയായപോലെ സാബർമതിയെ 1200 കോടി രൂപ ചെലവാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള തീരുമാനവും വന്നിരിക്കുന്നു. സ്വർണക്കുരിശുള്ള പള്ളിയിൽനിന്ന്‌ ക്രിസ്തുവിന്റെ ആത്മാവ് ഓടിരക്ഷപ്പെടുമെന്നതുപോലെ ആശ്രമത്തിൽ ഇനി ആഘോഷഗാന്ധി നടക്കും, ആശ്രമഗാന്ധിയിലെ പ്രകാശമാനനായിരുന്ന മനുഷ്യൻ അസ്തമിക്കും. സാബർമതിയിൽനിന്നു 1300 കിലോമീറ്റർ പടിഞ്ഞാറോട്ടുപോയാൽ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പണിയും ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. അയോധ്യയിലെ രാമക്ഷേത്രമാണത്. 1946 ഏപ്രിൽ ഇരുപത്തെട്ടാം തീയതി ഹരിജനിൽ ഗാന്ധിജി എഴുതിയതോർക്കുക: ‘‘എന്റെ രാമൻ അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെ പുത്രനായ രാമൻ എന്ന ചരിത്രപുരുഷനല്ല. എനിക്കദ്ദേഹം അനാദ്യന്തനാണ്. ജനിച്ചിട്ടേയില്ലാത്തയാൾ. ആർക്കും അദ്ദേഹത്തെ പ്രാർഥിക്കാം. അള്ളാ എന്നും ഖുദാ എന്നും വിളിക്കുമ്പോഴും ഒരേ ശബ്ദലയം’ (ഡൽഹിയിലെ പ്രാർഥനായോഗത്തിലെ പ്രസംഗം ഹരിജനിൽ റിപ്പോർട്ട് ചെയ്തത്. മഹാത്മാഗാന്ധി സമാഹൃതകൃതികൾ-വാല്യം 90, പേജ് 187-188).

നെഹ്രുവിനെ ഇന്ത്യൻ ജനാധിപത്യത്തിലെ കീരിക്കാടൻ ജോസാക്കാൻ കിരീടവും ചെങ്കോലും പേറുന്നവർ ഇപ്പോൾ കഠിനപ്രയത്നം നടത്തി തിരക്കഥയെഴുതുന്നുണ്ട്. ഏതു കഥയിലും നെഹ്രു വില്ലനായിവരുന്ന സംഘകാലമാണിത്. നെഹ്രുവിന്റെ ഇന്ത്യ എന്ന ആശയത്തെ സർദാർ പട്ടേൽ പ്രതിനിധാനംചെയ്ത ആശയത്തിന്റെ എതിർധ്രുവത്തിൽ നിർത്താനുള്ള ശ്രമവും അതിന്റെ ഭാഗമാണ്. രണ്ടുപേരും ഒരു ഗൂഢാലോചനയുടെ ഇരകളാവുകയാണിവിടെ. ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുമ്പോൾ സമൂഹത്തിന്റെ വിവിധ ശ്രേണികളിൽനിന്നു വന്നവർ ഒരു മുന്നണിയിൽ അണിനിരന്നതിലെ പ്രത്യേകത അവരിലെ അഭിപ്രായവ്യത്യാസങ്ങളെ മുഴുവൻ ഉൾക്കൊണ്ടുതന്നെ വിള്ളലുകളില്ലാതെ ആ ഐക്യബോധം നിലനിന്നു എന്നതാണ്. നെഹ്രു പ്രധാനമന്ത്രിയായ മന്ത്രിസഭയിൽ അദ്ദേഹത്തെക്കാൾ പതിന്നാലുവയസ്സിനു മൂപ്പുള്ള സർദാർ പട്ടേൽ ഉപപ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന് ഇപ്പോഴത്തെ പ്രതിമയുടെ നൂറ്റിഎൺപത്തിരണ്ടു മീറ്ററിനെക്കാൾ ഉയരം വെച്ചു എന്നത് മറക്കരുത്. പ്രകൃതത്തിലും വികാസവീക്ഷണത്തിലും ഗാന്ധിജിയോട് പൊരുത്തപ്പെടാതെ നിന്ന നെഹ്രുവിനെ അപേക്ഷിച്ച് സത്യത്തിൽ പട്ടേലായിരുന്നു ഗാന്ധിജിയുടെ മാതൃകാശിഷ്യൻ. നീണ്ടകാല കോൺഗ്രസ് ഭരണകാലത്ത്, പ്രത്യേകിച്ച് ഇന്ദിരാഗാന്ധിയുടെ പ്രഭാവകാലംമുതൽ സർദാർ പട്ടേലിന്റെ സംഭാവനകൾക്ക് വേണ്ടത്ര അംഗീകാരം നൽകപ്പെട്ടില്ല എന്നാരോപിച്ചാൽ കുറ്റപ്പെടുത്താനുമാവില്ല. പക്ഷേ, നെഹ്രുവിനെയും പട്ടേലിനെയും രണ്ടു ധ്രുവങ്ങളിൽ കെട്ടാൻ അത് മതിയായ കാരണമാകില്ല. കോൺഗ്രസ് വിരോധത്തിന്റെ രഥയാത്രയിൽ പട്ടേലിനെ സംഘപരിവാറിന്റെ മൂർത്തിയാക്കാൻ കഴിയില്ല.

വിശ്വസ്തശിഷ്യനായ പട്ടേലിനെ ബലികൊടുത്ത് നെഹ്രുവിനെ പലവട്ടം ഗാന്ധിജി ആശീർവദിച്ചു എന്ന ആരോപണം എന്നുമുണ്ടായിരുന്നു. ഒരുദാഹരണം മാത്രം പറയാം, 1946-ൽ മൗലാന അബുൾ കലാം ആസാദിന് ഒരു തവണകൂടി കോൺഗ്രസ് പ്രസിഡന്റായാൽ കൊള്ളാമെന്നുണ്ടായിരുന്നു. ഗാന്ധിജിയുടെ താത്‌പര്യം നെഹ്രുവിലായിരുന്നു, അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തു. ഇന്ത്യയിലെ 15 പ്രവിശ്യകളിലെ 12 കോൺഗ്രസ് അധ്യക്ഷന്മാരും സർദാർ പട്ടേൽ പ്രസിഡന്റ്‌ ആകണമെന്ന് ആഗ്രഹിച്ചു. ഗാന്ധിജി ഇക്കാര്യം നെഹ്രുവിനോട് സൂചിപ്പിച്ചു. നെഹ്രുവിന്റെ മൗനത്തിന് ഒട്ടേറെ മാനങ്ങളുണ്ടായിരുന്നു. രണ്ടാംസ്ഥാനം നെഹ്രു അംഗീകരിക്കില്ല എന്നു മനസ്സിലാക്കിയ ഗാന്ധിജി തന്റെ പിന്നിൽ പാറപോലെ ഉറച്ചുനിൽക്കുന്ന പട്ടേലിനോട് പിന്മാറാൻ പറഞ്ഞു. പട്ടേൽ അതും കേട്ടു. പല വിഷയങ്ങളിലും തന്നോട് വിയോജിക്കുന്ന നെഹ്രുവിനെ, ഗാന്ധിജി തന്റെയടുക്കൽ എന്നും വിനീതവിധേയനായി എന്നാൽ, ഉരുക്കുപോലെ നിവർന്നുനിന്ന പട്ടേലിനുപകരം ജനാധിപത്യഭാരതത്തിന് നേതൃത്വം നൽകാൻ തിരഞ്ഞെടുത്തത് ആധുനികഭാരതീയ രാഷ്ട്രീയത്തിലെ മനോഹരമായ, പ്രയാസംനിറഞ്ഞ ഒരു സമസ്യയാണ്. അത് പൂരിപ്പിക്കാൻ പ്രയാസമാണ്. ഗാന്ധിജിയോടുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പറയാൻ എന്നും നെഹ്രുവിന് ഭയമായിരുന്നു. ഗാന്ധിജി നേടിയെടുത്തിരുന്ന ഋഷിതുല്യമായ ഒരു പ്രഭാവത്തെ നെഹ്രു ഭയന്നിരുന്നു. വ്യക്തിപരമായ കത്തുകളിൽ അഭിപ്രായവ്യത്യാസങ്ങൾ അറിയിച്ച ഒരവസരത്തിൽ ഗാന്ധിജി നെഹ്രുവിന് എഴുതി:
‘നമ്മുടെ കാഴ്ചപ്പാടുകളിലുള്ള ചില വ്യത്യാസങ്ങൾ സൂചിപ്പിച്ച് മറുപടി എഴുതാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ, അഭിപ്രായവ്യത്യാസങ്ങളുടെ തോത് വളരെ വലുതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങൾ ഒരുകാര്യം ചെയ്യൂ, വ്യക്തിപരമായി എനിക്കെഴുതുന്നതിനുപകരം പരസ്യമായി എന്നോട് ഏറ്റുമുട്ടൂ. അതായിരിക്കും അഭികാമ്യം. ഞാൻ പറയുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ അതുവഴി ഞാൻ രാജ്യത്തിനു ചെയ്യുന്ന പരിക്ക് വളരെ വലുതായിരിക്കും. താങ്കൾ അതു തിരിച്ചറിഞ്ഞ സ്ഥിതിക്ക്‌ പരസ്യമായി ഏറ്റുമുട്ടുന്നതാകും നല്ലത്. നാം തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ വളരെ വലുതും മൗലികവുമാണ്. നമുക്ക് ഒരു സംഗമബിന്ദു ഇല്ലതന്നെ. എന്നെ സംബന്ധിച്ചിടത്തോളം ഇത്ര സത്യസന്ധനും വിശ്വസ്തനും പോരാളിയുമായ ഒരു സഖാവിനെ നഷ്ടപ്പെടുക എന്നത് വേദനാജനകമാണ്. പക്ഷേ, അതത്ര പ്രധാനമല്ല. ഒരു ലക്ഷ്യത്തിനുവേണ്ടി സൗഹൃദങ്ങളെ നമുക്ക് ബലിനൽകേണ്ടി വരും’ (ഗാന്ധിയുടെ തിരഞ്ഞെടുത്ത കത്തുകൾ-37, പേജ് 105, സബർമതി, ജനുവരി 17, 1928). നെഹ്രു ഞെട്ടിപ്പോയി. അദ്ദേഹം മറുപടിയിൽ ഇങ്ങനെ കുറിച്ചു: ‘ബാപ്പു, ഇത്രയ്ക്കു ഞാൻ പ്രതീക്ഷിച്ചില്ല... അനുസരണയില്ലാത്തവനെങ്കിലും രാഷ്ട്രീയത്തിൽ ഞാൻ അങ്ങയുടെ കുട്ടിയല്ലേ ? നമുക്ക് ഒരുമിച്ചുപ്രവർത്തിക്കാം.’

1947 ഓഗസ്റ്റ് ഒന്നാം തീയതി പണ്ഡിറ്റ് നെഹ്രു സർദാർ പട്ടേലിന് അനൗപചാരികമായ ഭാഷയിൽ ഒരു ഔപചാരികക്കത്തയച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യമന്ത്രിസഭയിലേക്കുള്ള ക്ഷണമായിരുന്നു അത്: ‘ഈ കത്ത് ഉപരിപ്ലവമാണ്. കാരണം, അങ്ങ് മന്ത്രിസഭയിലെ ഏറ്റവും ഉറപ്പുള്ള തൂണാണ്’ അദ്ദേഹം എഴുതി (Nehru Papers, NMML, The Interim Government -Letter No: 26). സർദാർ പട്ടേൽ മറുപടിയിൽ പറഞ്ഞു: ‘മുപ്പതുകൊല്ലങ്ങളിലൂടെ കണ്ണിമുറിയാതെ തുടർന്നതാണ് നമ്മുടെ സൗഹൃദം. അതിൽ ഔപചാരികതയുടെ ആവശ്യമേയില്ല. ഞാൻ താങ്കളുടെ വിശ്വസ്തൻ. എന്റെ ജീവിതാവസാനംവരെ ചോദ്യം ചെയ്യപ്പെടാനാവാത്ത വിശ്വാസ്യതയിൽ ഞാൻ താങ്കളോടൊപ്പമുണ്ടാകും. ആർക്കും തകർക്കാനാവാത്തതാണ് നമ്മൾ തമ്മിലുള്ള ബന്ധം, അതിലാണ് അതിന്റെ ശക്തി കുടികൊള്ളുന്നത്.’ സർദാർ പട്ടേലിന്റെ ഈ വാക്കുകളിലെ അവസാനഭാഗത്തെ വരിയാണ് ചിലയാളുകൾ ഇന്ന് തമസ്കരിക്കാൻ ശ്രമിക്കുന്നത്. സർദാർ പട്ടേൽ എന്നും എതിർത്തുപോന്ന മതതീവ്രവാദത്തിനെ ശക്തിപ്പെടുത്താൻ ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യധാരയിലില്ലാതിരുന്ന തീവ്രഹിന്ദുനേതാക്കളുടെ നിരയിൽ പട്ടേലിനെക്കൂടി സ്വന്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുരാണത്തിൽ പതിനായിരം കൈകളാൽ നർമദാനദിയെ വഴിമേൽ തടഞ്ഞ കാർത്യവീരാർജുനനെ ഓർമിപ്പിക്കും പോലെ, കൊളോസസിനെ ഓർമിപ്പിക്കും പോലെ നർമദാനദിയിൽ ഉയർന്നുനിൽക്കുന്ന ആ പ്രതിമ.

ഞാൻ ഈ ലേഖനം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നത് സർദാർ പട്ടേലിന്റെ മകൾ മണിബെൻ പട്ടേലിന്റെ വാക്കുകൾ കടമെടുത്താണ്: ‘അവരുടെ കാഴ്ചപ്പാടുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. വിയോജിക്കുമ്പോൾതന്നെ ഇന്ത്യക്കുവേണ്ടി ഒരുമിക്കുന്നതായിരുന്നു ആ പ്രവർത്തനരീതി.’ (Inside Story of Sardar Patel: Diary of Maniben Patel: 1936-50). ഇന്ത്യാവിഭജനശേഷം ഹിന്ദു -മുസ്‌ലിം അഭയാർഥികളെ പാർപ്പിക്കുന്ന കാര്യത്തിൽ, ഇടഞ്ഞുനിന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന കാര്യത്തിൽ, ടിബറ്റിന്റെ കാര്യത്തിൽ, ചൈനയുമായുള്ള മറ്റു തർക്കങ്ങളിൽ, പടിഞ്ഞാറൻ പാകിസ്താനിലും കിഴക്കൻ പാകിസ്താനിലും ഉളവായ സാഹചര്യങ്ങളിൽ, ഇവയിലെല്ലാം ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർത്തു മുന്നോട്ടുപോയ അവരെ ഇന്ത്യ എന്ന വികാരമല്ലാതെ മറ്റെന്തെങ്കിലും സ്വപ്നം ഏകീഭവിപ്പിച്ചു എങ്കിൽ അത് ഒരു തീവ്രഹിന്ദുവാൽ കൊല്ലപ്പെട്ട മഹാത്മാഗാന്ധി എന്ന ആശയപ്രപഞ്ചമായിരുന്നു.

1950 ഡിസംബർ പതിനഞ്ചാം തീയതി സർദാർ പട്ടേൽ മരിച്ചപ്പോൾ നെഹ്രു പറഞ്ഞു: ‘എന്റെ അരികിലെ ഇരിപ്പിടത്തിലുണ്ടായ ശൂന്യത എന്നും തുടരും.’ ഒരു പ്രധാനമന്ത്രി മരിക്കുമ്പോൾ ഉണ്ടാകുന്ന ഒഴിഞ്ഞ കസേര എന്നല്ല ഈ വാക്കുകളുടെ അർഥം എന്ന് നെഹ്രുവിനെയും പട്ടേലിനെയും മനസ്സിലാക്കിയവർക്ക് മനസ്സിലാകും. സുഹൃത്തും ആജീവനാന്തരാഷ്ട്രീയസഖാവും ഉരുക്കുമനുഷ്യനുമായ സർദാർ പട്ടേൽ ഇല്ലാതാകുന്നതിന്റെ ശൂന്യതയാണത്.

ഇന്നത്തെ പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ സർദാർ പട്ടേലിന്റെ അന്ത്യയാത്രയിൽ പ്രധാനമന്ത്രി നെഹ്രു പങ്കെടുത്തില്ല എന്നാരോപിച്ചതായി പത്രം റിപ്പോർട്ട് ചെയ്തു. അന്ത്യയാത്രയുടെ ദൃശ്യങ്ങൾ സത്യം വിളിച്ചുപറഞ്ഞു... പട്ടേലിന്റെ മൃതദേഹത്തിനു പിന്നിൽ ഒരു തുറന്ന വാഹനത്തിൽ വിങ്ങിപ്പൊട്ടാൻപോകുന്ന മുഖവുമായി പണ്ഡിറ്റ് നെഹ്രു. സത്യം ഈ രാജ്യത്തെ രക്ഷിക്കട്ടെ. സത്യത്തെ ആയുധമാക്കിയ ഒരാളിനെ രാഷ്ട്രപിതാവാക്കിയ നാടല്ലേ ഇത്? സ്വാതന്ത്ര്യത്തിനു ദാഹിച്ച ഒരു ജനതയുടെ സാഹസസ്വപ്നങ്ങളിൽനിന്നു ദത്തമായതാണ് ആ കാലത്തിന്റെ സൗഹൃദങ്ങൾ. പുതിയകാലത്തിന്റെ വാമനപാദങ്ങൾക്ക് ചവുട്ടിത്താഴ്ത്താവുന്നതല്ല ആ മഹാബലികൾ.
*ശവകുടീരം

Content Highlight: Jawaharlal Nehru and Sardar Vallabhbhai Patel

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..